ലോക്ഡൗണ്‍ രചനകള്‍

അരുവി തേടി

കവിത/ഉമ്മു മിൻഹാജ് തെരട്ടമ്മൽ

കുഞ്ഞു ഹൃദയത്തിൽ
വലിയൊരു പ്രണയ സാഗരം ഒളിപ്പിച്ചു വെച്ച്
ദാഹിച്ച് അവശയായൊരു പാവം പറവ
മദീനയുടെ കാതങ്ങളപ്പുറത്ത് നിന്ന് ചിറകടിച്ചുയരുന്നുണ്ട്…

അങ്ങ് കേൾക്കുന്നില്ലേ മുത്തുനബിയെ ﷺ
ഒരു നേർത്ത കരച്ചിൽ…
ഒരിറ്റു കുടിനീർ മോഹിച്ച്
മദീനയിലെ അരുവി തേടിയിറങ്ങിയതാണ്..

പാപങ്ങളുടെ ഇരുട്ട്കൊണ്ട്
കാഴ്ചക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും
മദീനയിൽ വീശുന്ന തെന്നലെനിക്ക് ദിശ പറഞ്ഞു തരുന്നുണ്ട്…

വഴിയിൽ തളർന്നു പോകുമ്പോൾ
വീണുപോകാതിരിക്കാൻ
ഉതിർന്ന് വീഴുന്ന കണ്ണുനീർ തുള്ളികൾ
കുടിച്ച് ദാഹമകറ്റുന്നുണ്ട്..

ദുർബലമായ ചിറകുകൾ കൊണ്ട്
മരുഭൂമി താണ്ടി വരാൻ അസാധ്യമാണെങ്കിലും
സ്വാലാത്തിനാൽ വീണ്ടും ചിറകുകൾക്ക് ഇരട്ടി ജീവൻ ലഭിക്കുന്നുണ്ട്..

പാതിരാത്രിയിൽ അങ്ങയെ ഓർത്ത്
ഒലിച്ചിറങ്ങിയ കണ്ണുനീർ തുള്ളികളാൽ
മദീനയിൽ ഇന്നൊരു അരുവി രൂപപ്പെട്ടിട്ടുണ്ടാവണം…

പറന്നു പറന്നാ ഓരത്തെത്തുമ്പോൾ
ആ അരുവിയിൽ നിന്നൊരിറ്റു കുടിച്ച്
ദാഹമകറ്റണം..

മദീനയുടെ ഗന്ധമാസ്വദിച്ചാ
വിശുദ്ധ നഗരിയിൽ പറന്നുല്ലസിക്കുന്ന പറവകൾക്കിടയിൽ നിന്ന് എനിക്കും അങ്ങയോട് സലാം പറയണം…

ആ നേരമിൽ..
ഇശ്‌ഖിൻ കനമേറി ഈ കുഞ്ഞു ഹൃദയമാ –
പച്ചത്താഴികക്കുടത്തിനു താഴെ ചിറകറ്റു വീഴണം….

ഉമ്മു മിൻഹാജ്
തെരട്ടമ്മൽ

Leave a Reply

Your email address will not be published. Required fields are marked *