കൂട്ടുകാര്‍ വേനലവധി ആഘോഷിച്ചുകൊണ്ടിരിക്കുകയാണല്ലൊ, ഒരു വര്‍ഷത്തെ പഠനഭാരങ്ങള്‍ക്ക് വിശ്രമം നല്‍കി ഫലപ്രദമായ വിനോദ, ആസ്വാദന പ്രവൃത്തികളുമായി മുന്നോട്ടുപോകേണ്ട സമയമാണിത്. പത്താം തരം പൂര്‍ത്തിയാക്കി ജീവിതത്തിന്‍റെ ടേണിംഗ് പോയിന്‍റിലെത്തി നില്‍ക്കുന്നവരും നിങ്ങള്‍ക്കിടയിലുണ്ടാകും. ഇവിടെ ചില ചിന്തകള്‍ക്ക് പ്രസക്തിയുണ്ട്.
സ്കൂള്‍ ജീവിതം, അതിന്‍റെ ഓര്‍മക്കു തന്നെ ഒരുപാട് മധുരമുണ്ട്.ചിരിച്ചും കളിച്ചും ക്ഷീണമറിയാത്ത യാത്ര. മനപ്പാഠത്തിന്‍റെയും,കഥകളുടെയും,പരീക്ഷണത്തിന്‍റെയും ക്ലാസ്മുറി. തല്ല് കൂടിയും പന്തുകളിച്ചും തീരാത്ത ഇന്‍റര്‍വെല്ലുകള്‍, ക്ലാസ്മുറിയിലെ കൂട്ടുകാര്‍ക്കു മുന്പില്‍ ആളായും കൊളായും പടിയിറങ്ങുന്ന വൈകുന്നേരം. വിശാലമായ ഗ്രൗണ്ടിലെ കളിയും കഴിഞ്ഞ് വസ്ത്രത്തിലെ മണ്ണിനെയും ഒലിക്കുന്ന വിയര്‍പ്പിനെയും, എതിര്‍ ടീമിലെ കളിക്കാരനെയും ഒരുപോലെ കുറ്റം പറഞ്ഞ് തെരുവ് വിളക്ക് കത്തിതുടങ്ങുന്പോഴേക്കും വീട്ടിലെത്തുന്നു. ചായയോടൊപ്പം ഉമ്മയുടെ വായില്‍ നിന്നും പതിവായി കേള്‍ക്കുന്ന ചീത്തയും കേട്ട് കുളിക്കാന്‍ ചെല്ലുന്നതോടെ ഒരു ദിവസത്തെ പഠനം അവസാനിച്ചു. വാര്‍ഷിക പരീക്ഷയുടെ തലേദിവസം സമയസൂചി കൂടുതല്‍ വേഗതത്തില്‍ കറങ്ങുന്നു. വിമര്‍ശിച്ച്, തലകുത്തി നിന്ന് മരിച്ച് പഠിക്കുന്നു. ഒപ്പം ചെറിയ പേപ്പറില്‍ വിശാലമായ ചരിത്രം ഉള്‍ക്കൊള്ളിച്ച് നിര്‍മിക്കുന്ന തുണ്ടുപേപ്പറുകള്‍. വെട്ടിയും തിരുത്തിയും എഴുതി ആശ്വാസത്തിന്‍റെ നീണ്ട ശ്വാസത്തോടെ പരീക്ഷയും കഴിഞ്ഞ് ഇപ്പോള്‍ അവധിയാണ്. തിരിച്ചറിവുണ്ടാകേണ്ട അവധി. പത്ത് വര്‍ഷത്തെ അനുഭവം ഒരു മാറ്റം ആവശ്യപ്പെടുന്നില്ലേ? എന്തൊക്കെയോ ആവണമെന്നും എന്തെല്ലാമോ ചെയ്യണമെന്നും മനസ്സ് മന്ത്രിക്കുന്നില്ലേ? എന്നും ഒരുപോലെ സഞ്ചരിക്കുന്ന സമയത്തെ ആലോചിച്ച് മടുത്തില്ലേ? വിശാലമായ ചിന്തയുടെ പുതിയ വെളിച്ചത്തിലേക്ക് പറക്കും മുന്പ് ചിറക് തുന്നിചേര്‍ക്കാനുള്ള തയ്യാറെടുപ്പിന്‍റെ സമയമണിത്. ഭാവിയെ കുറിച്ചുള്ള സുന്ദരമായ സ്വപ്നങ്ങളുടെ നെയ്ത്തു കാലമാണ്.
