ഇസ്ലാം മാത്രമായിരുന്നു ലോകത്ത് മതമായി ഉണ്ടായിരുന്നത്. കാലാന്തരങ്ങള്‍ പിന്നിട്ടപ്പോള്‍ മനുഷ്യന്റെ ആശയങ്ങള്‍ക്ക് വ്യതിയാനം സംഭവിച്ച് പുതിയ മതങ്ങള്‍ അവര്‍ രൂപീകരിച്ചു. സ്രഷ്ടാവായ അള്ളാഹുവിനെ തള്ളികളഞ്ഞു കൊണ്ടായിരുന്നു പുതിയ മതങ്ങളുടെ രൂപീകരണം. സ്വന്തം അസ്തിത്വം പടച്ചവനെ തള്ളികളഞ്ഞ് അവര്‍ ബഹുദൈവാരധകരായി. അവന്റെ യഥാര്‍ത്ഥ ആശയ പ്രചാരണങ്ങള്‍ക്കായി ഒന്നേകാല്‍ ലക്ഷം വരുന്ന പ്രവാചകരെ നിയോഗിച്ചു.
മനുഷ്യ സൃഷ്ടിപ്പിനോടൊപ്പം തന്നെ ഭൂമിയെയും അല്ലാഹു സൃഷ്ടിച്ചു. സൂര്യന്, ചന്ദ്രന് തുടങ്ങി ഗ്രഹങ്ങളെയും ക്ഷീര പഥങ്ങളെയും അല്ലാഹു സൃഷ്ടിച്ചു. അവയെല്ലാം അന്നു മുതല്‍ തന്നെ ചലനവും ആരംഭിച്ചു. ഈ ചലനങ്ങള്‍ക്കും മാററങ്ങള്‍ക്കും അനുസരിച്ച് അന്തരീക്ഷത്തിലും മനുഷ്യനിലും വ്യത്യസ്ഥമായ മാററങ്ങള്‍ നടന്നു. ഈ മാററങ്ങളുടെയും പ്രധാനമായ സംഭവങ്ങളുടെയും അടിസ്ഥാനത്തില്‍ അവന് സമയവും മാസവും വര്‍ഷവും കണക്കാക്കി. പണ്ട് മനുഷ്യന് സമയം നോക്കിയിരുന്നത് സൂര്യന്റെ നിഴലിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. പിന്നീടുള്ള കാലങ്ങളില്‍ മനുഷ്യന് വ്യത്യസ്ഥമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഇന്ന് കാണുന്ന വിധത്തിലുള്ള കാര്യങ്ങള്‍ കണ്ടു പിടിച്ചു. സൂര്യനെ അടിസ്ഥാനമാക്കിയും ചന്ദ്രനെ അടിസ്ഥാനമാക്കിയും വാവുകളെ അടിസ്ഥാനമാക്കിയുമാണ് ഇന്ന് മാസം കണക്കാക്കുന്നത്. മുസ്ലിംകള് മാസം കണക്കാക്കുന്നത് ചന്ദ്രനെ അടിസ്ഥാനമാക്കിയാണ്. അതിന്റെ തുടക്കം മുഹര്‍റം മാസമാണ്.
