നിങ്ങളിലേറ്റവും ഉത്തമര്‍ സല്‍സ്വഭാവികളാവുന്നു(ബുഖാരി)
നല്ല ബന്ധത്തിനനിവാര്യമായ ഘടകമാണ് സല്‍സ്വഭാവം. അത് ജനങ്ങളെ അടുപ്പിക്കുമ്പോള്‍ അഹങ്കാരം അകറ്റുന്നു. അതിനാല്‍ അഹങ്കാരം വര്‍ജ്ജിക്കപ്പെടേണ്ട ദുസ്സ്വഭാവമാണ്. നമ്മുടെ സംസാരവും ഇടപെടലുകളും മറ്റുള്ളവര്‍ക്ക് വെറുപ്പുളവാക്കുന്നതാവരുത്. മറിച്ച് സന്തോഷം പകരുന്നതാവണം. ഓരോ രക്ഷിതാക്കളും കുട്ടികളെ പള്ളിക്കൂടത്തേക്ക് പറഞ്ഞയക്കും മുമ്പ് നല്ല കൂട്ടുകാരോട് കൂട്ടുകൂടാനാണ് പറയുക. ദുഷിച്ച സ്വഭാവമുള്ളവരോട് കൂട്ടുകൂടരുതെന്നും, താന്‍ ദുഷിച്ച പോലെ തന്റെ മകനും ആകാതിരിക്കാനാണ് മദ്യപാനിയായ പിതാവും ശ്രമിക്കുക. സല്‍സ്വഭാവിയായ മനുഷ്യന് പദവികള്‍ തേടിയിറങ്ങേണ്ടതില്ല അതവനെ തേടിയെത്തും. കാലങ്ങള്‍ മാറിമറിയുന്നതിനനുസരിച്ച് മാറുന്ന പദവിയായിരിക്കില്ല. നിഴല്‍ പോലെ കൂടെ ഉള്ളതായിരിക്കും. ഏതൊരു മേഖലയിലും മാതൃക തീര്‍ത്ത ലോകപ്രവാചകര് മുത്തു നബി(സ്വ) സല്‍സ്വഭാവത്തിനും ഉത്തമ മാതൃകയായിരുന്നു. മാതാപിതാക്കളുടെ സ്നേഹ വാത്സല്യങ്ങള്‍ വേണ്ടുവോളം അനുഭവിക്കാത്ത പ്രതികൂല സാചര്യത്തില്‍ പോലും അല്അമീനായാണ് അവിടുന്ന് വളര്‍ന്നത്. അവിടുത്തെ സ്വഭാവം പരിശുദ്ധ ഖുര്‍ആനാണെന്ന് അനുഭവിച്ചറിഞ്ഞ ആയിഷ(റ) പറഞ്ഞതും അതുകൊണ്ടാണ്.
ധാരാളം നിസ്ക്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവരുടെ പദവികള്‍ സല്‍സ്വഭാവം കൊണ്ട് നേടിയെടുക്കാന്‍ ഒരു വിശ്വാസിക്ക് കഴിയും(അബൂ ദാവൂദ്). ഏറ്റവും കൂടുതല്‍ കടപ്പാട് മാതാവിനോടാണെന്ന് മൂന്ന് തവണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച മുത്തുനബി(സ) മാതാവിന്റെ കാലിനടിയിലാണ് സ്വര്‍ഗ്ഗമെന്ന് പറയുക വഴി, മാതൃത്വത്തിനോടും സ്ത്രീകളോടും എങ്ങനെ പെരുമാറണമെന്ന് കൂടി ലോകത്തെ പഠിപ്പിക്കുകയായിരുന്നു.
ആയിശ(റ) പറയുന്നു: സല്‍സ്വഭാവം കൊണ്ട് ഒരാള്‍ക്ക് പതിവായി നോമ്പ് നോല്ക്കുന്നവന്റെയും, നിസ്ക്കരിക്കുന്നവന്റെയും പ്രതിഫലം ലഭിക്കും. തര്‍ക്കത്തെ ഒഴിവാക്കുന്ന ഒരാള്‍ക്ക് ഞാന്‍ സ്വര്‍ഗത്തിലെ ചെരുവിലെ വീടിന് വേണ്ടി വാദിക്കുമെന്നും സല്‍സ്വഭാവിയായ അടിയാറുകള്‍ക്ക് നാളെ സ്വര്‍ഗീയ ലോകത്ത് ഉന്നത പദവി നല്‍കുമെന്നും മുത്ത് നബി പഠിപ്പിച്ചിട്ടുണ്ട്. കാട്ടാള സ്വഭാവം കാണിച്ചിരുന്ന ഒരു സമൂഹത്തെയാണ് പ്രവാചകര്‍(സ്വ) ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിവര്‍ത്തനപ്പെടുത്തി ലോകത്തിന് മാതൃകകളാക്കിയത്. ശേഷം അവിടുന്ന് ധീരമായി പറഞ്ഞത് എന്റെ അനുചരില്‍ നിന്ന് ആരെ നിങ്ങള്‍ മാതൃകയാക്കിയാലും നിങ്ങള്‍ക്ക് വിജയികളാവാം എന്നാണ്.
