ഇസ്ലാമിക് തീവ്രവാദം മുമ്പെങ്ങുമില്ലാത്ത വിധം മാധ്യമങ്ങള്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്ന മതമായി ഇസ്ലാം ഇതിനകം മാറിക്കഴിഞ്ഞിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ പറയപ്പെടുന്ന തീവ്രവാദ നിലപാടുകളോട് വിശുദ്ധ ഇസ്ലാമിന് ഒരു ബന്ധവുമില്ല എന്നതാണ് സത്യം. ഇസ്ലാം എന്ന പേരുപോലും ശാന്തിയും സമാധാനവുമാണ് സൂചിപ്പിക്കുന്നത്. മുസ്ലിംകള് പരസ്പരം കൈമാറുന്ന അഭിവാദ്യ വാക്യം ‘രക്ഷയുണ്ടാകട്ടെ, സമാധാനം വര്‍ഷിക്കട്ടെ’ എന്നാണ്. മുസ്ലിംകള് വിശ്വസിക്കുന്ന പേരുകളിലൊന്ന് രക്ഷ, സമാധാനം എന്നാണ്. ഇഹലോകത്തെ ശ്രേഷ്ട ജീവിതത്തിന് മുസ്ലിമിന് പരലോകത്ത് പകരം ലഭിക്കുന്ന ഗേഹത്തിന്റെ പേര് ‘രക്ഷയുടെ വീട്’ എന്നാണ്.
കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ ആരാണ് ഇസ്ലാമിനെ രക്തമണിയിക്കുന്നത് എന്ന ചര്‍ച്ചക്ക് വലിയ പ്രസക്തിയുണ്ട്. ആഗോളതലത്തില്‍ തന്നെ അത് നന്നായി നടന്ന് കൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കടകട ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പോലും അമേരിക്കന്‍ ഇസ്രയേല്‍ സയണിസ്റ്റ് ലോബികളുടെ സംഭാവനയാണെന്നും അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് മൊസാദിന്റെ പരിശീലനം ലഭിച്ചിതാണെന്നുമുള്ള അന്വേഷണങ്ങള്‍ പുറത്ത് വന്ന്കൊണ്ടിരിക്കുന്നു.
ചതിപ്രയോഗമാണെങ്കിലും അല്ലെങ്കിലും കട അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം കൊണ്ട് യഥാര്‍ത്ഥ ഇസ്ലാമിന് കോട്ടങ്ങള്‍ മാത്രമേ സംഭവിക്കൂ എന്നത് സത്യം. തീവ്രനിലപാടുകാര്‍ ഇത്തരം ആശയ മുന്നേറ്റങ്ങള്‍ക്ക് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് സലഫീ ചിന്താധാരകളാണ്. റാഡിക്കല്‍ ഇസ്ലാം, പൊളിറ്റിക്കല്‍ ഇസ്ലാം തുടങ്ങി പുതിയ സംജ്ഞകളിലൂടെ ആഗോളതലത്തില്‍ പാരമ്പര്യ ഇസ്ലാമിനെ വെല്ലുവിളിച്ച് രംഗത്ത് വന്നുകൊണ്ടിരിക്കുന്ന ഇവര്‍ യഥാര്‍ത്ഥത്തില്‍ മുസ്ലിംകളുടെ ശത്രുക്കളാണ്.