“ലക്ഷ്യബോധമില്ലാത്ത മനുഷ്യന്‍
വഴിതെറ്റിയ കപ്പല്‍ പോലെയാണ്” ഗാന്ധിജി
ജീവിതം വിശാലമാണ്. അതിന്‍റെ നീണ്ടു കിടക്കുന്ന വഴിയില്‍ നീ എവിടെയെത്തിയെന്ന് ആത്മാര്‍ത്ഥമായി ചിന്തിക്കുക. എന്നാല്‍ എവിടെയെങ്കിലുമൊക്കെയെത്തണമെന്ന് മനസ്സ് മന്ത്രിക്കുന്നത് കേള്‍ക്കാം. മനസ്സിന്‍റെ പതിഞ്ഞ സ്വരത്തിലുള്ള ഈ ചോദ്യം ഉറക്കെ ആവര്‍ത്തിക്കുക. നിന്നെക്കുറിച്ച് നീ തന്നെ സ്വന്തമായൊന്ന് വിലയിരുത്തുക. കഴിഞ്ഞ കാലത്തെ പഴിച്ചിരുന്നിട്ട് കാര്യമില്ല. പഠിച്ചാല്‍ മതിയായിരുന്നു, പോയാല്‍ കിട്ടുമായിരുന്നു, നേരത്തെ എത്തിയിരുന്നങ്കില്‍ പോയ ബസില്‍ കയറാമായിരുന്നു തുടങ്ങി നാം നിരന്തരം പറയുന്ന പായ്വാക്കുകള്‍ ഒരുപാടുണ്ട്. പ്രതികരണമില്ലാത്ത, മറുപടിയില്ലാത്ത നിരാശയുടെ അടയാളങ്ങളാണിവ. പോയത് പോയി, കഴിഞ്ഞത് കഴിഞ്ഞു. ഇനി വരാനിരിക്കുന്ന ബസ്സിന് കൈ കാണിക്കാം. കഴിഞ്ഞ കാലത്ത് നീ എന്തായിരുന്നു എന്നതിനെക്കാള്‍ പ്രധാനം വരാനിരിക്കുന്ന കാലത്ത് നീ എന്താകും എന്നതിനാണ്. വ്യക്തമായ ലക്ഷ്യ ബോധവും, താല്‍പര്യവും പ്രയത്നവും ഉണ്ടെങ്കില്‍ നിനക്ക് കരയിലെത്താം. അല്ലെങ്കില്‍ ആര്‍ക്കും ഒരു ഉപകാരവുമില്ലാതെ അവസാനം വരെ നിനക്ക് അലക്ഷ്യമായി സഞ്ചരിക്കാം. ഏത് വേണമെന്ന് നീ തീരുമാനിക്കുക.
