നിരീക്ഷണം/റഹീം സികെ കടപ്പുറം
ബ്രിട്ടനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രശസ്തമായ മെഡിക്കൽ ജേർണൽ ആണ് ‘ദ ലാൻസെറ്റ്’ ( The Lancet). ലോകമെമ്പാടുമുള്ള ഡോക്ടർമാർ വായിക്കുന്ന, ആരോഗ്യരംഗത്തെ ഏറ്റവും പുതിയ തുടിപ്പുകൾ രേഖപ്പെടുത്തപ്പെടുന്ന വിഖ്യാതമായ ഒരു ഇന്റർനാഷണൽ മാഗസിൻ. ലാൻസെറ്റിന്റെ ആഗസ്റ്റ് 17 -ന് പുറത്തിറങ്ങിയ ലക്കത്തിൽ അവർ ഒരു ‘ഒപ്പീനിയൻ’ ലേഖനം പ്രസിദ്ധപ്പെടുത്തി. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു, ‘Fear and Anxiety around Kashmir’. അതായത് ‘കാശ്മീരിൽ നിലനിൽക്കുന്ന ഭീതിയും ഉത്കണ്ഠയും’. കാശ്മീർ താഴ്‌വരയിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം നിലവിൽ വന്ന വൻതോതിലുള്ള നിയന്ത്രണങ്ങളും, പട്ടാളത്തിന്റെ വിന്യാസത്തിലുള്ള വർദ്ധനവും മറ്റും ജനങ്ങൾക്ക് വളരെയധികം ഉത്കണ്ഠയും ഭീതിയും ജനിപ്പിക്കുന്നു. ടെലിഫോൺ ബന്ധങ്ങൾ വിച്ഛേദിക്കുന്നതും, മൊബൈൽ ഇന്റർനെറ്റ് നിർത്തലാക്കുന്നതും, നിരന്തരം കർഫ്യൂ ഏർപ്പെടുത്തുന്നതുമെല്ലാം ജനങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് ഭീതിയിലാഴ്ത്തിയിരിക്കുന്നു എന്നും ലേഖനത്തിൽ പരാമർശിച്ചിരുന്നു. പ്രസ്തുത ലേഖനം അവർ ട്വിറ്ററിലൂടെയും പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിൽ ഇങ്ങനെ കുറിച്ചു, “കാശ്മീരിലെ ജനങ്ങളുടെ പരമാധികാരം റദ്ദാക്കിക്കൊണ്ടുള്ള നടപടി താഴ്‌വരയിൽ അഭിവൃദ്ധികൊണ്ടുവരും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നത്, കാശ്മീരിന്റെ തെരുവോരങ്ങളിൽ ഉള്ളു പിടഞ്ഞ് പട്ടിണി ദിനചര്യയായി മാറിക്കൊണ്ടിരുന്നത് 370 ന്റെ സാന്നിധ്യത്തിലായത് കൊണ്ടാണെത്രേ. ദശാബ്ദങ്ങളായി സംഘർഷമേൽപ്പിച്ച ആഴത്തിലുള്ള മുറിവുകളെ പരിചരിച്ചുകൊണ്ടിരിക്കുന്ന ജനങ്ങൾക്ക് അതിൽ നിന്നും ഒരാശ്വാസമാണ് വേണ്ടത്, അല്ലാതെ കൂടുതൽ അവഗണനകളും, ഒറ്റപ്പെടുത്തലുകളും, അക്രമങ്ങളുമല്ല..! “ട്വീറ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം സാമൂഹ്യമാധ്യമങ്ങളിൽ ലാൻസെറ്റിനെതിരെയുള്ള പ്രതിഷേധങ്ങൾ നിറഞ്ഞു കവിഞ്ഞു. പക്ഷേ അത്തരമൊരു കൃത്രിമ പ്രതിഷേധ സ്വരങ്ങളുടെ നിർമ്മിതിയിൽ നാം ഒട്ടും ആശങ്കയുള്ളവരായിരുന്നില്ല. കാരണം, കാശ്മീരിന്റെ യഥാർത്ഥ ചിത്രം നമ്മൾ മാത്രമല്ല ലോകരാജ്യങ്ങളാെന്നടങ്കം കേട്ടോ വായിച്ചോ അറിഞ്ഞവരാണ്. എത്രതന്നെ പ്രതിഷേധങ്ങൾ അവർക്കെതിരെ ഉയർത്തിയാലും, സത്യങ്ങൾ എന്നും യഥാർത്ഥ വശത്തുകൂടെ വന്നണയും എന്ന് ആ വചനങ്ങൾ നമ്മെ ഓർമ്മപ്പെടുത്തി.