ആദം നബി (അ)ന്റെ സൃഷ്ടിപ്പിലൂടെയാണ് അള്ളാഹു മനുഷ്യകുലത്തിന് ആരംഭം കുറിക്കുന്നത്. ആദം നബി (അ)നെ അള്ളാഹു സൃഷ്ടിച്ചതിന് ശേഷം ആദമിന്റെ ഒരു വാരിയെല്ല് കൊണ്ടാണ് ഹവ്വയെ സൃഷ്ടിച്ചത്. ഇനി വരാനിരിക്കുന്ന സമൂഹങ്ങളുടെയും സംസ്കാരങ്ങളുടെയും അടിത്തറയായിരുന്നു ആ സൃഷ്ടിപ്പ്. സ്വര്ഗവാസികളായിരുന്ന പിതാമഹര്‍ ചില പ്രത്യേക കാരണത്താല്‍ അവരെ ഭൂമിയിലേക്ക് ഇറക്കപ്പെട്ടു. രണ്ട് പേരേയും അള്ളാഹു വിത്യസ്ഥ സ്ഥലത്തായിരുന്നു ഇറക്കിയിരുന്നത്. കാലങ്ങള്‍ക്ക് ശേഷം അവര്‍ കണ്ട് മുട്ടുകയും ഉല്പാദന പ്രക്രിയക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഒരു കുടുംബമായിരുന്ന അവര്‍ പിന്നീട് വ്യത്യസ്ഥ കുടുംബങ്ങളായി. കുടുംബങ്ങള്‍ പിന്നീട് വ്യത്യസ്ഥ സമൂഹങ്ങളായി രൂപം കൊണ്ടു. സമൂഹത്തില്‍ ഭിന്നഭാഷകളും സംസ്കാരങ്ങളും രൂപം പ്രാപിച്ചു. ഭിന്നാഭിപ്രായങ്ങളിലൂടെയും വ്യത്യസ്ഥ ആശയങ്ങളിലൂടെയും പുതിയ മതവും പുതിയ വിഭാഗങ്ങളും ആവിര്‍ഭവിച്ചു. സമൂഹത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ആ സമൂഹത്തെ സമയബന്ധിതമായി അള്ളാഹു അറിയിച്ചു. ദിവസങ്ങളും, സമയങ്ങളും, മാസങ്ങളുമായി കാലങ്ങളെ തരംതിരിക്കപ്പെട്ടു. ചന്ദ്രനെ അടിസ്ഥാനമാക്കിയും സൂര്യനെ അടിസ്ഥാനമാക്കിയും ചില പ്രത്യേക സംഭവങ്ങളെ ആസ്പദമാക്കിയും സമയത്തെയും മററും അവര്‍ തിട്ടപ്പെടുത്തി.
മുഹര്‍റം മാസത്തിന്റെ അര്‍ത്ഥം നിഷിദ്ധമാക്കപ്പെട്ടത് എന്നാണ്. ഈ പേര് വരാന്‍ കാരണം യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളില്‍ ഒരു മാസമാണ് മുഹര്‍റം. ആദം നബി (അ) ന്റെ സൃഷ്ടിപ്പ് മുതല്‍ തന്നെ ഇസ്ലാമിക ചരിത്രത്തില്‍ മുഹറമിന്റെ പ്രാധാന്യം അളവറ്റതാണ്. സത്യത്തിന്റെ വിജയവും അന്ധകാരത്തിന്റെ അന്ത്യവുമാണ് കഴിഞ്ഞ് പോയ ചരിത്രത്തിലുടനീളം ദൃശ്യമാവുന്നത്. മുഹര്‍റം പത്തിനെ സാക്ഷിയാക്കിയാണ് അല്ലാഹു ഇതെല്ലാം ചെയ്തത്.
