2019 May-June Hihgligts Shabdam Magazine ലേഖനം സമകാലികം

അറുതി വേണം, കുരുന്നു രോദനങ്ങള്‍ക്ക്

 

ഭിത്തിയുറയ്ക്കാനീ പെണ്ണിനെയും
ചെത്തിയ കല്ലിനിടയ്ക്കു നിര്‍ത്തി
കെട്ടിപ്പടുക്കും മുന്‍പൊന്നെനിക്കുണ്ട്
ഒറ്റയൊരാഗ്രഹം കേട്ടു കൊള്‍വിന്‍
കെട്ടി മറക്കല്ലെയെന്‍ പാതി നെഞ്ചം
കെട്ടി മറക്കല്ലെയെന്‍റെ കയ്യും
എന്‍റെ പൊന്നോമന കേണിടുമ്പോള്‍
എന്‍റെയടുത്തേക്ക് കൊണ്ടു വരൂ
ഈ കയ്യാല്‍ കുഞ്ഞിനെയേറ്റു വാങ്ങി
ഈ മുലയൂട്ടാന്‍ അനുവദിക്കൂ
ഓരോ അമ്മയും കുഞ്ഞിനോടു കാണിക്കുന്ന കരുതലിനേയും സ്നേഹത്തേയും ഒ.എന്‍.വി തന്‍റെ അമ്മ എന്ന കവിതയില്‍ ചിത്രീകരിക്കുന്ന വരികളാണിത്. സ്നേഹവായ്പും സുരക്ഷിതത്വ ബോധവും തലമുറകളിലേക്ക് പകരുന്നതില്‍ മുലപ്പാലിലേറെ മറ്റെന്താണ് ഉദാഹരിക്കാനുള്ളത്. കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന പഴമൊഴി തന്നെ നോക്കൂ..മാതാപിതാക്കള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവരായിരിക്കും സന്താനങ്ങളെന്ന് വ്യക്തമാക്കുന്ന വാക്കുകളാണത്. പ്രവാചക ചരിത്രം വായിക്കാം. ഉമര്‍(റ)ആണ് സംഭവം ഉദ്ദരിക്കുന്നത്. യുദ്ധത്തില്‍ ബന്ധികളായി പിടിച്ചവരെ തിരു സവിധത്തിലെത്തിക്കുന്നു. കൂട്ടത്തിലൊരു സ്ത്രീ പരിഭ്രാന്തയായി മുല ചുരത്തി കാണപ്പെടുന്നുണ്ട്. തന്‍റെ കുഞ്ഞിനെ കണ്ട നിമിഷം അതിനെ മാറോടണച്ച് മുല കൊടുക്കുന്നു. മുത്തു നബി (സ്വ) അനുചരരോട് ചോദിക്കുന്നത് ഇപ്രകാരമാണ്. ഈ മാതാവ് കുഞ്ഞിനെ അഗ്നിയിലിടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല, ഒരിക്കലുമില്ല, അവര്‍ക്കതിനു കഴിയില്ല സ്വഹാബത്ത് മറുപടി നല്‍കി. സൃഷ്ടാവിന്‍റെ കാരുണ്യം ബോധ്യപ്പെടുത്താന്‍, ഉമ്മ തന്‍റെ കുഞ്ഞിനോടു കാണിക്കുന്ന വാത്സല്യമാണ് തിരു ഹബീബ് (സ്വ) ഉദാഹരിക്കുന്നത്. മക്കള്‍ക്കു വേണ്ടി ജീവത്യാഗം പോലും ചെയ്യാന്‍ സന്നദ്ധരാകുന്ന മാതാപിതാക്കള്‍ ഗതകാല ചരിത്രങ്ങളുടെയും കുടുംബ വ്യവസ്ഥിതികളുടെയും ഭാഗമായിരുന്നുവെന്ന് ബോധ്യപ്പെടുത്താനാണ് ഇത്രയും പറഞ്ഞു വെച്ചത്. ഇനി പുതുകാല ചിത്രങ്ങളിലേക്കു വരാം. ലാളനകള്‍ പ്രതീക്ഷിക്കുന്ന കുഞ്ഞിളം മനസ്സുകളില്‍ ക്രൂരതയുടെ, പേടിപ്പെടുത്തുന്ന അനുഭവങ്ങള്‍ നല്‍കുന്നവരെ രക്ഷാകര്‍ത്താക്കളെന്ന് വിളിക്കാനൊക്കുമോ? കുട്ടികളില്‍ നല്ലൊരു പങ്കും പീഡിപ്പിക്കപ്പെടുന്നത് രക്ത ബന്ധമുള്ളവരാലാണെന്ന സത്യം എത്രത്തോളം വേദനാജനകമാണ്. സാംസ്കാരിക പ്രബുദ്ധതയുടെ ആരവങ്ങള്‍ മുഴക്കുന്നവര്‍ കാപട്യം വെടിഞ്ഞ് ഇത്തരം ക്രൂരതകള്‍ക്കുനേരെ കണ്ണുതുറക്കേണ്ടിയിരിക്കുന്നു. ജീര്‍ണിച്ച കുടുംബ വ്യവസ്ഥിതികളും കുഞ്ഞുങ്ങളെ അലോസരമെന്ന് വിധിയെഴുതി കൊന്ന് തള്ളാന്‍ പോലും മടി കാണിക്കാത്ത മാതാപിതാക്കളും പ്രതിനിധാനം ചെയ്യുന്ന പുതു സമൂഹം ജാഹിലിയ്യാ സംസ്കാരത്തിലേക്ക് തിരിഞ്ഞു നടക്കുകയാണെന്ന് നാള്‍ക്കുനാള്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഉള്ളുലയ്ക്കുന്ന കൈരാതങ്ങള്‍