ഇന്ത്യയുടെ പൂന്തോട്ടമെന്നറിയപ്പെടുന്ന കാശ്മീറിന്റെ അകത്തളങ്ങളിൽ എന്താണ് സംഭവിക്കുന്നത്?. പട്ടാളം വിന്യസിച്ച് കിടക്കുന്ന ബോർഡറുകൾക്കിപ്പുറം ലോകം മൂകമാകുന്ന അവസ്ഥ. മൂന്നുമാസത്തോളം തടവിൽ കഴിയുന്നത് സമാനം പട്ടിണിയും പരിവട്ടവും വെടിയൊച്ചകളുടെ ഇരമ്പലുകളും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ആകമാനം ഒരു യുദ്ധക്കളത്തിലെ പോരാട്ട ഭീതി. മാസങ്ങളോളം വീടകങ്ങളിൽ വെളിച്ചം കാണാതെ ഒളിച്ചിരിക്കുമ്പോഴും തീർന്നില്ലായിരുന്നു അധിനിവേശത്തിന്റെ കാമയാമനകൾ. പിതാവിന്റെ മുമ്പിൽ ഭാര്യയും മകളും ഒരുപോലെ മാനഭംഗത്തിനിരയാക്കപ്പെടുമ്പോൾ ഒരു വിരൽ തുമ്പിന്റെ വിദൂരതയിൽ തനിക്ക് നേരെ പാഞ്ഞടുക്കാനിരിക്കുന്ന വെടിയുണ്ടകളെ ഭയക്കാനേ കാശ്മീരിന്റെ മക്കൾക്ക് കഴിഞ്ഞുളളൂ. അക്ഷരക്കൂട്ടുകളെ പ്രണയിച്ച് പള്ളിക്കൂടത്തിന്റെ മുറ്റം കൊതിച്ച പിഞ്ചിളം പൈതങ്ങളുടെ ഹൃദയാന്തരങ്ങളിലും നോവിന്റെ നീറ്റലുണ്ടായിരുന്നു. “ശാന്തത” (Relax ) കാശ്മീർ ഉപരോധവുമായി ബന്ധപ്പെട്ട് ഒരു മുഖ്യ ടെലിവിഷൻ ചാനലിൽ അനീതിയെന്നോണം ഉപയോഗിച്ച ഒരു പദം ആയിരുന്നു അത്. ആ ചാനൽ ചർച്ചക്ക് ശേഷം അവിടെയുണ്ടായിരുന്ന ഒരു അദ്ധ്യാപകന്‍ ടെലിവിഷന്‍ അവതാരകനോടായി ”പറഞ്ഞു, ശരിയാണ് കാശ്മീരില്‍ ശാന്തതയാണ്. ശ്മശാനത്തിലെ ശാന്തത.”
പാര്‍പ്പിടപ്രദേശങ്ങള്‍ , തെരുവുകള്‍, പാലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കാവല്‍ നില്‍ക്കുന്ന സൈന്യം, പ്രതിഷേധം ഭയന്ന് അടച്ചിട്ടിരിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ നിര, വിദ്യാര്‍ത്ഥികളില്ലാത്ത വിദ്യാലയങ്ങള്‍, കേന്ദ്രസേന കാവല്‍ നില്‍ക്കുന്ന ശൂന്യമായ കോളേജുകള്‍, പുറത്തിറങ്ങുന്നതിനുള്ള കര്‍ശനമായ നിയന്ത്രണങ്ങള്‍, നിര്‍ത്തിവെച്ച ഗതാഗതം, തപാല്‍, കൊറിയര്‍, മൊബൈല്‍, ഇന്റര്‍നെറ്റ് , ടെലിഫോണ്‍ സേവനങ്ങള്‍ എന്നിവയെല്ലാം ഞങ്ങളുടെ ഒരാഴ്ച നീണ്ട കാശ്മീര്‍ സന്ദര്‍ശനത്തില്‍ ‘ശാന്തത’ എന്താണെന്ന് അടയാളപ്പെടുത്തി. ഇങ്ങനെയാണ് കാശ്മീറിന്റെ കർഫ്യൂ ദിനങ്ങൾ അവർ ആഘോഷമാക്കിയത്.
