Posted on

വിറ്റ് തുലക്കുന്ന ഭരണകൂടവും രാജ്യത്തിന്‍റെ ഭാവിയും

The definition of Fascism is the marriage of corporation and state
-Benito Mussolini

ഒരു കോര്‍പ്പറേറ്റ് മുതലാളിയുടെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നമ്മുടെ രാജ്യത്തിന്‍റെ സമകാലിക അവസ്ഥയെ പ്രതിനിധീകരിക്കുന്ന ചിത്രമായിരുന്നു അത്. കോര്‍പ്പറ്റോക്രസിക്കു മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്ന ഒരു ഡെമോക്രാറ്റിക് രാജ്യം. സ്റ്റേറ്റും കോര്‍പ്പറേറ്റും തമ്മിലുള്ള വിവാഹമെന്ന് ഫാഷിസത്തിന് നിര്‍വചനം നല്‍കിയത് ആചാര്യന്‍ തന്നെയാണ്. അതിന്‍റെ ഏറ്റവും ആധുനിക വേര്‍ഷ്യനാണ് രാജ്യം സാക്ഷിയാവുന്നത്.
2025 ആവുമ്പോഴേക്ക് 5 ട്രില്യണിലേക്ക് രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയുയരുമെന്നാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തത്. എന്നാല്‍ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളും മുതലാളിത്തത്തിന് അടിമപ്പണിയെടുക്കുന്ന ഭരണാധികാരികളും കാരണം രാജ്യം അതിവേഗം കൂപ്പു കുത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. പട്ടിണിയും തൊഴിലില്ലായ്മയും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. 2021 ലെ പട്ടിണിസൂചികയില്‍ 116 രാജ്യങ്ങളില്‍ 101 ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനമെന്നും കൂടി ഇതിനോട് ചേര്‍ത്തു വായിക്കണം. ഇതിനിടയിലും പൊതു മേഖലാസ്ഥാപനങ്ങളുടെ വില്‍പ്പന നിര്‍ബാധം തുടരുക തന്നെയാണ്. 68 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തിന്‍റെ പൊതുസ്വത്തായി മാറിയ എയര്‍ ഇന്ത്യ ടാറ്റക്ക് തന്നെ തിരിച്ചു വിറ്റ വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ പുറത്തു വന്നത്. പ്രധാന റെയില്‍വേസ്റ്റേഷനുകള്‍ പലതും വില്‍പ്പനക്കുള്ള നീക്കങ്ങള്‍ അതിനു മുമ്പേ ആരംഭിച്ചു കഴിഞ്ഞു. കല്‍ക്കരി ഖനനം അദാനിമാരുടെ കയ്യില്‍ എന്നോ ഏല്‍പ്പിച്ചു കൊടുത്തിട്ടുണ്ട്. 1990 കള്‍ക്ക് മുമ്പ് രാജ്യത്തെ ആഭ്യന്തര കല്‍ക്കരി ഉല്‍പ്പാദനം നൂറ് ശതമാനവും കോള്‍ ഇന്ത്യയായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ സ്വകാര്യവല്‍കരണവും കോള്‍ ഇന്ത്യയെ ദുര്‍ബലമാക്കുന്ന കോര്‍പ്പറേറ്റ് അനുകൂല നയങ്ങളും ആഭ്യന്തര കല്‍ക്കരി നിര്‍മാണത്തെ പരിമിതപ്പെടുത്തി. ഇപ്പോള്‍ ആവശ്യമായ കല്‍ക്കരി അദാനിമാരുടെ ആസ്ട്രേലിയയിലെയും ഇന്തോനേഷ്യയിലേയും ഖനികളില്‍ നിന്ന ഇറക്കുമതി ചെയ്യുകയാണ്. പാവപ്പെട്ട കര്‍ഷകന്‍റെ ചോരയും വിയര്‍പ്പും കലര്‍ന്ന വിളവുകള്‍ കുറഞ്ഞ വിലക്ക് കൈവശപ്പെടുത്തി രാജ്യത്തെവിടെയും ഉയര്‍ന്ന വിലക്ക് വില്‍പ്പന നടത്താന്‍ സൗകര്യമൊരുക്കുകയായിരുന്നു പുതിയ കാര്‍ഷിക ബില്ലുകളിലൂടെ.
സാമ്പത്തിക സ്ഥിതിമെച്ചപ്പെടുത്താനെന്ന ന്യായമാണ് സര്‍ക്കാര്‍ ഈ സ്വകാര്യ വല്‍ക്കരണത്തിന് മുന്നോട്ട് വെക്കുന്നത്. ഇത്രയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യമെങ്ങനെയെത്തിയെന്നും ജനങ്ങളുടെ സ്വത്തുക്കള്‍ മുതലാളിമാര്‍ക്ക് വിറ്റുകാശാക്കിയാണോ അത് മറികടക്കാനുള്ള പരിഹാരമെന്നും വലിയ ചോദ്യചിഹ്നമായി അപ്പോഴും നിലനില്‍ക്കുന്നു.