ഏറ്റവും കൂടുതല്‍ വര്‍ഷം പ്രബോധനം നടത്തി എന്ന കീര്‍ത്തി കൈവരിച്ച പ്രവാചകനാണ് നൂഹ് നബി(അ). തൊള്ളായിരത്തി അന്‍പത് വര്‍ഷം പ്രബോധനം നടത്തിയ നൂഹ് നബി (അ), വളരെ കുറച്ച് മാത്രമേ സത്യത്തിലേക്ക് വന്നുള്ളൂ. അവസാനം അള്ളാഹു നൂഹ് നബി (അ) നോട് പറഞ്ഞു. നിങ്ങളോട് വിശ്വസിച്ചവരല്ലാതെ ഇനി ആരും വിശ്വസിക്കുകയില്ല. ഇനി തന്റെ പ്രബോധനത്തിന് കാര്യമില്ല എന്ന മനസിലാക്കിയ നൂഹ് നബി (അ) സത്യത്തിനെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ ദുആ ചെയ്തു. അള്ളാഹ#ു നൂഹ് നബി (അ) നോട് ഒരു കപ്പല്‍ പണിയാന്‍ കല്പിച്ചു. നൂഹ് നബി (അ) കപ്പല്‍ പണിയുവാന്‍ ആരംഭിച്ചു. നൂഹ് നബി (അ) കപ്പല്‍ പണി തുടങ്ങിയത് മുതല്‍ സത്യനിഷേധികള്‍ കളിയാക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞു;”” ഹേ….നൂഹേ ഏത് അടുപ്പില്‍ നിന്നാണ് വെള്ളം വരിക”. അങ്ങനെ കപ്പലിന്റെ പണി പൂര്‍ത്തിയായി. നൂഹ് നബി (അ) ന്റെ സമൂഹം കടുത്ത വരള്‍ച്ച അനുഭവിച്ചു. ഇത് കണ്ടതോടെ സത്യ നിഷേധികള്‍ കൂടുതല്‍ കളിയാക്കാന്‍ തുടങ്ങി. കാരണം നൂഹ് നബി (അ) കപ്പല്‍ ഉണ്ടാക്കുന്പോള്‍ അവരോട് പറഞ്ഞിരുന്നു, ഒരു പ്രളയം നിങ്ങള്‍ക്ക് വരാനുണ്ട്. സത്യനിഷേധികളുടെ കളിയാക്കല്‍ വീണ്ടും വര്‍ധിച്ചു. ഇവരില്‍ നൂഹ് നബി (അ) ന്റെ ഭാര്യയും മകനായ കന്‍ആനും ഉണ്ടായിരുന്നു. വരള്‍ച്ച അതി ശക്തിയായി. ഒരു ദിവസം ആകാശത്ത് മേഘം കൊണ്ട് നിറഞ്ഞു. പക്ഷേ അവര്‍ കരുതിയത് വരള്‍ച്ചക്ക് അവസാനം കുറിക്കുകയാണെന്നാണ്. നൂഹ് നബി (അ) ന് അല്ലാഹുവിന്റെ അടുക്കലില്‍ നിന്ന് വഹ്യ് വന്നു. നിങ്ങള്‍ അടുപ്പില്‍ നിന്ന് വെള്ളം പൊട്ടിക്കണ്ടാല് സത്യവിശ്വസികളേയും മറ്റു ജീവികളില്‍ നിന്നുള്ള ആണിനേയും പെണ്ണിനേയും നിങ്ങള്‍ കപ്പലില്‍ കയറ്റുക.
ആകാശത്തില്‍ നിന്ന് പേമാരിയും ഭൂമിയില്‍ നിന്ന് ഉറവയുമായി വെള്ളം വര്‍ധിച്ചു. അവിശ്വാസികളായ സമൂഹത്തെ ഒന്നടങ്കം മുക്കിക്കൊന്നു. സത്യത്തിന് മാത്രമേ നിലനില്പുള്ളൂ എന്ന സന്ദേശമാണ് ഈ ചരിത്ര സംഭവം നല്കുന്ന പാഠം. അസത്യം എന്നെന്നേക്കുമായി ഇല്ലാതാവുകയും ചെയ്തു. ഈ സംഭവം നടന്നത് മുഹര്‍റമിലായിരുന്നു. റജബിന്റെ തുടക്കത്തില്‍ തുടങ്ങിയ കപ്പല്‍ യാത്ര ആറു മാസം നീണ്ട് നിന്ന ശേഷം ജൂദിയ്യ് പര്‍വതത്തില്‍ നിന്നു.
