കവിത/മുഹമ്മദ് സ്വാലിഹ് .ഇ എ
ആയിശുമ്മ മരിച്ചന്നു മുതൽ
അബുക്ക നിശബ്ദനാണ്.
ഏഴാണ്ട് പിന്നിട്ടിട്ടുണ്ട്
ആയിശുമ്മ പിരിഞ്ഞു പോയിട്ട് .
ആറടി മണ്ണിന് ദാനം ചെയ്ത
ആ ശരീരത്തോടായിരുന്നില്ല,
ആർക്കും പകുത്തു നൽകാതെ
സൂക്ഷിച്ച ആ ഖൽബിനോടായിരുന്നു
അബുക്കാന്റെ പ്രണയം.
പുറത്ത് നിന്ന് നോക്കുന്നവർക്ക്
തിളങ്ങുന്ന കണ്ണുകളും, നിറഞ്ഞ
പുഞ്ചിരിയും കാണാം.
പക്ഷെ ,അകം മുഴുവൻ വിങ്ങലുകളാണ്.
കനല് പൂത്ത് വിങ്ങി വരുന്ന മൂകതകൾ.
ഇന്നലെ അസ്വസ്ഥമായി
ആ കണ്ണുകളെ കണ്ടിരുന്നു.
മിനിഞ്ഞാന്നായിരുന്നു
ഖബർസ്ഥാനി പോവണമെന്ന്
വാശി പിടിച്ചതും, നിക്കൊരു
“ലോക്കും മാണ്ട” ന്ന് വിതുമ്പിയതും..
ഇന്നായിരുന്നു സഹികെട്ടത്,
ഇനിയും കാത്തിരുന്നാൽ
ആയിശു പിണങ്ങുമെന്ന്
പറഞ്ഞാണ് ഇറങ്ങി നടന്നത്.
ഒടുവിൽ,ലാത്തി ചതച്ചിട്ടും ഒടിച്ചിട്ടും
മൗനമായിരുന്നു.
ആ മൗനം ചിലപ്പോൾ
ശരികളുടെ ഉത്തരമായിരിക്കാം…
മറ്റ് ചിലപ്പോൾ തെറ്റുകളുടെയും.
തഥൈവ ചില ശരികളെ തെറ്റാക്കാനും,
ചില തെറ്റുകളെ ശരിയാക്കാനുമായിരിക്കാ
ഇന്ന് അബുക്ക പോയി…
ആരോ പറഞ്ഞ് കേട്ടു ,
ചിരിച്ച് കിടക്ക്ണ അബുക്കാന്റെ
കണ്ണിൽ കണ്ണീർ വാർന്നിരുന്നെന്ന്.
അതിന് ചുവപ്പ് നിറമുണ്ടായിരുന്നത്രെ!
➖➖➖➖➖➖➖➖➖➖➖
മുഹമ്മദ് സ്വാലിഹ് .ഇ എ
ചീയ്യമ്പം