2023 July - August Uncategorized

സഹജീവി സ്‌നേഹം മനുഷ്യനിലേക്കുള്ള വഴി

കോളേജവധിക്ക് വീട്ടിലെത്തി അടുക്കളയുടെ വാതില്‍ തുറക്കാനൊരുങ്ങിയപ്പോഴാണ് മൂന്ന് പൂച്ചക്കുട്ടികള്‍ അവകാശവാദവുമായി കാലില്‍ മാന്താന്‍ തുടങ്ങിയത്. അപ്രതീക്ഷിതമായ അക്രമണത്തിന്‍റെ ഞെട്ടലില്‍ കാല് ശക്തമായി കുടഞ്ഞു. പൂച്ചക്കുട്ടികള്‍ മൂന്നും ദൂരത്തേക്ക് തെറിച്ചു. “ജ്ജ് വെര്‍തെ മാണ്ടാത്ത പണിക്ക് നിക്കണ്ടട്ടൊ… കുട്ട്യേ, സ്വര്‍ഗോം നരഗോംക്കെ ഓലെ കയ്യിലാണെന്ന് ഒരുസ്താദു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്”. ദൃക്സാക്ഷിയായ ഉമ്മയുടെ ഡയലോഗ്.അത് കേട്ടപ്പോള്‍ മുമ്പ് വായിച്ച ബഷീറിന്‍റെ ‘ഭൂമിയുടെ അവകാശികള്‍’ എന്ന കൃതിയാണ് മനസ്സിലേക്ക് ഓടിവന്നത്.
സൈലന്‍റ് വാലി മഴക്കാടുകള്‍ സംരക്ഷിക്കുന്നതിന് സമരങ്ങളും പ്രതിഷേധങ്ങളും ശക്തമായ കാലത്തായിരുന്നു ഈ രചനയുടെ പിറവി. മറ്റൊന്നിനെ നശിപ്പിക്കാതെ മനുഷ്യന് ജീവിക്കാന്‍ വല്ല വഴിയുമുണ്ടോ എന്നുള്ള അന്വേഷണത്തില്‍ സകല ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ അവരുടേതായ അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്ന് സരസമായദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ‘പൊന്നുവിലയും കൃത്യമായി നികുതിയും കൊടുത്ത് രണ്ടേക്കര്‍ സ്ഥലം സ്വന്തമാക്കി ചുറ്റും വേലി കെട്ടി ഭൂഗോളത്തിലെ ഈ രണ്ടേക്കര്‍ സ്ഥലത്തിന് ക്ഷീരപഥത്തിലോ, സൗരയൂധത്തിലോ, അണ്ഡകടാഹത്തിലോ, പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളിലോ മറ്റൊരാള്‍ക്കും യാതൊരവകാശവുമില്ല എന്ന അഭിമാനത്തിലവനിരിക്കുമ്പോള്‍ ഈ ഭൂഗോളത്തില്‍ മനുഷ്യന്‍ ഉണ്ടാകും മുമ്പ് തന്നെ ഞാന്‍ ഇവിടെയുണ്ടെന്ന ഭാവത്തില്‍ ചിത്രശലഭങ്ങളും പക്ഷികളും പ്രത്യക്ഷപ്പെടുന്നതും പിന്നീട് കഥാകൃത്തിന്‍റെ ഓര്‍മ്മയിലേക്ക് മറ്റനവധി ജീവജാലങ്ങള്‍ കടന്ന് വരുന്നതും രചനയില്‍ കാണാം. ഉള്ളുണര്‍ത്തുന്ന ഉണര്‍ത്തുപാട്ടുകളും കൃത്യമായ നിയമനടപടികളുമെല്ലാമുണ്ടായിട്ടും മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ഫോടക വസ്തു കലര്‍ന്ന പൈനാപ്പിള്‍ നല്‍കിയതും ഗര്‍ഭിണിയായ ആനയെ മരണത്തിന് നല്‍കിയതും, വിഷം നല്‍കി ആനകളെ കൊന്നതും നിഷ്കരുണം തെരുവ് നായകളെ അടിച്ചുകൊന്നതും പൂച്ചയെ വാഹനത്തില്‍ കെട്ടിയിട്ട് വലിച്ചിഴച്ചതും തുടങ്ങി അനേകം വേദനിപ്പിക്കുന്ന സംഭവങ്ങള്‍ നമുക്ക് മുമ്പിലുണ്ട്.