സല്‍സ്വഭാവം കൊണ്ട് സാമൂഹികമാറ്റം സാധ്യമാക്കാന്‍ കഴിയും. അതിന് ആദ്യം നമ്മള് തന്നെ മാറ്റങ്ങള്‍ക്ക് വിധേയമാവണം. നാമോരുത്തര്‍ക്കും നെഞ്ചത്ത് കൈ വെച്ച് പറയാനൊക്കുമോ എന്റെ കാരണത്താല്‍ ആര്‍ക്കും ഇതുവരെ ഒരു ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്ന്. നീണ്ട വര്‍ഷങ്ങള്‍ പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും വരെ നേടിയ തന്റെ മകനെ കുറിച്ച് രക്ഷിതാവിന് പറയാന്‍ കഴിയുമോ എന്റെ മകന് സമൂഹത്തിന് മാതൃകയാണെന്ന്, നാളെയുടെ വാഗ്ദാനമാണെന്ന്, സല്‍സ്വഭാവിയായ ഒരു മകനാണെന്ന്.
സല്‍സ്വഭാവത്തിന് പ്രചോദനമാവുന്ന നിരവധി ഹദീസുകളുണ്ട്. സല്‍സ്വഭാവം കാരണം മീസാന്‍ ഭാരമേറുമെന്ന് മുത്ത് നബി പഠിപ്പിച്ചിട്ടുണ്ട്. ജരീ റുബ്നു അബ്ദുള്ള(റ) വിനോട് നബി(സ) പറഞ്ഞു; അല്ലാഹു സൃഷ്ടിച്ച് നന്നാക്കിയവനാണ് നീ. അതു കൊണ്ട് നിന്റെ സ്വഭാവം നീ നന്നാക്കുക. മറ്റൊരിക്കല്‍ മുത്ത് നബി(സ്വ) പറഞ്ഞു: നിശ്ചയം, മറ്റ് സല്‍കര്‍മ്മങ്ങളില്‍ അവന് വളരെ പിന്നിലായിരുന്നാലും സല്സ്വഭാവത്തിനു പ്രതിഫലമായി അവന് പരലോകത്തില്‍ ഉന്നത പദവി വരെ ലഭിക്കുന്നതാണ്.
മനുഷ്യരാശിയെ സംസ്കാര സമ്പന്നമാക്കുന്നതില്‍ സല്‍സ്വഭാവത്തിന് വലിയ പങ്കുണ്ട്. സ്വഭാവ ദൂശ്യത്തിന്റെ പേരിലാണ് സമൂഹത്തില്‍ സംഘട്ടനങ്ങള്‍ സംഭവിക്കുന്നത്. ജനങ്ങള്‍ നമ്മോട് എങ്ങനെ പെരുമാറണമെന്ന് നാം ആഗ്രഹിക്കുന്നുവോ, അതുപോലെ തിരിച്ചു പെരുമാറണം. നല്ല നിലയില്‍ പെരുമാറുക, അന്യായമായി ദ്രോഹിക്കാതിരിക്കുക, നല്ല കാര്യങ്ങള്‍ക്ക് സഹായം ചെയ്യുക. ഇവയെല്ലാം നല്ല സ്വഭാവത്തിന്റെ ഭാഗമാണ്. ഏതൊരാളോടും നല്ല രീതിയില്‍ പെരുമാറണം. തങ്ങളെ അക്രമിച്ച് ചോരവാര്‍ന്നൊഴുകുമ്പോഴും അവരോട് സൗമ്യമായി പെരുമാറിയ മുത്ത് നബി(സ്വ) മാതൃകയാണല്ലോ. സ്വഭാവ പ്രകൃതിയിലും ശീലത്തിലും നിരന്തരമായ പരിശീലനത്തിലൂടെ മാറ്റിയെടുക്കാന്‍ പറ്റാത്തതായി ഒന്നുമില്ല. ചില കുട്ടികള്‍ സല്സ്വഭാവമുള്ളവരായി വളരുന്നു. എത്രയോ പേര് മറിച്ചാണ്. സല്സ്വഭാവികളുമായുള്ള ഇടപെടലിലൂടെയും കൂട്ടുകൂടലിലൂടെയും സ്വഭാവം മാറ്റിയെടുക്കാവുന്നതാണ്.
രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിശുദ്ധ മക്കയ്ക്കു സമീപമുള്ള ചില പദ്ധതികളുടെ പ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന വാഹനം ഡ്രൈവറുടെ അശ്രദ്ധ മൂലം അമുസ്ലിമുകള്‍ക്ക് പ്രവേശനമില്ലാത്ത മക്കയ്ക്കുള്ളില്‍ പ്രവേശിച്ചു. ഹറമിന്റെ ഭാഗത്തേക്ക് ഓടിച്ചുപോയ വാഹനം പരിശോധനയ്ക്കായി നിര്‍ത്തി. വാഹനത്തിലുണ്ടായിരുന്നവര്‍ അമുസ്ലിമാണെന്നറിഞ്ഞതോടെ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മതകാര്യ പോലിസില്‍ എത്തിച്ചു. പേടിച്ചരണ്ട സാധാരണക്കാരായ തൊഴിലാളികളെ പുഞ്ചിരി തൂകി മക്ക പോലിസ് മേധാവി സ്വീകരിച്ചു. അബദ്ധത്തില്‍ മക്കയില്‍ പ്രവേശിച്ചതാണെന്ന് മനസ്സിലാക്കിയ പോലിസ് മേധാവി, അറബികളുടെ ആതിത്ഥ്യ മര്യാദയോടെയുള്ള പെരുമാറ്റമാണ് നല്‍കിയത്.
തൊഴിലാളികള്‍ക്ക് മിഠായിയും ഭക്ഷണവും നല്കി. പേടിച്ച് വിറച്ച് പോലിസ് സ്റ്റേഷനിലെത്തിയ അവര്‍ക്ക് പോലിസ് മേധാവിയുടെ പെരുമാറ്റം അമ്പരപ്പും ആശ്ചര്യവുമുളവാക്കി. തൊഴിലാളികളിലൊരാള്‍ ഇങ്ങനെയല്ല താന്‍ പ്രതീക്ഷിച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, വിശുദ്ധ മതമാണ് തന്നെ ഇങ്ങനെ പെരുമാറാന്‍ പഠിപ്പിച്ചതെന്ന് മേധാവി വിശദീകരിച്ചു. മക്കയെകുറിച്ചും ഇസ്ലാമിനെക്കുറിച്ചും വിശദീകരിച്ചതോടെ തങ്ങള്‍ക്ക് ഇസ്ലാം മതം സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ താല്പര്യം പ്രകടിപ്പിച്ചു.
പോലിസുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തന്നെ ശഹാദത്ത് ചൊല്ലി. ഈയൊരു സംഭവത്തില്‍ സ്വഭാവ ഗുണം കൊണ്ട് ഇസ്ലാം വരെ ആശ്ലേഷിച്ചെങ്കില്‍ അവരില്‍ എത്രമാത്രം പരിവര്‍ത്തനം വരുത്തിയിട്ടുണ്ടാവും ആ നല്ല പെരുമാറ്റം. അവിടെയാണ് ഇസ്ലാമിന്റെ ഭംഗിയും അന്തസത്തയും കൂടുതല്‍ തിളങ്ങുന്നത്. റസൂല്‍(സ) യുടെ പെരുമാറ്റം കാരണം ഇസ്ലാം സ്വീകരിച്ച ഒരുപാട് ചരിത്ര ശകലങ്ങള്‍ നാം പഠിച്ചതാണല്ലോ..
നമുക്കൊരാള് വല്ല ഉപകാരവും ചെയ്താല്‍ അതിനു പകരം ചെയ്യുന്നതിനു സല്‍സ്വഭാവം എന്നു പറയുന്നു. ഇനിയൊരാള്‍ വല്ല ഉപകാരവും ചെയ്യുന്നു, പകരമായി അതിനെക്കാള്‍ മികച്ച ഉപകാരം ചെയ്യുന്നതിന് മാന്യസ്വഭാവമെന്നും ഇനി ഉപകാരങ്ങളൊന്നും ചെയ്യാതെ തന്നെ നല്ല മനസ്സോടെ ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നതിന് മഹത്തായ സ്വഭാവം എന്നും പറയുന്നു.
അസദ്ബിന്‍ യസീദ്(റ) നിവേദനം: നബി(സ) വീട്ടില്‍ എന്താണ് ചെയ്യാറുള്ളത് എന്ന് ആയിശ(റ) യോട് ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ പറയുകയുണ്ടായി: നബി(സ) തന്റെ വീട്ടുകാരെ സഹായിക്കുകയായിരുന്നു ചെയ്യാറുണ്ടായിരുന്നത്. നമസ്കാര സമയമായാല്‍ പള്ളിയിലേക്ക് പോകുകയും ചെയ്യും. (ബുഖാരി)
മഹത്തായ സ്വഭാവത്തിന്റെ മേലിലാണ് നബിയെ താങ്കളുള്ളത് എന്നാണ് ഖുര്‍ആനില്‍ തിരുനബി(സ) യുടെ സ്വഭാവത്തെ വിശേഷിപ്പിച്ചത് .
