ജീവിതത്തിന്‍റെ നിര്‍ണ്ണായക ഘട്ടമാണ് യുവത്വം. മനുഷ്യമസ്തിഷ്കം ക്രിയാത്മകമായി ചിന്തിച്ചു തുടങ്ങുകയും വിചിന്തനങ്ങളില്‍ നിന്ന് പുതുസംവിധാനങ്ങള്‍ ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്ന പ്രായമാണത്. തന്‍റെ കൈവലയത്തിലൊതുങ്ങാത്തതായി ഒന്നുമില്ലെന്ന് മനുഷ്യന്‍ ആലോചിച്ചു തുടങ്ങുന്ന ഘട്ടമായി അതിനെ വിശേഷിപ്പിക്കാം. ചരിത്രത്തിലെ ഇന്നെലകള്‍ ചികഞ്ഞാല്‍ ലോകത്ത് പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് യുവാക്കളുടെ സക്രിയമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. രാജ്യത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ മുക്കാല്‍ പങ്കും രാജ്യത്തെ ഓരോ യുവാവിനുമുണ്ട്. ലോകത്ത് നടന്ന സംഘട്ടനങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും നേതൃത്വം നല്‍കിയത് യുവാക്കളായിരുന്നല്ലോ. ഫാഷിസവും നാസിസവുമായി ഊരുചുറ്റിയ മുസ്സോളിനിയെയും ഹിറ്റ്ലറെയും സര്‍വ്വസ്വവും അക്രമിച്ച് കീഴടക്കാന്‍ പ്രേരിപ്പിച്ചത് യൗവ്വനത്തിന്‍റെ ചോരത്തിളപ്പായിരുന്നുവത്രെ. ഇസ്ലാമിലും കാര്യങ്ങള്‍ മറിച്ചല്ല. ഡാര്‍കേജ് യുഗത്തില്‍ നിന്ന് ആത്മീയ ബോധമണ്ഡലത്തിലേക്ക് അറേബ്യയെ പരിവര്‍ത്തിപ്പിക്കുന്നതിനിടയില്‍ നടന്ന നിരവധി സംഘട്ടനങ്ങള്‍ക്കും മുത്ത് നബി നേതൃത്വമേല്‍പ്പിച്ചത് യുവാക്കളെയായിരുന്നു. ലോകത്തിന്‍റെ സകലചലനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് യുവാക്കളാണെന്ന് ചുരുക്കം. ലോകത്തെ ഞെട്ടിപ്പിക്കുന്ന ക്രിമിനല്‍ സംഭവങ്ങളുണ്ടാക്കാനും സമൂഹത്തെ ഒന്നടങ്കം ധാര്‍മ്മിക പരിവേഷം നല്‍കാനും യൗവനത്തിനാകും.
ലോക നാഗരികതയ്ക്ക് മുസ്ലിം യുവത്വം നല്‍കിയ സംഭാവനകളാണ് സിയാഉദ്ദീന്‍ അഹ്മദിന്‍റെ Influence of Islam on world civilization എന്ന കൃതി വിവരിച്ചു തരുന്നത്. ലോകത്ത് മുസ്ലിം യുവാക്കള്‍ അര്‍പ്പിച്ച സംഭാവനകള്‍ കൃത്യമായി അനാവരണം ചെയ്യുകയെന്നതാണ് ഈ ഗ്രന്ഥത്തിന്‍റെ വ്യതിരിക്തത. ധാര്‍മ്മിക മണ്ഡലത്തില്‍ ജീവിക്കുകയും മരിക്കുകയും ചെയ്ത യുവാക്കളെ വിശുദ്ധ ഖുര്‍ആനും തിരുഹദീസുകളും പരിചയപ്പെടുത്തിത്തരുന്നുണ്ട്. സ്രഷ്ടാവായ അല്ലാഹുവിന്‍റെ ആജ്ഞകള്‍ അനുസരിച്ച് ജീവിക്കുന്ന യുവത്വത്തെ ഖുര്‍ആന്‍ അഭിനന്ദിക്കുന്നതായി