കാലത്തിന് ഒരിക്കലും സത്യത്തെ മൂടി വെക്കാന്‍ സാധിക്കുകയില്ല. എത്ര ഒളിപ്പിക്കാനും അടിച്ചമര്‍ത്താനും ശ്രമിച്ചാല്‍ പോലും അതീവ ശക്തിയോടെ അത് ഗമിക്കും. അള്ളാഹു അതിനെ സംരക്ഷിക്കും . അവന്റെ പ്രവാചകരും അവര്‍ നടത്തിയ പ്രബോധന കലിമത്തും തൗഹീദും മാത്രമാണ് സത്യം. മുഹര്‍റമിന്റെ പ്രത്യേകത പറയുന്നതില്‍ നിന്ന് ഒഴിച്ച് നിര്‍ത്താവുന്നതല്ല ഇബ്റാഹീം നബി (അ)ന്റെ ത്യാഗ പൂര്‍ണമായ വീരചരിതം. ഇബ്റാഹീം നബി (അ) നിയോഗിക്കപ്പെട്ടത് ബാബിലോണിയക്കാരിലേക്കാണ്. ആ രാജ്യത്തെ രാജാവായിരുന്ന നംറൂദും സൈന്യവും വിഗ്രഹങ്ങളെയും സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ആരാധിച്ചിരുന്ന സമൂഹമായിരുന്നു. ഇബ്റാഹീം നബി (അ) ന്റെ രക്ഷിതാവായ ആസര്‍ ബിംബാരാധകനായിരുന്നു. അത് കൊണ്ട് തന്നെ തന്റെ പ്രബോധനം ആദ്യം തുടങ്ങിയത് ആസറിനോടാണ്. ഇബ്റാഹീം നബി (അ) ഇതിനെതിരെ ചോദ്യം ചെയ്തപ്പോള്‍ ആസറിന്റെ മറുപടി ഇപ്രകാരമായിരുന്നു.””പരന്പരാഗതമായ നാം വിശ്വസിച്ച് പോകുന്ന വിശ്വാസത്തെ തകര്‍ക്കുകയോ.? നിനക്ക് എവിടെ നിന്നാണ് ഈ നവീന ആശയം കിട്ടിയത്.? ഇത് വെളിച്ചത്ത് വിടാന്‍ നിന്നെ ഞാന്‍ സമ്മതിക്കുകയില്ല. ഇതെല്ലാം രാജാവായ നംറൂദ് അറിഞ്ഞാല്‍ നിന്റെ തല കാണില്ല”. ഇബ്റാഹീം നബി (അ) തിരിച്ച് പറഞ്ഞു. “”ഞാന്‍ ഇത് എവിടെയും പറയും, സത്യം മറച്ച് വെക്കാന്‍ കഴിയില്ല”. ഇബ്റാഹീം നബി (അ) നെ ആസര്‍ വീട്ടില്‍ നിന്ന് പുറത്താക്കി. ഇതോടെ ഇബ്റാഹീം നബി (അ) ന്റെ പ്രബോധനം പരസ്യമായി. ഇബ്റാഹീം നബി (അ) പറഞ്ഞു. സത്യം, ഞാന്‍ ഈ വിഗ്രഹങ്ങളെ തച്ചുടക്കുക തന്നെ ചെയ്യും.
ഒരു ദിവസം ആ നാട്ടിലുള്ളവര്‍ അവര്‍ നടത്തിവരുന്ന ഉത്സവത്തിന് പോയി. ഈ സന്ദര്‍ഭത്തില്‍ ഉബ്റാഹീം നബി(അ) ഒരു കോടാലിയുമായി അവര്‍ ആരാധിക്കുന്ന ആരാധന ആശ്രമത്തില്‍ കയറി ചെറിയ ചെറിയ വിഗ്രഹങ്ങളെയെല്ലാം തച്ചുടച്ചു. അതിന് ശേഷം ആ കോടാലി വലിയ ബിംബത്തിന്റെ കഴുത്തില്‍ തൂക്കി അവിടെ നിന്ന് പോയി. തിരിച്ച് വന്ന അവര്‍ കോപാകുലരായി. അവര്‍ പറഞ്ഞു, ഇത് ചെയ്തത് ഇബ്റാഹീം തന്നെ. അവര്‍ ഇബ്റാഹീം നബി (അ) നെ പിടികൂടി. അവര്‍ ചോദിച്ചു, “”നീ ഇത് എന്തിന് ചെയ്തു.”?
ഇബ്റാഹീം നബി(അ) പറഞ്ഞു: നിങ്ങളുടെ വലിയ ബിംബത്തോട് ചോദിച്ച് നോക്ക്.അവര്‍ പറഞ്ഞു: അതിന് സംസാരിക്കാന്‍ കഴിയില്ല എന്ന് നിനക്ക് അറിഞ്ഞ്കൂടേ..?
