വര്‍ണ്ണ മനോഹരമായ കെട്ടിടങ്ങള്‍, ആരിലും അനുഭൂതി നിറക്കുന്ന പ്രകൃതി രമണീയത. ആത്മീയ പ്രഭാവം മുറ്റിനില്ക്കുന്ന അന്തരീക്ഷം . മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ അരീക്കോട് ബ്ലോക്കിലെ കാവനൂരിനെ ഏറ്റവും ചുരുങ്ങിയത് നിങ്ങള്‍ക്ക് ഇങ്ങിനെ വായിക്കാം. ഉണ്ടാവുക എന്ന അറബി പദമായ കവനയില് നിന്നും നാട് എന്ന അര്‍ത്ഥത്തിലുള്ള തമിഴ് ഭാഷയിലെ ഊരില്‍ നിന്നുമാണ് ഒരുപാട് പണ്ഡിത കേസരികള്‍ക്കും ചരിത്ര പുരുഷന്മാര്ക്കും ബീജാവാഹം നല്കിയ ഈ നാട് ജന്മം കൊള്ളുന്നത്.
ഗ്രാമീണ ജീവിതത്തിന്റെ ആലസ്യത്തില്‍ നിന്നും നഗര ജീവിതത്തിന്റെ ചടുലതയിലേക്ക് നിമിഷാര്‍ദ്രം ഗമിച്ചുകൊണ്ടിരിക്കുന്ന കാവനൂര്‍ ചരിത്രത്തിലെന്ന പോലെ വര്‍ത്തമാന കാലത്തും പ്രകൃതിയെ സ്നേഹിക്കുന്ന ഒട്ടുമിക്ക ജനങ്ങളുടെയും ആശാ കേന്ദ്രമാണ്. മിനുട്ടുകളെയും നിമിഷങ്ങളെയും പിന്നിലാക്കി മനുഷ്യ ജീവിതത്തിന്റെ ഗതി തിരിച്ചുവിടുന്ന പുതിയ സാങ്കേതിക വിദ്യകള്‍ ഈ നാടിന് ഉണര്‍വിന്റെ ഊര്‍ജ്ജം സമ്മാനിക്കുമ്പോഴും പാരമ്പര്യത്തിന്റെ പഴമയും പ്രതാപവും കാത്തുസൂക്ഷിക്കുന്ന ഗ്രാമീണ ശാലീനത ഒരു പക്ഷേ, കാവനൂരിന്റെ മാത്രം പ്രത്യേകതയായിരിക്കും. ഉള്ളതില്‍ നിന്ന് ഓഹരിയെടുത്ത് മതജ്ഞാനത്തേയും ഒരുപാട് പണ്ഡിത ശ്രേഷ്ഠരേയും വാര്‍ത്തെടുത്ത ഗ്രാമമെന്ന നിലയിലും ഈ നാട് ജനകീയമാണ്. നിലവില്‍ പതിനെട്ട് വാര്‍ഡുകളിലായി വ്യാപരിച്ച് കിടക്കുന്ന കാവനൂര്‍ പഞ്ചായത്തിന് 313 ചതു.കി വിസ്തീര്‍ണ്ണമുണ്ട്. തെക്ക് ഭാഗത്ത് പുല്പറ്റ പഞ്ചായത്തും, കിഴക്ക് ഭാഗത്ത് എടവണ്ണ ഗ്രാമ പഞ്ചായത്തും, വടക്കു ഭാഗത്ത് അരീക്കോട് ഊര്‍ങ്ങാട്ടീരി പഞ്ചായത്തുകളും, പടിഞ്ഞാറു ഭാഗത്ത് കുഴിമണ്ണ അരീക്കേട് പഞ്ചായത്തുകളുമാണ് കാവനൂരിന്റെ അതിരുകള്‍.
പഴമ മനസ്സുകളുടെ ക്ലാവ് പിടിച്ച ഓര്‍മ്മകളില്‍ തിരി കൊളുത്തി കാവനൂരിന്റെ ചരിത്ര വീഥികളിലൂടെ സഞ്ചരിച്ചാല്‍ ഒട്ടനേകം സംഭവ വികാസങ്ങള്‍ നമുക്ക് മുമ്പില്‍ കെട്ടഴിഞ്ഞുവീഴും. കാവനൂര്‍ എന്ന നാമകരണത്തിന്റെ ചരിത്ര പശ്ചാത്തലം മുതല്‍ ഈ നാട് ഇന്നനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ച് വരെ ക്യത്യവും വ്യക്തവുമായ കാരണങ്ങള്‍ നിരത്താന്‍ ഇവിടുത്തെ കാരണവന്മാര്ക്ക് കഴിയും.
