2016 OCT NOV Hihgligts അനുസ്മരണം ആത്മിയം ചരിത്ര വായന പഠനം മതം സാഹിത്യം

കുണ്ടൂര്‍ കവിതകള്‍, സബാള്‍ട്ടന്‍ സാഹിത്യത്തിന്‍റെ വഴി

ഉത്തരാധുനിക ഉയിര്‍പ്പുകളില്‍ പ്രധാനമാണ് സബാള്‍ട്ടണ്‍ (ൗയെമഹലേൃി) സാഹിത്യം. അന്‍റോണിയൊ ഗ്രാംഷിയുടെ രചനയില്‍ നിന്നാണ് ഈ പ്രയോഗത്തിന്‍റെ തുടക്കം. ഔപചാരികതയുടെ അതിര്‍ത്തിക്കുള്ളില്‍ പാകപ്പെടുത്തപ്പെട്ടവയല്ല ഭാഷയും ഭാവനയും. ഉപരിവര്‍ഗം അധോവര്‍ഗം എന്നീ മനുഷ്യനിര്‍മ്മിത സീമകളോടുള്ള സംഘട്ടനത്തില്‍ നിന്നാണ് സബാള്‍ട്ടണ്‍ സാഹിത്യം ഉരുവം കൊള്ളുന്നത്. ഭയമില്ലാതെ ഉപയോഗപ്പെടുപ്പെടാനുള്ളതാണ് ഭാഷ എന്ന തിരിച്ചറിവില്‍ നിന്ന് ഈ പ്രവണത പ്രചാരപ്പെട്ടു. ചുരുക്കത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തെക്കുറിച്ച് രചിക്കപ്പെടുന്നവയാണ് അഥവാ അവരാല്‍ രചിക്കപ്പെടുന്നത് എന്നൊക്കെയാണ് ഈ സംജ്ഞ വ്യവഹരിക്കപ്പെടുന്നത്. സന്ദര്‍ഭം, സമയം, സ്ഥലം എന്നിവ അനുസരിച്ച് ആരൊക്കെ അതിന്‍റെ പരിധിയില്‍ വരുന്നു എന്ന് വ്യക്തമാകും. ദളിതര്‍, ഗ്രാമീണര്‍, സ്ത്രീകള്‍, ന്യൂനപക്ഷം, ഭാരിച്ച ജോലിയിലേര്‍പ്പെട്ടവര്‍ തുടങ്ങിയവരുടെ വേദനകളെക്കുറിച്ച് പറയുന്നവയൊക്കെ ഈ സാഹിത്യത്തിന്‍റെ ഭാഗമാണ്.
കുണ്ടൂര്‍ ഉസ്താദും സബാള്‍ട്ടണ്‍ സാഹിത്യവും തമ്മിലെന്ത് എന്ന് വിസ്മയപ്പെടുന്നവരുണ്ടാകും. ആദര്‍ശം കൊണ്ടും ജീവിതം കൊണ്ടും സര്‍ഗ സാഹിത്യം കൊണ്ടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി നിലകൊണ്ടയാളായിരുന്നു ഈ മഹാമനീഷി. കുണ്ടൂരുസ്താദിന്‍റെ രചനകളിലെ അബലരുടെ ഇടം അന്വേഷിക്കുകയാണ് ഈ കുറിപ്പില്‍. കൂടുതലൊന്നും ഉസ്താദ് എഴുതിയിട്ടില്ല. എഴുതിയതൊന്നും ജീവിതകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമില്ല. കാരണം, പ്രസിദ്ധീകരിക്കപ്പെടാന്‍ വേണ്ടി ഒന്നുമെഴുതിയിട്ടില്ല, അക്കാദമിക യോഗ്യതകള്‍ ഒന്നുമില്ല. ഈയര്‍ത്ഥത്തില്‍ വഫാത്തിന്‍റെ പതിനെന്നാം വര്‍ഷത്തില്‍ ചില ഇഷ്ടജനങ്ങളുടെ കൈയില്‍ നിന്ന് ശേഖരിച്ച കവിതാ ശകലങ്ങള്‍ വെച്ചുള്ള ഈ പഠനം തന്നെ ഒരു സബാള്‍ട്ടണ്‍ സാഹചര്യത്തില്‍ നിന്നാണ് ഈ കവിതകള്‍ രൂപപ്പെട്ടിട്ടുള്ളത് എന്ന് തെളിയിക്കുന്നു. അതിനുമപ്പുറം കുണ്ടൂര്‍ക്കവിതകള്‍ സബാള്‍ട്ടണ്‍ ലിട്രേച്ചറിന്‍റെ ഭാഗമാണെന്ന് പറയാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്.