ഇബ്റാഹീം നബി(അ) പറഞ്ഞു: സംസാരിക്കാന്‍ കഴിയാത്ത നിര്‍ജീവമായ ഈ വിഗ്രഹത്തെയാണോ നിങ്ങള്‍ ദൈവമായി ആരാധിക്കുന്നത്.?
ഈ ചോദ്യത്തിന് മുന്പില് ഉത്തരം മുട്ടിയ അവര്‍ ഇബ്റാഹീം നബി (അ)നെ നംറൂദിന്റെ മുന്പില് ഹാജരാക്കി. നംറൂദ് കുപിതനായിരുന്നു. അവന് ഇബ്റാഹീം നബി (അ)നെതിരെ അലറി: നീയാണോ ഇതെല്ലാം ചെയ്തത്.? ഇബ്റാഹീം നബി (അ) പറഞ്ഞു: “”അതെ, അതെല്ലാം ചെയ്തത് ഞാനാണ്. അല്ലാഹു മാത്രമാണ് ദൈവം, അവന് ഏകനാണ്, സര്‍വശക്തനാണ്. അാല്ലാഹു മാത്രമാണ് ആരാധനക്ക് അര്‍ഹന്‍. മനുഷ്യ കരങ്ങളാല്‍ നിര്‍മിതമായ വിഗ്രഹങ്ങളോ, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളായ സൂര്യനോ, ചന്ദ്രനോ , നക്ഷത്രങ്ങളോ ദൈവങ്ങളല്ല. താങ്കളും ഒരു മനുഷ്യനാണ്. ഏകനായ അല്ലാഹുവിന്റെ ഒരു സൃഷ്ടി”.
നംറൂദിന്റെ കോപം ഇരട്ടിയായി. അവന് പറഞ്ഞു: നീ ആരോടാണ് സംസാരിക്കുന്നതെന്ന് അറിയുമോ ? ഇബ്റാഹീം നബി: അറിയാം, കേവം ഒരു മനുഷ്യനോട്.
നംറൂദ് : നീ അധികപ്രസംഗി ആവരുത്, നിന്റെ ജീവന് എന്റെ കയ്യിലാണ്.
ഇബ്റാഹീം: അല്ല, എന്റെ ജീവന് സര്‍വ്വശക്തനായ അല്ലാഹുവിന്റെ അടുക്കലാണ്.
ഇബ്റാഹീം നബി (അ) ന്റെ സുശക്തവും സുദൃഢവുമായ മറുപടി നംറൂദിനെ ആശ്ചര്യപ്പെടുത്തി. ഇബ്റാഹീം നബി (അ) സാധാരണക്കാരനല്ല എന്ന തോന്നലും അവനുണ്ടായി. അത് കൊണ്ട് തന്നെ ഇബ്റാഹീം നബി (അ)നെ അനുനയിപ്പിക്കാന്‍ അവന് ശ്രമിച്ചു. നംറൂദ് പറഞ്ഞു: “ഞാന്‍ ദൈവമാണെന്ന് കരുതി, തന്റെ കീഴില്‍ ഒതുങ്ങി കഴിയുക. എന്നാല്‍ ഇക്കഴിഞ്ഞതിനെല്ലാം ഞാന്‍ മാപ്പു തരാം’.ഇബ്റാഹീം നബി:” ഇല്ല. ഞാനതിന് തയ്യാറല്ല. എനിക്കെന്റെ ദൗത്യം നിര്‍വഹിക്കണം. ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണ്. ഏക ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കാനാണ് എന്റെ റബ്ബ് എന്നെ നിയോഗിച്ചിട്ടുള്ളത്.
നംറൂദ്: ആരാണ് നിന്റെ റബ്ബ്.?
ഇബ്റാഹീം നബി (അ): ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും.
നംറൂദ്: ഞാന്‍ തന്നെയാണ് റബ്ബ്.
ഇബ്റാഹീം നബി(അ): എന്നാലതൊന്ന് നീ കാണിക്ക്.