നല്ല ഒരു ജീവിതം വേണം. സങ്കടങ്ങളേക്കാള്‍ സന്തോഷം വേണം. ഇരു ലോകവും വിജയിക്കണം. സ്വര്‍ഗം ലഭിക്കണം. എന്നൊക്കെ നിന്‍റെ ചിന്തയില്‍ കയറിക്കൂടുന്നുണ്ടാവും. എങ്കില്‍ മനസ്സിലാക്കുക. ഇവയൊന്നും ലക്ഷ്യങ്ങളല്ല, മറിച്ച് ആഗ്രഹങ്ങള്‍ മാത്രമാണ്. എനിക്കൊരു ശാത്രജ്ഞനാവണമെന്നത് വെറുമൊരു ആഗ്രഹമാണ്. എനിക്ക് നീല്‍ ആംസ്ട്രോങ്ങിനെപ്പോലെ ഒരു ബഹിരാകാശ ശാസ്ത്രജ്ഞനാകണമെന്നത് ഒരു ലക്ഷ്യമാണ്. കാരണം, ലക്ഷ്യങ്ങള്‍ എപ്പോഴും വ്യക്തമായി നിര്‍ണ്ണയിക്കപ്പെട്ടവയായിരിക്കും. എനിക്ക് ഒരു പണ്ഡിതനാവണം എന്ന് പറയും പോലെയല്ല. എനിക്ക് ഇന്നാലിന്ന സ്ഥാപനത്തില്‍ പഠിച്ച് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പിജിയും മത വിദ്യാഭ്യാസത്തില്‍ മുതവ്വലും നേടണം എന്ന് പറയുന്നത്. കൂട്ടുകാരാ, അലക്ഷ്യമായ സഞ്ചാരം നിര്‍ത്തി നമുക്ക് നടന്നുകൂടെ… ഒരു ലക്ഷ്യത്തിലേക്ക്… അര്‍ത്ഥമുള്ള യാത്രയായി. എന്‍റെ കഴിവും താല്‍പര്യവുമാണ് എന്‍റെ ലക്ഷ്യം നിര്‍ണ്ണയിക്കേണ്ടത്. താല്‍പര്യമില്ലാത്ത വഴിയേ നടക്കരുത്. ലൈറ്റിട്ട് കണ്ണിറുക്കി ചിമ്മുന്നതില്‍ എന്തര്‍ത്ഥം. സയന്‍സ് പുസ്തകം കാണുന്പോഴേക്ക് തലകറങ്ങുന്നവന്‍ പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പെടുക്കരുത്. ഹിസ്റ്ററിയെ സ്നേഹിക്കുന്നവന്‍ സാഹിത്യമല്ല പഠിക്കേണ്ടത്. ടെക്നോളജില്‍ താല്‍പര്യമുള്ളവന്‍ ഐടി ഐയില്‍ ചേരുന്നതിന് പകരം എം. ബി. ബി. എസിന് ചേരരുത്. എല്ലാവര്‍ക്കും കഴിവുകളുണ്ട്. എല്ലാവരേയും ലോകത്തിന് ആവശ്യവുമുണ്ട്. പണ്ഡിതന്‍, ആശാരി, നെയ്ത്തുകാരന്‍, കച്ചവടക്കാരന്‍, ശാസ്ത്രജ്ഞന്‍, വിറകു കൊത്തുന്നവന്‍, നന്നായി ഭക്ഷണം പാകം ചെയ്യുന്നവന്‍, പോലീസുകാരന്‍, പട്ടാളക്കാരന്‍, എഞ്ചിനീയര്‍ ഇവരെല്ലാം കഴിവുള്ളവരാണ്. എന്നാല്‍ എല്ലാവരുടെ കഴിവുകളും ഒന്നാണോ?. ഒരാളില്‍ ഈ കഴിവുകളെല്ലാം ഒന്നിക്കുമോ. അപൂര്‍വ്വമാണത്. വ്യത്യസ്താമായ കഴിവുകള്‍, വ്യത്യസ്തമായ ആളുകള്‍. എല്ലാവരും ഉന്നതരാണ്. ആരും മോശക്കാരല്ല. ഒരു വിറകു കൊത്തുകാരനാവാനാണ് നിനക്ക് ആഗ്രഹമെങ്കല്‍ ലോകത്ത് ഏറ്റവും അറിയപ്പെട്ട വിറകു കൊത്തുപണിക്കാരനാവുക. തീര്‍ച്ചയായും സമൂഹം നിന്നെ മാനിക്കും .
