ഡോണാള്‍ഡ് ട്രംപ് രണ്ടാം തവണയും അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റത് വെറും ഒരു ഭരണപരമായ മാറ്റമായിരുന്നില്ല, അത് ആഗോള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഒരു നിര്‍ണായക പ്രതിദ്വനിയുടെ തുടക്കമായിരുന്നു. പ്രഥമ ഭരണകാലത്ത് തന്നെ അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും ശക്തമായി സ്വാധീനിച്ച ട്രംപ് ഭരണകൂടം രണ്ടാം കാലഘട്ടത്തില്‍ കൂടുതല്‍ കരുത്തോടെയും ആത്മവിശ്വാസത്തോടെയും അധികാരത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ ലോകം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അവസ്ഥയിലായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക പുനരുജ്ജീവനം, ഉക്രൈന് റഷ്യ യുദ്ധം, മിഡില്‍ ഈസ്റ്റിലെ അസ്ഥിരത, കാലാവസ്ഥാ വ്യതിയാനം, സാങ്കേതിക മേഖലയില്‍ ഉയര്‍ന്നുവരുന്ന പുതിയ ശക്തികള്‍ ഇതെല്ലാം ചേര്‍ന്ന ഒരു സങ്കീര്‍ണ അന്തരീക്ഷത്തിലാണ് ട്രംപിന്റെ രണ്ടാം ഭരണകാലം ആരംഭിച്ചത്. ഈ പശ്ചാത്തലത്തില്‍, ‘അമേരിക്ക ഫസ്റ്റ്’ എന്ന ആശയം വെറും ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമായി മാത്രം നില്‍ക്കാതെ അമേരിക്കയുടെ എല്ലാ പ്രധാന നയങ്ങളുടെയും അടിസ്ഥാനമായി മാറി. ലോകം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉയര്‍ന്നു വന്ന അന്താരാഷ്ട്ര സഹകരണം ട്രംപിന്റെ രാഷ്ട്രീയ ദര്‍ശനത്തില്‍ സംശയത്തോടെയാണ് കാണപ്പെട്ടത്. അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ അമേരിക്കന്‍ താല്പര്യങ്ങളെ നിയന്ത്രിക്കുന്നവയാണെന്ന ധാരണ ട്രംപ് ഭരണകൂടത്തില്‍ ശക്തമായിരുന്നു. ആഗോള രാഷ്ട്രീയ രംഗത്ത് ട്രംപിന്റെ രണ്ടാം ഭരണകാലം ഏറ്റവും ശക്തമായി ബാധിച്ച മേഖല അമേരിക്കയുടെ സഖ്യബന്ധങ്ങളിലായിരുന്നു. നാറ്റോ പോലുള്ള സഖ്യങ്ങള്‍ അമേരിക്കക്ക് അനാവശ്യ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നവയാണെന്ന നിലപാട് ട്രംപ് വീണ്ടും ശക്തമായി ഉന്നയിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ പ്രതിരോധച്ചെലവ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഒരു നയതന്ത്ര നിര്‍ദ്ദേശമായി മാത്രമല്ല, ഒരു രാഷ്ട്രീയ സമ്മര്‍ദ്ദമായി തന്നെ മുന്നോട്ടുവെച്ചു. ഇതോടെ, യൂറോപ്പില്‍ അമേരിക്കയുടെ സുരക്ഷാ ഉറപ്പിനെക്കുറിച്ചുള്ള വിശ്വാസം കുറയുകയും, “അമേരിക്ക ഇല്ലെങ്കില്‍ നാം എന്ത് ചെയ്യും” എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ തേടാന്‍ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ തുടങ്ങുകയും ചെയ്തു. ഇത് യൂറോപ്യന്‍ പ്രതിരോധ സഹകരണത്തിനും സ്വതന്ത്ര സൈനിക നയങ്ങള്‍ക്കും ഊര്‍ജ്ജം നല്കി. മിഡില്‍ ഈസ്റ്റില്‍ ട്രംപിന്റെ സമീപനം കൂടുതല്‍ ഇടപെടലില്ലാത്തതും, അതേസമയം ചില പ്രത്യേക സഖ്യങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നതുമായ രൂപത്തിലായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി ട്രംപ് ഇപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ ശക്തമായി സ്വാധീനം ചെലുത്തുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് ഇറാന് അമേരിക്ക