ഒന്ന്. പാവങ്ങളെക്കുറിച്ച് പറയുന്നു.
ഇംഗ്ലീഷ് ക്ലാസിക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ദൈവങ്ങളും രാജാക്കന്മാരും പ്രഭുക്കളും സമ്പന്നരും തുടങ്ങി സമൂഹത്തിലെ ഉപരിവര്‍ഗമാണ്. ഒഡീസിയും ഇലിയഡും പാരഡൈസ് ലോസ്റ്റും ഉദാഹരണം. അവര്‍ പാവങ്ങളെക്കുറിച്ച് പറയാറുണ്ടായിരുന്നില്ല. ഒരുപടി മുന്നിലായിരുന്നു അറബി സാഹിത്യം. അറേബ്യന്‍ കവികളില്‍ പലരും രാജാക്കന്മാര്‍ക്ക് വേണ്ടി പിറന്നവയായിരുന്നു. ജരീറും അഖ്തലും മുതനബ്ബിയുമൊക്കെ മികച്ച ഉദാഹരണങ്ങള്‍. റൊമാന്‍റിക് കാലം മുതലാണ് ഈ പ്രവണതക്ക് മാറ്റം വന്നു തുടങ്ങിയത്. ഇന്നിപ്പോള്‍ കീഴാള സാഹിത്യങ്ങള്‍ ഏറെക്കുറെ ആഘോഷിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് കുണ്ടൂര്‍ക്കവിതകള്‍ പ്രസക്തമാകുന്നത്. കീഴാളന്‍മാരായി സമൂഹം കണക്കാക്കുന്ന പാവങ്ങള്‍ ഇവിടെ വിഷയീഭവിക്കുന്നതായി കാണാം. തലയില്‍ മണല്‍ ചട്ടിയും ചുണ്ടില്‍ വെറ്റിലച്ചുവപ്പും മുഖത്ത് ചെറു പുഞ്ചിരിയുമായി യതീംഖാനയുടെ ഖാദിമായി ഓടി നടന്നിരുന്ന ക്ലാര്യാവ കുണ്ടൂര്‍ക്കവിതയില്‍ വിഷയപ്പെടുന്നത് അങ്ങനെയാണ്.
ബാവബ്നു അഹ്മദ് കുട്ടി മിന്‍ പാലാട്ടില്‍
മിന്‍ ഖാദിമി ദാരില്‍ യതാമാ കുട്ടീ
വയഹ്മിലുല്‍ റംല ബിമില്‍ഇ ചട്ടി.
വല്‍കല്ല വല്‍ഹജറ കദാക മുട്ടി
ലഹു ബ്നതാനി മിന്‍ ഖദീജക്കുട്ടി
വയഅ്കുലുല്‍ ഫൂഫുല ബിലാ മട്ടി
പാലാട്ടില്‍ അഹ്മദ് കുട്ടിയുടെ മകന്‍ ബാവ യതീംഖാനയുടെ സേവകനാണ്.
ചട്ടി നിറയെ മണലും കല്ലും മുട്ടിയും മറ്റു ഭാരങ്ങളും അയാള്‍ വഹിക്കും.
ഖദീജക്കുട്ടിയില്‍ നിന്ന് അവന് രണ്ട് പെണ്‍മക്കളുണ്ട്.
മട്ടില്ലാതെ അടക്ക തിന്നുന്ന സ്വഭാവക്കാരനാണ്.
