മധ്യകാല യൂറോപ്പില്‍ നവോത്ഥാനം കളിയാടുന്ന കാലത്ത് ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും ശാസ്ത്ര പ്രതിഭകള്‍ക്കും ഇടയില്‍ പുതിയൊരു പ്രതിസന്ധി ഉടലെടുത്തു. അക്കാലത്തെ പ്രഗല്ഭ ശാസ്ത്രജ്ഞരായ ഗലീലിയോ ഗലീലി ജിയര്നാഡോ ബ്രൂണോ എിവരെ പോലെയുള്ളവര്‍ അക്കാലം വരെ നിലനിന്നിരന്ന, മുമ്പേ പുരോഹിതര്‍ പറഞ്ഞു പ്രചരിപ്പിച്ച കാര്യങ്ങള്‍ക്ക് വൈരുദ്ധ്യമായി പല കണ്ടെത്തലുകളെയും സമൂഹത്തിന് മുമ്പാകെ അവതരിപ്പിച്ചു. ഉദാഹരണമായി അക്കാലത്ത് ബൈബിള്‍ വാക്യങ്ങളുടെ അകമ്പടിയോടെ ചലിക്കാത്ത ഭൂമി എന്ന സങ്കല്പമായിരുന്നു ചര്‍ച്ചുകള്‍ പ്രചരിപ്പിച്ചിരുന്നത്. ഇതിനൊരു അപവാദമെന്നോണം സൗര കേന്ദ്രീകൃത പ്രപഞ്ചം എന്ന മാതൃക ഗലീലിയോ മുന്നോട്ടുവെച്ചു. കൃത്യമായ തെളിവുകളോടെ മുന്നോട്ടുവെച്ച ആശയം അന്ന് മതപരവും രാഷ്ട്രീയപരവുമായ അധികാരം കയ്യാളിയിരുന്ന ക്രിസ്ത്യന്‍ പൗരോഹിത്യത്തെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. അനന്തരഫലമെന്നോണം മതനിന്ദയുടെ പേരില്‍ കുറ്റക്കാരനാണെന്ന് കെട്ടിവെച്ച് തന്റെ ആശയങ്ങളെ പിന്‍വലിക്കാന്‍ ഗലീലിയോ നിര്‍ബന്ധിതനായി. സമാനമായി മറ്റു പലരും വിവിധതരത്തിലുള്ള പീഡനങ്ങള്‍ നേരിട്ടു. ജിയനാര്ഡോ ബ്രൂണോ അടക്കമുള്ള പലര്‍ക്കും ജീവന് പോലും നഷ്ടമായി. യുക്തിയും വിശ്വാസവും തമ്മിലുണ്ടായ സംഘര്‍ഷമാണ് ഇതിനെല്ലാം പിന്നിലെ പ്രധാന കാരണം. അധികാര വര്‍ഗ്ഗത്തിന് മാത്രമല്ല, സമൂഹത്തിന് ആകെ വിധ്വംസകമായിട്ടാണ് ഇത്തരം ശാസ്ത്ര കണ്ടെത്തലുകളെ അക്കാലത്തെ ജനങ്ങള്‍ ദര്‍ശിച്ചത്. പലയിടങ്ങളിലും യുക്തിയെ വിശ്വാസവുമായി ബന്ധിപ്പിക്കാന്‍ ക്രിസ്ത്യന്‍ അധികാര വര്‍ഗ്ഗത്തിന് കഴിഞ്ഞെങ്കിലും പലപ്പോഴും ദൈവിക വെളിപ്പാടുകള്ക്കു മേല്‍ ശാസ്ത്രം വിലങ്ങുതടിയായപ്പോള്‍ അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ കലുഷമായി.
സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയെന്നോണം ശാസ്ത്രവും മതവും എന്ന വിഷയസംബന്ധിയായ ആധുനിക കാല ചര്‍ച്ചകളില്‍ യുക്തിയും വിശ്വാസവും എന്നതിന് കൃത്യമായ ഇടം തന്നെയുണ്ട്. ഇവിടെ ക്രിസ്ത്യന്‍ മതം യുക്തിയും വിശ്വാസവും സമന്വയിപ്പിക്കുന്നതില്‍ പരാജയപ്പെട്ടിടത്താണ് ഇസ്ലാമിക തത്വശാസ്ത്രം ആ വെല്ലുവിളികളെ എങ്ങനെ അതിജീവിക്കുന്നുവെന്നത് പ്രസക്തമാകുന്നത്.
ഇസ്ലാമിക തത്വശാസ്ത്രം
ഖുര്‍ആനിക അധ്യാപനങ്ങളും പ്രവാചക ജീവിതവും തിരുവാക്യങ്ങളുമാണ് ഇസ്ലാമിക തത്വ ശാസ്ത്രത്തിന്റെ അടിസ്ഥാനം. ഇന്ന് ചര്‍ച്ച ചെയ്യുന്ന സൈദ്ധാന്തികപരമായ തത്വ ശാസ്ത്രത്തില്‍ നിന്ന് വിഭിമായി ഇസ്ലാമിക തത്വശാസ്ത്രം ദൈവികമായ മാര്ഗ്ഗനിര്ദേശങ്ങളിലൂടെയാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഇമാം ഗസ്സാലിയും ഇമാം റാസിയുമടങ്ങുന്ന അനവധി ഇസ്ലാമിക പണ്ഡിതര്‍ ഇഹിയ ഉലൂമുദ്ദീനും അസാസ് അത്തദ്കീസ് അടക്കമുള്ള തങ്ങളുടെ രചനകളിലൂടെ ഇസ്ലാമിക തത്വ ശാസ്ത്രത്തെ ലോകത്ത് ആകമാനം വ്യാപിപ്പിക്കുതിലും സ്വീകാര്യതയുള്ളതാക്കുന്നതിലും വലിയ പങ്കുവഹിച്ചിട്ടിട്ടുണ്ട്.