കഴിവും താല്‍പര്യവും കെണ്ട് നീ ലക്ഷ്യം നിര്‍ണ്ണയക്കുക. സമൂഹ നിലവാരം , സാന്പത്തികം തുടങ്ങിയവ നീ പ്രശ്നമാക്കേണ്ടതില്ല. അവകള്‍ നിന്‍റെ കാല്‍ ചുവട്ടിലെത്തും. ഇന്ത്യന്‍ മിസൈലുകളുടെ ഉപജ്ഞാതാവാണ് ഡോ. എപി ജെ അബ്ദുല്‍ കലാം. തമിഴ്നാടിലെ കുഗ്രാമത്തില്‍ ദരിദ്ര കുടുംബത്തില്‍ ജനിച്ച അദ്ദേഹം പത്രംവിറ്റ് അന്നംതേടുന്പോള്‍ അദ്ദേഹത്തിന്‍റെ മാതാപിതാക്കളോ നാട്ടുകാരോ നീഒരു അറിയപ്പെട്ട ശാസ്ത്രജ്ഞനാവും എന്ന് പറഞ്ഞിരുന്നില്ല. പക്ഷേ തെരുവ് വിളക്കിന്‍റെ ചുവട്ടില്‍ പുസ്തകം നിവര്‍ത്തിവെച്ച് പഠിക്കുന്പോഴും ഭാരിച്ച ബാലവേല ചെയ്യുന്പോഴും അദ്ദേഹത്തിന്‍റെ മനസ്സില്‍ പഠിക്കണം എന്നകൊതിയും പഴകാത്ത ലക്ഷ്യവുമുണ്ടായിരുന്നു. അനുഭവത്തില്‍ നിന്നാണ് അദ്ദേഹം നമ്മോടുപറഞ്ഞത് വലിയസ്വപ്നങ്ങള്‍ മനുഷ്യനെ വലിയവനാക്കുന്നു എന്ന്. അതുകെണ്ട് ലക്ഷ്യം ഉറപ്പാക്കുക. സ്വപ്നം കാണുക. അലക്ഷ്യമായിക്കളയാന്‍ ഒരുപാട് സമയം നമുക്കില്ല.
സ്വപ്നങ്ങള്‍ അനവധിയാണ്.അവയുടെ സാക്ഷാത്കാരമാണ് പ്രധാനം.(തിയോഡര്‍ റൂബ്വെല്‍റ്റ്) വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ സ്വപ്നങ്ങള്‍ ഉണ്ടാകും. ഞാന്‍ എന്താവണം, എന്ന് നീ ചിന്തിക്കുന്പോള്‍ നിന്നെ എന്താക്കണം എന്ന് നിന്‍റെ രക്ഷിതാക്കള്‍ ആലോചിക്കുന്നു. ഈ രണ്ട് ചിന്തകളും തമ്മിലുള്ള പരസ്പര വൈരുദ്ധ്യം വലിയ പ്രശ്നമാണ്. സ്വന്തം ജീവിതത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കാനുള്ള വിശാലമായ സ്വാതന്ത്രം പൂര്‍ണ്ണമായും അവരവരുടെ കയ്യിലായിരിക്കണം. അതിനെ തട്ടിപറിക്കാന്‍ ആരും ശ്രമിക്കരുത്, മാതാപിതാക്കളായാലും കൂട്ടുകാരായാലും അദ്ധ്യാപകരായാലും. കാരണം ചില സ്വതന്ത്ര്യം ഇല്ലായ്മ മരണത്തിനേക്കാള്‍ ഭയാനകമായിരിക്കും.അവരുടെ താല്‍പര്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ജീവിത സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതിലായിരിക്കണം ഇത്തരക്കാരുടെ ആവേശം. ഇവരുടെ ആവേശം ഇവരുടെ പ്രോത്സാഹനമായിരിക്കണം അവരുടെ ഊര്‍ജ്ജം.