കാണാം. അധികാരത്തിന്‍റെ പ്രലോഭനങ്ങള്‍ക്കു മുമ്പിലും പതറാതെ സധൈര്യം സത്യമതത്തെ വിളിച്ചു പറഞ്ഞ ഗുഹാവാസികളായ യുവാക്കളെ വിശുദ്ധ ഖുര്‍ആന്‍ ഇത്തരത്തില്‍ പ്രശംസിക്കുന്നു: “സ്രഷ്ടാവില്‍ അടിയുറച്ച് വിശ്വസിക്കുകയും സന്‍മാര്‍ഗ്ഗത്തെ ആവാഹിക്കുകയും ചെയ്തവരാണവര്‍”(സൂറത്തുല്‍ കഹ്ഫ് 13). പ്രവാചക ശ്രേഷ്ടരും പഠിപ്പിക്കുന്നു: ‘സൂര്യനെ സൃഷ്ടികളിലേക്ക് ഒരു ചാണ്‍ അകലത്തില്‍ വരെ നിര്‍ത്തപ്പെടും. ദുഷ്കര്‍മ്മങ്ങളുടെ തോതനുസരിച്ച് ഞെരിയാണി വരെ, മുട്ട് വരെ, അര വരെ, കഴുത്ത് വരെ വിയര്‍പ്പില്‍ മുങ്ങിയിരിക്കും'(മുസ്ലിം 2196). അന്ത്യനാളിന്‍റെ പ്രതിഭാസങ്ങളെക്കുറിച്ചും അതറിയച്ചുതരുന്ന ഋതുപ്പകര്‍ച്ചകളെക്കുറിച്ചും മുത്ത് നബി(സ്വ) വിശദീകരിച്ച കൂട്ടത്തില്‍ പറഞ്ഞു: ‘അന്ത്യനാളില്‍ അല്ലാഹു ഏഴു വിഭാഗം ജനങ്ങള്‍ക്ക് അര്‍ശിന്‍റെ തണല്‍ നല്‍കി ആദരിക്കും. നീതിമാനായ ഭരണാധികാരി, നാഥന് ആരാധനയിലായി കഴിയുന്ന യുവാവ്, പള്ളിയുമായി ഹൃദയം ലയിച്ച് ചേര്‍ന്നവന്‍, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പരസ്പരം സ്നേഹിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത കൂട്ടുകാര്‍, സൗന്ദര്യവും സമ്പത്തുമുള്ള യുവതി സംസര്‍ഗത്തിന് ക്ഷണിച്ചിട്ടും അല്ലാഹുവിനെ ഭയന്ന് പിന്‍മാറിയവന്‍, രഹസ്യമായി ദാനധര്‍മങ്ങള്‍ ചെയ്യുന്നവന്‍, ഏകാന്തനായി സ്രഷ്ടാവിനെയോര്‍ത്ത് പൊട്ടിക്കരഞ്ഞവന്‍ എന്നീ ഏഴു വിഭാഗങ്ങളാണവര്‍’.(ബുഖാരി 1/440)
മുത്ത് നബിയുടെ കാലത്ത് സ്വന്ത ബന്ധുക്കളില്‍ നിന്ന് ജീവിതം പറിച്ചുനട്ട് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്ത് വിശുദ്ധമതത്തിന്‍റെ കാവലാളുകളായ സ്വഹാബിവര്യര്‍ ഭൂരിപക്ഷവും യുവാക്കളായിരുന്നു. യൂറോപ്പില്‍ നിന്നടക്കം നിരവധി രാജ്യങ്ങളില്‍ നിന്നും ഇസ്ലാമിക വൃത്തത്തിലേക്കുള്ള കടന്നുവരവിന് നിദാനമായത് അക്കാലത്തെ അവരുടെ വൈജ്ഞാനിക പ്രസരണമായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്‍റെ പ്രചോദന കേന്ദ്രമായ റൂസ്സോവിന്‍റെ സ്വാതന്ത്യം, സമത്വം, സാഹോദര്യം തുടങ്ങിയ പ്രമേയങ്ങള്‍ ഉരുവം കൊള്ളുന്നതും തോമസ് ഹോബ്സിന്‍റെയും ഇമ്മാനുവല്‍ കാന്‍റിന്‍റെയും ചിന്താമണ്ഡലം രൂപം കൊണ്ടതും മുസ്ലിം യൗവ്വനം വളര്‍ത്തിയുണ്ടാക്കിയ ജ്ഞാനവലയത്തില്‍ നിന്നാണത്രെ.
