കവിത / ശുഐബ് ഒഴുകൂര്‍
ഫാക്ടറികൾ
വയറ്റിലേക്കിറക്കി വെച്ച
കുഴലുകൾ
ശൂന്യമായതു
കൊണ്ടാകണം
പുഴയിപ്പോൾ
ആരോഗ്യവതിയാണ്.
പുക തുപ്പുന്ന
വായകൾക്കെല്ലാം നിഷ്ക്രിയത്വത്തിന്റെ
സീലു വെക്കപ്പെടതു
കൊണ്ടാകണം
പുക തിന്ന് കരുവാളിച്ചിരുന്ന
അന്തരീക്ഷമിപ്പോൾ
തെളിഞ്ഞു നിൽക്കുന്നത്.
തട്ടിപ്പും വെട്ടിപ്പും കൊലപാതകങ്ങളും
പീഡനങ്ങളും പേറിയിരുന്ന
മാധ്യമങ്ങൾക്ക്
നിരത്തിലെ ശൂന്യതയായിരിക്കണം
സമാധാനത്തിന്റെ നാളുകളെ തീറെഴുതിക്കൊടുത്തത്.
എങ്കിലും,
തെരുവിൽ തലവെച്ചിരുന്ന
കത്തുന്ന ഉദരങ്ങൾക്ക്
മനുഷ്യത്വത്തിന്റെ
ഉരുളകൊണ്ട്
കത്തലകറ്റുന്നത് കണ്ട്
പ്രകൃതി പോലും പറഞ്ഞിട്ടുണ്ടാകണം
നിങ്ങളീ ഹൃദയത്തിന്
ലോക്ക് ഡൗൺ വെക്കും വരെ
ഞങ്ങളും, നിങ്ങളോടൊപ്പമുണ്ടെന്ന്.