താല്‍പര്യമില്ലാത്ത മേഖലകളിലേക്ക് മക്കളെ തള്ളിവിടരുത്. മകന്‍ മിടുക്കനായ ഒരു ഡോക്ടര്‍ ആവണമെന്ന് നിങ്ങള്‍ സ്വപ്നം കണ്ടിട്ടുണ്ടാവും പക്ഷെ അവന്‍റെ താല്‍പര്യം പാചകക്കാരനാകണമെന്നാണങ്കില്‍ അവനെ ഡോക്ടര്‍ ആവാന്‍ നിര്‍ബന്ധിക്കരുത്. ഒരു പക്ഷെ നിങ്ങളുടെ പിടിവാശിക്കു മുന്പില്‍ അവന്‍റെ താല്‍പര്യത്തെ മാറ്റി വെച്ചേക്കാം. എന്നാല്‍ നിങ്ങള്‍ ഉദ്ദേശിച്ചത് പോലെ ഒരു ഡോക്ടര്‍ ആവാന്‍ അവനു കഴിയില്ല. പഴയതു പോലെ ചിരിക്കാനും ചിന്തിക്കാനും കഴിയില്ല. മാറ്റി വെച്ച ആഗ്രഹത്തിനൊപ്പം സന്തോഷത്തേയും വിശാലമായ ചിന്തയേയും താല്‍പര്യങ്ങളേയും അവന്‍കുഴിച്ച് മൂടിയിരിക്കുന്നു. മനസ്സറിഞ്ഞ് ചിരിക്കാന്‍ പോലും കഴിയാത്ത,ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ഇല്ലാത്ത വെറുമൊരു ജന്മം. നിങ്ങളെ മകനെ മാറ്റിയത് നിങ്ങളാണ്.ഇതിലും നല്ലത് നിങ്ങളവനെ മണ്ണിട്ട് മൂടലായിരുന്നു.
കോടികള്‍ ആസ്തിയുള്ള കര്‍ഷകകുടുംബത്തില്‍ ജനിക്കുകയും കാര്‍ഷിക വിഷയത്തില്‍ നൈപുണ്യവുമ്മുള്ള വൈലത്തൂര്‍കാരന്‍ സൈതാലിക്കുട്ടി, പക്ഷെ അദ്ദേഹത്തിനാഗ്രഹം ഒരു ഉസ്താദിന് കീഴില്‍ പഠനം നടത്തി പണ്ഡിതനാവനം എന്നായിരുന്നു. കൃത്യമായി നിര്‍ണ്ണയിച്ച ലക്ഷ്യമുണ്ട്. പക്ഷെ വീട്ടുകാര്ഒരു നിലക്കും സമ്മതിക്കുന്നില്ല. ഉമ്മക്ക് അദ്ദേഹത്തോടുള്ള അതിരറ്റ സ്നേഹം പിരിഞ്ഞിരിക്കുന്നതിനെ വെറുത്തു. പക്ഷെ ശക്തമായ ലക്ഷ്യബോധവും പരിശ്രമവും അദ്ദേഹത്തെ പഠിക്കാന്‍ നിര്‍ബന്ധിച്ചു. ഇന്ന് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ഇസ്ലാമിക കേരളത്തിലെ അറിയപ്പെട്ട പണ്ഡിതനും നേതാവുമായി വൈലത്തൂര്‍ ബാവ മുസ്ലിയാര്‍ എന്ന പേരില്‍ പ്രസിദ്ധനായി.