അധികം പ്രതീക്ഷാ ഭാരം പേറാതെയായിരുന്നു ഞങ്ങള്‍ കാവനൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്ലിയാരുടെ വീടിന്റെ വാതിലില്‍ മുട്ടിയത്. പ്രായത്തിന്റെ അവശതകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ അധീശത്വം ചെലുത്തുമ്പോഴും ഉള്ളില്‍ അചഞ്ചലമായി കിടക്കുന്ന ഈമാനിന്റെ പ്രതിഫലനങ്ങള്‍ മുഖത്ത് സ്ഫുരിക്കുന്നുണ്ടായിരുന്നു. നാടിനെ കുറിച്ച് അറിയാനുള്ള ഞങ്ങളുടെ അതിയായ അഗ്രഹം മനസ്സിലാക്കിയ അദ്ദേഹം കാവനൂരിന്റെ ചരിത്രം ഞങ്ങള്‍ക്കു മുമ്പില്‍ തുറന്ന് തന്നു. ഇന്ന് കാവനൂര്‍ അങ്ങാടി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ആദ്യകാല നാമം മൂത്തേടത്ത് പറമ്പായിരുന്നു. അന്ന് കാവനൂര്‍ എന്ന പേര് ഇപ്പോഴത്തെ തവരാപറമ്പിനായിരുന്നു. പിന്നീട് കാലത്തിന്റെ മാറ്റത്തിനനുസ്യതമായി മൂത്തേടത്ത് പറമ്പ് കാവനൂരായി തീരുകയാണുണ്ടായത്.
പണ്ട് കാലം മുതല്‍തന്നെ അയല്‍ പ്രദേശങ്ങളുടെയെല്ലാം അഭയകേന്ദ്രമായിരുന്നു മൂത്തേടത്ത് പറമ്പ്. ഈ നാമകരണത്തിന് പിന്നില്‍ വിശാലമായൊരു ചരിത്രം ഉറങ്ങികിടപ്പുണ്ട്. മൂത്തേടത്ത് പറമ്പ് മൂത്ത എടുത്ത പറമ്പ് എന്നായിരുന്നു. അന്ന് കുറ്റിപ്പുറം ഭാഗത്തുള്ള മൂസാക്ക എന്ന വ്യക്തി കച്ചവടാവശ്യാര്‍ത്ഥം കാവനൂരില്‍ വരികയും അടക്ക കച്ചവടം നടത്തുകയും ചെയ്തിരുന്നു. തല്‍ഫലമായി ഈ മൂപ്പന് കച്ചവടാവശ്യാര്‍ത്ഥം കാവനൂരിന്റെ ഭൂരിഭാഗം സ്ഥലവും കൈവശപ്പെടുത്തുകയായിരുന്നു. ഇദ്ദേഹം കൈവശപ്പെടുത്തിയ പ്രദേശത്തെ പിന്നീട് മൂത്ത എടുത്ത പറമ്പ്് എന്ന് വിശേഷിപ്പിച്ച് പോന്നു. ഇതില്‍ നിന്നും പരിണമിച്ചാണ് മൂത്തേടത്ത് പറമ്പ് ഉണ്ടായത്. പഴയ കാരണവന്മാരുടെ സൂക്ഷിച്ച് വെക്കപ്പെട്ട ഓര്‍മകളിലും പഴയ മദ്റസയുടെ ബോര്‍ഡിലും ഈ നാമം ഇപ്പോഴും പൊടിപിടിച്ച് കിടപ്പുണ്ട്.
അനുനിമിഷം വികസിച്ച് കൊണ്ടിരിക്കുന്ന കാവനൂരിന്റെ പഴയ ഗതാഗത സൗകര്യങ്ങളേയും റോഡിനേയും പ്രതിപാദിക്കാന്‍ കാരണവര്‍ മറന്നില്ല. ഇന്ന് കാണുന്ന അരീക്കോട് മഞ്ചേരി പാത ചുറ്റുംവന നിബിഢമായിരുന്നു. കല്ലും മുള്ളും നിറഞ്ഞ ഈ പാതയിലൂടെ ഒന്നോ രണ്ടോ ബസ്സുകള്‍ മാത്രമായിരുന്നു പാസ് ചെയ്തിരുന്നത്. ഈ രണ്ട് ബസ്സുകള്‍ സഞ്ചരിച്ചാല്‍ തന്നെ പൊടിയും പുകയും കാരണം അരമണിക്കൂര്‍ അവിടേക്ക് അടുക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. മെയിന്‍ റോഡിന് താഴെയുള്ള റോഡിലൂടെ ഇരുനൂര് വര്‍ഷങ്ങള്‍ക്ക് മുമ്പ്് ടിപ്പുസുല്‍ത്താന്‍ യാത്ര ചെയ്തതിനാല്‍ ആ റോഡ് ഇന്നും ടിപ്പു റോഡെന്ന നാമത്തിലാണ് അറിയപ്പെടുന്നത്.
