വര്‍ഷത്തിന്റെ കാലയളവ് നിര്‍ണയിക്കുന്നതിന് ലോകത്ത് വിവിധ സമൂഹങ്ങള്‍ വ്യത്യസ്ഥ മാനദണ്ഢങ്ങളാണ് അവലംബിച്ചിരുക്കുന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കൃഷികളുടെ വിളവെടുപ്പ്, നക്ഷത്രങ്ങളുടെ ഗതിവിഗതികള്‍, നദികളിലെ ജലവിതാനം, സൂര്യ ചന്ദ്രചലനങ്ങള്‍ തുടങ്ങിയവ പണ്ടുകാലം മുതലേ സ്വീകരിക്കപ്പെട്ടു പോന്നിരുന്ന മാനദണ്ഢങ്ങളില് ചിലതാണ്. ഇവയില്‍ സൂര്യ ചന്ദ്രചലനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണ് ഇന്നും കൂടുതല്‍ പ്രചാരത്തോടെ നിലവിലുള്ളത്. സൗരവര്‍ഷം, ചന്ദ്രവര്‍ഷം എന്നിങ്ങനെ രണ്ടു വര്‍ഷങ്ങള്‍ നിലനില്ക്കുന്നതിന്റെ പശ്ചാതലം ഇതാണ്.
സൗരവര്‍ഷപ്രകാരം ഒരുവര്‍ഷം 365 1/4 ദിവസമാണെങ്കിലും ചന്ദ്രവര്‍ഷപ്രകാരം ഇത് 355 ദിവസമേ വരുന്നുള്ളൂ. അഥവാ സൗര വര്‍ഷത്തേക്കാള്‍ 11 ദിവസത്തെ കുറവുണ്ട് ചന്ദ്രവര്ഷത്തിനെന്നു സാരം. വര്‍ഷങ്ങളുടെ കണക്കിനുള്ള മാനദണഢങ്ങള്‍ പലതാണെങ്കിലും ഒരു വര്‍ഷത്തില്‍ മാസങ്ങളുടെ എണ്ണം 12 ആണെന്നതില്‍ പക്ഷാന്തരമില്ലെന്നാണറിവ്. ഇസ്ലാമിലെ പ്രമാണഗ്രന്ഥമായ ഖുര്‍ആനും മാസങ്ങളുടെഎണ്ണം 12 ആണെന്ന യാഥാര്‍ത്ഥ്യം തുറന്നു പ്രഖ്യാപിക്കുന്നുണ്ട്. (വി. ഖു.9:36)
ലോകത്തെ നിരവധി മതങ്ങളും സമൂഹങ്ങളും സൗരവര്‍ഷത്തെ അവലംബിക്കുന്പോള്‍ ഇസ്ലാംമതം അതിന്റെ അനുഷ്ഠാനപരമായ നിരവധി കാര്യങ്ങള്‍ക്ക് അവലംബിക്കുന്നത് ചന്ദ്രവര്‍ഷത്തെയാണ്. വിവിധ മത പ്രത്യായ ശാസ്ത്രങ്ങള്ക്കിടക്ക് ഇസ്ലാം മാത്രം ചന്ദ്രവര്‍ഷത്തെ മാനദണ്ഢമാക്കുന്നതിന് പിന്നില്‍ ചില യുക്തികളില്ലാതെയില്ല. ചന്ദ്രവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തി മതാനുഷ്ടാനങ്ങള്‍ നിര്വഹിക്കപ്പെടുന്പോള് കാലാവസ്ഥാപരമായ പ്രതിസന്ധികളില്‍നിന്നും രക്ഷനേടാന്‍ സാധ്യമാകുന്നുവെന്നതുതന്നെയാണ് അതില്‍ പ്രധാനം. മാറിമാറി വരുന്ന വര്‍ഷങ്ങള്‍ക്കനുസരിച്ച് അനുഷ്ഠാനങ്ങളും വ്യത്യസ്ഥ ഋതുക്കളിലായി വരുന്പോള്‍ നോന്പ്, ഹജ്ജ് തുടങ്ങിയ ഇസ്ലാമിലെ അതിപ്രധാനമായ വാര്‍ഷികാനുഷ്ഠാനങ്ങളും കര്‍മങ്ങളും