2018 September- October Shabdam Magazine കവിത

ചോരണം

ചോരണം
ചിതറിയോടിയ
മനസ്സിന്‍റെ വരാന്തയില്‍
മൗനം ഭുജിച്ച്
കണ്ണെറിഞ്ഞപ്പോഴാണ്
വയറു വീര്‍ത്ത് തുടങ്ങിയത്.

മാസമെത്തും മുമ്പേ
ശകാരം ചൊരിഞ്ഞ്
വേദന പേറി
പെറ്റു ഞാന്‍
മണവും നിറവുമുള്ള
കവിതക്കിടാവിനെ.
പൊക്കിള്‍ കൊടി വെട്ടി
സാഹിത്യകാരന് നല്‍കി
കുളിപ്പിച്ചു വെച്ച്
തുണിയില്‍ പൊതിഞ്ഞ്,
ഭവ്യതയോടെ
പ്രദര്‍ശിനെടുത്തു.
ചിലര്‍,
സന്തോഷം പൊഴിഞ്ഞപ്പോള്‍
ചിലര്‍,
കൊഞ്ഞനം കുത്തിക്കവിള്‍ വലിച്ചു.
പൊന്നും വഴമ്പും നുണക്കും മുമ്പേ
ആരോ
എന്‍റെ കവിതക്കിടാവിനെ
കട്ടെടുത്തു.
പിന്നീടൊരിക്കല്‍
കൂട്ടുകാരന്‍റെയും

തിരഞ്ഞ് മടുത്തു.
എന്‍റെ ഗന്ധം പുരണ്ട
കവിതക്കിടാവിനെ
മരണം മണക്കുന്ന
കട്ടിലിനരികിലും
വെയില്‍ പെയ്യുന്ന
വഴിവക്കിലും
വിഷാദം തൂകിയിരിക്കുന്നു.

ഒടുവിലെന്നോ
വീട്ടിലെത്തിയ
ആഴ്ചപ്പതിപ്പില്‍
എന്‍റെ കവിതയും
ഒളിച്ചിരിപ്പുണ്ട്.
കള്ളന്‍റെ കയ്യിലെ സുസ്മേര വദനനായി…

നിസാമുദ്ദീന്‍ പുഴക്കാട്ടിരി

Leave a Reply

Your email address will not be published. Required fields are marked *