കാര്‍ഷിക മേഖലയിലെ അപര്യാപ്തത മൂലം കോഴിക്കോട് നിന്നും ചരക്ക് കൊണ്ടു വന്നിരുന്നൊരു കാലം കാവനൂരിന്റെ ഓര്‍മ്മ പുസ്്തകത്തിലുണ്ട്. ഈ നാട്ടില്‍ ഉല്പാദിപ്പിക്കുന്ന ചരക്കുമായി നാലോ അഞ്ചോ മൂരി വണ്ടികളുമായി കോഴിക്കോടേക്ക് പുറപ്പെടും. സമീപ പ്രദേശത്തുനിന്നെല്ലാം വണ്ടികളുണ്ടാകും. ഏതാണ്ട് അരീക്കോടെത്തുമ്പോഴേക്കും അമ്പതിലതികം വണ്ടികളുണ്ടാകും. അനുസരണയുള്ള മൂരികുട്ടപ്പന്മാരായതിനാല് തന്നെ മുമ്പിലെ മൂരി നിന്നാല്‍ മാത്രമേ പുറകിലുള്ളവ നില്ക്കൂ. അതുകൊണ്ട് തന്നെ വണ്ടിയിലുള്ളവര്‍ക്ക് പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടാകില്ല. കോഴിക്കോടെത്തിയാല്‍ ചരക്കിറക്കി മൂരികള്‍ക്ക് വെള്ളവും വൈക്കോലും നല്കി കൊണ്ടു പോകാനുള്ള ചരക്ക് വണ്ടിയില്‍ കയറ്റുകയും ചെയ്യും. സന്ധ്യയിലെ യാത്രക്ക് മൂരികളുടെ അടിയിലായി റാന്തലും കഴുത്തിലൊരു മണിയും കെട്ടിയായിരുന്നു സഞ്ചരിച്ചിരുന്നത്.
വിദ്യഭ്യാസ സംവിധാനങ്ങള്‍
അജ്ഞതയുടെ ജന്മ ശത്രുവാണ് അറിവ്. ഇരുളടഞ്ഞ ഒരു നാടിന്റെ ഭാവിയെ വെളുപ്പിക്കണമെങ്കില്‍ അറിവ് അത്യന്താപേക്ഷിതമാണ്. കാവനൂരിനെ സംബന്ധിച്ചേടത്തോളം സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ തന്നെ മത വിജ്ഞാനത്തിന്റെ ലോകം തുറക്കപ്പെട്ടിട്ടുണ്ട്്. ഓത്തു പള്ളിയിലും വീടകങ്ങളിലും അറിവിന്റെ കൈത്തരികള്‍ കേന്ദ്രീകരിക്കുന്നതിനപ്പുറം വ്യവസ്ഥാപിതമായ മദ്രസാ സംവിധാനം തന്നെ തൊള്ളായിരത്തി അമ്പതുകളില്‍ തന്നെ നിലവിലുണ്ട്. നാലാം ക്ലാസ് വരെയുണ്ടായിരുന്ന ബുസ്താനുല്‍ ഉലൂം മദ്രസയിലേക്ക് നാലും അഞ്ചും കിലോ മീറ്ററുകള്‍ കാല് നടയായി സഞ്ചരിച്ചായിരുന്നു വിദ്യാത്ഥികള്‍ എത്തിയിരുന്നത്. ബുസ്താനുല്ഉലും മദ്രസയില്‍ അന്ന് തന്നെ നൂറോളം വിദ്യാര്‍ത്ഥികള്‍ മതവിജ്ഞാനത്തിന്റെ ആദ്യക്ഷരം നുകര്ന്നിരുന്നുവെന്ന് കാരണവര്‍ സാക്ഷിപ്പെടുത്തുന്നു. മദ്രസാ പ്രസ്ഥാനത്തിന് വേണ്ടി അന്ന് കേരളത്തിലുടനീളം വഅള് പറഞ്ഞിരുന്നത് ശിവപുരം മമ്മദ് കുട്ടി മുസ്്ലിയാരായിരുന്നു.