നേടിയെടുത്ത ജ്ഞാനം പകര്‍ന്നു കൊടുക്കുന്നതിനെക്കാള്‍ പകര്‍ത്തിയെടുക്കുന്നതിലായിരുന്നു യുവാക്കളായ സ്വഹാബിവര്യന്മാരെ വ്യതിരിക്തരാക്കിയതെന്ന് ആധുനിക ലോകത്തെ യുവകോമളന്മാര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. കര്‍മ്മ മണ്ഡലത്തെ ജീവിതം കൊണ്ട് ജീവസ്സുറ്റതാക്കിയ ഇസ്ലാമിക ചരിത്രത്തില്‍ നിരവധി സ്വഹാബിശ്രേഷ്ടരെ കാണാം. സംഘാടകരായും പ്രബോധകരായും സേവകരായും സ്വഹാബികള്‍ വളര്‍ന്നു വന്നത് തികഞ്ഞ ജ്ഞാനത്തിന്‍റെയും അതിലുപരി ജീവിത മാതൃകകളുടെയും അനന്തരമായിരുന്നു. ഭൗതിക സൗഖ്യങ്ങളുടെയും സ്വാര്‍ത്ഥതയുടെയും കയങ്ങളില്‍ മുങ്ങിനിവരാതെ, പാദുകങ്ങളില്ലാതെ നടന്ന ആ പഥികന്മാരില്‍ പലരും പാദം തേഞ്ഞവര്‍ പോലുമായിരുന്നു. ഉടുതുണിയോ ഒരു നേരത്തെ ഭക്ഷണത്തിന് വകയോ ഇല്ലാത്തവരായിരുന്നു അവര്‍. അവരുടെ ക്ലേശങ്ങള്‍ നിറഞ്ഞ പരിതാപകരമായ അവസ്ഥ കണ്ട് മുത്ത് നബി സൗഖ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക പോലും ചെയ്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പരിവട്ടങ്ങളേറെയുണ്ടായിട്ടും ജീവിതത്തില്‍ മതവിജ്ഞാനാര്‍ജനം അവരുപേക്ഷിച്ചില്ല. മുത്ത് നബിയുടെ സ്നേഹപരിസരത്തു നിന്നും ആത്മീയമായ ഊര്‍ജ്ജമുള്‍ക്കൊണ്ട് അവര്‍ പ്രബോധനരംഗത്ത് കര്‍മ്മനിരതരായി.