ഇതിലെന്താണ് കവിത എന്ന് ചോദിക്കുന്നവരുണ്ടാകും.ഉള്ളടക്കം പെരുത്തില്ല എന്നത് ശരി, പക്ഷേ, നിലവിലുള്ള സാമ്പ്രദായിക സാമൂഹ്യ സംസ്കാരത്തോടും കവിതയുടെ പാരമ്പര്യ രീതിശാസ്ത്രത്തോടും ഭാഷയുടെ അതിര്‍വരമ്പുകളോടും ശക്തമായി കലഹിക്കുന്നു എന്ന അര്‍ത്ഥത്തില്‍ വലിയ ചാലകശക്തിയായി വര്‍ത്തിക്കാന്‍ പര്യാപ്തമാണ് ഈ വരികള്‍. വലിയവയെയും വലിയവരെയും പറയാന്‍ എന്നും ആളുകള്‍ നിരവധിയുണ്ടല്ലോ. എന്നാല്‍ ചെറുതുകളെയും ചെറിയവരെയും പറ്റിപറയാന്‍ ആരുമില്ല. ഈ കൊടും മൗനത്തിനിടയില്‍ ഈ കൊച്ചു കവിത ഒരലര്‍ച്ചയായി മാറുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദത്തിന് ഭാഷയുടെ മതില്‍ക്കെട്ടുകളോ വ്യാകരണത്തിന്‍റെ നിയമസംഹിതയോ കാവ്യാത്മകതയുടെ വര്‍ണാഭമായ ഇമേജറികളോ ആവശ്യമില്ല. അദ്ദേഹത്തിന്‍റെ സ്വഭാവം, ജോലി, കുടുംബം തുടങ്ങിയവ ഹൃസ്വവരികളില്‍ ഉസ്താദ് പാടി.
രണ്ട്. അറിയപ്പെടാത്തവരെക്കുറിച്ച് പറയുന്നു
അറിയപ്പെട്ടവരെക്കുറിച്ചാണ് മുഖ്യധാര പറഞ്ഞു കൊണ്ടിരിക്കുന്നത്. സാത്വികരിലും പണ്ഡിതരിലുമൊക്കെ അങ്ങനെത്തന്നെയാണ്. എന്നാല്‍ അറിയപ്പെട്ടവരേക്കാള്‍ ഏറെ മികവും മഹത്വവും ഒക്കെയുള്ള അറിയപ്പെടാത്തവര്‍ എമ്പാടുമുണ്ടാകും. അവരെ വെളിച്ചത്തു കൊണ്ടുവരിക എന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്. അറിയപ്പെടാത്ത പറയപ്പെടാത്ത ചെറിയ വലിയരെക്കുറിച്ചുള്ള ഉസ്താദിന്‍റെ കവിതകള്‍, അത്തരക്കാര്‍ വിസ്മരിക്കപ്പെടുന്നതിനെതിരെയുള്ള ഒരു സമരമുറയാണ്.
വിശ്രുതമായ ഒരു തവസ്സുല്‍ ബൈത്തുണ്ട് ഉസ്താദിന്. നൂറുകണക്കിന് ഔലിയാക്കളെക്കുറിച്ച് അതില്‍ പരാമര്‍ശിക്കുന്നുണ്ട്. അറിയപ്പെട്ടവരും അല്ലാത്തവരുമായ ഒരുപാട് മഹാന്മാര്‍ ഇതില്‍ കടന്നു വരുന്നു. ഇതു പാരായണം ചെയ്യുമ്പോള്‍ ആത്മീയതയുടെ വിശ്വവിഖ്യാതമായ പട്ടണങ്ങളില്‍ നിന്ന് കേട്ടുകേള്‍വി പോലുമില്ലാത്ത ഊരുകളിലേക്കും ഗല്ലികളിലേക്കും സഞ്ചരിക്കുന്നതു പോലെ നിങ്ങള്‍ക്കു തോന്നും. ചിലരുടെയൊക്കെ വലിപ്പം അറിയിച്ചു തരാന്‍ ഇങ്ങനെയുള്ള നുറുങ്ങു വെളിച്ചങ്ങള്‍ മിനുങ്ങേണ്ടത് ചരിത്രത്തിന്‍റെ ഒരനിവാര്യതയായിരിക്കാം. ചില വരികള്‍ ശ്രദ്ധിക്കുക:
വഅലല്‍ ബുകൈരി ഖാമിഇല്‍ അര്‍ദാഇ
ഫീ ചെറിയമുണ്ടം മൗഇലി ന്നുജബാഇ
വശ്ശൈഖി കമ്മുണ്ണി മിനല്‍ കുറ്റൂരി

വസ്വാഹിബില്‍ കൂട്ടായി ദില്‍ ഖുയൂരി
വല്‍ ഹള്റമിയ്യി മന്ദലാംകുന്നില്‍ വലീ
ഇശ്ഫി സ്സഖാമാ റബ്ബനാ ലുഥ്ഫന്‍ അലി
വഅലാ വലിയ്യില്ലാഹി സൈനിദ്ദീനി
ഫീ ഞാവണക്കാടി ബിനുസ്ഹി ദ്ദീനി
വല്‍ ആലിമില്‍ മഖ്ദൂമി കുഞ്ഞന്‍ ബാവ
കല്‍ ആലിമില്‍ കുട്ട്യാമു യാ മന്‍ ആവാ
കമാ റശീദുദ്ദീനി മൂസാന്‍കുട്ടി
വഅലാ വലിയ്യില്ലാഹി കോയാമുട്ടി..