ചരിത്ര പ്രസിദ്ധമായ പൊന്നാനി പള്ളിയിലേക്ക് മതവിജ്ഞാനത്തിനായി കാവനൂരില്‍ നിന്നും വിദ്യാത്ഥികള്‍ പോകാറുണ്ടായിരുന്നു. ആഢംബരവും ധൂര്‍ത്തുമില്ലാത്ത, ഒരുചാണ്‍ വയറിന്റെ നിറവിന് വേണ്ടി വിവാഹ സദ്യകളില്‍ അഭയം പ്രാഭിച്ചിരുന്ന ഇന്നലകളേയും കാവനൂരിന് അയവിറക്കാനുണ്ട്. ഉടുതുണിക്ക് മറുതുണിയില്ലാത്ത അക്കാലത്ത് ആരും തന്നെ കുപ്പായം ധരിക്കാറില്ല. വിവാഹത്തിന് പോലും വരന് നാട്ടിലെ ഹാജിമാരുടെ കുപ്പായം വായ്പ വാങ്ങാറായിരുന്നു പതിവ്. രാത്രികല്ല്യണമാകയാല് സുറുവാന് കുറ്റിയും തോളിലേറ്റി വരനേയും കൂട്ടി `യാ നബീ സലാം..’ ചൊല്ലി ഭാര്യവീട് വരെ നടന്ന് പോകും. മുന്ന് മണി നാല് മണിവരെയാകും നികാഹ് കഴിയാന്‍. നികാഹ് കഴിഞ്ഞാണ് വിശേഷിച്ചും വല്ലതും ലഭിക്കുക. അതുവരെ പട്ടിണി തന്നെയാവും. കഞ്ഞിവെള്ളവും അതില്‍ അല്പം വറ്റും കണ്ട് ശീലിച്ച ഇവിടുത്തുകാര്‍ക്ക് ഓരോ കല്ല്യാണ ദിനവും പെരുന്നാള്‍ ദിനത്തിന്റെ അനുഭൂതിയായിരുന്നു.
മലബാര്‍ സമരവും കാവനൂരും
സ്വാതന്ത്ര്യ സമരചരിത്രത്തിലെ കണ്ണീരിന്റെ ഉപ്പും, ചോരയുടെ ചുവപ്പും കുതിര്‍ന്ന ഏടാണ് 1921-ലെ മലബാര്‍ സമരം. നേരും നെറിയുമില്ലാതെ നിയമം കയ്യിലെടുക്കുന്ന ബ്രിട്ടീഷുകാരോടുള്ള വിരോധവും, അവരുടെ ശിങ്കിടികളായിരുന്ന ജന്മിമാരോടുള്ള പകയും ഒത്തിണങ്ങിയപ്പോഴുണ്ടായ �സമരചരിത്രത്തെ എത്ര മറവിയിലേക്ക് മാറ്റി വെച്ചാലും കാവനൂരിന്റെ മനസ്സില്‍ നിന്നും ആ ധാര്‍മ്മിക പോരാട്ടത്തെ പറിച്ചു മാറ്റാനാവില്ല. ഇത് തെളിയിക്കുന്നതായിരുന്നു ഞങ്ങളുടെ അന്വേഷണം.
ചരിത്രത്തില്‍ ഉല്ലേഖനം ചെയ്യപ്പെട്ടതിനേക്കാള്‍ ഏറെ ഹ്യദയകാഠിന്യമുള്ളവരായാണ് ബ്രട്ടീഷുകാരെ മലബാറിലെ മുസ്ലിംകള്ക്ക് പരിചയപ്പെടുത്താനുള്ളത്. ബ്രട്ടീഷുകാരന്റെ ഇംഗിതികളോടും അധാര്മികപ്രവര്ത്തനങ്ങളോടും പുറം തിരിഞ്ഞ് നില്‍ക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്തിരുന്ന മലബാറിലെ മുസ്ലിംകള് അവരുടെ മുമ്പിലെ വലിയ ചോദ്യ ചിഹ്നം തന്നെയായിരുന്നു. അതിനാല്‍ തന്നെ മുസ്ലിംകളെ തലങ്ങും വിലങ്ങും വെടിവെച്ച് കൊല്ലാനും തൂക്കുമരത്തിലേറ്റാനും അവര്‍ക്ക് യാതൊരു നീതിവ്യവസ്ഥയും ആവിശ്യമില്ലായിരുന്നു. ഏറനാടും അതിന്റെ പ്രാന്തപ്രദേശങ്ങളും ബ്രട്ടീഷ് പട്ടാളത്തിന്റെ നരനായാട്ട് കണ്ട് എത്രയോ ദിനരാത്രങ്ങള്‍ കണ്ണീരിലാഴ്ന്നിട്ടുണ്ടെന്നത് ചരിത്ര സാക്ഷ്യം.