മനുഷ്യ താല്‍പര്യങ്ങള്‍ മൃഗങ്ങളുടെ ആവാസ വ്യവസ്ഥകളിലേക്ക് കടന്നു ചെന്ന് അവരുടെ സ്വൈര്യ വിഹാരം തകര്‍ത്തപ്പോഴാണ് ഗത്യന്തരമില്ലാതെ അവര്‍ അക്രമ സ്വഭാവികളായി മനുഷ്യ താമസയിടങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്. കാരുണ്യത്തോടെയും സ്നേഹത്തോടെയും അവയോടു പെരുമാറിയാല്‍ അവര്‍ സമാധാന പ്രിയരാവുകയും ശാന്തത കൈവരിക്കുകയും ചെയ്യുമെന്നത് യാഥാര്‍ത്ഥ്യമാണ്.
ജീവജാലങ്ങളോട് നല്ല നിലയില്‍ സഹവസിക്കുകയും അവയെ കാരുണ്യത്തോടെ പരിചരിക്കുകയും ചെയ്യുന്നത് പ്രതിഫലാര്‍ഹമാണ്. മറിച്ചായാലത് ശിക്ഷക്ക് വിധേയമാകുമെന്നതുമാണ്. ‘ദാഹിച്ചു വലഞ്ഞ പൂച്ചക്ക് വെള്ളം കൊടുത്ത കാരണത്താല്‍ ബനൂ ഇസ്റാഈലരില്‍ പെട്ട ഒരു വ്യഭിചാരിണി സ്വര്‍ഗാവകാശിയായതും വിശന്ന് ചാകുവോളം ഒരു പൂച്ചയെ കെട്ടിയിട്ട ഒരു സ്ത്രീ നരകാവകാശിയായതും ചരിത്രങ്ങളില്‍ കാണാം. വിനോദത്തിനായി ജീവികളെ കൊല്ലുന്നതും പരസ്പരം മത്സരിപ്പിക്കുന്നതും മുത്ത് നബി (സ്വ) തങ്ങള്‍ നിരോധിച്ചിരിക്കുന്നുവെന്ന് മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ടണ്ടണ്ട്. ഒരിക്കല്‍ ഒരു ശിഷ്യന്‍ നബിയോട് ചോദിച്ചു:
‘മൃഗങ്ങള്‍ കാരണമായും ഞങ്ങള്‍ക്ക് പ്രതിഫലത്തിന് വഴിയുണ്ടോ’.. നബി: ‘അതെ, എല്ലാ അലിവുള്ള ഹൃദയങ്ങള്‍ക്കും പ്രതിഫലമുണ്ടായിരിക്കുന്നു’. മൃഗങ്ങളെ തമാശകള്‍ക്ക് കല്ലെറിയരുതെന്നും തേനീച്ച, ഉറുമ്പ്, കുരുവി പോലെയുള്ളവയെ കൊല്ലരുതെന്നും നബി (സ) നിര്‍ദേശിച്ചിരുന്നു. തണുപ്പകറ്റനായി തീയിട്ട അനുചരരോട് ജീവികള്‍ കരിയാന്‍ കാരണമാകുമോ എന്ന ആശങ്കയില്‍ അത് കെടുത്താന്‍ കല്‍പ്പിച്ചു. ഒട്ടകത്തെ കെട്ടിയിട്ട് ആഹാരം നല്‍കാതെ പട്ടിണിക്കിട്ടവനോട് നബി അരിശപ്പെടുകയുണ്ടണ്ടായി. മൃഗങ്ങളുടെ മുഖത്ത് മുദ്രവെക്കുന്നതും പുറത്ത് ചുമട് വെക്കുന്നതും അവിടുന്ന് വിലക്കിയിരുന്നുവെന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം
പ്രപഞ്ച നാഥനായ റബ്ബ് ആദരിച്ച് അവന്‍റെ പ്രതിനിധികളായി ഭൂമിലേക്ക് നിയോഗിച്ചവരുമാണ് മനുഷ്യ സമൂഹം. അവര്‍ക്കുള്ള കൃത്യവും വ്യക്തവുമായ ജീവിത സംഹിതകള്‍ പ്രവാചകര്‍ മുഖേന നല്‍കിയിട്ട് സാമൂഹികവും വൈയക്തികവുമായ വ്യത്യസ്ത മേഖലകളിലെ ഇടപെടലുകളുടെ രീതി