അഉ 1703 ല്‍ നജ്ദില്‍ ജനിച്ച മുഹമ്മദ് ഇബ്നു അബ്ദില്‍ വഹാബിന്റെ പുത്തന്‍ ചിന്താധാരകളാണ് ഇസ്ലാമില്‍ സായുധമായ ആഭ്യന്തര കലാപത്തിന് ശക്തമായ തുടക്കം കുറിച്ചത്. ഖുലഫാഉറാശിദുകളുടെ കാലത്ത് തന്നെ പൊട്ടിപ്പുറപ്പെട്ട ഖവാരിജുകളുടെ അതേ ശൈലിയായിരുന്നു ഇവരും സ്വീകരിച്ചിരുന്നത്. ഇബ്നു തൈമിയ്യയുടെ പിഴച്ച ആശയങ്ങളും പുത്തന്‍ ദുര്വ്യാഖ്യാനങ്ങുളുമായിരുന്നു ഇബ്നു അബ്ദില്‍ വഹാബിന്റെ സ്രോതസ്സ്. യുദ്ധമുതല്‍ ഓഹരി ചെയ്യുന്നതിനിടയില്‍ നബി (സ്വ) തങ്ങളോട് നീതിപാലിക്കാന്‍ പറഞ്ഞ ദുല്‍ഖുവൈസിറയുടെ പരമ്പരയില്‍ നിന്ന് നാശത്തിന്റെ പുറപ്പാടുണ്ടാകുമെന്ന് തിരുനബി (സ്വ) തങ്ങള്‍ പ്രവചിച്ചിരുന്നു. വരാന്‍ പോകുന്ന പരിഷ്കാരിയുടെ ശരീരപ്രകൃതവും അവിടുന്ന് പ്രവചിച്ചു. ഇബ്നു അബ്ദുല്‍ വഹാബ്, പ്രവചിക്കപ്പെട്ട ശരീരപ്രകൃതിയോടെ ദുല്‍ഖുവൈസിറയുടെ സന്താനപരമ്പരയില്‍ ജനിച്ചതോടെ പ്രവചനം യാഥാര്‍ത്ഥ്യമായി. നജ്ദില്‍ നിന്ന് പിശാചിന്റെ കൊമ്പുണ്ടാകുമെന്നും മറ്റൊരിക്കല്‍ തിരുനബി പ്രവചിച്ചിട്ടുണ്ട്.
വഹാബിസം ഹിജാസില്‍ തീവ്രനിലപാടുകളും പരിഷ്കരണങ്ങളുമായി മുന്നോട്ട്പോയി. ഭൂരിപക്ഷ വിശ്വാസികളെ മുശ്രിക്കും കാഫിറുമാക്കിയായിരുന്നു മുന്നേറ്റം. തങ്ങളുടെ ഇംഗിതത്തിന് വഴിപ്പെടാത്തവരെ മുഴുവന്‍ വാളിന് ഇരയാക്കി. മക്കാമുശ്രിക്കുകള്ക്കെതിരെ അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ടായിരുന്നു തൗഹീദീന്റെ പേരില്‍ കൂട്ട കൊലപാതകങ്ങള്‍ നടന്നത്. 1803 ല്‍ ഹിജാസില്‍ ആക്രമണം തുടങ്ങി. കൂട്ടക്കൊലകള്‍ നടന്നു. ഖുര്‍ആനും ഹദീസുമൊഴികെ മുന്നില്‍ കണ്ട എല്ലാ ഗ്രന്ഥങ്ങളും കത്തിച്ചു കളഞ്ഞു. സ്വഹാബികളുടെ മഖ്ബറകള്‍ തകര്‍ത്തു തരിപ്പണമാക്കി. സമ്പത്ത് കൊള്ളയടിച്ചു. ഹറമില്‍ പോലും ആക്രമണങ്ങളും കൊള്ളയും നടത്തി.
തീമിയ്യാ ആദര്‍ശ പ്രവര്‍ത്തനങ്ങളും അവരുടെ രാഷ്ട്രീയ മുന്നേറ്റങ്ങളും എന്നും പാശ്ചാത്യരുടെ നിഴലിലാണ് നടന്നിരുന്നത്. ഉസ്മാനിയ്യ ഖിലാഫത്തിനെ നശിപ്പിക്കാന്‍ തുര്‍ക്കിയില്‍ മുസ്തഫ കമാല്‍ പാഷയെ ഇറക്കിയും അതിനു ശേഷം സ്വാതന്ത്രം, വിപ്ലവ ചിന്താഗതി തുടങ്ങിയ ആദര്‍ശങ്ങളോടെ ആഗോളതലത്തില്‍ ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് രിളാ, സര് സയ്യിദ് അഹ്മദ് ഖാന് എന്നിവരുടെ നേതൃത്വത്തില്‍ ചില പരിഷ്കാരങ്ങള്‍ നടന്നു. ഇതെല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരുന്നു.