മക്കളുടെ താല്‍പര്യത്തെ വകവെക്കാതെയുള്ള രക്ഷിതാക്കളുടെ തീരുമാനങ്ങള്‍ അവരുടെ മനസ്സിനെ വൃണപ്പെടുത്തുന്നു. കൂട്ടുകാരാ നിന്‍റെ മാതാപിതാക്കളാണ് നിനക്ക് പ്രശ്നമെങ്കില്‍ തുറന്നു പറയുക. ഒരു പക്ഷെ നിന്‍റെ ലക്ഷ്യം അവരറിയാഞ്ഞിട്ടോ മനസ്സിലാക്കാഞ്ഞിട്ടോ ആയിരിക്കും. മനസ്സ് തുറന്ന് സംസാരിക്കുക. നിന്നോടവര്‍ക്ക് സ്നേഹമാണ്. നിന്നെ മനസ്സിലാക്കാന്‍ അവരേക്കാള്‍ കൂടുതല്‍മറ്റാര്‍ക്കാണ് കഴിയുക. നീയിപ്പോള്‍ സ്വതന്ത്രനായി ചിന്തിച്ചു ലക്ഷ്യ ബോധമുള്ളവനായി മാതാപിതാക്കളുടെ പ്രോത്സാഹനം നിന്‍റെ കൂടെയുണ്ട്. പക്ഷെ, അത് കൊണ്ടായില്ല.നിന്‍റെ ലക്ഷ്യത്തെ നീ കീഴടക്കണം. സ്വപ്നം കണ്ട് ഉറങ്ങുന്നവനല്ല വിജയി സ്വപ്നം ഉറങ്ങാന്‍ സമ്മതിക്കാത്തവനാണ്. മഹാന്‍മാര്‍ എത്തിപിടിച്ചതും കാത്തു സൂക്ഷിച്ച ഉന്നതികള്‍ പെട്ടൊന്നൊരു കുതിച്ചുചാട്ടം കൊണ്ട് കിട്ടിയതല്ല. മറിച്ച്, അവരുടെ കൂട്ടുകാര്‍ ഉറങ്ങികിടക്കുന്ന രാത്രിയില്ല. ഉയരങ്ങള്‍ തേടി അവര്‍ നടന്ന് കൊണ്ടിരുന്നു. (എച് ലോങ്ങ് ഫെലോ) പറയുന്നത് ഉറങ്ങരുതെന്നല്ല. ഉണരണമെന്നാണ്. നിന്‍റെ മനസ്സും കണ്ണും ലക്ഷ്യത്തിലായിരിക്കണം. നിന്‍റെ കണ്ണില്‍ കാണുന്നതും കാതില്‍ കേള്‍ക്കുന്നതും മനസ്സ് മന്ത്രിക്കുന്നതും ഒന്നാവട്ടെ. അല്ലാഹുവിലുള്ള ചിന്ത ലക്ഷ്യമാക്കി നിസ്കരിച്ചപ്പോള്‍ കാലില്‍ തറച്ച അന്പ് പറിച്ചെടുത്തത് പോലും അറിയാത്ത എത്ര മഹാന്‍മാര്‍. പുരാതന ഭാരത്തില്‍ ഒരു ഗുരു തന്‍റെ ശിഷ്യനെ അസ്ത്ര വിദ്യ പഠിപ്പിക്കുകയായിരുന്നു. മരം കൊണ്ട് നിര്‍മിച്ച ഒരു പക്ഷിയുടെ പകണ്ണ് ലക്ഷ്യം വെച്ച് അന്പെയ്യാന്‍ ഗുരു പറഞ്ഞു. അസ്ത്രം നെയ്യാന്‍ ആദ്യം വന്നവനോട് ഗുരു ചോദിച്ചു. എന്താണ് കാണുന്നത്.