അല്ലാഹുവിന് ആരാധനയിലായി ജീവിതം മാറ്റിവെക്കാന്‍ അവര്‍ക്ക് ഊര്‍ജ്ജം നല്‍കിയത് നാഥന് ആരാധനിയിലായി ജീവിക്കുന്ന ചെറുപ്പക്കാര്‍ക്ക് പാരത്രികലോകത്ത് അര്‍ശിന്‍റെ നിഴല്‍ ലഭിക്കുമെന്ന ദൃഢവിശ്വാസമായിരിക്കണം. സുമുഖനും ധിഷണാശാലിയുമായ ചെറുപ്പക്കാരനായിരുന്നു മുസ്അബുബ്നു ഉമൈര്‍(റ). സമ്പന്നനായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ യൗവനം. വിജ്ഞാന പ്രസരണത്തിനായി അര്‍ഖമിന്‍റെ വീട്ടില്‍ മുത്തുനബിയും അനുചരരും ഒരുമിച്ചു കൂടാറുന്നുണ്ടെന്ന വിവരമറിഞ്ഞ് മുസ്അബ്(റ) വിജ്ഞാനത്തിനായി ഇറങ്ങിത്തിരിച്ചു. ഖുര്‍ആനിന്‍റെ തരളിമയും മാധുര്യവും അദ്ദേഹത്തെ ഹഠാതാകര്‍ഷിച്ചു. വിശുദ്ധ ഇസ്ലാമിന്‍റെ സന്ദേശവാഹകരില്‍ മുഖ്യനായി മുസ്അബ്(റ) മാറി. പരീക്ഷണങ്ങളും പ്രയാസങ്ങളും നിരവധി ഈ വഴിയിലുണ്ടാകുമെന്ന് ആ യുവകോമളന് അറിയാഞ്ഞിട്ടായിരുന്നില്ല ഇസ്ലാമിനെ പിരടിയിലേക്കെടുത്തിട്ടത്. മുത്ത് റസൂലിന്‍റെ ശഫാഅത്തും അര്‍ശിന്‍റെ തണലും ലഭിക്കുമെങ്കില്‍ പിന്നെന്ത്? പരലോകത്തെ ക്ലേശങ്ങളാണല്ലോ ഇഹലോകത്തെതിനെക്കാള്‍ പ്രതിസന്ധി നിറഞ്ഞത്. പുണ്യമതത്തിന്‍റെ പേരില്‍ കുടുംബത്തിലെ വീട്ടുതടങ്കലിലിരിക്കാനും മുസ്അബിന് പ്രയാസങ്ങളേതുമുണ്ടായിരുന്നില്ല. സമ്പത്ത് മുഴുവന്‍ ദീനിന് വേണ്ടി ത്യജിച്ച മഹാനായ ഈ യുവാവിന്‍റെ കഷ്ണം വെച്ച വസ്ത്രങ്ങള്‍ കണ്ട് മുത്ത്നബിയുടെ നയനങ്ങള്‍ പോലും ഈറനണിഞ്ഞു പോയത്രെ.
ദീനിന്‍റെ പതാകയും കയ്യിലേന്തിയ രണശൂരനായിരുന്ന മുസ്അബ്(റ) നബി(സ്വ) വധിക്കപ്പെട്ടുവെന്ന കിംവദന്തി പരന്നപ്പോള്‍ പോലും ഇടറാത്ത പാദങ്ങളോടെ പോര്‍ക്കളത്തില്‍ അടരാടി. ഇരുകൈകള്‍ ഛേദിക്കപ്പെട്ടിട്ടും കയ്യിലേന്തിയ പതാക വായില്‍ കടിച്ചുപിടിച്ചുള്ള പോരാട്ടത്തിനിടയില്‍ ഇബ്നുഖുമൈഅയുടെ കുത്തേറ്റ് വീണ ആ യുവാവിനെ കണ്ട് പരസ്സഹശ്രം സ്വഹാബിവര്യര്‍ കണ്ണില്‍ നിന്നും ബാഷ്പകണങ്ങളുതിര്‍ത്തു. സമ്പത്തിന്‍റെയും സന്തുഷ്ടിയുടെയും മിന്നറകളില്‍ നിന്ന് വിശുദ്ധ മതത്തിനു വേണ്ടി സന്താപത്തിന്‍റെ വീഥിയിലേക്ക് ജീവിതം പറിച്ചു നടുകയും വീരമൃത്യുവരിച്ച് കഫന്‍ പുടവ തികയാതെ വരിക പോലും ചെയ്ത ആ യുവാവിന്ന് മുത്ത് നബി പഠിപ്പിച്ച പ്രകാരം പറുദീസയിലെ പച്ചക്കിളികള്‍ക്കൊപ്പം പാറിക്കളിക്കുകയാവും.