കാവനൂരിലും അയല്‍പ്രദേശമായ പുളിയക്കോടും ചെമ്രക്കാട്ടൂരും ചെങ്ങരയിലും ബ്രട്ടീഷ് പട്ടാളം അക്രമങ്ങള്‍ അഴിച്ച്വിട്ടത് യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു. ഇവിടെങ്ങളിലെല്ലാം ബ്രട്ടീഷ് വിരോധികള്‍ ഉണ്ടെന്നുള്ള കിംവദന്തി മാത്രമായിരുന്നു ബ്രട്ടീഷ് പട്ടാളത്തിന്റെ നരനായാട്ടിന് ഹേതുവായത്. ആള്അപായമില്ലാത്ത മേഖലകളിലെല്ലാം ബ്രട്ടീഷ് പട്ടാളംതമ്പടിച്ചു. ജനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാനും സൈ്വര്യവിഹാരം നടത്താനും കഴിയാതെയായി. ഗത്യന്തരമില്ലാതെ ജനങ്ങള്‍ വനപ്രദേശമായിരുന്ന കാവനൂര്‍ മേപ്രപാട് പ്രദേശത്തുള്ള കോട്ടത്തായി കുന്നില്‍ തടിച്ചുകൂടി. കാവനുരിന്റെ പരിസരപ്രദേശമായ കുഴിമണ്ണ പഞ്ചായത്തില്‍ പെട്ട പുളിയക്കോട് മേല്‍മുറിയില്‍ നിന്ന് കാണാവുന്ന തെക്കും വടക്കും സ്ഥിതിചെയ്യുന്ന ചെനിയാന്കുന്ന്, മുണ്ടക്ക എന്നീ പര്‍വ്വതങ്ങള്‍ ബ്രട്ടീഷ് പട്ടാളത്തിന്റെ താവളമായിരുന്നു. അതിനാല്‍ തന്നെ ചെനിയാന് കുന്നില്‍ നിന്നും ഇറങ്ങി പുറ്റമണ്ണയിലൂടെ പുളിയക്കോട് താഴെ മുക്കിലെ മാണിക്ക കടത്തിനടുത്ത് ചോറ്റുകണ്ണന് കുണ്ടിലെ നടപ്പാതയും കടന്നാണ് ആ കാപാലികര്‍ കാവനൂരിലെത്തിയത്.
ബ്രട്ടീഷ് ആധിപത്യത്തിനെതിരെ തിരിയുന്ന മുസ്ലിംകളെ കുരുതിനടത്താനായി ��വെള്ളപ്പട്ടാളം നടപ്പാതയിലൂടെ കാവനൂരിലേക്ക് തിരിച്ചു. എന്നാല്‍, നടപ്പാതയിലൂടെ അവര്‍കടന്ന് വന്നപ്പോള്‍ പാലം മുറിഞ്ഞ് വീണത് കുറെ പട്ടാളക്കാര്‍ക്ക് മുറിവ്പറ്റാനിടയാക്കി. ഈ മുറിവ് പറ്റിയ അമര്‍ഷം തീര്‍ത്തത് അവരുടെ ദൃഷ്ടിയില്‍പെടുന്ന വീടുകള്‍ക്കെല്ലാം തീവെച്ചായിരുന്നു. വീട്ടുകാര്‍ ഹിന്ദുക്കളോ മുസ്ലിംകളോ എന്ന് നോക്കാതെയുള്ള ഈ തീവെപ്പിനിരയായാത് അഞ്ച് ഹിന്ദുകുടുംബ അംഗങ്ങളായിരുന്നു. പ്രസ്തുത സംഭവം നടമാടുന്നതിന് മുന്‍പ് പുളിയക്കോടുകാര്ക്ക് പട്ടാളമെന്തെന്ന അറിവ് പോലുമില്ലായിരുന്നെന്ന് അനുഭവസ്ഥര്‍ പറയുന്നു.
ബ്രട്ടീഷ് ആക്രമണം ഭയന്ന് ജനങ്ങള്‍ കാവനൂരിലെ മേപ്പുറപ്പാട് പ്രദേശത്തെ കോട്ടത്തടായി കുന്നില്‍ തടിച്ചുകൂടിയിട്ടുണ്ടെന്ന് അറിഞ്ഞ് ബ്രട്ടീഷ് സൈന്യം കുന്നിന് മുകളില്‍ കയറി നിസ്സഹായരായ ജനത്തിനു നേരെ നിറയൊഴിച്ചു. പട്ടാളത്തിന്റെ ക്രൂരഹത്യകള്‍ അധികരിച്ചപ്പോള്‍ കൊണ്ടോട്ടിയില്‍ നിന്നും നസ്റുദ്ദീന്‍ തങ്ങളുടെ സന്ദേശമെത്തി. എല്ലാവരും കൊണ്ടോട്ടിയിലെത്തുക എന്നതായിരുന്നു സന്ദേശത്തി ലുണ്ടായിരുന്നത്. വേറെ രക്ഷയില്ലെന്ന അറിവില്‍ ഒരു വമ്പിച്ച ജനാവലി സ്ത്രീകളേയും കുട്ടികളേയും കൊണ്ട് കാല്‍നടയായി പുളിയക്കോട് കുഴിമണ്ണ ഒഴുകൂര്‍ വഴി കൊണ്ടോട്ടിയിലെത്തിയത്. അവിടെയെത്തിയ ജനാവലി തങ്ങളുടെ നേതൃത്വത്തില്‍ കോട്ടപ്പുറത്ത് ക്യാമ്പ് ചെയ്തിരുന്ന ബ്രിട്ടീഷ് ഉദ്യേഗസ്ഥനെ കാണാന്‍ പുറപ്പെട്ടു.