പെരുന്നാള്‍ പോലുള്ള ആഘോഷസുദിനങ്ങളും ഏതെങ്കിലുമൊരു ഋതുവില്‍ തളച്ചിടപ്പെടുന്ന സാഹചര്യമുണ്ടാവുന്നില്ല. മറിച്ച് ചൂടുകാലവും തണുപ്പുകാലവും മഴക്കാലവുമെല്ലാം മാറിമാറി അവയുടെ സീസണുകളായി വരുന്നു. ഒരോ വര്‍ഷവും ഇങ്ങനെ മാറി മാറി വരുന്നുവെന്നതിനാല്‍ പ്രകൃതിയോടിണങ്ങി ഇവ നിര്‍വഹിക്കാന്‍ മനുഷ്യര്‍ക്കാവുന്നു. സാധാരണ ജനങ്ങളുടെ ജീവിതാരോഗ്യ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ടുള്ള ഇത്തരം സൗകര്യങ്ങള്‍ ഇസ്ലാം വിഭാവനം ചെയ്യുന്നുവെന്നതിനാല്‍ തന്നെയാണ് പ്രകൃതിയുടെ മതം എന്ന വിശേഷണത്തിന് അര്‍ഹമായതും.
ഏതുകാലത്തും പ്രായോഗികവും പ്രസക്തവുമാണ് ചന്ദ്രവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാലനിര്‍ണ്ണയം. ശാസ്ത്രം പുരോഗമിക്കാത്ത കാലത്ത് തന്നെ ഏതു സാധാരണക്കാരനും മാനത്ത് നോക്കി ചന്ദ്രന്റെ ഗതിവിഗതികള്‍ അറിയാനും അതുവഴി മാസനിര്‍ണയവും വര്ഷനിര്ണയവുമൊക്കെ നടത്താനും സാധ്യമാകുമായിരുന്നു.
സൗര വര്‍ഷക്കലണ്ടറിനാധാരാമായ ഭൂമിയുടെ കറക്കം കുറ്റമറ്റ രീതിയില്‍ ശാസ്ത്രം കണ്ടെത്തുന്നതുതന്നെ വളരെക്കാലം പിന്നിട്ടാണ്. ആസ്ട്രോണമിയുടെ പുരോഗമനത്തോടെയാണ് ഭൂമിയുടെ ചലന വേഗതയും ഭ്രമണ സമയവുമൊക്കെ കൃത്യമായി കണ്ടുപിടിക്കാനായത്. ഭൂമിക്ക് സൂര്യനെ ഒരുതവണ വലയം വെക്കാന്‍ 365 1/4 ദിവസം വേണമെന്ന് ഒടുവില്‍ ശാസ്ത്രജ്ഞന്മാര് കണ്ടത്തുകയുണ്ടായി. ഈ കാലയളവിനെ ഒരു കൊല്ലമായി ക്കണക്കാക്കി ക്രിസാതാബ്ദം എട്ടില്‍ റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസറാണ് സൗരവര്‍ഷക്കലണ്ടറിന് രൂപകല്‍പ്പന നല്കുന്നതു തന്നെ. അപ്പോള്‍ അതിന് മുന്‍പ് ഈ രീതി പ്രായോഗികമായിരുന്നില്ലെന്ന് വ്യക്തമാണല്ലോ? എന്നാല്‍ ചന്ദ്രവര്ഷക്കലണ്ടറിന്റെ മാനദണ്ഢം മാനത്ത് തെളിയുന്ന ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണെന്നതിനാല് എക്കാലത്തെ ജനങ്ങള്‍ക്കും സ്വീകരിക്കുകയും അവലംബിക്കുകയും ചെയ്യാവുന്നതാണ്. ഈ നിലക്കും ചന്ദ്രവര്‍ഷം മറ്റു വര്‍ഷങ്ങളില്‍നിന്ന് വേറിട്ടു നില്ക്കുന്നു.