യുദ്ധം. വര്‍ഷങ്ങളായി ഇറാനെന്ന ശക്തമായ രാജ്യത്തെ വരുതിയിലാക്കാനുളള ശ്രമത്തിലാണ് അമേരിക്ക. ഇറാനെ താഴെയിറക്കണമെങ്കില്‍ ജിസിസി അടക്കമുളള രാജ്യങ്ങളുടെ പിന്തുണ അമേരിക്കക്ക് ആവശ്യമാണ്. പ്രത്യേകിച്ച് സൗദി അറേബ്യയുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ അമേരിക്കക്ക് ഇറാനെ നേരിടാന്‍ കഴിയുകയുളളൂ. എന്നാല്‍ ഒരിക്കലും ഞങ്ങളുടെ മണ്ണില്‍ നിന്നുകൊണ്ട് ഇറാനെ ആക്രമിക്കാന്‍ പറ്റില്ല എന്ന സൗദി ഭരണ കൂടത്തിന്റെ ശക്തമായ തീരുമാനത്തില്‍ അമേരികക്ക് ഇറാനുമായുളള യുദ്ധമെന്ന ആഗ്രഹത്തില്‍ നിന്ന് പിന്തിരിയേണ്ടിവന്നു. ഇസ്രായേലിനോടുള്ള അമേരിക്കന്‍ പിന്തുണ കൂടുതല്‍ തുറന്നും ശക്തവുമായതോടെ പല അറബ് രാജ്യങ്ങളും തങ്ങളുടെ നയങ്ങള്‍ പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതരായി. അതേസമയം ഇറാന് പോലുള്ള രാജ്യങ്ങളോട് അമേരിക്ക സ്വീകരിച്ച കടുത്ത നിലപാട് എണ്ണ വിപണികളിലേക്കും ഊര്‍ജ്ജ സുരക്ഷയിലേക്കും വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
ഏഷ്യ പസഫിക് മേഖലയില്‍ ട്രംപിന്റെ രണ്ടാം കാലഘട്ടം അമേരിക്ക ചൈന ബന്ധങ്ങളെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കി. സാമ്പത്തിക രംഗത്ത് മാത്രമല്ല, സൈനികവും സാങ്കേതികവുമായ തലങ്ങളിലും ഈ മത്സരം ശക്തമായി. ദക്ഷിണ ചൈന കടല്‍, തായ്വാൻ, സൈബര്‍ സുരക്ഷ, കൃത്രിമ ബുദ്ധി, 5G സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളെല്ലാം തന്നെ ആഗോള മത്സരത്തിന്റെ കേന്ദ്രബിന്ദുക്കളായി. അമേരിക്കയുടെ കടുത്ത നിലപാട് ചില ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് സുരക്ഷാഭാവം നല്‍കിയെങ്കിലും അതേ സമയം അവരെ ഒരു വലിയ ശക്തിപോരാട്ടത്തിന്റെ നടുവിലേക്ക് തള്ളിയിട്ടു. ഇതോടെ, പല രാജ്യങ്ങളും ചേരി ചേരാ നയം പിന്തുടര്ന്നു. ആഗോള സമ്പദ്വ്യവസ്ഥയില് ട്രംപിന്റെ രണ്ടാം ഭരണകാലം കൂടുതല്‍ അനിശ്ചിതത്വം സൃഷ്ടിച്ചു. അമേരിക്ക തങ്ങളുടെ ആഭ്യന്തര വിപണിയെയും വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിനായി സ്വീകരിച്ച കടുത്ത നിലപാടുകള്‍ ലോകവ്യാപാര വ്യവസ്ഥയില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. പല രാജ്യങ്ങളും പ്രതികാര താരിഫുകള്‍ ഏര്‍പ്പെടുത്തിയതോടെ ആഗോള വ്യാപാരം മന്ദഗതിയിലായി. ഇത് പ്രത്യേകിച്ച് വികസനരാജ്യങ്ങളെ കൂടുതല്‍ ബാധിച്ചു, കാരണം അവയുടെ വളര്‍ച്ച വലിയ തോതില്‍ കയറ്റുമതിയിലും വിദേശ നിക്ഷേപങ്ങളിലും ആശ്രിതമായിരുന്നു. ധനകാര്യ രംഗത്ത് ട്രംപിന്റെ നയങ്ങളും പ്രസ്താവനകളും വിപണികളെ അസ്ഥിരമാക്കി. ഡോളറിന്റെ ശക്തിയും പലിശനിരക്കുകളുമായി ബന്ധപ്പെട്ട അമേരിക്കന്‍ തീരുമാനങ്ങളും ലോകമെമ്പാടുമുള്ള ചരക്ക് നീക്കത്തെ ബാധിച്ചു. ഉയര്‍ന്ന പലിശനിരക്കുകള്‍ പല രാജ്യങ്ങളിലും സ്വതന്ത്ര വ്യാപാരത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കി. ഇതോടെ ആഗോള സാമ്പത്തിക അസമത്വം കൂടുതല്‍ ശക്തിയായി. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ട്രംപിന്റെ നിലപാട് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങി. പരിസ്ഥിതി സംരക്ഷണത്തേക്കാള്‍ സാമ്പത്തിക വളര്‍ച്ചക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന നിലപാട് സാമൂഹിക പ്രവര്‍ത്തകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും കടുത്ത എതിര്‍പ്പിന് കാരണമായി. അമേരിക്കയുടെ പിന്മാറ്റം ആഗോള കാലാവസ്ഥാ ചര്‍ച്ചകളില്‍ ഒരു ശൂന്യത സൃഷ്ടിച്ചു. ചില രാജ്യങ്ങള്‍ ആ ശൂന്യത പൂരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ലോകത്തിലെ ഏറ്റവും വലിയ കാര്‍ബണ്‍ ഉല്‍പ്പാദകരില്‍ ഒന്നായ അമേരിക്കയുടെ പങ്കാളിത്തം ഇല്ലാതെ ആഗോള ലക്ഷ്യങ്ങള്‍ കൈവരിക്കുകയെന്നത് കൂടുതല്‍ ബുദ്ധിമുട്ടായി. ഊര്‍ജ്ജ മേഖലയില്‍ ട്രംപിന്റെ നയങ്ങള്‍ ഹ്രസ്വകാല നേട്ടങ്ങള്‍ നല്‍കിയെങ്കിലും ദീര്‍ഘകാലത്തില്‍ ആഗോള ഊര്‍ജ്ജ സ്രോതസ്സുകളെ മന്ദഗതിയിലാക്കി. ഫോസില്‍ ഇന്ധനങ്ങളില്‍ കൂടുതല്‍ ആശ്രയിച്ച നയങ്ങള്‍ പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ അമേരിക്കയുടെ ആഗോള മത്സരക്ഷമത കുറയാന്‍ ഇടയാക്കി. ഇതോടെ, യൂറോപ്പും ചൈനയും ഈ മേഖലയില്‍ കൂടുതല്‍ മുന്നേറ്റം നേടി. കുടിയേറ്റ നയങ്ങളില്‍ ട്രംപിന്റെ രണ്ടാം കാലം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും നേരെയുള്ള നിയന്ത്രണങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മനുഷ്യരുടെ വ്യക്തിഗത ജീവിതങ്ങളെ നേരിട്ട് ബാധിച്ചു. വിദ്യാഭ്യാസവും ഗവേഷണവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ അമേരിക്കയുടെ ആകര്‍ഷണം കുറയാന്‍ ഇത് കാരണമായി. അതേസമയം കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ സാഹചര്യം ഉപയോഗപ്പെടുത്തി ആഗോള പ്രതിഭകളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു.
ഗസ്സയെ മുന്‍നിര്‍ത്തി ഏറെ ആഗോള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ പദ്ധതികള്‍ക്കാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കം കുറിച്ചിരിക്കുന്നത്. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ ബോര്‍ഡ് ഓഫ് പീസ് എന്ന പേരില്‍ ട്രംപ് രൂപീകരിച്ച അന്താരാഷ്ട്ര സമിതിയെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും ഇന്ത്യ പാകിസ്ഥാന് പ്രശ്നങ്ങളുടെ പരിഹാര ദൂതനായി സ്വയം അവകാശപ്പെടുന്ന ട്രംപ് തങ്ങളുടെ ജീവിതത്തില്‍ വഴിപ്പെടാത്ത രാജ്യങ്ങളെ വരുതിയിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് വെനീസ്വല പ്രസിഡന്റ് മഡൂറയെ തട്ടിക്കൊണ്ടു പോകുകയും ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള നീക്കവുമുണ്ടായത്. അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിക്കുകയും യുണൈറ്റഡ് നേഷന്‍ (UN) നെ നിരന്തരമായി പരിഹസിക്കുകയും വീറ്റോ അടക്കമുള്ള എല്ലാ അന്താരാഷ്ട്ര സമിതികളില്‍ നിന്നും ഇറങ്ങിപ്പോകുന്ന അമേരിക്കയുടെ ദുഷ്ട സ്വഭാവം ലോകം തിരിച്ചറിയേണ്ടതുണ്ട്. അന്താരാഷ്ട്ര വ്യാപാരങ്ങള്‍ പരമാവധി സ്വതന്ത്രവും സുതാര്യമാക്കുക എന്നതാണ് ലോക വ്യാപാര സംഘടനയുടെ (WTO) മൗലിക ലക്ഷ്യമായി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഈ പ്രഖ്യാപിത നിലപാടിനെയും സംഘടനയെയും തന്നെ തീര്‍ത്തും അപ്രസക്തമാക്കി വന്‍ശക്തികളുമായി ട്രംപ് പോരിനിറങ്ങിയിരിക്കുകയാണ്.