കൊണ്ടോട്ടി തങ്ങള്‍ സായിപ്പിനെ സന്ദര്‍ശിച്ച് നിരപരാധികാളായ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെകുറിച്ച് ആവലാതിപറഞ്ഞു. ഉടന്‍ തന്നെ പരിഹാരമുണ്ടാക്കാം എന്ന ബ്രിട്ടീഷ് അധികാരിയുടെ വാഗ്ദത്വം സ്വീകരിച്ച് തങ്ങളും സംഘവും നാട്ടിലേക്ക് യാത്രതിരിച്ചു. ഈ യാത്രയിലും തിരിച്ചുള്ള യാത്രയിലും ഗര്‍ഭിണികളായ സ്ത്രീകളും അവശരും പ്രായംചെന്നവരും ഉണ്ടായിരുന്നു. ഇന്ത്യാ വിഭജന ചരിത്രത്തിലെ പീഢനങ്ങള്‍ക്ക് സമാനമായ രൂപത്തില്‍ പലരും അവശരും അബലരുമായി വീണു. ഗര്‍ഭിണികള്‍ വഴിയോരങ്ങളില്‍ പ്രസവിച്ചു. കുട്ടികളെ ചുമലിലുള്ള ഭാണ്ഡത്തില്‍ കയറ്റി കാല്‍നടയായി ആ ജനാവലി അഭയത്തിനായി അലയുകയായിരുന്നു. കാവനൂരിലെ പട്ടാള അധിക്യതര്‍ക്ക് കൊടുക്കാനായി കൊണ്ടോട്ടിതങ്ങളുടെ കത്തുമായി സംഘം യാത്ര തിരിച്ചു. ഇവര്‍ എത്തിയപ്പോഴക്കും മേപ്രപ്പാട് താഴ്വരയിലുണ്ടായിരുന്ന ജനങ്ങള്‍ കൂടുതല്‍ സുരക്ഷിതാര്‍ത്ഥം മേപ്രപ്പാട്ടെ പള്ളിക്കുന്ന് വീട്ടില്‍ താമസിച്ചിരുന്നു. പൗരപ്രധാനിയായിരുന്ന കൊളപ്പറ്റ ഇസ്മായീല്‍ സാഹിബും കുടുംബവും ഏതാനും അനുയായികളും തവരാപറമ്പിലും അന്ന് വന പ്രദേശമായിരുന്ന മാമ്പുഴയിലേക്കും യാത്രതിരിച്ചു. ഇസ്മായീല്‍ സാഹിബിന്റെ ഭാര്യവീടായിരുന്ന മുണ്ടക്കാപ്പറമ്പ് വീരാന്‍കുട്ടിയുടെ വീട്ടിലാണ് അവര്‍ അഭയം പ്രാപിച്ചത്. അന്ന് അവിടം വനമായിരുന്നതിനാല് പെട്ടെന്ന് പൊതു ദൃഷ്ടിയില് പെടുമായിരുന്നില്ല. അത്കൊണ്ടായിരുന്നു ഈ വീട് ഒളിസങ്കേതമായി ഉപയോഗിച്ചിരുന്നത്.