വഹാബിസത്തിന്റെ സായുധകലാപങ്ങള്‍ ഇസ്ലാമിനകത്ത് മാത്രമായിരുന്നെങ്കില്‍ ഇതരമതസ്ഥരെക്കൂടി കൊന്നൊടുക്കി ദൈവരാജ്യം സ്ഥാപിക്കുക എന്ന കൂടുതല്‍ തീവ്രവാദ ആശയങ്ങളുമായി വന്നത് ഈജിപ്തിലെ ഇഖ്വാനുല്‍ മുസ്ലിമീന് ആയിരുന്നു. ഇഖ്വാനുല്‍ മുസ്ലിമിന്റെ ആശയങ്ങളുമായി ദൈവരാജ്യം സ്ഥാപിക്കാനാണ് 1941 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് മൗദൂദി, ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചത്. ആദര്‍ശ പരമായി ഇബ്നു അബ്ദില്‍ വഹാബിനെയും ഇബ്നു തീമിയ്യയെയും ഇവര്‍ അംഗീകരിച്ചിരുന്നു. ചുരുക്കത്തില്‍ സലഫീചിന്താധാരകളില് നിന്നുണ്ടായ വഹാബികളും മൗദൂദികളും തീവ്രനിലപാടുകളുമായാണ് ഇന്ത്യയിലുമെത്തിയത്. ഇന്ത്യയിലെ വിശിഷ്യ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ മണ്ണ് തീവ്രവാദത്തിന് തീരെ പറ്റിയതല്ലെന്ന് അവര്‍ക്ക് ഉള്‍ക്കൊള്ളേണ്ടി വരികയും പല ആദര്‍ശങ്ങളും മാറ്റിപ്പറയേണ്ടിയും വന്നു. സ്ഥാപക നേതാവായ മൗദൂദിയെ തള്ളാന്‍ പോലും ജമാഅത്തുകള്‍ ഇന്ത്യയില്‍ തയ്യാറായി. ഇടക്കെങ്കിലും ഇവരുടെ തീവ്രനിലപാടുകള്‍ പുറത്തുചാടാറുണ്ട്. ശിര്‍ക്കിന്റെ പേരില്‍ തന്നെ മദീനയിലെ തിരുറൗളയുടെ പച്ചക്കുബ്ബ തകര്‍ക്കുമെന്ന് മലയാളത്തില്‍ പ്രസംഗിച്ചത് ഒരു ഉദാഹരണം. സലഫീ തീവ്രവാദികള്‍ തന്നെ ഈയ്യിടെ മദീനാഹറമില്‍ ബോംബാക്രമണം നടത്തിയത് ഈ സമയത്ത് കൂട്ടിവായിക്കാവുന്നതാണ്.
താലിബാന്, അല്‍ഖ്വയ്ദ, ലക്ഷ്കറെത്വൈബ, ഐസിസ്, ജമാഅത്തു ദഅ്വ തുടങ്ങി ഒരു തീവ്രവാദ സംഘവും സലഫീ ഇസ്ലാമിനെ അല്ലാതെ യഥാര്‍ത്ഥ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ല. (പൂര്‍വ്വ പണ്ഡിതര്‍ എന്നര്‍ത്ഥത്തില്‍ അഹ്ലുസ്സുന്നയുടെ പണ്ഡിതരെ തന്നെ ‘സലാഹ്’ എന്ന് പ്രയോഗിക്കാറുണ്ട്. അവര്‍ക്ക് സലഫീ തീവ്രനിലപാടുകളുമായി ബന്ധമില്ല. മതത്തെ ദുരുപയോഗം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രയോഗം അവര്‍ ഏറ്റെടുത്തത്.)
ഐസിസ് മാനുഷിക പരിഗണകളൊന്നുമില്ലാതെ അതിക്രൂരമായാണ് മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്. ഇറാഖില്‍ അവര്‍ കീഴടക്കിയ ന്യൂനപക്ഷ പ്രദേശങ്ങളിലെ ഖുര്‍ദ്, യസീദി, പാര്‍സി, ക്രൈസ്തവരോട് മൃഗീയമായ ആക്രമണങ്ങളാണ് അവര്‍ നടത്തുന്നത്. താലിബാനും ഇതേ ക്രൂരതകളാണ് മതത്തിന്റെ പേരില്‍ നടത്താറുള്ളത്. പെഷാവറില്‍ 150ഓളം നിഷ്കളങ്ക ബാല്യങ്ങളെ താലിബാന് കൊന്നുതള്ളിയത് മുന്വര്ഷങ്ങളിലാണ്. അവരൊന്നും അമുസ്ലിംകളായിരുന്നില്ല. ലോകമുസ്ലിംകള്‍ ജീവനുതുല്യം സ്നേഹിക്കുന്ന തിരുമദീനയില്‍ ബോംബാക്രമണം നടത്തിയതിലൂടെ ഭീകരവാദികളുടെ ഇസ്ലാമിന്റെ അര്‍ത്ഥമെന്താണെന്ന് ഏറെക്കുറെ ബോധ്യമായിട്ടുണ്ട്.