ഇന്ത്യ പോലുള്ള ഉയര്‍ന്നുവരുന്ന ശക്തികള്‍ക്ക് ട്രംപിന്റെ രണ്ടാം ഭരണകാലം സങ്കീര്‍ണമായ ഒരു കാലഘട്ടമായിരുന്നു. തന്ത്രപരമായി ചൈനയെ നിയന്ത്രിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ ഇന്ത്യയ്ക്ക് ചില അവസരങ്ങള്‍ തുറന്നു. എന്നാല്‍ വ്യാപാര തര്‍ക്കങ്ങളും വിസാ നിയന്ത്രണങ്ങളും ഇന്ത്യയുടെ സാമ്പത്തിക താല്പര്യങ്ങള്ക്ക് വെല്ലുവിളിയായി. ഇതോടെ ഇന്ത്യ കൂടുതല്‍ സ്വതന്ത്രവും ബഹുമുഖവുമായ വിദേശനയം പിന്തുടരാന് ശ്രമിച്ചു. അമേരിക്കന്‍ ഭരണകൂടം കൂടുതല്‍ കര്‍ക്കശമായ സാമ്പത്തിക നയങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാര്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വെക്കുന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ രണ്ട് ഘട്ടങ്ങളിലായി ഏര്‍പ്പെടുത്തിയിരുന്ന 50 ശതമാനം ഇറക്കുമതി തീരുവ 18 ശതമാനത്തിലേക്ക് താഴ്ത്തിയത് വലിയ നേട്ടമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും ഈ ഉടമ്പടിയിലെ വ്യവസ്ഥകള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ആശങ്കാജനകമായ പല സൂചനകളും പുറത്തുവരുന്നുണ്ട്. നികുതിയിളവുകള്‍ക്കപ്പുറം കരാറിലെ ഒളിഞ്ഞിരിക്കുന്ന നിബന്ധനകള്‍ അമേരിക്കന്‍ കുത്തകകളുടെ ചൂഷണത്തിന് വഴിതുറക്കാനും ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര അവകാശങ്ങളെ വലിയ തോതില്‍ ഹനിക്കാനും സാധ്യതയുണ്ടെന്ന ഗൗരവകരമായ മുന്നറിയിപ്പാണ് ഇത് നല്‍കുന്നത്.
ലോകസമാധാനത്തിന്റെ സംരക്ഷകനായും സ്ത്രീസുരക്ഷയുടെ മാതൃകയായും സ്വയം അവതരിപ്പിക്കുന്ന ട്രംപിന്, ശതകോടീശ്വരനും കോർപ്പറേറ്റ് രാജ്യാന്തര ഇടനിലക്കാരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായുണ്ടായിരുന്ന വഴിവിട്ട ബന്ധം യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ എപ്സ്റ്റീൻ ഫയലിലൂടെ പുറത്തുവന്നതോടെ ട്രംപ് ഭരണകൂടത്തിനെതിരെ വ്യാപകമായ ജനരോഷം ഉയർന്നിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം കൂട്ടി വായിക്കുമ്പോള്‍, ട്രംപിന്റെ രണ്ടാം ഭരണം ലോകത്തെ മൊത്തത്തില്‍ മാറ്റിമറിച്ചു എന്ന് പറയാം. അമേരിക്കയുടെ സ്വഭാവം മാറിയതോടെ ലോകരാജ്യങ്ങള്‍ തമ്മിലുള്ള പല ഉറച്ച ബന്ധങ്ങളും തകര്‍ന്നു. ആരെയും വിശ്വസിക്കാന്‍ പറ്റാത്ത, എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന ഒരു അവസ്ഥയിലേക്കാണ് ഇത് ലോകത്തെ എത്തിച്ചത്. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം ഇല്ലാതായാല്‍ ചെറിയ പ്രശ്നങ്ങള്‍ പോലും വലിയ അപകടങ്ങളായി ലോകം മുഴുവന്‍ പടരുമെന്ന് ഈ കാലം നമ്മളെ പഠിപ്പിച്ചു.
യാസര്‍ ഹുസൈന് പുകയൂര്‍