ഒളിവില്‍ താമസിക്കുന്നതിനിടയില്‍ പരേതനായ താഴത്തുവീടന്‍ മരക്കാരും അദ്ധേഹത്തിന്റെ സുഹ്യത്തും തവരാപറമ്പിലൂടെ സംസാരിച്ച് വരികയായിരുന്നു. അവരെ കണ്ടമാത്രയില്‍ ബ്രിട്ടീഷ് പട്ടാളം പിന്തുടര്ന്നു. അവര്‍ ഓടിയപ്പോള്‍ പട്ടാളവും പിറകെ ഓടി. മരക്കാരും സുഹൃത്തും അഭയം പ്രാപിച്ചത് മുസ്ലിംകള് ഒളിപ്പാര്ത്തിരുന്ന വീട്ടിലേക്കായിരുന്നു. മുന്നറിയിപ്പൊന്നുമില്ലാതെ തടിച്ചുകൂടിയ ജനത്തെകണ്ട ബ്രിട്ടീഷുകാര്‍ മുന്നറിയിപ്പോ ചോദ്യമോ ഇല്ലാതെ നിറയൊഴിച്ചു. വീടിന്റെ ഉടമ വീരാന്‍കുട്ടി ജനല്‍തുറന്ന് കൊണ്ടോട്ടി തങ്ങളുടെ എഴുത്ത് ഉയര്‍ത്തി കാട്ടി. എഴുത്ത് പുറത്തേക്ക് കൊണ്ട് വരാന്‍ ആവിശ്യപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാരെ വിശ്വസിച്ച് വീരാന്‍കുട്ടി വെളിയിലേക്ക് വന്നു. എന്നാലത് ബ്രിട്ടീഷ് പട്ടാളത്തിന്റെ ഏറ്റവും നീചമായ തന്ത്രമായിരുന്നു. വീരാന്‍ കുട്ടി വീടിന് പുറത്തേക്ക് വന്നമാത്രയില്‍ കണ്ണില്‍ ചോരയില്ലാത്ത വെള്ളപ്പട്ടാളം ആ നിരപരാധിയുടെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. എഴുത്ത് ആരുടേതാണെന്നോ ഉള്ളടക്കം എന്താണന്നോ നോക്കാതെ വെടിയുതിര്‍ത്ത വെള്ളപ്പട്ടാളം അകത്തേക്ക് കയറിചെന്ന് മുറിയില്‍ വാതം പിടിച്ച് അവശനായി കിടക്കുന്ന കൊളപ്പറ്റ മമ്മദ്ക്കയെ താങ്ങിയെടുത്ത് പുറത്തെ തിണ്ണയിലേക്ക് വലിച്ചിഴച്ച് വെടി വെച്ച് കൊന്നു. തുടര്‍ന്ന് കൊലവിളി ഉയര്‍ത്തി കൊണ്ട് വെള്ളപ്പിശാചുക്കള്‍ വീടിന് നേരെ വീണ്ടും പാഞ്ഞടുത്തു. വീടിന്റെ ജനലകളും വാതിലുകളും കൊട്ടി അടച്ചതിന് ശേഷം അവര്‍ വീടിന് തീ വെച്ചു. വീടിനകത്ത് കുട്ടികളും സ്ത്രീകളുമടക്കം നൂറോളം പേരുണ്ടായിരുന്നു.
ആളിപ്പടരുന്ന അഗ്നിയില്‍ പൂട്ടിയിട്ട വീടിനുള്ളില്‍ നിന്നും അബലരായ ഉമ്മമാരുടേയും വ്യന്ദരുടേയും കുഞ്ഞുങ്ങളുടേയും ആര്‍ത്തനാദങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു. ആളിപ്പടരുന്ന അഗ്നിയില്‍ വെന്ത് കരിയുന്ന ജനതയുടെ നിലവിളി കാട്ടാളഹൃദയത്തില് പതിഞ്ഞില്ല. തീയില്‍ നിന്നും തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താനായി ഒരു സ്ത്രീ കുഞ്ഞിനെ ചുമലിലേറ്റി പുറത്തക്കുള്ള വാതിലിനു നേരെ ഓടി. വീടിന് മുകളില്‍ കത്തിയെരിയുകയായിരുന്ന കരിയാവ് ആ ഹതഭാഗ്യയുടെ തലയില്‍ വീണു. പാലൂട്ടുന്ന ആ സ്ത്രീയും കുഞ്ഞും തല്‍ക്ഷണം വെന്ത് മരിച്ചു. താഴത്തു വീടന് മരക്കാര്‍ കുട്ടി മുസ്ലിയാരുടെ സാഹസിക പ്രവര്‍ത്തനം കൊണ്ട് കുറേ പേരെ രക്ഷപ്പെടുത്താനായി. അദ്ധേഹം കിണറ്റിന്റെ പാലം വലിച്ചും ജനല്‍ കുത്തിതുറന്നും പലരേയും രക്ഷപ്പെടുത്തി. മണ്ണില്‍ തൊടി മുഹമ്മദ് മൊല്ല, തൊട്ടിയന് ചേക്കുമായി, ഒന്നര വയസ്സ് പ്രായമുണ്ടായിരുന്ന പോക്കര്, നാല് വയസ്സ് പ്രായമുള്ള ബിയ്യക്കുട്ടി, തുടങ്ങിയവര്‍ അന്ന് രക്ഷപ്പെട്ടവരില്‍ ചിലരാണ്. എരിത്തീയില്‍ വെന്ത് മരിച്ചവരെ തൊട്ടടുത്ത കല്ല്വെട്ടിയില് കൂട്ടത്തോടെ സംസ്കരിക്കുകയായിരുന്നു. അവരുടെ ഓര്‍മ്മകളായി ഇന്നും ആ സ്ഥലം അവിടെ വേറിട്ട് നില്‍ക്കുന്നുണ്ട്.
