സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ അല്ലാഹു മനുഷ്യന് നല്കിയ മഹത്തായ അനുഗ്രഹമാണ് നാവ്. പ്രഥമദൃഷ്ട്യാ വലിപ്പത്തില്‍ വളരെ ചെറുതെങ്കിലും നാവിന്റെ വിപത്തും വിനാഷവും ഏറെ വലുതാണ്. വിശ്വാസിയുടെ ജീവിതചര്യകളെയും മാര്‍ഗങ്ങളെയും വിശദമായി ചര്‍ച്ചചെയ്യുന്ന ഇമാം ഗസ്സാലി(റ) വിന്റെ വിശ്വവിഖ്യാത ഗ്രന്ഥമായ ഇഹ്യാ ഉലൂമുദ്ദീനില്‍ നാവിന്റെ വിപത്തിനെ ചൊല്ലിയുള്ള ചര്‍ച്ച ആരംഭിക്കുന്നത് തന്നെ ജീവിതത്തിലെ വിജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്ന ഈമാനും കുഫ്റും അനാവൃദമാക്കുന്നതില്‍ നാവിന്റെ സ്വാധീനം ശക്തമാണെന്ന് ഓര്‍മ്മപ്പെടുത്തിയാണ്.
നാവിന്റെ സ്വാധീന ശക്തി
നാവിന്റെ സഞ്ചാരമണ്ഡലം സുദീര്‍ഘവും വിശാലവുമാണ്. മുതിര്‍ന്ന ഒരു ജിറാഫിന്റെ നാക്കിന് 45 സെന്റിമീറ്ററോളം നീളമുണ്ട്. മരച്ചില്ലകളില്‍ നിന്ന് ഇല പറിച്ചെടുക്കാനുതകും വിധം വഴക്കമുള്ളതും ശക്തവുമാണത്. നീല തിമിംഗലത്തിന്റെ നാക്കിന് ഒരു ആനയോളം ഭാരം വരുമെന്നാണ് ശാസ്ത്രമതം. എന്നാല്‍ ഇവയുടെ നാക്കിന്റെ വലിപ്പം, ഭാരം, ബലം എന്നിവയോടുള്ള താരതമ്യത്തില്‍ മനുഷ്യന്റെ നാവ് ഏറെ ചെറുതും ലോലവുമാണ്. എന്നിരുന്നാലും അതിന്റെ ശക്തി അപാരമാണ്. അത് കൊണ്ട് തന്നെ ശിഥിലമാകുന്ന കുടുംബബന്ധങ്ങളിലും, പറിച്ചുമാറ്റപ്പെടുന്ന സൗഹൃദങ്ങളിലും, മനുഷ്യകുലത്തെ ഉന്മൂലനം ചെയ്യപ്പെടുന്ന യുദ്ധങ്ങളില്‍ വരെ നാവ് എയ്ത് വിട്ട കൂരമ്പുകള്‍ വില്ലനാവുന്നത് കാണാം. ജീവിതത്തിലെ അശ്രദ്ധമൂലം പുല്‍മേടിലേക്ക് തെറിച്ചുവീഴുന്ന തീപാളികള് വലിയകാടുകള് വെണ്ണീരാക്കാന് നിധാനമാവും പോലെയാണ് മനുഷ്യന്റെ നാവും.
മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകളിലും നാവ് അതിന്റെ സ്വാധീനം അടയാളപ്പെടുത്തുന്നുണ്ട്. നല്ല സംസാരം എത്രയോ ജീവന് രക്ഷിക്കുന്നു. വാചാലത കൊണ്ട് മനുഷ്യന് അനേകായിരം ഭാഷകള്‍ സംസാരിക്കുന്നതിനെ ഖുര്‍ആന്‍ അടിവരയിടുന്നത് നോക്കുക.’ആകാശഭൂമികളിലുള്ള സൃഷ്ടിപ്പും നിങ്ങളുടെ ഭാഷകളിലും വര്ണ്ണനകളിലുമുള്ള വ്യത്യാസവും അവന്റെ അത്ഭുതങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ച, ചിന്തിക്കുന്നവര്‍ക്കതില്‍ ദൃഷ്ടാന്തമുണ്ട്’.(ഖുര്‍ആന്‍ 30:22)
ആരെയും അരിഞ്ഞുവീഴത്താന് പ്രാപ്തിയുള്ള മൂര്‍ച്ചയേറിയ വജ്രായുധമാണ് നാവ്. ഉരുവിടുന്ന വാക്കുകളിലെല്ലാം വിഷം പുരട്ടി, ലഭിക്കുന്ന അവസരങ്ങളിലെല്ലാം അപരന്റെ ഹൃദയത്തെ വ്രണപ്പെടുത്തി നാവ് അതിന്റെ പ്രഹരശേഷി ഉപയോഗപ്പെടുത്തും. അഥവാ, വിശ്വാസി ചെയ്ത് കൂട്ടുന്ന സുകൃതങ്ങളെ മുഴുവന്‍ ഇല്ലായ്മ ചെയ്യാന്‍ ശക്തിയുറ്റ സംഹാരായുധമാണ് അവന്റെ നാവ്.