നംറൂദ് അവന്റെ പട്ടാളക്കാരോട് പറഞ്ഞു: നീ രണ്ട് തടവ്പുള്ളികളെ കൊണ്ട് വരൂ. അവര്‍ തടവുകാരെ ഹാജരാക്കി. അവന് ഒരാളെ വധിക്കാനും മറ്റെയാളെ വെറുതെ വിടാനും ആജ്ഞാപിച്ചു. അവന് പറഞ്ഞു: നീ കണ്ടില്ലേ, ഞാന്‍ ഒരാളെ ജീവിപ്പിക്കുകയും മറ്റെയാളെ മരിപ്പിക്കുകയും ചെയ്തു. ഇത് കേട്ട് ഇബ്റാഹീം നബി (അ) പറഞ്ഞു: ഒരാളെ മരിപ്പിക്കുക എന്നുള്ളത് ഒരാളെ കൊല്ലലല്ല. ഒരാളെ ജീവിപ്പിക്കുക എന്നത് അവനെ കൊല്ലാതിരിക്കലും അല്ല. അത് കൊണ്ട് നീ ദൈവമാവുന്നില്ല. നീ ദൈവമാണെങ്കില്‍ കിഴക്ക് നിന്ന് ഉദിക്കുന്ന സൂര്യനെ പടിഞ്ഞാറ് നിന്ന് ഉദിപ്പിക്കുക.
നംറൂദ് പരുങ്ങി. ഇബ്റാഹീം നബി (അ) ന്റെ മുന്പില് ഉത്തരം മുട്ടിയ അവന് ഇബ്റാഹീം നബി (അ) നെ തീയില്‍ എറിഞ്ഞ് കൊല്ലാന്‍ കല്പിച്ചു. അങ്ങനെ അത്യുഗ്രമായ ഒരു തീ കുണ്ഢാരത്തെ സജ്ജമാക്കപ്പെട്ടു. ഇബ്റാഹീം നബി (അ) ആ തീകുണ്ഢാരത്തിലേക്ക് എറിയപ്പെട്ടു. പക്ഷെ, ഇബ്റാഹീം നബി(അ)ന്റെ ഒരു രോമത്തിന് പോലും പരിക്ക് പറ്റാതെ അത്ഭുതകരമായി അതില്‍ നിന്നും രക്ഷപ്പെട്ടു. ഈ സംഭവം നടന്നത് മുഹര്‍റം പത്തിനാണ്.
ധിക്കാരിയുടെ അന്ത്യം
ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ പേരെടുത്ത് പറഞ്ഞ പ്രവാചകനാണ് മൂസാ നബി(അ). അദ്ദേഹം പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിതനായത് ബനൂഇസ്റാഈല്യരിലേക്കാണ്. ബനൂഇസ്റാഈലിയക്കാരെ അടിച്ചമര്‍ത്തി, ഫറോവയുടെ കുടുംബക്കാരായ ഖിബ്തിയാക്കള്ക്ക് പാദസേവനത്തിന് ഉപയോഗിച്ച ഈജിപ്ത് ചക്രവര്‍ത്തിയായിരുന്ന രാംസസ് രണ്ടാമന്, അവന്റെ സന്പത്തിനാലും, ആരോഗ്യത്തിനാലും, പ്രൗഢിയാലും ലോക രക്ഷിതാവായ അല്ലാഹുവിനെ തിരസ്കരിച്ച് ഞാനാണ് ലോക രക്ഷിതാവ് എന്ന് വാദിച്ചു.