മുസ്അബി(റ)ന്‍റെ ചരിത്രത്തില്‍ യുവാക്കള്‍ക്ക് മാതൃകയേറെയുണ്ട്. നമ്മുടെ ചോരത്തുടിപ്പിന്‍റെയും ആരോഗ്യദൃഢഗാത്രതയുടെയും കാലം നാം എന്തില്‍ ചിലവഴിക്കുന്നുവെന്ന് യുവാക്കള്‍ ചിന്തിക്കേണ്ടതുണ്ട്. മിക്ക ജനങ്ങളും വഞ്ചിതരാകുന്ന രണ്ട് അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവസമയവുമെന്നാണ് മുത്ത് നബി പഠിപ്പിച്ചത്. ശരീരത്തിന്‍റെ ചാപല്യങ്ങള്‍ക്ക് അടിമപ്പെടാന്‍ ഏറെ സാധ്യതയുള്ള സമയമാണ് യുവത്വം. മഹാനായ ഇബ്നുന്നബാത്വതുല്‍ മിസ്രി(റ) ഒരു പ്രഭാഷണത്തിനിടയില്‍ പ്രായമുള്ളവരോടായി പറഞ്ഞുവത്രെ: ‘ശരീരത്തിന്‍റെ തൊലികളൊക്കെ ശുഷ്കിച്ച് നര ബാധിച്ചു തുടങ്ങിയ ജനങ്ങളേ, പഴങ്ങള്‍ പഴുത്താല്‍ പിന്നെ പറിച്ചെടുക്കാതെ നിവൃത്തിയില്ല. ഇനി പഴങ്ങള്‍ പറിക്കാനുള്ള സമയം മാത്രമെയുള്ളൂ. ശേഷം മഹാന്‍ ചെറുപ്പക്കാരിലേക്ക് തിരിഞ്ഞ് നിന്നു കൊണ്ട് പറഞ്ഞു: ചെറുപ്പക്കാരാ, നിങ്ങളുടെ ചുറുചുറുക്കുള്ള ശരീരവും ചോരത്തിളപ്പുള്ള ബാല്യവും കണ്ട് നിങ്ങള്‍ അഹങ്കരിക്കേണ്ടതില്ല. കാരണം പച്ചക്കായയും ഉതിര്‍ന്നു വീഴാറുണ്ട്’. മനുഷ്യജീവിതം നൈമിഷികം മാത്രമാണെന്നാണ് ഇബ്നുന്നബാത്വതുല്‍ മിസ്രി(റ) ഓര്‍മ്മപ്പെടുത്തുന്നത്. ചെറുപ്പക്കാര്‍ക്ക് അഹങ്കരിക്കാന്‍ വകുപ്പില്ലെന്ന് മഹാന്‍ പറയുന്നു. വൃദ്ധനായതിനു ശേഷം ആരാധനകളില്‍ മുഴുകി ജീവിക്കുന്നതിനെക്കാള്‍ ഇരട്ടി പ്രതിഫലം ചുറുചുറുക്കോടെ ചെയ്യുന്ന ആരാധനകള്‍ക്കാണ് ലഭിക്കുന്നത്. അതു കൊണ്ടാണല്ലോ, ആരാധനകളില്‍ മുഴുകി ജീവിക്കുന്ന ചെറുപ്പക്കാരന്‍ എന്ന് മുമ്പ് അര്‍ശിന്‍റെ തണല്‍ പ്രതിപാദിച്ച ഹദീസില്‍ മുത്ത് നബി പരാമര്‍ശിച്ചത്.