സംവിധാനത്തിലെ യുക്തി
അല്ലാഹുവിന്റെ ഉത്കൃഷ്ട സൃഷ്ടിയായ മനുഷ്യനില്‍ അല്ലാഹു നാവ് സംവിധാനിച്ചത് തന്നെ അതിനെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നുണ്ട്. അടച്ചിട്ട വാതില്‍ പാളികള്‍ പോലെ രണ്ട് ചുണ്ടുകള്‍ നല്കി. നീണ്ട രണ്ട് നിര പല്ലുകള്‍ മതിലുകള്‍ കണക്കെ ചേര്‍ത്ത് വെച്ച് അതിനകത്താണ് അല്ലാഹു നാവിനെ സംവിധാനിച്ചത്. അഥവാ അനിവാര്യഘടകങ്ങളില്‍, നല്ലതേ ഭവിക്കൂ എന്ന് തീര്‍ച്ചയുള്ള കാര്യങ്ങളില്‍, അതീവ സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടതാണ് നമ്മുടെ നാവെന്നര്ത്ഥം. നാവിന്റെ പ്രഹരശേഷി ഓര്‍മ്മിപ്പിച്ച് മുത്ത്നബി പറയുന്നത് നോക്കുക. ആരെങ്കിലും അല്ലാഹുവിലും അന്ത്യനിലത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന് നല്ലത് പറയട്ടെ അല്ലെങ്കില്‍ മൗനം ദീക്ഷിക്കട്ടെ.
ഒരിക്കല്‍ വിജ്ഞാന സദസ്സിലിരിക്കെ മുത്ത്നബി അവിടുത്തെ അനുചരവൃന്ദത്തോട് ചോദിച്ചു. പാപ്പരായവന്(തുലഞ്ഞവന്‍) ആരെന്ന് നിങ്ങള്‍ക്കറിയുമോ? ‘കാശും ചരക്കും ഇല്ലാത്തവനാണ് ഞങ്ങളുടെ കൂട്ടത്തില്‍ പാപ്പരായവന് എന്ന് സ്വഹാബത്ത് പ്രത്യുത്തരം നല്കി. തിരുമേനി പറഞ്ഞു. എന്റെ സമുദായത്തിലെ പാപ്പരായവന് അന്ത്യനാളില്‍ നമസ്കാരം, നോമ്പ്, സകാത്ത് എന്നീ ആരാധനകളുമായി വരുന്നവരാണ്. അതോടൊപ്പം അവന് ഇവനെ അസഭ്യം പറഞ്ഞിരിക്കും, ഈ ലോകത്ത് അവരെ സംബന്ധിച്ച് വ്യാജ ആരോപണങ്ങള്‍ നടത്തിയിരിക്കും, മറ്റൊരുത്തന്റെ ധനം അപഹരിച്ചിരിക്കും, അങ്ങനെ അവനില്‍ നിന്ന് പ്രതികാരനടപടി എടുക്കുകയും അവന്റെ നന്മകള് മറ്റുള്ളവര്‍ക്ക് വീതിച്ച് നല്‍കുകയും ചെയ്യും. അത്കൊണ്ടും തികഞ്ഞില്ലെങ്കില്‍ ഇയാള്‍ ആരെയാണോ അക്രമിച്ചത് അവരുടെ തിന്മകള് തിരിച്ച് നല്കിയ ശേഷം നരകത്തിലേക്ക് എടുത്തെറിയുന്നതാണ്.
മനുഷ്യശരീരത്തിലെ അവയവങ്ങളില്‍ ഏറ്റവും കൂടുതല്‍ തെറ്റുപിണയുന്നത് നാവിലൂടെയാണ്. അതിന്റെ ചലനം അനായാസം നടക്കുന്നു എന്നാണതിന്റെ കാരണം. ഒരു വാക്ക് ഉച്ചരിക്കാന്‍ എഴുപത് ഞരമ്പുകളും മറ്റു ആന്തരികാവയവങ്ങളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ നാം നാവടക്കി ജീവിതവിജയം കൈവരിക്കാന്‍ സന്നദ്ധരല്ല. മുത്ത്നബി പറയുന്നു. ‘ഒരാളുടെ സംസാരം അധികരിച്ചാല്‍ പാപം അധികരിക്കും, പാപം അധികരിച്ചവന്റെ ഹൃദയം ചത്ത്പോകും. ഹൃദയം മൃതിയടഞ്ഞാല്‍ നരഗാഗ്നിയില്‍ പതിക്കും.’ മറ്റൊരു ഹദീസില്‍ മൗനം ദീക്ഷിക്കുന്നവര്‍ക്ക് സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നു. നബി(സ്വ) പറയുന്നു. രണ്ട് താടിയെല്ലുകള്‍ക്കിടയിലും രണ്ട് കാലുകള്‍ക്കിടയിലുമുള്ള അവയവത്തെ അനാവശ്യമായി ഉപയോഗിക്കില്ലെന്ന് എനിക്കാര് ജാമ്യം നില്ക്കുന്നുവോ ന് ഞാന്‍ സ്വര്‍ഗം കൊണ്ട് ജാമ്യം നില്ക്കും. (ബുഖാരി)
മനുഷ്യന്റെ മഹത്വങ്ങള്‍ തീരുമാനിക്കുന്നതിലും വ്യക്തിത്വം നിര്‍ണ്ണയിക്കുന്നതിലും നാവിന്റെ പങ്ക് പ്രധാനമാണ്. ഇസ്ലാമിക ചരിത്രത്തില്‍ ലെ പൂര്വികരല്ലാം നാവിനെ സൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധചെലുത്തിയവരായിരുന്നു. സ്വിദ്ദീഖ്(റ) തന്റെ നാവിനെ കൈകൊണ്ട് പുറത്തേക്ക് വലിക്കുന്നത് കണ്ട ഉമര്‍(റ) കാരണമന്വേഷിച്ചു. ഉടന്‍ അവിടുന്ന പറഞ്ഞു. ഈ നാവാണ് സകല നാശങ്ങള്‍ക്കും നിദാനം. ജീവിതത്തില്‍ ഏറെ സൂക്ഷ്മത പാലിച്ച ഇതേ സ്വിദ്ധീഖ് ്(റ) തന്നെ സംസാരിക്കാതിരിക്കാന്‍ വായില്‍ കല്ല് വെച്ച് നടന്നിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. സംസാരത്തിലെ എടുത്തുചാട്ടം കാപട്യമായാണ് പരിചയപ്പെടുത്തുന്നത്. ‘സത്യവിശ്വാസിയുടെ നാവ് ഹൃദത്തിന് പിറകിലാണ്. അവന് ആദ്യമായി ചിന്തിക്കുകയും രണ്ടാമതായി സംസാരിക്കുകയും ചെയ്യുന്നു. കപടവിശ്വാസിയുടെ നാവ് ഹൃദയത്തിന് മുന്നിലാണ്. അവന് ആദ്യം സംസാരിക്കുകയും ശേഷം (അതിന്റെ ഭവിഷത്തുകളെ കുറിച്ച്) ചിന്തിക്കുകയും ചെയ്യുന്നു. ത്വാഊസുല്‍ യമാനി(റ) പറയുന്നത് നോക്കുക. എന്റെ നാവ് ഒരു ക്രൂര ജന്തുവാണ്. ഞാനതിനെ അഴിച്ചു വിട്ടാല്‍ എന്നെ അത് ഭക്ഷിക്കും.
മനുഷ്യ ജീവിതത്തിന്റെ വിജയപാതകളെ വരച്ചുകാണിച്ച നബി(സ്വ) പറയുന്നു. ഓരോ ദിവസവും പ്രഭാതമാകുമ്പോള്‍ എല്ലാ അവയവങ്ങളും നാവിനോടിങ്ങനെ കേണപേക്ഷിക്കുന്നു; ഞങ്ങളുടെ കാര്യത്തില്‍ സൂക്ഷ്മത പാലിക്കണേ. ഞങ്ങള്‍ നേര്‍വഴി പ്രാപിക്കുന്നതും വഴി പിഴക്കുന്നതും നിന്നെ ആശ്രയിച്ചാണ്. നാവിനെ നിയന്ത്രിച്ച് മുക്തി പ്രാപിക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്.
ശഹീദ് കാവനൂര്‍