ശാസ്ത്രങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. പ്രപഞ്ചത്തോട് അതിലെ ജീവജാലങ്ങളോടും സ്വീകരിക്കേണ്ടണ്ട നിലപാടുകളെങ്ങനെയായിരിക്കണമെന്നുള്ള അവബോധവും പകര്‍ന്നുനല്‍കി. ജീവനുളള ഏതൊരു വസ്തുവിനോടും നിങ്ങള്‍ നല്ല രീതിയില്‍ വര്‍ത്തിക്കണമെന്ന അധ്യാപനം മൃഗങ്ങളോടുളള മനുഷ്യ സമീപനത്തിലേക്ക് സൂചന നല്‍കുന്നു. സൂറത് അല്‍ അന്‍ആമിലൂടെ മൃഗങ്ങള്‍ മനുഷ്യ വിഭാഗത്തിനുള്ള വലിയ അനുഗ്രഹങ്ങളാണെന്നും മയത്തിലും കാരുണ്യത്തിലും അവയോടു പെരുമാറണമെന്നും ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു. മൃഗങ്ങളെ വാഹനമായി ഉപയോഗിക്കുമ്പോഴും ചരക്കുകള്‍ കൊണ്ടുപോകുമ്പോഴും തുടങ്ങി അവയെ അറവു നടത്തുമ്പോള്‍ പോലും കരുണയോടെ സമീപിക്കണമെന്നും റബ്ബിന്‍റെ പ്രീതി കരഗതമാക്കണമെന്നും ഇസ്ലാം നിഷ്കര്‍ഷിക്കുന്നുണ്ട്. ഭക്ഷ്യ യോഗ്യമായ മൃഗങ്ങളെ അറുത്ത് ഭക്ഷിക്കാമെന്ന അനുമതി നല്‍കുമ്പോള്‍ തന്നെ അവയോട് പാലിക്കേണ്ട മര്യാദകളെ കുറിച്ചും ഇസ്ലാം പരിചയപ്പെടുത്തുന്നു. അറവു ശാലയിലേക്ക് കരുണയോടെ തെളിച്ച് കൊണ്ട് പോവണമെന്നും മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ മാത്രമേ അറവിനുപയോഗിക്കാവൂ എന്നും അവയുടെ മുമ്പില്‍ വെച്ച് കത്തി മൂര്‍ച്ച കൂട്ടരുതെന്നുമെല്ലാം അവയില്‍ പെട്ടതാണ്.
ജീവനുള്ള വസ്തുക്കളെ കാരണമൊന്നുമില്ലാതെ വധിക്കാന്‍ പാടില്ലായെന്നതാണ് ഇസ്ലാമിന്‍റെ നിലപാട്. തെരുവുനായ ശല്യം രൂക്ഷമാവുകയും പിഞ്ചു ബാല്യങ്ങള്‍ മുതല്‍ മുതിര്‍ന്നുവര്‍ വരെ ആക്രമണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്ത സാഹചര്യത്തില്‍ അവയെ കൊല്ലണമെന്നു പറഞ്ഞവര്‍ക്കെതിരെ പ്രകടനങ്ങളും ആക്ഷേപങ്ങളുമുയര്‍ന്നിരുന്നു. ഒടുവില്‍ അവകളെ ഷണ്ഡീകരിക്കുന്നതിലേക്കും മനുഷ്യവാസമില്ലാത്തിടങ്ങളിലേക്ക് അധിവസിപ്പിക്കാനുമുള്ള നടപടികളായിരുന്നു ഗവണ്‍മെന്‍റ് സ്വീകരിച്ചത്. ഗത്യന്തരമില്ലാത്ത ഘട്ടങ്ങളില്‍ അവയെ കൊല്ലുന്നതായിരുന്നു ഏറ്റവും പക്വമായ തീരുമാനം. ഉപദ്രവകാരികളായ മൃഗങ്ങളെ കൊല്ലാമെന്ന് പഠിപ്പിച്ച മതത്തിന്‍റെ പ്രവാചകര്‍ തന്നെ തന്‍റെ ഭരണ കാലത്ത് മദീനയിലെ ‘അയിര്‍’, ‘തൗര്‍’ എന്നീ പ്രദേശങ്ങള്‍ മൃഗ സംരക്ഷണ കേന്ദ്രങ്ങളായി നിശ്ചയിക്കുകയും കൂടി ചെയ്തിരിന്നുവെന്നത് കൃത്യമായി വായിക്കാനാവും.