ഇതിനര്‍ത്ഥം സൗര വര്‍ഷത്തെയും സൂര്യചലനങ്ങളെയും ഇസ്ലാം അവഗണിക്കുന്നുവെന്നല്ല, മറിച്ച് മനുഷ്യ പ്രകൃതിയോട് ഏറ്റവും ഇണങ്ങുന്നതും അവര്‍ക്ക് സൗകര്യപ്രദമായി ആരാധനാനുഷ്ഠാനങ്ങളെ ക്രമീകരിക്കുകയും ചെയ്യുന്നതിന് ഏറ്റവും ഉത്തമം ചന്ദ്ര കലണ്ടറിനെ പരിഗണിക്കലാകയാല് അതിന് പ്രാധാന്യം കൊടുത്തുവെന്ന് മാത്രം. മതം ലളിതമാണെന്ന പ്രവാചകാധ്യാപനത്തിന്റെ പ്രായോഗിക രൂപങ്ങളാണിതെല്ലാം. മനുഷ്യന് നോക്കിക്കണ്ടെത്താവുന്ന സൂര്യന്റെ ചലനഗതികളെ പലതിനും പ്രവാചകന് തന്നെ ആധാരമാക്കിയതായും ഇസ്ലാമിക തത്വങ്ങളെ നിരീക്ഷണ വിധേയമാക്കുന്നവര്‍ക്ക് കണ്ടെത്താനാവും.
ജനങ്ങള്‍ക്ക് ഏറ്റവും ലളിതമായ സാഹചര്യമൊരുക്കിക്കൊടുക്കുകയാണ് ഇസ്ലാം അടിസ്ഥാനമായി ലക്ഷ്യമിടുന്നതെന്നതിനാല്‍ തന്നെ ഒരു ചന്ദ്രമാസമെന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ചന്ദ്രപ്പിറവിയുടെ ദര്‍ശനം സാധ്യമാകുന്നത് മുതല്‍ മാത്രമാണ്. ഒരു പിറവി ദര്‍ശനം മുതല്‍ മറ്റൊരു പിറവി ദര്‍ശനം വരെയുള്ള കാലയളവിനെയാണ് പ്രവാചകന് ഇസ്ലാമിക മാസമായി നിര്‍ണയിച്ചിട്ടുള്ളത്.
എന്നാല്‍ സൈനോഡിക് മാസപ്രകാരം ഒരു ചന്ദ്രമാസമെന്നത് ഒരു ന്യൂമൂണ്‍ മുതല്‍ അടുത്ത ന്യൂമൂണ്‍ വരെയുള്ള കാലയളവാണ്. ഇതാണ് മാസനിര്‍ണയത്തിന് ആധാരമാക്കേണ്ടതെന്ന ന്യായവുമായി ഇസ്ലാമില്‍ തന്നെ ഈയിടെ ഒരു ചെറിയ ന്യൂനപക്ഷം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മതത്തിന്റെ ലളിത വശങ്ങളെക്കുറിച്ച് ബോധമില്ലാത്തവരാണവരെന്ന് പറയാതെ വയ്യ. കാരണം അതി സങ്കീര്‍ണ്ണമായ ജ്യോതിര്‍ഗണിത ക്രിയകളിലേക്ക് ആവശ്യമുള്ളതാണ് ആസ്ട്രോണമിയിലെ മാസനിര്ണ്ണയമെന്നത് ഒരു പരമസത്യമാണ്. പ്രകൃതിയുടെ മതമായ ഇസ്ലാം ഒരിക്കലും അത്തരമൊരു സങ്കീര്‍ണ്ണത ജനങ്ങളുടെ മേല്‍ അടിച്ചേല്പ്പിക്കുകയില്ല തന്നെ.