കോളനിവല്‍കൃത മുസ്ലിം കേരളത്തില്‍ ആലിമീങ്ങള്‍ക്ക് സ്വന്തമായൊരു നിലനില്‍പ്പ് സാധ്യമായപ്പോഴാണ് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകൊണ്ടുവരാനുള്ള സംഘടിതമായ ശ്രമം തുടങ്ങിയതും ദഅ്വാ കോളേജുകള്‍ ആരംഭിച്ചതും. പുഷ്കലമായ ഗതകാല മുസ്ലിം നാഗരികതയുടെ ചരിത്രം ആവര്‍ത്തിക്കാനാകുമോ എന്നതാണ് ഇന്ന് ദഅ്വാ കോളേജുകള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. അറിവ് മതത്തിന്‍റെ ജീവനാണ്. അറിവിനെ രണ്ടായി ഭാഗിക്കേണ്ട ആവശ്യമില്ല. ഭൗതികം മതപരം എന്നിങ്ങനെ ചേരിതിരിവ് അറിവ് മതത്തിന്‍റെ ജീവനാണ് എന്നതില്‍ നിന്നും വ്യക്തമാകുന്നില്ല. അറിവിനെ രണ്ടായി തിരിച്ചു കാണുന്ന സമീപനത്തെ ‘ദ്വിമുഖ ദുരന്തം’ എന്നാണ് ഇമാം ഗസ്സാലി(റ) പരാമര്‍ശിച്ചത്. മത ഭൗതിക വിദ്യാര്‍ത്ഥികള്‍ ഭിന്നധ്രുവങ്ങളില്‍ സഞ്ചരിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ അത് ആധുനികതയുടെ അതിപ്രസരം മൂലം വിസ്മൃതിയിലുമായി. മറിച്ച് മതവും ഭൗതികവും പഠിക്കേണ്ട അവസ്ഥയിലേക്ക് സാഹചര്യം മാറിക്കഴിഞ്ഞു. ഇത്തരത്തിലുള്ള ഒരു പശ്ചാത്തലത്തിലാണ് കേരളത്തില്‍ ദഅ്വാ കോളേജുകള്‍ക്ക് ജീവന്‍ വെക്കുന്നത്. ഇന്നും എന്നും ദഅ്വാ കോളേജുകളെ കൊണ്ട് ലക്ഷ്യമാക്കുന്ന ഇസ്ലാമിക ആദര്‍ശം സത്യത്തെ ചൂണ്ടിക്കാട്ടുക എന്നതാണ്. അതിനു വേണ്ടിയാണ് ദഅ്വകളില്‍ സമന്വയ വിദ്യാഭ്യാസം കൊണ്ടു വന്നത്. ഓറിയന്‍റിലിസ്റ്റുകളും, നവോത്ഥാന വാദികളും പാരമ്പര്യ ഇസ്ലാമിനെ വികലപ്പെടുത്തിക്കൊണ്ടിരുന്നു. അതിനെ ചെറുക്കാന്‍ കഴിവുള്ളവര്‍ നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്നില്ല. മതം പറയുന്നവര്‍ക്ക് ഭൗതികം പറയാനാവുന്നില്ല. നേരെ മറിച്ചും. എന്നാല്‍ ഇന്ന് ദഅ്വാ വിദ്യാര്‍ത്ഥികള്‍ ധാര്‍മ്മികമായി പഠിച്ചു മുന്നേറുകയാണ്. ഖുര്‍ആനും ഹദീസും പഠിക്കുന്നതോടൊപ്പം സയന്‍സും, സൈക്കോളജിയും, സോഷ്യോളജിയും, മാനവിക വിഷയങ്ങളും തെരഞ്ഞെടുത്തു കൊണ്ട് ഈ വിദ്യാര്‍ത്ഥിക്ക് ഖുര്‍ആനും, ഹദീസും കൂടെ പിടിച്ച് മറ്റു വിഷയങ്ങള്‍ ഗവേഷണം ചെയ്യാന്‍ സാധിക്കും. ശാസ്ത്രത്തിന്‍റെ ബാലപാഠം പോലും അറിയാതെ ഖുര്‍ആനിലെ ശാസ്ത്രം കണ്ടെത്താന്‍ ശ്രമിക്കുന്നവരുണ്ട്. അതു ശരിയല്ല. മത പഠനത്തോടൊപ്പം വ്യത്യസ്ഥ വിഷയങ്ങള്‍ പഠിക്കുന്ന ദഅ്വാ വിദ്യാര്‍ത്ഥിക്ക് അതിനു കഴിയുമെന്നത് ഉറപ്പാണ്. ഒരു മത വിദ്യ അഭ്യസിക്കുന്ന വിദ്യാര്‍ത്ഥി നേടേണ്ട എല്ലാ വിജ്ഞാനശാഖകളിലും അവകാഹം നേടിയാണ് മത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. അതിനു പുറമേ ഭൗതിക തലത്തില്‍ ഡിഗ്രിയും, പി ജി യും സമ്പാദിച്ച് സമൂഹത്തിലെ പ്രവര്‍ത്തന മണ്ഡലങ്ങളിലേക്ക് ഇറങ്ങുന്നവര്‍ ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നില്ല. നമ്മുടെ പൂര്‍വ്വികരായ ഇമാമുകളും, പണ്ഡിതന്മാരും ഇല്‍മ് തേടിപ്പോയത് പോലെ അവരും നാടു വിടുകയാണ്. യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഭൗതികവും യമന്‍, ഈജിപ്ത്, തുര്‍ക്കി, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് മത വിദ്യയും അഭ്യസിക്കാനാണ് അവര്‍ താല്‍പര്യപ്പെടുന്നത്. ഏതൊരു വിദ്യാര്‍ത്ഥിയുടേയും മൈന്‍റില്‍ നിലനില്‍ക്കേണ്ടത് ഗവേഷണ ത്വരയാണ്. ഗവേഷണ ത്വരയെ സൃഷ്ടിച്ചെടുത്താല്‍ സമൂഹത്തേയും സ്ഥാപനങ്ങളേയും ചലനാത്മകമാക്കാന്‍ സാധിക്കും. ഇന്നത്തെ മൂല്യശോഷണത്തിന്‍റെ മര്‍മ്മം ഗവേഷണം അസ്തമിച്ചു എന്നതാണ്. മുസ്ലിം സമൂഹം പിന്നോട്ടടിക്കാന്‍ കാരണമായതും ഇതു തന്നെയാണ്. ഇങ്ങനെ ചലനാത്മക സമൂഹത്തില്‍ ഒരു ചലനത്തെ സൃഷ്ടിച്ചെടുക്കാന്‍ ഉത്തമ മാതൃകക്കാര്‍ ദഅ്വാ വിദ്യാര്‍ത്ഥികളാണ്. ഇന്ത്യയിലെ പ്രശസ്ത കലാലയങ്ങളിലും തലപ്പാവുകാരികളായ ദഅ്വാ സാന്നിധ്യം സ്തുത്യര്‍ഹമാണ്. പാരമ്പര്യ അറബിക് ഭാഷാ ഗവേഷണങ്ങളില്‍ നിന്നും മാറി സയന്‍സ്, സൈക്കോളജി തുടങ്ങിയ തസ്തികകളില്‍ ഗവേഷകര്‍ അധികരിക്കേണ്ടതുണ്ട്. അക്കാഡമിക് ജാട മൂടി നില്‍ക്കുന്ന സമൂഹത്തിനു മുമ്പില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ മതത്തിലും ഭൗതികത്തിലും ഒരു പോലെ പി എച്ച് ഡി ചെയ്യുന്ന പണ്ഡിതന്മാരെയാണ് സമൂഹത്തിന് ആവശ്യം. ഇസ്ലാമിനെതിരെയുള്ള രാഷ്ട്രീയാക്രമങ്ങളേക്കാളും ഭീകരമാണ് ഭൗതികാക്രമണങ്ങള്‍. പടിഞ്ഞാറിന്‍റെ മുഴുവന്‍ സന്നാഹങ്ങളും ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത,് ഇസ്ലാമിനെ മലിനപ്പെടുത്തി വ്യാഖ്യാനിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ്. ഓറിയന്‍റലിസം എന്ന നാമത്തില്‍ നല്ല പിള്ള ചമഞ്ഞു നടക്കുന്നവര്‍ മുഴുവന്‍ മേഖലകളിലും ഭൗതികാക്രമണങ്ങള്‍ നടത്തികഴിഞ്ഞു. മുസ്ലിം പണ്ഡിതന്മാര്‍ക്ക് പ്രതിരോധിക്കാനോ എതിരാക്രമണം നടത്താനോ ആകുന്നില്ല. ഈ പ്രവണത തുടര്‍ന്നാല്‍ തെറ്റിദ്ധാരണകള്‍ മാത്രം അവശേഷിക്കുന്ന ഒരു ഇസ്ലാം മാത്രമേ ഇവിടെ നിലനില്‍ക്കൂ. പടിഞ്ഞാറിനെ പ്രതിരോധിക്കാന്‍ പ്രാപ്തരായ യുവ പണ്ഡിതന്മാര്‍ അനിവാര്യമായി വരികയാണ്. ഇത്തരം കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന ഒരു പാഠശാലയാണ് ദഅ്വാ കോളേജുകള്‍. ഇന്‍റര്‍നാഷണല്‍ ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ എഴുതിയും ഇസ്ലാമിക വിരോധികളോട് വാദിച്ചും ശരിയായ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ദഅ്വാ വിദ്യാര്‍ത്ഥികള്‍ താത്പര്യം കാണിക്കുകയും അതിനു വേണ്ടിയുള്ള പരിശീലനം ദഅ്വാ സിലബസുകളില്‍ ഉള്‍കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. ഈയിടെ ജാമിയ മില്ലിയ്യയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫ്രന്‍സില്‍ കേരളത്തില്‍ പ്രചാരമുള്ള മാലകളെ കുറിച്ച് പേപ്പര്‍ അവതരിപ്പിച്ചത് ഒരു ദഅ്വാ വിദ്യാര്‍ത്ഥിയാണ്. വത്തിക്കാനില്‍ നടത്തിയ കോണ്‍ഫ്രന്‍സില്‍ വരെ നമ്മുടെ വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മതപരമായ ചിഹ്നങ്ങളെ വിവരമില്ലായ്മയുടെ ലക്ഷണമായി വ്യാഖ്യാനിച്ചിരുന്ന അല്‍പന്മാര്‍ക്ക് ദഅ്വാ വിദ്യാര്‍ത്ഥികള്‍ വിരാമമിട്ടു. തലപ്പാവണിഞ്ഞു കൊണ്ട് ശുഭ്ര വസ്ത്രധാരികളായി കാമ്പസുകളിലേക്ക് ദഅ്വാ വിദ്യാര്‍ത്ഥികള്‍ കയറിച്ചെല്ലുമ്പോള്‍ “എന്താ മൗലൂദിന് വന്നതാണോ?” എന്ന പരിഹാസ ചോദ്യം ചോദിക്കുന്നവര്‍ ദഅ്വാ വിദ്യാര്‍ത്ഥികളെ വിലയിരുത്തിയത് ഒന്നും അറിയാത്ത പള്ളിയുടെ മൂലയില്‍ ചടഞ്ഞിരിക്കുന്നവരാണ് എന്നാണ് ചിന്ത. എന്നാല്‍ ഈ അല്‍പന്മാരെ അറിയപ്പെട്ട കാമ്പസുകളില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടുകയില്ല. ഉള്ളവര്‍ തന്നെ അറബിക് കോളേജിന്‍റെ ഓരം പറ്റി അറബിക് ഡിപ്പാര്‍ട്ടുമെന്‍റില്‍ മാത്രം ഒതുങ്ങിക്കൂടേണ്ട അവസ്ഥ. എന്നാല്‍ കേരളീയ വിദ്യാര്‍ത്ഥികള്‍ ലോകത്ത് ലഭ്യമായ വിജ്ഞാനങ്ങളെല്ലാം സമ്പാദിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് ലോകത്ത് തലയെടുപ്പോടെ നിലനില്‍ക്കുന്ന ഒരുപാട് റിസര്‍വ്വ് സെന്‍ററുകളില്‍ പോലും ഇന്ന് മുസ്ലിം പണ്ഡിതരുടെ മാലകളും മൗലിദുകളും കവിതകളും ഗദ്യങ്ങളുമെല്ലാം ചര്‍ച്ചക്കിടവരുത്തി.അവയെല്ലാം സ്ഥാനം പിടിച്ചത് ദഅ്വാ വിദ്യാര്‍ത്ഥികളുടെ പരിശ്രമമാണ്. എന്നാല്‍ ദഅ്വാ കോളേജുകള്‍ ഇവിടെ ഉണ്ടായിരുന്നില്ലെങ്കില്‍ ഇങ്ങനെയൊരു മാറ്റം ഇവിടെ സാധ്യമല്ലായിരുന്നു. ദഅ്വാ കോളേജുകളുടെ