അല്ലാഹു മൂസാ നബി (അ)ന് ഒന്‍പതോളം മുഅ്ജിസത്ത് നല്കി. ഇവയെല്ലാം സത്യത്തില്‍ നിന്ന് തെറ്റിയവര്‍ക്കുള്ള സൂചനയായിരുന്നു. പക്ഷെ, അന്ധകാരത്തിലായിരുന്ന അവര്‍ ആ ദൃഷ്ടാന്തങ്ങളെയെല്ലാം പുഛിച്ച് തള്ളി. അവസാനം മൂസാ നബി(അ)നെയും അനുയായികളെയും വധിക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ കോപ്പു കൂട്ടിയപ്പോള്‍ അല്ലാഹു മൂസാ നബി(അ) നോട് അറിയിച്ചു,””നിങ്ങള്‍ നിങ്ങളുടെ അനുയായികളെയും കൂട്ടി നാട് വിടുക”. അല്ലാഹുവിന്റെ കല്പന പ്രകാരം അവര്‍ നാട് വിടാന്‍ തയ്യാറായി. ഈ വിവരം ഫറോവ അറിഞ്ഞു. അതേ തുടര്‍ന്ന് മൂസാ നബി(അ) നെയും അനുയായികളെയും അവനും അവന്റെ അനുയായികളും പിന്തുടര്ന്നു. അവര്‍ നൈല്‍ നദിയുടെ അടുത്ത് എത്തിച്ചേര്‍ന്നു. മൂസാ നബി(അ) നോട് അല്ലാഹു കല്പിച്ചു.””മൂസാനബിയേ, നിങ്ങളുടെ കയ്യിലുള്ള വടിയെ നിങ്ങള്‍ നൈലില്‍ അടിക്കുക”. അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം അടിക്കുകയും അവരുടെ ഗോത്രങ്ങള്‍ക്കനുസരിച്ച് വെള്ളത്തില്‍ തുരങ്കം പോലുള്ള പാത പ്രത്യക്ഷപ്പെടുകയും അതിലൂടെ അവര്‍ രക്ഷപ്പെടുകയും ചെയ്തു. പിന്തുടര്ന്നിരുന്ന ഫിര്‍ഔനും സംഘവും കടലിലേക്ക് മുഴുവനായി പ്രവേശിച്ചതിന് ശേഷം അല്ലാഹു ആ നൈലിനോട് കല്പിച്ചു. നീ നിന്റെ പൂര്‍വ്വ സ്ഥിതിയിലേക്ക മടങ്ങുക. അന്നേരം അത് ഇളകി മറിയുകയും ഫറോവയും സംഘവും ഒന്നടങ്കം കടലില്‍ മുങ്ങിച്ചാവുകയും ചെയ്തു.
അല്ലാഹു സത്യത്തിന്റെ ആളുകളെ വിജയിപ്പിക്കുകയും അസത്യത്തിന്റെ ആളുകളെ അധഃപതിപ്പിക്കുകയും ചെയ്തു. ഈ ചരിത്ര സംഭവവും നടന്നത് മുഹര്‍റം പത്തിലായിരുന്നു.
സത്യത്തിന്റെ വക്താക്കളായ ലോക പ്രവാചകന്മാര്ക്ക് പ്രബോധന വിഷയങ്ങള്‍ എത്തിച്ചു കൊടുത്ത ് ജിബ്രീല്‍(അ) സൃഷ്ടിക്കപ്പെട്ടതും, ലോകത്ത് ആദ്യമായി മഴ വര്‍ഷിച്ചതും മുഹര്‍റം പത്തിനാണ്. ഇങ്ങനെ ഒട്ടനവധി സംഭവങ്ങള്‍ക്ക് സാക്ഷിയാണ് മുഹര്‍റം പത്ത്.
സത്യത്തെ മനസ്സിലാക്കി സത്യമാര്‍ഗത്തെ പിന്തുടര്‍ന്നവര്‍ക്കേ വിജയവും നന്മയും ഉണ്ടാവുകയുള്ളൂ, എന്ന യാഥാര്‍ത്ഥ്യമാണ് നാം മുഹര്‍റമില്‍ നിന്ന് ഗ്രഹിക്കേണ്ടത്. അന്ധകാരം പിന്തുടരുന്നവനും സത്യത്തെതൊട്ട് മാര്‍ഗഭ്രംശം സംഭവിച്ചനും അവസാനം നരകത്തിലെ അഗാധ ഗര്‍ത്തത്തിലേക്ക് ആഴ്ന്ന് പോകും. ദുന്യാവിന്റെ ക്രയവിക്രയങ്ങളില്‍ പെട്ട് സത്യത്തെ വെടിഞ്ഞ് ഇരുട്ടിനെ കൂട്ടുകാരനാക്കുന്നവന് നവവത്സരം നല്കുന്ന സന്ദേശം “”നീ സൂക്ഷിച്ചോ”.. എന്ന അര്‍ത്ഥവത്തായ വാക്കാണ്.