ജീവിതം ആരാധനകളില്‍ കര്‍മ്മനിരതമാക്കാന്‍ ചെറുപ്പക്കാരന്‍ അത്യുത്സാഹം നടത്തേണ്ടതുണ്ട്. ചെറുപ്പമെന്നത് തുഛമായ സമയം മാത്രമാണ്. പക്ഷെ ആ സമയത്താണ് മനുഷ്യന്‍ കൂടുതല്‍ വഞ്ചിതനാകുന്നതെന്നാണ് പുന്നാര നബിയുടെ ഭാഷ്യം. ബാങ്കും ഇഖാമത്തും കഴിഞ്ഞാല്‍ നിസ്കരിക്കാന്‍ നില്‍ക്കുന്നതിനിടയിലുള്ള അല്‍പസമയം മാത്രമാണ് ജീവിതം എന്നാണ് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നത്. പിറന്നുവീണ ഉടനെ വലതു ചെവിയിലും ഇടതുചെവിയിലുമായി കൊടുത്ത ബാങ്കിനും ഇഖാമത്തിനും ശേഷം ജനാസ നിസ്കാരത്തിനെഴുന്നേല്‍ക്കുന്ന സമയം മാത്രമാണത്രെ ജീവിതം. മഹാനായ അലി(റ) പാടിയ അര്‍ത്ഥവത്തായ കവിത ഇബ്നുഹജറുല്‍ അസ്ഖലാനി(റ) തന്‍റെ ഫത്ഹുല്‍ ബാരിയിലൂടെ പഠിപ്പിക്കുന്നു: ‘മനുഷ്യജീവിതത്തിലെ ആരോഗ്യസമയം എത്ര പെട്ടെന്നാണ് കൊഴിഞ്ഞു പോകുന്നത്. ആരോഗ്യദൃഢഗാത്രനായി നടന്നിരുന്നവന്‍ എത്രപെട്ടെന്നാണ് അരോഗ്യക്ഷയം വന്നവനാകുന്നത്. ഒരാള്‍ അറുപത് വര്‍ഷം ജീവിക്കുമെന്ന് സങ്കല്‍പിച്ചാല്‍ പോലും അതവന് നഷ്ടമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാം. കാരണം അറുപതില്‍ നിന്ന് പകുതിയോളം രാത്രി ഉറങ്ങിത്തീര്‍ന്നു പോകുന്നു. ബാക്കിയുള്ള മുപ്പതില്‍ നിന്ന് പതിനഞ്ചും കുട്ടിക്കാലമായി തീര്‍ന്നു പോയിട്ടുണ്ടാകും. എല്ലാം കൂട്ടിക്കിഴിച്ചാല്‍ കിട്ടുന്ന ബാക്കി പതിനഞ്ചില്‍ തന്നെ ജീവിത പ്രാരാബ്ധങ്ങളും പ്രതിസന്ധികളും ആരോഗ്യ പ്രശ്നങ്ങളും സംബന്ധിച്ച നെട്ടോട്ടവുമായിരിക്കും. ഇഹജീവിതത്തിനു പിന്നേ വരുന്ന അന്ത്യമില്ലാത്ത ജീവിതത്തെക്കുറിച്ച് എന്തുകൊണ്ട് മനുഷ്യന്‍ ചിന്തിക്കാതെ പോകുന്നു'(കവിത, ആശയ വിവര്‍ത്തനം)
നശ്വരവും തുഛവുമായ മനുഷ്യജീവിതം അര്‍ത്ഥവത്താക്കി മാറ്റാന്‍ യുവത്വത്തിനേ സാധിക്കൂ എന്നാണ് മഹാന്മാരൊക്കെയും പഠിപ്പിക്കുന്നത്. യൗവ്വനം ധാര്‍മ്മികമായ കര്‍മ്മങ്ങള്‍ കൊണ്ട് പച്ചപിടിച്ചതാകണം. വിശുദ്ധമതത്തിന്‍റെ പ്രസരണത്തിനായി യുവാക്കള്‍ അത്യുത്സാഹം നടത്തേണ്ടതുണ്ട്. ചോരത്തിളപ്പിന്‍റെ ചാപല്യങ്ങള്‍ക്കിടയില്‍ ക്രമരഹിതവും പ്രകൃതിവിരുദ്ധവുമായ അശ്ലീലങ്ങളില്‍ നിന്നും അക്രമണോത്സുകതയില്‍ നിന്നും ലഹരി ഉപഭോഗത്തില്‍ നിന്നും മനസ്സിനെ പറിച്ചു നട്ട് സംശുദ്ധമായ ജീവിത ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന യുവാവിനെക്കാള്‍ പ്രതിഫലം ലഭിക്കുന്നവര്‍ മറ്റാരുമില്ലെന്ന് തീര്‍ച്ചയാണ്.