തിരുനബി (സ്വ) യും അനുചരന്മാരും ജീവികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലും അതീവ ശ്രദ്ധാലുക്കളായിരുന്നു. അബ്ദുല്ലാഹി ബിന്‍ ജഅ്ഫര്‍ (റ) വില്‍ നിന്നുള്ള നിവേദനം അഹ്മദ്, അബൂ ദവൂദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരിക്കല്‍ നബി(സ്വ) തങ്ങള്‍ ഒരു അന്‍സാരിയുടെ തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ സങ്കടത്തോടെ കണ്ണുനിറച്ച് ഞരങ്ങുന്ന ഒരു മെലിഞ്ഞ ഒട്ടകത്തിനെ കണ്ടു. ഉടനെ പ്രവാചകന്‍ അതിനടുത്തു ചെന്ന് കരുണയോടെ അതിന്‍റെ കണ്ണീര്‍ തുടക്കുകയും അതിനെ തലോടുകയും ചെയ്തുകൊണ്ട് ചോദിച്ചു: ആരാണീ ഒട്ടകത്തിന്‍റെ ഉടമസ്ഥന്‍? പെട്ടെന്ന് അന്‍സാരികളില്‍ നിന്നും ഒരു യുവാവ് പറഞ്ഞു “പ്രവാചകരെ…,ആ ഒട്ടകം എന്‍റെതാണ്”. “താങ്കള്‍ അതിനെ പട്ടിണിക്കിട്ട് കഠിന ജോലി നല്‍കി തളര്‍ത്തുന്നതായി അതെന്നോട് പരിഭവപെടുന്നുവല്ലോ”. ജീവി ജാലങ്ങളോടുള്ള ഉത്തരവാദിത്തത്തേയും കടപ്പാടുകളേയും സംബന്ധിച്ചുള്ള അനേകം വിചാരപ്പെടലുകള്‍ കാണാന്‍ സാധിക്കും.
വിചാരണ നാളില്‍ റബ്ബിന്‍റെ വിചാണ ചിന്തിച്ച് അതീവ ജാഗരൂകരായിട്ടായിരുന്നു പ്രവാചക അനുചരര്‍ ജീവജാലങ്ങളോട് പെരുമാറിയിരുന്നത്. ‘അല്ലയോ ഒട്ടകമേ…, നീ നിന്‍റെ നാഥന്‍റെ അടുക്കല്‍ എന്‍റെ ശത്രുവാകരുത്, നിന്‍റെ കഴിവിനപ്പുറം ഞാന്‍ നിന്നെ ഭാരം ചുമത്തിയിട്ടില്ല’ എന്ന് പറഞ്ഞ അബുദ്ദര്‍ദാഅ് (റ) വിന്‍റെയും, ഉറുമ്പുകള്‍ തന്‍റെ അയല്‍വാസികളാണെന്നും അതിനാല്‍ അവയുടെ കാര്യത്തില്‍ എനിക്ക് ബാധ്യതയുണ്ടെന്നും പ്രഖ്യാപിച്ച് അവക്ക് സ്ഥിരമായി ഭക്ഷണം നല്‍കിയിരുന്ന അദിയ്യുബ്നു ഹാതിം (റ) വിന്‍റെയും ചരിത്രം വിശ്വാസിക്ക് മാതൃപരമാണ്.
