കവിത/ സഈദ് പൊട്ടിക്കല്ല്
മണ്ണോടു ചേർന്ന്
നിദ്രയിലാഴവെ
തുരന്നെടുത്തിട്ടെന്നെ-
യപഹരിച്ചതു നിങ്ങൾ
വെള്ളമൊഴുക്കി മണ്ണു കളഞ്ഞതും
തീക്കനൽ കൂട്ടി
പതം വരുത്തിയതും
മൂശയിലിട്ടു കോലം മറിച്ചതും
നിങ്ങൾ തന്നെ
പൊടി പോലിരുന്നെന്നെ
തോക്കായും വെടിയായും
മാറ്റിയെടുത്തതും
കാഞ്ചി വലിച്ചതും
നിങ്ങൾ തന്നെ
ശപിക്കരുതെന്നെ,
കോലം മറിച്ചതും
അപരന്റെ നെഞ്ചിലേ-
ക്കാഞ്ഞു തള്ളിയതും
ചോര പൊടിച്ചതും
ഞാനൊട്ടുമല്ലതു-
നിങ്ങൾ മാത്രം
സഈദ് പൊട്ടിക്കല്ല്
മുജമ്മ. പുതുപ്പറമ്പ്