കളളത്വരീഖത്തിനെതിരെ ആദര്‍ശ സമരം നടത്തിയ ചെറിയമുണ്ടം കുഞ്ഞിപ്പോക്കര്‍ മുസ്ലിയാരെയും ബിദ്അത്തിനെതിരെ ശക്തമായി നിലകൊണ്ട റശീദുദ്ദീന്‍ മൂസാന്‍ കുട്ടി മുസ്ലിയാരെയും കര്‍മ്മശാസ്ത്ര വിശാരദനായ കുറ്റൂര്‍ കമ്മുണ്ണി മുസ്ലിയാരെയും ചിലരെങ്കിലും കേട്ടിട്ടുണ്ടാകുമെന്ന് വിചാരിക്കാം. കുട്ട്യാമു, കോയാമുട്ടി, കുഞ്ഞന്‍ ബാവ തുടങ്ങിയവരൊക്കെ ആരാണ്?. ശൈഖ് ജീലാനിയേയും നഫീസത്തുല്‍ മിസ്രിയ്യയേയും അജ്മീര്‍ ഖാജയേയുമൊക്കെ പരാമര്‍ശിക്കുന്ന സുദീര്‍ഘ കവിതയിലാണ് പ്രത്യേകമായ ഓര്‍ഡറുകളൊന്നുമില്ലാതെ ആരാലും അറിയപ്പെടാത്ത എന്നാല്‍ ആത്മീയതയുടെ ആഴങ്ങളറിഞ്ഞ ഈ മഹാ സാത്വികര്‍ കടന്നുവരുന്നത്. എന്നാലും പ്രാസ ഭംഗി നിലനിര്‍ത്താന്‍ കവി നന്നായി ശ്രമിച്ചിട്ടുണ്ട്.
മൂന്ന്. സാധാരണക്കാരന്‍റെ വിഷയങ്ങള്‍ പ്രശ്നവല്‍ക്കരിച്ചു
പാവങ്ങളുടെ പ്രശ്നങ്ങളില്‍ അവിടുന്ന് വ്യഥ പൂണ്ടു. ഘനീഭവിച്ചുനിന്ന ആ ആധിയുടെ മേഘങ്ങള്‍ ബൈത്തായും മാലയായും തിമര്‍ത്ത് പെയ്തു. നെച്ചിക്കാട്ടൗലിയ മാലയീലുടനീളം പാവങ്ങളുടെ വിഷയങ്ങള്‍ കവി പ്രശ്നവത്കരിക്കുന്നതായി കാണാം.
ഞങ്ങളില്‍ പലരും പല ദണ്ണമുള്ളോരാം
ഇവരെ കറാമത്താല്‍ ശിഫ നല്‍ക് യാ അല്ലാ…
ഞങ്ങള്‍ക്ക് ഇല്‍മില്ലാ അമലും ഇഖ്ലാസില്ലാ…
തഖ്വയില്‍ ഞങ്ങളെ ഇവര്‍ ഹഖാല്‍ ആക്ക ല്ലാ…
സന്താനമില്ലാതെ സന്താപമുള്ളോരും
സന്താനമുള്ളോര്‍ക്കും സന്തോഷം നല്‍കല്ലാ…
കടം വന്ന് മോളേറി ബേജാറിലുള്ളോരും
കടങ്ങള്‍ കൂടാതെ നീ വീട്ടിത്താ യാ അല്ലാ…
സാധാരണക്കാരന്‍റെ നിത്യജീവിതത്തിലെ പ്രയാസങ്ങള്‍ നീങ്ങിക്കിട്ടാന്‍ നെച്ചിക്കാട്ടൗലിയയെ തവസ്സുല്‍ ചെയ്യുകയാണ് കുണ്ടൂരുസ്താദ്. മറ്റൊരു കവിതയില്‍ ഇങ്ങനെ കാണാം.