മലബാര്ചരിത്രത്തിലെ കാവനൂരിന്റെ പങ്ക് ഇവിടെയും അവസാനിക്കുന്നില്ല. കൊണ്ടോട്ടിയിലെ നസ്റുദ്ദീന്‍ തങ്ങളും അവരുടെ അനുചരന്മാരും സമാധാന ദൗത്യവുമായി വരുന്നുണ്ടെന്നും എല്ലാവരും സമാധാനത്തോടെ പുറത്ത് വരണമെന്നുള്ള കുപ്രചരണം ബ്രിട്ടീഷ് പട്ടാളം പുറത്ത് വിട്ടു. അതിന്റെ ഫലമായി ഒളിവില്‍ താമസിച്ചിരുന്ന ഒളിപ്പോരാളികളെല്ലാം വെളിയില്‍വന്നു. ഈ തക്കം നോക്കി വെള്ള പ്പിശാചുക്കള്‍ നിരായുധരായ ജനത്തിനു നേരെ നിറയൊഴിച്ചു. ഇതിനെതിരെ അടങ്ങന്‍ പുറവന്‍ മായീന്‍ കുട്ടി ശക്തമായി പ്രതികരിച്ചു. ജനങ്ങളെ സംഘടിപ്പിച്ചു. ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരതയും നീചത്തരവും ജനത്തിന് ബോധ്യപ്പെടുത്തി കൊടുത്തു. മായീന്‍ കുട്ടിയുടെ നേത്യത്വത്തില്‍ സംഘടിച്ച ജനം പട്ടാളവുമായി നിരവധിതവണ ഏറ്റുമുട്ടി. പലയിടത്തും തുറന്ന സംഘട്ടനം തന്നെ നടന്നു. മായീന്‍ കുട്ടിയെ വകവരുത്തിയാലല്ലാതെ രക്ഷയില്ലെന്ന് കണ്ട ബ്രിട്ടീഷ് പട്ടാളം മായീന്‍ കുട്ടിയെ സൂത്രത്തില്‍ പിടിക്കുകയായിരുന്നു. രണ്ട് ഹിന്ദുക്കളെ വെടിവെച്ച് കൊന്നെന്ന കേസില്‍ അദ്ധേഹത്തെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ അദ്ധേഹത്തിന്റെ മേലില്‍ കെട്ടിവെച്ചു. ഒടുക്കം ബ്രിട്ടീഷ് പട്ടാളം തന്നെ തൂക്കി കൊല്ലുമെന്ന് അദ്ധേഹത്തിന് മനസ്സിലായി. പ്രതീക്ഷിച്ചത് പോലെ 1923 ജൂലൈ 26ന് ആ ധീര ദേശാഭിമാനിയെ തൂക്കി കൊല്ലാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. സെപ്റ്റംബര്‍ 14ാം തീയ്യതി കൊയമ്പത്തൂര് ജയിലില്‍വെച്ച് ആ ധീരദേശാഭിമാനി തൂക്കുകയര്‍ ഏറ്റുവാങ്ങി. സ്വന്തം രാജ്യത്തിന് രക്തവും ജീവനും നല്കി ആ രാജ്യസ്നേഹി രക്തസാക്ഷിയായി.
സാംസ്കാരികമായും സാമൂഹികമായും ചരിത്രപരമായും കാവനൂരിനെ മികവുറ്റതായി വായിക്കപ്പെടുമ്പോഴും ഈ നാടിന്റെ വരും ഭാവിയെ ഓര്‍ത്ത് നന്മ കൊതിക്കുന്ന ജനത ഭീതിയില്‍ തന്നെയാണ്. അത്മീയ ശോഷണം മദ്രസാ പ്രസ്ഥാനത്തിന്റെ മുരടിപ്പിന് ആക്കം കൂട്ടുമ്പോള്‍ ധര്‍മ്മം എന്തെന്നറിയാത്ത ഒരു ജനതയുടെ വളര്‍ച്ച വികാസം പ്രാപിക്കുകയാണ്. ജന്മനാ മനുഷ്യനില്‍ കുടികൊള്ളുന്ന ആത്മീയ ദാഹത്തെ ചൂഷണം ചയ്ത് വേരുറപ്പിക്കുന്ന ബിദഅീപ്രസ്ഥാനങ്ങളും കാവനൂരിന്റെ വരും ഭാവിയെ ഇരുളടഞ്ഞതാക്കുകയാണ്.