നബി(സ) പറഞ്ഞു: ഇഹത്തിലും പരത്തിലും ഏറ്റവും നല്ല സ്വഭാവം ഞാന്‍ അറിയിച്ചുതരട്ടെയോ? അത് മൂന്ന് കാര്യങ്ങളാണ്. ബന്ധം മുറിച്ചവരോട് ബന്ധം സ്ഥാപിക്കുക, നിനക്കുപകാരം തടഞ്ഞവനു നീ ഉപകാരം ചെയ്തുകൊടുക്കുക. നിന്നോട് അനീതി കാട്ടിയവന് നീ മാപ്പു നല്‍കുക(ത്വബ്റാനി).
നിങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരും അന്ത്യനാളില്‍ ഞാനുമായി അടുത്തവരും സല് സ്വഭാവികളാണ്. എനിക്ക് ഏറ്റവും വെറുപ്പുള്ളവരും അന്ത്യനാളില്‍ ഞാനുമായി അകന്നവരും ദുസ്സ്വഭാവമുള്ളവരാണ് എന്ന് അവിടുന്ന് അരുളുകയുണ്ടായി.
അനസ്(റ) പറഞ്ഞു: ഞങ്ങള്‍ നബി(സ) യുടെ സന്നിധിയില്‍ ഇരിക്കുമ്പോള്‍ അവിടുന്ന് പറഞ്ഞു. സൂര്യതാപം ഹിമക്കട്ടകളെ ഉരുക്കുന്നതുപോലെ സല് സ്വഭാവം പാപങ്ങളെ ഉരുക്കിക്കളയുന്നതാണ്. (ഇഹ്യ)
ഇസ്ലാം ചില മതചിഹ്നങ്ങളും സല്‍സ്വഭാവങ്ങളും ചേര്‍ന്നതാണ്. നമസ്ക്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് എന്നീ കര്‍മ്മങ്ങളും മത ചിഹ്നങ്ങളാകുന്നു. ഇവയുടെയെല്ലാം സദ്ഗുണം അവ സല്‍സ്വഭാവം ശീലിപ്പിക്കുന്നു എന്നതാണ്. ഓരോ കര്‍മത്തെ കുറിച്ച് പഠിക്കുമ്പോഴും അതെല്ലാം നമ്മുടെ ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും നല്ല സ്വഭാവത്തിലേക്കു കൊണ്ട് പോകാന്‍ സഹായിക്കുന്നുണ്ട്. ദുസ്സ്വഭാവം കര്‍മ്മ ഫലങ്ങളെ നശിപ്പിക്കുമെന്ന് റസൂല്‍(സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്യരെ പഴിക്കുകയും അപവാദം പ്രചരിപ്പിക്കുകയും രക്തം ചിന്തുകയും അന്ന്യന്റെ ധനം അന്യായമായി തിന്നുകയും ചെയ്തവന്റെ സല്‍ക്കര്‍മ്മങ്ങളെല്ലാം അതിന്റെയാളുകള്‍ക്ക് നല്‍കുകയും നന്മകളവസാനിച്ചാല് അവരുടെ പാപങ്ങള്‍ എടുത്തു ഇവന് നല്‍കുകയും അവസാനമവനെ നരകത്തിലേക്ക് വലിച്ചെറിയപ്പെടുമെന്നും നബി(സ്വ) നമ്മെ പഠിപ്പിക്കുന്നുണ്ട്.
സല്‍സ്വഭാവം കാരണം നമുക്ക് പരലോക വിജയിയാവാന്‍ കഴിയുമെങ്കില്‍, നാളെ മീസാന്‍ അത് കാരണം ഭാരമേറുമെങ്കില് നമ്മുടെ സ്വഭാവത്തിനൊരു മാറ്റം വരുത്താന്‍ ശിഷ്ട ജീവിതത്തിലെങ്കിലും നമുക്ക് ഒന്ന് ചിന്തിച്ചു കൂടെ. എനിക്കൊരു മാറ്റം വേണം. ഞാന്‍ കാരണത്താല്‍ ഒരാളും വേദനിക്കാന്‍ പാടില്ല എന്ന ചിന്തയുണ്ടാവുമ്പോഴേ നമുക്ക് സല്‍സ്വഭാവികളായി തീരാന്‍ കഴിയുകയുള്ളൂ. ഗതിമാറി ഒഴുകുന്ന ലോകത്തില്‍ നമ്മുടെ സമൂഹത്തിനും ചുറ്റുപാടുകള്‍ക്കും മാറ്റം വരാന്‍ നാം മാറിയേ തീരൂ.
സ്വലാഹുദ്ദീന്‍ പി.കെ കാവനൂര്‍