ആഗമനം മതപഠനം മാത്രം ലഭ്യമായിരുന്ന പള്ളി ദര്‍സുകളിലേക്ക് വിദ്യാര്‍ത്ഥികളെ കിട്ടാതെ വന്നു. ഈ ഘട്ടത്തില്‍ മതത്തിന്‍റെ ജീവവായുവായ വിജ്ഞാനത്തെ ഭൗതികം, മതം എന്ന് വേര്‍തിരിക്കാതെ സജീവമായി നിലനിര്‍ത്താനുള്ള ചര്‍ച്ചകള്‍ നടന്നു തുടങ്ങി. അങ്ങിനെയിരിക്കെ 1973 ല്‍ നിലവില്‍ വന്ന ടടഎ അതിന്‍റെ 1983 ല്‍ 10-ാം വാര്‍ഷികം കോഴിക്കോട് വെച്ച് നടത്തുകയുണ്ടായി. അതില്‍ സംഘടനയില്‍ പുതിയ നേതൃത്വത്തെ തിരഞ്ഞപ്പോള്‍ മതവും ഭൗതികതയും സമന്വയിച്ചവരെ കാണുന്നില്ല. മതം പഠിക്കുന്നവര്‍ മതത്തില്‍ മാത്രം, ഭൗതികം പഠിക്കുന്നവര്‍ ഭൗതികം മാത്രം. ഇതിന് അറുതി വരുത്താന്‍ വേണ്ടി കൂടുതലായി ചര്‍ച്ച നടത്തി. എന്നാല്‍ അവര്‍ ഇതര ഭാഗങ്ങളിലായി ആര്‍ട്സ് കോളേജുകള്‍ ആരംഭിച്ചു. ലക്ഷ്യ പൂര്‍ത്തീകരണത്തിനുവേണ്ടി 1986 ല്‍ ഇസ്ലാമിക് സര്‍വ്വീസ് സെന്‍റര്‍ അഥവാ മജ്മഅ് ദഅ്വത്തില്‍ ഇസ്ലാമിയ്യ എന്ന ഒരു സംഘം രൂപീകരിക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. അങ്ങിനെ സംഘത്തിനു കീഴില്‍ മലപ്പുറം ആസ്ഥാനമാക്കി അരീക്കോട്ടിലെ സുന്നീ പ്രവര്‍ത്തകര്‍ ഒരുമിച്ച് 30 സെന്‍റ് സ്ഥലവും അതിലൊരു ഇരുനില കെട്ടിടവും വാങ്ങി. അങ്ങിനെ ക്രസന്‍റ് ആര്‍ട്സ് കോളേജ് എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. അങ്ങിനെ സിദ്ദീഖിയ്യാ ദഅ്വാ കോളേജിന് ജന്മംനല്‍കുകയും ചെയ്തു. കാലങ്ങള്‍ പിന്നിടുന്തോറും ദാഇകള്‍ വളര്‍ന്നു വരികയാണ്. ദഅ്വാ കോളേജുകളുടെ ഉമ്മയാണ് സിദ്ദീഖിയ്യാ ദഅ്വാ കോളേജ്. 150 ഓളം സിദ്ദീഖികള്‍ ഇന്ന് പ്രവര്‍ത്തന ഗോദയില്‍ സജീവമാണ്. മത ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ പ്രഥമ സംരംഭമെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭൗതികത്തിലും മതത്തിലും ഒരു പോലെ ഡിഗ്രിയും, പീജിയും, നെറ്റും, ജെ ആര്‍ എഫും നേടിയ ഒരുപാട് സിദ്ദീഖികള്‍ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ സജീവമാണ്. ഇങ്ങിനെ കേരളത്തിന്‍റെ ഒട്ടുമിക്ക സ്ഥലങ്ങളിലും ദഅ്വാ കോളേജുകളെ കൊണ്ട് സമ്പന്നമാവുകയും ധാര്‍മ്മിക ബോധമുള്ള യുവത്വത്തിന് വേണ്ഡിയുള്ള കൂട്ടമായ പരിശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നത് ആശാവഹമാണ്.
സ്വാലിഹ് ഫറോക്ക്