ലോക്ഡൗണ്‍ രചനകള്‍

  മൂവാണ്ടൻ മാവ്

കഥ/മുഹമ്മദ്‌ ജുനൈദ് ടിപി

 

ഊന്നുവടി നിലത്ത് കുത്തുന്ന ശബ്ദവും ചെരുപ്പിന്റെ ഉരസലും  അടുത്തേക്ക് വരുന്നതായി അയാൾക്ക് തോന്നി. ഗാഢമായ ഉറക്കിൽ നിന്നും ഞെട്ടിയുണർന്ന് ചുറ്റും നോക്കി. ഇല്ല ആരുമില്ല. ഇരുട്ട് മാത്രം. നെടുവീർപ്പിട്ട് കണ്ണുകൾ ഇറുക്കി അടച്ചു. പതിയെ ഉറക്കിലേക്ക് വഴുതി വീണപ്പോഴതാ വലിയുപ്പ തൊട്ടു മുമ്പിൽ നിൽക്കുന്നു. കണ്ണുകളിൽ ക്രോധം ജ്വലിക്കുന്നുണ്ട്. മുഖം ചുവന്നു തുടുത്തിട്ടുണ്ട്. “എടാ പഹയാ നിനക്കെങ്ങനെ ധൈര്യം വന്നെടാ . കയ്യിലുള്ള ഊന്നു വടി ഉയർന്ന് തന്റെ നേരെ വരുന്നത് അയാൾ  കണ്ടു. “അല്ലാഹ്”. അയാൾക്ക്  ഉറക്കം നഷ്ടപ്പെട്ടു. എല്ലാം സ്വപ്നമാണെന്ന് കരുതി സമാധാനിച്ചു. കട്ടിലിൽ നിന്നുമെഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു. ഒരു സിഗരറ്റ് എടുത്തു കത്തിച്ചു. ദൂരെ എവിടെയോ ഒരു കുറുക്കന്റെ കൂവൽ കേൾക്കുന്നുണ്ട്. എവിടെ നിന്നോ ഒരു തണുത്ത കാറ്റ് വന്നു അയാളെ തലോടി. നിലാവെളിച്ചത്തിൽ അയാൾ കണ്ടു മുറ്റത്തിന്റെ വടക്കുഭാഗത്ത്‌ മുറിച്ചിട്ട മാവിന്റെ കുറ്റി. ഇന്ന് രാവിലെ ഫർണിച്ചർകാർക്ക് നല്ല വിലക്ക് മാവ് വിറ്റപ്പോഴാണ് ആ ചിരകാല സ്വപ്നമൊന്ന് പൂവണിഞ്ഞത്. കുറെ കാലം കണ്ണ് വെച്ചതാണ് ഇപ്പൊയാണ് അതൊന്ന് വിറ്റ് കാശാക്കിയത്. വലിയുപ്പ അന്ത്യശ്വാസം വലിക്കാൻ ഇത്ര നാൾ കാത്തിരിക്കേണ്ടി വന്നു. മൂപ്പർ നട്ടതാണ് ആ മൂവാണ്ടൻ മാവ്. മൂപ്പരെ ഉപ്പ കൊടുത്തതാണ് പോലും. സ്വന്തം മക്കളെക്കാൾ അതിനെ സ്നേഹിച്ചു. അതങ്ങ് വളർന്നു പന്തലിച്ചപ്പോൾ എല്ലാവരുടെയും കണ്ണ് അതിന്മേലായി. അവസാനം സ്വത്ത്‌ ഭാഗംവെച്ചപ്പോൾ അത് അയാളുടെ കൈകളിലുമായി. നടക്കാൻ ബുദ്ധിമുട്ടുള്ള കാലത്തുപോലും മൂപ്പർ അതിന്റെ തണലിൽ ചെന്നിരിക്കാറുണ്ടായിരുന്നു. ഇവിടെ ഇരുന്നാൽ ഒരു പ്രത്യേക സമാധാനമാണെന്ന് വലിയുപ്പ എപ്പോഴും പറയാറുണ്ടായിരുന്നു. അവസാന ശ്വാസത്തിലും പറഞ്ഞിരുന്നു. എന്റെ ഓർമ്മക്ക് ആ മാവ് അവിടെതന്നെ ഉണ്ടാകണമെന്ന്.
മാവ് മുറിച്ചത് വലിയുപ്പ അറിഞ്ഞിട്ടുണ്ടാകുമോ ? ആ സ്വപ്നം അയാളെ വീണ്ടും അസ്വസ്ഥനാക്കി. മരിച്ചെങ്കിലും വലിയുപ്പയുടെ സാന്നിധ്യം ഇവിടെത്തന്നെയുണ്ട്. മാവ് മുറിച്ചതിൽ വലിയുപ്പ വേദനിച്ചിട്ടുണ്ടാകും. ആ വേദന തന്നെ വേട്ടയാടിക്കൊണ്ടിരിക്കുമെന്ന് അയാൾക്ക് തോന്നി. പ്രായശ്ചിത്തം ചെയ്യണം, മനസ്സ് മന്ത്രിച്ചു. അയാൾ മുറ്റത്തേക്കിറങ്ങി വെട്ടിമുറിച്ച മാവിനരികിലേക്ക് നടന്നു. ചുറ്റും നോക്കി. നിലത്ത് കിടന്ന ഒരു മാവിൻ തൈ നട്ട് വെള്ളം തളിച്ചു. ഇത് വലിയുപ്പയുടെ മൂവാണ്ടനോളം വലുതാകും. ഇതൊരു പ്രായശ്ചിത്തമാകുമോ ?? അറിയില്ല, തിരിച്ചു നടക്കുമ്പോൾ മനസ്സ് മന്ത്രിച്ചു. ഇനി വലിയുപ്പ ശാന്തമായി ഉറങ്ങട്ടെ. ഞാനും.

മുഹമ്മദ്‌ ജുനൈദ് ടിപി
തച്ചപറമ്പിൽ (H)
22-)o മൈൽസ് മഞ്ചേരി പി ഓ
മലപ്പുറം 676 121

Leave a Reply

Your email address will not be published. Required fields are marked *