നമ്മുടെ കർഫ്യൂ ദിനങ്ങൾ ട്രോളുകളുടെയും തമാശകളുടെയും പെരുമഴപ്പെയ്ത്ത് കാലമാണ്. വിലാപത്തോടെ അനുഭവങ്ങളിൽ നിന്ന് കാശ്മീരിന്റെ മക്കൾ ചോദിക്കുന്നുണ്ടാകും. എങ്ങനെയുണ്ട് കർഫ്യൂ ദിനങ്ങൾ എന്ന്. പരമോന്നത സുഖങ്ങളിലായി നമ്മൾ വീട്ടിലിരികുമ്പോൾ രാജ്യത്ത് എന്ത് സംഭവിക്കുന്നു , പരിസ്ഥിതി എന്താണെന്ന്, സൗഹാർദ്ദം എന്താണെന്ന്, സ്നേഹം എന്താണെന്ന് അറിയാതെ മരണത്തിനു മുന്നിൽ മൂന്നര നാലു മാസത്തോളം തള്ളി നീക്കുകയായിരുന്നു അവർ. ജീവിത സാഹചര്യങ്ങളിൽ ഒരു പിടി പോലും മാറ്റം വരുത്താതെ മലയാളി ഇന്നും ട്രോളും മീഡിയകളുമായി വീട്ടിൽ ഉല്ലസിക്കുന്നു. എന്നാൽ കാശ്മീരികളെ വരിഞ്ഞു മുറുക്കുകയായിരുന്നു കേന്ദ്ര സർക്കാർ എന്ന് പറയുന്നതാണ് ശരി. ഒരു പക്ഷേ അരാഷ്ട്രീയ സാഹചര്യത്തിൽ രാജ്യം മുഴുവൻ കർഫ്യുവിൽ കുരുങ്ങുന്നത് ഇതാദ്യമായിരിക്കും. കോവിഡ് അതിന് നിമിത്തമായെന്ന് മാത്രം. കാശ്മീരിൽ കർഫ്യൂ പ്രഖ്യാപിച്ചതിന് ശേഷമുള്ള ലഡാക്ക് പട്ടണത്തിന്റെ ചിത്രം റോയിറ്റേർസ് പുറത്ത് വിട്ടിരുന്നു. നിമിഷിങ്ങൾ കൊണ്ട് ശൂന്യമായ ആ തെരുവിന്റെ ശോച ന്യാവസ്ഥയിലേക്ക് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളും വഴിമാറിക്കഴിഞ്ഞു. ഇന്ത്യ ഒറ്റപ്പെടലിന്റെ ഒരു വശത്തെ രുചിച്ചു കഴിഞ്ഞെന്ന് ചുരുക്കം.
ബ്രേക്ക് ദ ചൈനും സാമൂഹിക അകലവും നിരന്തരം അധികാരികൾ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും പൊതുബോധത്തെ വീട്ടിൽ തളച്ചിടാൻ നിയമപാലകർ വിയർക്കുകയാണ്. കമ്യൂണിറ്റികിച്ചണും പെൻഷനുകളും മറ്റെല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടും ജനത്തിന് തെരുവൊഴിയാൻ സാധിക്കുന്നില്ല. വ്യാജ സത്യവാങ്മൂലത്തിനും അനാവശ്യ റോന്തുചുറ്റലിനും കേസെടുക്കേണ്ട ദുരവസ്ഥയിലെത്തിയിരിക്കുന്നു. കോവിഡ് അടഞ്ഞ മനുഷ്യരുടെ ശബ്ദമാകുന്നത് ഇവിടെയാണ്. കർഫ്യൂ, പൊതുബോധത്തിന് മുന്നിൽ ഒരു വിചിന്തനത്തിന് അവസരമൊരുക്കുന്നു. കാശ്മീരിൽ ജനിച്ചു എന്ന ഒരൊറ്റ തെറ്റിന് ജീവിതം മുഴുവൻ ഭീതിയുടെ ജയിലിലടക്കപ്പെടുന്ന ദാരുണാവസ്ഥ. ‘മനുഷ്യൻ സ്വതന്ത്ര്യരായി ജനിക്കുന്നു എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളാൽ ചുറ്റപ്പെട്ടുകിടക്കുന്നു’ എന്ന റ്റൂസ്സോയുടെ വീക്ഷണത്തിന് കൂടുതൽ അർത്ഥ തലങ്ങൾ കൈവരുന്നു. ജനാധിപത്യ ഇന്ത്യയിലെ ഈ തടവുകാർ എന്നാണോ മോചിക്കപ്പെടുന്നത്, അന്ന് മുതലാണ് ഓഗസ്റ്റ് 15 പരമോന്നത റിപ്പബ്ലിക്കിന്റെ ആഘോഷമാകുന്നത്.
കോവിഡ് കർഫ്യൂ ഓരോ പൗരനും ഒരോർമപ്പെടുത്തലിന്റെ ഭാഗം കൂടിയാണ്. നിങ്ങൾക്കപ്പുറത്തുള്ള മനുഷ്യരുടെ വായ മൂടിക്കെട്ടിയിട്ട് ഒരുപാട് പിന്നിട്ടു. അവർക്ക് മുന്നിൽ നിങ്ങളുടെ കർഫ്യൂ ദിവസങ്ങൾ തുലോം തുച്ഛം. ‘We the people of India’ ഇപ്പോഴും പ്രിയാമ്പിളിൽ മാത്രം ചുരുണ്ടു കൂടിയിരിക്കുന്നു. പ്രായോഗികതയിൽ നിന്നും എത്രയോ അകലയാണത്.
( റഹീം സികെ കടപ്പുറം)