ഹമ്മും വ ഗമ്മും നീക്കണം
ഖറസും വ ബറസ്വും മാറ്റണം
സുമ്മും വ സ്വമമും പോക്കണം
വശ്ഫിസ്സഖാമാ റബ്ബനാ…
കണ്ണും കാതും മേനിയും ഉളളും പുറവും ശുദ്ധിയാവാന്‍ നിരന്തരം തേടിക്കൊണ്ടിരിക്കുന്ന ഒരു അടിയാന്‍റെ വിലാപങ്ങളാണ് ഈ വരികള്‍. എന്നാല്‍ അവയുടെ ശില്‍പചാതുരിക്ക് ഒരു കോട്ടവും തട്ടുന്നില്ല. അതിനു വേണ്ടിയുളള ഒപ്പിക്കലുകള്‍ തീരെയില്ല. വീട്ടുകാര്‍ക്ക് ചെല്ലാന്‍ വേണ്ടി ഉണ്ടാക്കിയ ഈ സുദീര്‍ഘമായ ഈ കവിതയില്‍ തന്‍റെ കുടുംബാംഗങ്ങളും അയല്‍പക്കങ്ങളും സുഹൃദ് ബന്ധങ്ങളുമൊക്കെ കടന്നുവരുന്നുണ്ട്. കുടുംബത്തിലെ ത്വൈബാ എന്ന പെണ്‍കുട്ടി രോഗബാധിതയായ സാഹചര്യത്തിലാണ് ഈ കവിത പിറവിയെടുക്കുന്നത്. അവളെ കുറിച്ച് ഉസ്താദ് പാടുന്നത് കേള്‍ക്കുക.
ത്വൈബാന്‍റെ കണ്ണിനും സുഖം
ത്വൈബാന്‍റെ കാലിനും സുഖം
ത്വൈബാക്ക് എപ്പോഴും സുഖം
ഇശ്ഫിസ്സഖാമാ റബ്ബനാ…
ഈ നാലു വരികള്‍ നമുക്ക് നല്‍കുന്ന പാഠങ്ങള്‍ കുറച്ചൊന്നുമല്ല. കുടുംബ ബന്ധം ചേര്‍ക്കണം. സ്ത്രീകള്‍ പ്രത്യേക പരിചരണം അര്‍ഹിക്കുന്നുണ്ട്. രോഗികളെ നാം നിരന്തരം ശ്രദ്ധിച്ചുകൊണ്ടിരിക്കണം എന്നൊക്കെ പറയാതെ പറയുന്നതോടൊപ്പം ദുആ ശീലിപ്പിക്കുകയും അതുവഴി കുടുംബത്തെ തര്‍ബിയ(സംസ്കരണം) ചെയ്യണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. അതിനുമപ്പുറം പ്രാര്‍ത്ഥനയെ കുറിച്ചുളള കുറെ വിചാരപ്പെടലുകള്‍ക്ക് ഈ നാലു വരികളില്‍ സാധ്യതകളേറെയുണ്ട്.
നാല്. സാധാരണക്കാരന്‍റെ ഭാഷ ഉപയോഗിച്ചു.