വഹാബിമൗദൂദി സംഘടനകളുടെ സമീപനത്തിലെ അപകടങ്ങള്‍ കൂടുതല്‍ വെളിവായ ഈ സമയത്ത് വീണ്ടുവിചാരം നടത്താന്‍ പറ്റിയ സന്ദര്‍ഭമാണ്. വിശുദ്ധ ഇസ്ലാം വിഭാവനം ചെയ്യുന്ന അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പവിത്രമായ ആശയസംഹിതയാണ് യഥാര്‍ത്ഥ ഇസ്ലാം. അതിലെവിടെയും ആക്രമണമോ കൊലയോ പ്രോത്സാഹിപ്പിക്കുന്നില്ല. ഒരാളെ അകാരണമായി കൊലചെയ്താല്‍ മാനവകുലത്തെ തന്നെ കൊലചെയ്തപോലെയാണെന്ന് പ്രവാചകന് (സ്വ) പഠിപ്പിച്ചിരിക്കുന്നു.
ഇസ്ലാം വാളുകൊണ്ട് പ്രചരിച്ച മതമല്ല. പേരുപോലെ തന്നെ സമാധാനവും സ്നേഹവും പരസ്പര വിശ്വാസവുമാണ് മതത്തിന്റെ മൂലകല്ല്. ഇസ്ലാമില്‍ അനിവാര്യമായ യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. അതെല്ലാം മറ്റേത് രാജ്യത്തെയും യുദ്ധം പോലെ പ്രധിരോധത്തിന്റെയും രാജ്യസുരക്ഷയുടെയും പേരില്‍ മാത്രമായിരുന്നു. ബദ്റ് ഉള്‍പ്പെടെയുള്ള ഓരോ സൈനികനീക്കങ്ങളുടെയും പശ്ചാത്തലം മനസ്സിലാക്കിയാല്‍ നമുക്ക് കാര്യങ്ങള്‍ പകല്‍വെളിച്ചം പോലെ വ്യക്തമാകും. പ്രവാചകരുടെ ജീവിതകാലത്ത് നടന്ന അനിവാര്യമായ ആ പ്രതിരോധ സമരങ്ങളിലെല്ലാം കൂടി ആയിരത്തി ഒരുന്നൂറില്‍ താഴെ പേര് മാത്രമാണ് ഇരുപക്ഷത്ത് നിന്നുമായി കൊല്ലപ്പെട്ടത്. അതില്‍ 759 പേര് ശത്രുപക്ഷത്തും 255 പേര് മുസ്ലിം പക്ഷത്തും. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം, ചൈനാവിപ്ലവം, ഒന്നും രണ്ടും മഹായുദ്ധങ്ങള്‍, വിയറ്റ്നാം, ഇറാഖ്, കുവൈത്ത്, അഫ്ഗാന്, ഫലസ്തീന് യുദ്ധങ്ങള്‍, മറ്റ് വിപ്ലവങ്ങളിലെല്ലാം കൂടി ജനാധിപത്യ സാക്ഷാത്കാരത്തിനായി പിടഞ്ഞുവീണവര്‍ കോടികള്‍ വരും. ചുരുങ്ങിയത് പത്ത് കോടിയോളം. പട്ടിണിയും ആക്രമവും ഉപരോധകൊലകളും ഹോളോകോസ്റ്റുകളും വേറെയും. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഇസ്ലാമിന്റെ സമാധാനസന്ദേശം നിക്ഷ്പക്ഷ വായനക്കാരന് ബോധ്യപ്പെടും.