ഞാന്‍ മരവും,ചില്ലയും ,ഇലകളും,ആകാശവും പക്ഷിയും അതിന്‍റെ കണ്ണും കാണുന്നു. അന്പ് ചെയ്യാന്‍ സമ്മതിക്കാതെ അടുത്ത ശിഷ്യനെ വിളിച്ചു. ഉന്നം പിഴക്കുന്പോള്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു. ഞാന്‍ പക്ഷിയുടെ കണ്ണ് മാത്രം കാണുന്നു. മറുപടി കേട്ട ഉടനെ ഗുരു അന്പെയ്യാന്‍ പറഞ്ഞു. നിന്‍റെ മുന്നില്‍ നീ മാടിവിളിക്കേണ്ടത് നിന്‍റെ ലക്ഷ്യത്തെ മാത്രായിരിക്കണം. ഉപബോധ മനസ്സിന്‍റെ പരാജയ ഭീതിയാണ് ഇനി നിന്നെ നേരിടുന്നത്. ഏറ്റവും വലിയ പ്രശ്നം എനിക്കത് ചെയ്യാന്‍ കഴിവില്ല എന്ന ഭയം,നിന്‍റെ കഴിവുകള്‍ക്ക് ചുറ്റും നീ തന്നെ തീര്‍ത്ത കുടുസ്സായ കന്പിയറ. നിവര്‍ന്ന് നില്‍ക്കാന്‍ കഴിഞ്ഞിട്ടും കന്പിയറ ഭയന്ന് കുനിഞ്ഞ് നില്‍ക്കുന്നതെന്തിനാണ്. അറിഞ്ഞു ചവിട്ടിയാല്‍ ചിതറി പോവാന്‍ മാത്രമെ അതിന് ഉറപ്പുളളൂ. പക്ഷെ അതിന്‍റെ ബലത്തെ കണ്ട കണ്ണുകള്‍ ഭസ്മമാക്കാനുള്ള നിന്‍റെ കഴിവിനെ കാണാതെ പോയി. നിന്‍റെ കഴിവുകളെ നിനക്ക് തന്നെ വിശ്വാസമിെല്ലങ്കില്‍ പിന്നെ ആര്‍ക്കാണ് വിശ്വാസം വരിക. കഴിവുകളെ സ്വന്തമായി തിരിച്ച് അറിഞ്ഞ് പരാജയ ഭീതിയെ വലിച്ചെറിഞ്ഞവരുടെ പാഠശാലയിലെ മണ്ടനായി അറിയപ്പെട്ട ഒരു കുട്ടി. ക്ലാസില്‍ അയാള്‍ വാ തുറന്നാല്‍ എല്ലാവരും പൊട്ടിച്ചിരിക്കും. കാരണം അറിവുള്ളവന്‍റെ ചോദ്യവും സംസാരവുമല്ല അദ്ദേഹത്തില്‍ നിന്ന് വരിക .മാനസീകമായി അദ്ദേഹത്തിന്‍ വലിയ പ്രയാസം തോന്നി. അറിവിനോടുള്ള അടങ്ങാത്ത പ്രേമം അദ്ദേഹത്തെ വെറുതെയിരിക്കാന്‍ അനുവദിച്ചില്ല. രാപകല്‍ വിത്യാസം ഇല്ലാതെ പരിശ്രമിച്ചു. ഉന്നതങ്ങള്‍ കീഴടക്കി തുടങ്ങി. ഒരു ദിവസം ഇരിപ്പിടത്തില്‍ നിന്നു എഴുനേറ്റ് നിന്ന് അദ്ദേഹത്തോട് പറഞ്ഞു. ഈ വിരിപ്പില്‍ ഇരിക്കാന്‍ ഇനി നിങ്ങള്‍ക്കാണ് അര്‍ഹത. ഒടുവില്‍ അറബി വ്യാകരണത്തിന്‍റെയും തത്വശാസ്ത്രത്തിന്‍റെയും തര്‍ക്ക ശാസ്ത്രത്തിന്‍റെയും പുതു വഴികള്‍ ലോകത്തിന് സമ്മാനിച്ച് അദ്ദേഹം വഫാത്തായി. നൂറ്റാണ്ട്കള്‍ പിന്നിട്ടു ഇമാം തഫ്താസാനി എന്ന പേരില്‍ അദ്ദേഹം ഇന്നും ജന ഹൃദയങ്ങളില്‍ ആദരവോടെ ജീവിക്കുന്നു. നിന്‍റെ വിശ്വാസവും പരിശ്രമവുമാണ് നിന്‍റെ വഴി.
വിജയത്തിന്‍റെ വഴിയേ മുന്നേറാനാകട്ടെ ഇനിയുള്ള പരിശ്രമങ്ങള്‍.