മൃഗങ്ങളെ പരസ്പരം പോരടിപ്പിക്കുന്ന ജെല്ലികെട്ട് പോലുള്ള വിനോദമത്സരങ്ങള്‍ നമ്മുടെ സമൂഹത്തിനകത്ത് വ്യാപകമായി കാണാം. ഇത്തരം പ്രവണതകളെ തിരുനബി (സ്വ) ശക്തമായി വിലക്കിയിട്ടുണ്ട് അകാരണമായോ, വിനോദത്തിനോ മറ്റോ കൊല്ലപ്പെട്ട ഒരു കുരുവി വരെ പരലോകത്ത് തന്‍റെ രക്ഷിതാവിനോട് പരാതി ബോധിപ്പിക്കുമെന്ന് പ്രവാചകര്‍ (സ്വ) മുന്നറിയിപ്പു നല്‍കി യിട്ടുണ്ടണ്ടണ്ട്.
കൃത്യമായ പരിചരണം നല്‍കി ഇണങ്ങുന്ന ജീവികളെ വളര്‍ത്താനും ഉടമപ്പെടുത്താനും ഇസ്ലാം അനുമതി നല്‍കുന്നുണ്ട്. അവയോടുള്ള പ്രത്യേക സ്നേഹത്തിന്‍റെയും പ്രിയത്തിന്‍റെയും കാരണമായി അവയെ ഇഷ്ടനാമങ്ങള്‍ വിളിക്കാവുന്നതാണ്. മുത്ത് നബി(സ) തങ്ങളുടെ ഒട്ടകത്തിന്‍റെ പേര് ഖസ്വാ എന്നും കഴുതയുടെ പേര് ഉഫൈര്‍ എന്നുമായിരുന്നു. അലി(റ) വിന് ദുല്‍ദുല്‍ എന്ന പേരുള്ള ഒരു കുതിരയുമുണ്ടായിരുന്നു.
സഹജീവികളോട് ഒരുപദ്രവും അരുതെന്നാണ് മതം അനുശാസിക്കുന്നെതെന്ന് സാരം. കപ്പല്‍ യാത്രക്കിടെ കടല്‍ ക്ഷോഭിക്കുകയും കപ്പലിന്‍റെ ഭാരം കുറക്കല്‍ അനിവാര്യമാവുകയും ചെയ്താല്‍, ജീവികളല്ലാത്ത വസ്തുക്കളെ കടലിലേക്ക് എടുത്തറിയല്‍ നിര്‍ബന്ധമാണെന്ന് ഫത്ഹുല്‍ മുഈന്‍ പോലുള്ള വിഖ്യാത കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം. അംഗശുദ്ധി വരുത്തുന്നതിന് വെള്ളം അപര്യാപ്തമാവുകയും പണം കൊടുത്ത് വാങ്ങാല്‍ അനിവാര്യമാവുകയും സംഭവിച്ചാല്‍ പണം കൊടുത്തു വാങ്ങല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഈ പണം വളര്‍ത്തു ജീവികളുടെ പുല്ല്, വെള്ളം തുടങ്ങി ചിലവിലേക്ക് ആവശ്യമുള്ളതാണെങ്കില്‍ അവന് പണം കൊടുത്ത് വെള്ളം വാങ്ങല്‍ നിര്‍ബന്ധമില്ലയെന്നു ഇമാം മഹല്ലിയുടെ കന്‍സു റാഇബീന്‍ എന്ന വിശുദ്ധ ഗ്രന്ഥത്തിന്‍റെ ഹാശിയയില്‍ ഖല്‍യൂബിയും വ്യക്തമാക്കുന്നുണ്ട്. ജീവജാലങ്ങള്‍ക്കു കൃത്യമായ പരിഗണന വിഭാവനം ചെയ്ത മതമാണ് വിശുദ്ധ ഇസ്ലാം. നമ്മെ സ്വര്‍ഗാവകാശിയും നരകാവകാശിയുമായി രൂപപ്പെടുത്തുന്നതില്‍ മൃഗങ്ങളോടുള്ള പെരുമാറ്റം നിദാനമാകും.

മിദ്‌ലാജ് വിളയില്‍

Leave a Reply

Your email address will not be published. Required fields are marked *