ചില കണക്കുകള്‍ കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. 2019 ല്‍ ടെലിഗ്രാഫ് പത്രം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് രണ്ട് വര്‍ഷത്തിനിടയില്‍ ഭരണപക്ഷ പാര്‍ട്ടിക്ക് കോര്‍പ്പറേറ്റുകളില്‍ നിന്ന് കിട്ടിയത് 815 കോടി രൂപയാണ്. ഇന്ത്യയിലെ മൊത്തം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകള്‍ കൊടുത്തതിന്‍റെ 93 ശതമാനവും കൈപ്പറ്റിയിരിക്കുന്നത് ബി ജെ പിയാണെന്നാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ വിവര വിശകലനം വ്യക്തമാക്കുന്നത്. ഈ ചങ്ങാത്തമാണ് പൊതുസ്വത്തുക്കള്‍ തീറെഴുതിക്കൊടുക്കുന്നതിന് പിന്നിലെ ചേതോവികാരമെന്ന് വ്യക്തമാണ്. കൊടുത്ത കോടികള്‍ എങ്ങനെ ഇരട്ടിയായി തിരിച്ചു കിട്ടുമെന്ന് കോര്‍പ്പറേറ്റുകള്‍ക്കുമറിയും. മിനിമം ഗവണ്‍മെന്‍റ്, മാക്സിമം ഗവേണ്‍സ് എന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. വിപണിക്ക് കഴിയുന്നത്ര സ്വാതന്ത്ര്യം നല്‍കലാണ് മുഖ്യ നയമെന്നര്‍ത്ഥം.
മുസോളനി പറഞ്ഞ ആ വൈവാഹിക ജീവിതത്തിന്‍റെ ചിത്രങ്ങളാണ് നമ്മള്‍ കണ്ട് കൊണ്ടിരിക്കുന്നത്. എതിര്‍പ്പുകളെ ക്രൂരമായി അടിച്ചമര്‍ത്തിയും തീവ്രദേശീയതയും വര്‍ഗീയതയും പ്രചരിപ്പിച്ച് അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് സമര്‍ത്ഥമായി മറ പിടിച്ചും അത് മുന്നേറുകയാണ്. കാലിയാക്കുന്ന കടക്ക് മുന്നില്‍വെച്ച് ആദായ വില്‍പ്പനക പരസ്യങ്ങളെ ഓര്‍മിപ്പിക്കും വിധം രാജ്യം വില്‍പനക്കു വെച്ചിരിക്കുകയാണ്. സാധാരണ പൗരന്മാര്‍ക്ക് എന്തെങ്കിലും ബാക്കി വെക്കുമോ എന്ന് മാത്രമേ ഇനി ചിന്തിക്കേണ്ടതുള്ളൂ. ഇപ്പോള്‍കേന്ദ്രത്തിന് കീഴിലുള്ള സ്ഥാപനങ്ങളാണ് വില്‍ക്കുന്നതെങ്കില്‍ നാളെ സംസ്ഥാനങ്ങളുടെയും ലാഭകരമായ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലക്ക് തുറന്നു കൊടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
ഇന്ത്യയുടെ ദീര്‍ഘവീക്ഷണമുള്ള മുന്‍ ഭരണാധികാരികള്‍ ഏറെ പ്രയാസപ്പെട്ട്‌ പൊതു ജനങ്ങള്‍ക്ക് സമര്‍പ്പിച്ച ആസ്തികള്‍ യാതൊരു മനപ്രയാസവുമില്ലാതെ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുമ്പോള്‍ തന്നെ വന്‍ തോതിലുള്ള കടമെടുപ്പും തുടരുകയാണ്. നൂറ്റിമുപ്പത് കോടി ജനതയുടെ സ്വത്താണ് വില്‍പ്പനയിലൂടെ ഏതാനും പേരുടെ കൈകളിലമരുന്നത്. ഇന്ത്യ നാളിതുവരെയും കെട്ടുറപ്പുള്ള ജനാധിപത്യ രാജ്യമായി നില നിന്നതിന്‍റെ അടിസ്ഥാന കാരണങ്ങളിലൊന്ന് നമ്മുടെ പൊതുമേഖലാസ്ഥാപനങ്ങളാണ്‌. ആ കെട്ടുറപ്പിനെ നാള്‍ക്കുനാള്‍ ശിഥിലമാക്കുന്നവര്‍ തന്നെയാണ് ഈ കച്ചവടവുമായി മുന്നോട്ട് പോവുന്നത്. കെടുകാര്യസ്ഥന മൂലം നഷ്ടത്തിലായ സ്ഥാപനങ്ങളല്ല മറിച്ച് റെയില്‍വേ, റോഡ്,പെട്രൊളിയം, ടെലികോം, ഖനനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ സ്ഥാപനങ്ങളാണ്വില്‍ക്കപ്പെടുന്നത് എന്നതാണ് കൂടുതല്‍ ഭീകരം. കോര്‍പറേറ്റുകളോട് മാത്രം പ്രതിബദ്ധത പുലര്‍ത്തുന്ന ഭരണാധികാരികള്‍ക്കല്ലാതെ ആര്‍ക്കു കഴിയും ഇത്. രാജ്യം ഫാഷിസത്തിന്‍റെ പിടിയിലമര്‍ന്നിരിക്കുന്നു. ശക്തമായ പ്രതിപക്ഷവും മുന്നേറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ അനിവാര്യമായിരിക്കുന്ന സമയം കൂടിയാണിത്. നേരിയ പ്രതീക്ഷകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.
സ്വാലിഹ് പുഴക്കാട്ടിരി

Write a comment