യുക്തി: ഒരു ഉപകരണം
ഇസ്ലാമില്‍ യുക്തി (അഖ്ല്) എന്നത് മത അധ്യാപനങ്ങളെയും പ്രപഞ്ചത്തെയും അതുവഴി അല്ലാഹുവിനെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉപകരണമാണ്. ഖുര്‍ആനിലും ഹദീസിലും നിരന്തരം മനുഷ്യന് തന്റെ ബുദ്ധിയെ ഉപയോഗിക്കണം എന്നും അതുവഴി ദൈവാസ്തിക്യം അംഗീകരിക്കണമെന്നും ഉണര്‍ത്തുന്നു. നിങ്ങള്‍ യുക്തിപരമായി ചിന്തിക്കുന്നില്ലേ.. എന്നര്‍ത്ഥം വരുന്ന ഖുര്‍ആനിക വാക്യം 13 തവണയാണ് ആവര്‍ത്തിച്ചിട്ടുള്ളത്. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്നോ മറ്റോ സമാന ആശയമുള്ള മറ്റു വാക്യങ്ങളും ഖുര്‍ആനില്‍ നിരന്തരം ഉപയോഗിച്ചതായി കാണാം. യുക്തിപരമായ ചിന്തക്ക് ഇസ്ലാം വലിയ പ്രോത്സാഹനം നല്കുന്നുണ്ടെങ്കില് കൂടി അതിന്റെ പരിധികളെ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടാണ് അതിന് പ്രാധാന്യം കല്‍പ്പിച്ചിട്ടുള്ളത്. ഇസ്ലാം യുക്തിയെ ഒന്നിന്റെയും അവസാനമായി കാണുന്നില്ല. എങ്കില്‍ കൂടി ഈ ചിന്താശേഷി ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ഈമാന്‍ വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുമെന്നതില്‍ തര്‍ക്കമില്ല.
യുക്തിയും അദൃശ്യ കാര്യങ്ങളും
വിശ്വാസവും യുക്തിയും പരസ്പര പൂരകങ്ങളായിട്ടുള്ള ഒരു മാതൃകയാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്. എങ്കിലും മനുഷ്യബുദ്ധി കൊണ്ട് മാത്രം എത്തിപ്പെടാന്‍ കഴിയാത്ത എന്നാല്‍ വിശ്വാസികള്‍ക്ക് അനിവാര്യമായ പല കാര്യങ്ങളും മതത്തിനകത്തുണ്ട്. അന്ത്യനാള്‍ സ്വര്‍ഗ്ഗം നരകം തുടങ്ങിയവയിലുള്ള വിശ്വാസം ഇതിനു ഉദാഹരണമാണ്. ഇവിടെ വിശ്വാസവും യുക്തിയും കടന്നുപോകുന്നുണ്ടെങ്കിലും ഒരിക്കലും അവകള്‍ തമ്മില്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ സംഭവിച്ചതിന് സമാനമായി വൈരുദ്ധ്യമാകുന്നില്ല.
അല്ലാഹുവിലുളള വിശ്വാസം
ദൈവാസ്ഥിക്യം സ്ഥാപിക്കാന്‍ ഇസ്ലാമില്‍ ഉപയോഗിക്കുന്ന ജ്ഞാന മാര്‍ഗ്ഗം ബുദ്ധിയാണ്. കത്തുന്ന ബള്‍ബ് കറന്റ് ഉണ്ട് എന്നതിന് തെളിവാകുന്ന പോലെ, ഒട്ടകത്തിന്റെ കാഷ്ടം ഇതിലൂടെ ഒരു ഒട്ടകം പോയിട്ടുണ്ട് എന്നത് അറിയിക്കുന്നതുപോലെ പ്രപഞ്ചമാണ് അള്ളാഹു ഉണ്ട് എതിന്റെ തെളിവ്. പ്രപഞ്ചത്തെ കുറിച്ച് അറിയണമെങ്കില്‍ ഇന്ദ്രിയങ്ങള്‍ വേണം താനും. ദൈവാസ്തിക്യം സ്ഥിരപ്പെടുത്തുന്നതോടുകൂടി ഖുര്‍ആനും തുടര്‍ന്ന് വരുന്ന മറ്റു കാര്യങ്ങളും സ്ഥിരപ്പെടും.
യുക്തിയെയും വിശ്വാസത്തെയും സമന്വയിപ്പിക്കുന്നു
ഇസ്ലാമിന്റെ കാഴ്ചയില്‍ യുക്തിചിന്ത ആത്മീയവും ധാര്‍മികവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി ലോകവുമായി ഇടപെഴകാനും വ്യാഖ്യാനിക്കാനും വ്യക്തികളെ പ്രാപ്തമാക്കുന്നു. ഫിഖ്ഹ് അഖീദ തുടങ്ങിയ സകല വിഷയങ്ങളിലും വിശ്വാസത്തോടൊപ്പം യുക്തിയെ കൂട്ടിയിണക്കി സങ്കീര്‍ണമായ മെറ്റാ ഫിസിക്കല്‍ ആശയങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്നതാക്കി യുക്തിയെ ഉപയോഗിക്കുന്നു.
സിനാജുദ്ദീന്‍ പുത്തനങ്ങാടി