വേഡ്സ് വര്‍ത്തിനെപ്പോലുള്ള സാഹിത്യകാരന്മാര്‍ സാഹിത്യലോകത്ത് ആഘോഷിക്കപ്പെടാനുള്ള പ്രധാന കാരണം ക്ലാസിക്കല്‍, നിയോക്ലാസിക്കല്‍ കവിതകളില്‍ നിന്ന് വ്യത്യസ്തമായി കര്‍ഷകന്‍റെയും സാധാരണക്കാരന്‍റെയും ഭാഷ പ്രയോഗിച്ചു എന്നതാണ്. സംവേദനം സാധാരണക്കാരന്‍റെ ഭാഷയിലാകുന്നതിലപ്പുറം വ്യക്തത മറ്റൊന്നിനുമില്ല. എന്നാല്‍ ഇവിടെ ലളിതമലയാളം എന്നതിലുപരി പച്ച മലയാളമാണ് പലപ്പോഴും പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതാവട്ടെ ചിലപ്പോള്‍ അറബി കവിതകളില്‍ പോലും. വികാരത്തിനു മുമ്പില്‍ ഭാഷ ഒരു തടസ്സമായി കൂടാ. അപ്പോള്‍ പരമ്പരാഗതമായി നിര്‍മ്മിക്കപ്പെട്ട പല അലംഘനീയമായ തത്വങ്ങളും ശീലങ്ങളും തകര്‍ക്കപ്പെട്ടേക്കാം. ഭാഷയുടെ മേല്‍ വികാരം ആധിപത്യം നേടുന്ന ഒരു സമരമാണിത്. ഇതു നേരത്തെ പയറ്റിയ ആളാണ് ഉമര്‍ഖാസി(റ). ഇംഗ്ലീഷ് സാഹിത്യത്തിലും ഇതിനുദാഹരണങ്ങള്‍ കണ്ടെത്താം. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആംഗല കവിതയായ ഡാഡിയില്‍ ജര്‍മ്മന്‍ വാക്കുകള്‍ കടന്നുവരാമെങ്കില്‍ കുണ്ടൂരിലെ കവിക്കും അതായിക്കൂടെ? തിരുനബി അറബി കവിതയില്‍ മുത്തുമാണിക്യമായി അവതരിക്കുന്നതും നടേ സൂചിപ്പിച്ച ക്ലാര്യാവയെ കുറിച്ചുളള അറബികവിതയില്‍ മുട്ടിയും ചട്ടിയും കടന്നുവരുന്നതും പച്ച മലയാളത്തിന്‍റെ അഥവാ സാധാരണക്കാരന്‍റെ ഭാഷയുടെ വിജയമാണ്.
അഞ്ച്. പാവങ്ങളുടെ അവകാശങ്ങള്‍ക്കായി നില കൊണ്ടു.
പാവങ്ങളുടെ അത്താണിയായിരുന്നല്ലോ എന്നും കുണ്ടൂര്‍ ഉസ്താദ്. അവര്‍ക്ക് വേണ്ടി പലപ്പോഴും ഒരു ശുപാര്‍ശകനായി ഓടി നടക്കുകയും ചിലപ്പോള്‍ ശുപാര്‍ശകവിതകള്‍ രചിക്കുകയും ചെയ്തു. സുബൈര്‍ എന്ന പാവപ്പെട്ട അനാഥകുട്ടിക്ക് മര്‍ക്കസില്‍ അഡ്മിഷന്‍ ലിഭിക്കാന്‍ ഉസ്താദിനോട് സഹായം തേടിയപ്പോള്‍ സി. ഫൈസിക്ക് ഒരു ചെറുകവിത എഴുതിക്കൊടുത്തു..
സുബൈറു പ്രീഡിഗ്രി ഹുവല്‍ മുക്കിയു
ഖദ് ബാശറല്‍ ഗൗസിയ്യത്താ മര്‍ളിയ്യു
അദ്ഖില്‍ഹു ബിസ്വിദ്ഖി ഹുവല്‍ ഹരിയ്യു
ലാ തസ്അലന്‍ ഹുല്‍ ഫീസ യാ ഉഖയ്യു
ഇല്ലാ ബി നിസ്വഫിന്‍ മാലഹു നസ്വീറു.
ഇല്ലാ അഖൂഹു ഫര്‍ള യാ ഫയ്ളിയ്യു.
മുക്ക(ത്തു)ക്കാരന്‍ സുബൈര്‍ പ്രീഡിഗ്രിയില്‍ എത്തിയിരിക്കുന്നു. ഗൗസിയ്യയിലാണ് പഠിച്ചിരുന്നത്. നല്ല കുട്ടിയാണ്. അവന് നല്ലമട്ടത്തില്‍ അഡ്മിഷന്‍ കൊടുക്കണം. അവന്‍ അതിനു പോന്നവനാണ്. പിന്നെയ്, പകുതി ഫീസൊക്കെ മാത്രമേ ചോദിക്കാവൂ. യത്തീമാണ്. ഒരു സഹോദരന്‍ മാത്രമേ സഹായിക്കാനായിട്ടു ളളൂ. അതുകൊണ്ട് എന്‍റെ കൊച്ചനുജനായ ഫൈസീ, ആ പകുതി കൊണ്ടങ്ങ് തൃപ്തിപ്പെട്ടേക്കണം…
നോക്കൂ ഒരു പ്രീഡിഗ്രിക്കാരന്‍റെ-അനാഥയുടെ- കാര്യം വലിയൊരു ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ് ഇവിടെ. അതിനുവേണ്ടി ഏറ്റവും വിനയമുളള ഭാഷയില്‍ ലളിതമായൊരു കവിത വിരിയിച്ചിരിക്കുന്നു. സ്കൂളിലെ/കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഈ കുറിപ്പുകാരന്‍റെ ആവശ്യങ്ങള്‍ക്കു വേണ്ടി പോലും ആ പേന പലതവണ ചലിച്ചിട്ടുണ്ട്.
ആറ്. അക്രമിക്കപ്പെട്ടവന്‍റെ പക്ഷത്തുനില്‍ക്കുന്നു,
അക്രമിയോടുള്ള രോഷം അറിയിക്കുന്നു. ഈമാനിക സ്നേഹത്തില്‍ നിന്നുള്ള സഹതാപവും രോഷവുമാണത്. മര്‍ദ്ദിതന്‍റെ കൂടെ നില്‍ക്കുക എന്ന തത്ത്വത്തില്‍ നിന്നാണ് സാമ്രാജ്യത്ത്വ ശക്തികളായ അമേരിക്ക ഇറാഖില്‍ നടത്തിയ അധിനിവേശത്തിനെതിരെ കുണ്ടൂരുസ്താദ് കവിതയിലൂടെ രോഷാകുലനായത്.
വയദ്ഫഉല്‍ ളല്ലാമ ഫീ അംരീക്ക
വയന്‍സുറുല്‍ മള്ലൂമ ലാ തഫ്രീഖാ
വഹാബികള്‍ മുത്ത് നബിയുടെ പച്ചഖുബ്ബ തകര്‍ക്കുമെന്ന് വ്യാമോഹം വിളമ്പിയപ്പോള്‍ ആ ആഷിഖിന്‍റെ മനസ്സ് നീറി. അവരോടുള്ള രോഷം തന്‍റെ വരികളില്‍ രോക്ഷാഗ്നിയായി.
ഹാതി യാ വഹാബി മന്‍ മിസ്ല അഹ്മദാ
ലാ ലാ വന്‍ തജിദാ അക്മല അബ്ഹാ വലന്‍ തലിദാ
അന്യന്‍റെ സമ്പത്ത് അന്യായമായി അധീനപ്പെടുത്തിയ വ്യക്തിയോട് കവിതയിലൂടെ കവി കലഹിച്ചു.. വിനയാന്വിതമായ ആ തൂലികയില്‍ നിന്ന് തീ പാറുന്നത് കാണുക.
സമ്അനാ മിനല്‍ ഇഖ്വാനി ഫീ അംറി ബൈതി മന്‍
ലഹൂ ഉല്‍ഖത്തുന്‍ ഫില്ലാഹി ബില്‍ അഖ്ദി മുജ്ബിറാ
അഖൂലു ലഹു ലാ തഅ്ഖുദന്ന നസ്വീഹത്തന്‍
വഇല്ലാ ഫതുഅ്ഖദ് ബിന്നവാസ്വീ വതുഖ്ബറാ

പാവങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നവരെ ശാക്തീകരിക്കുക എന്നതായിരുന്നൂ കൂണ്ടൂരുസ്താദ് നിര്‍വഹിച്ച മറ്റൊരു മാനവ ധര്‍മം. യതീമുകളെ സംരക്ഷിക്കുകയും, വിധവകള്‍ക്കും പാവപ്പെട്ടവര്‍ക്കും അത്താണിയാവുകയും ചെയ്തു. കുണ്ടൂരുസ്താദിന്‍റെ പ്രാര്‍ത്ഥനയും പ്രചോദനവും നമ്മുടെ സംഘശക്തിയുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ടെന്ന് നമുക്ക് തീര്‍ച്ചപ്പെടുത്താം.

ഫൈസല്‍ അഹ്സനി രണ്ടത്താണി

Leave a Reply

Your email address will not be published. Required fields are marked *