2013 ജൂലൈ 15 നാണ് കട്ടപ്പനയിലെ ഷഫീഖ് എന്ന ആറു വയസ്സുകാരനെ സ്വന്തം അച്ഛനും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിക്കുന്നത.് ക്രൂരതയുടെ ദാരുണ ചിത്രങ്ങള്‍ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞു. ശരീരമാസകലം സാരമായ പരിക്കേറ്റ് 70% തകര്‍ന്ന തലച്ചോറുമായി മരണത്തെ മുഖാമുഖം കാണുകയായിരുന്നു ആ പിഞ്ചു ശരീരം. ചെറു പ്രായത്തില്‍ തന്നെ ഹൃദയം നുറുങ്ങുന്ന വേദനകള്‍ ഏറ്റുവാങ്ങി ശഫീഖ് അതിജീവിച്ചപ്പോള്‍ ഹൃദയമില്ലാത്തവരുടെ ചെയ്തികള്‍ നിര്‍ബാധം തുടരുകയായിരുന്നു. രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ അമ്മയുടെ കാമുകന്‍ ക്രൂരമായി അക്രമിച്ചത്. അഞ്ചു വയസ്സുകാരനായ സഹോദരനെ മൂത്രമൊഴിപ്പിക്കാത്തതായിരുന്നു അവന്‍ ചെയ്ത തെറ്റ്. രാത്രിയില്‍ രണ്ടു മക്കളെയും വീട്ടില്‍ തനിച്ചാക്കി അവരുടെ അമ്മക്കൊപ്പം പുറത്തു പോയി ഭക്ഷണം കഴിച്ചു വന്ന ശേഷമായിരുന്നു കാമുകന്‍റെ വിചാരണയും മര്‍ദനങ്ങളും. ബോധം നഷ്ടപ്പെട്ട് നീണ്ട ഏഴു ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലടിച്ചു ആ കുഞ്ഞനുജന്‍. കരുണയില്ലാത്തവരുടെ ലോകത്ത് നിന്ന് കാരുണ്യവാന്‍റെ ലോകത്തേക്ക് മടങ്ങിയപ്പോഴേക്കും ആ ഏഴു വയസ്സുകാരന്‍ അനുഭവിച്ചു തീര്‍ത്ത വേദന വിവരണാതീതമാണ്. എറണാകുളത്ത് അതിഥി എന്ന പിഞ്ചുബാലികയും ആലുവയില്‍ മൂന്ന് വയസ്സുകാരനും അക്രമിക്കപ്പെട്ടപ്പോഴും പ്രതിപട്ടികയില്‍ വന്നത്, ചേര്‍ത്ത് പിടിച്ചു സ്നേഹം പകരേണ്ട രക്ഷിതാക്കള്‍ തന്നെയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന കാലത്ത് സംരക്ഷണമൊരുക്കേണ്ടവര്‍ തന്നെ കാരണക്കാരാകുന്നതിനെ എന്തു പറഞ്ഞ് ന്യായീകരിക്കാനാണ്. നൊന്തു പ്രസവിച്ച കുഞ്ഞിനെ വേദനിപ്പിക്കാന്‍ മനസ്സുവരുന്നവര്‍ മാതാ പിതാ ഗുരു ദൈവം എന്ന സാമൂഹിക പരികല്‍പനകളെ പോലും അര്‍ത്ഥ ശൂന്യമാക്കുകയാണ.് ശാരീരികമായും മാനസികമായും നെഗറ്റീവ് സ്ട്രോക്കുകള്‍ നല്‍കിയും, ഭക്ഷണം നിഷേധിച്ചും, പൊള്ളലേല്‍പിച്ചും അച്ചടക്കം ശീലിപ്പിക്കുന്ന മോഡേണ്‍ രക്ഷിതാക്കള്‍ യഥാര്‍ത്ഥത്തില്‍ കുട്ടികളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം കുട്ടികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ 4000 കവിഞ്ഞിരിക്കുന്നു. ചൈല്‍ഡ് റേപ്പുകള്‍ 1169 എണ്ണവും പോക്സോ പ്രകാരമുള്ള കേസുകള്‍ 2569 എണ്ണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 22 കുട്ടികള്‍ക്കാണ് അതിക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. സമാനമായ റിപ്പോര്‍ട്ട് സംസ്ഥാന പോലീസും പുറത്തു വിട്ടിട്ടുണ്ട്. വീടകങ്ങളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്നത് ഗൗരവമായി കാണണമെന്ന റിപ്പോര്‍ട്ടിലെ നിരീക്ഷണം ഇവിടെ ചേര്‍ത്തുവായിക്കാം. ഓപ്പറേഷന്‍ ഗുരുകുലത്തിന്‍റെ ഭാഗമായി വിദ്യാലയങ്ങില്‍ നടന്നു വരുന്ന കൗണ്‍സ്ലിംഗിലാണ് മാപ്പര്‍ഹിക്കാത്ത ബാലപീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. കുട്ടികള്‍ക്കെതിരെയുള്ള ക്രൂര വിനോദങ്ങില്‍ ആനന്ദം കണ്ടെത്തുന്ന സാമൂഹിക മനസ്ഥിതി (പീഡോഫീലിയ) ഭീഭത്സകരമാണ്. തങ്ങളുടെ രതി വൈകൃതങ്ങള്‍ക്ക് കുട്ടികളെ ഇരകളാക്കുന്നവര്‍ അവരെ വിഷാദ രോഗങ്ങളിലേക്ക് തള്ളി വിടുന്നു. 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 606 കുട്ടികള്‍ സ്വന്തം വീടുകളില്‍ ലൈംഗികാതിക്രമത്തിന് ഇരകളായെന്ന് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നുണ്ട്. അവിഹിത ബന്ധങ്ങളിലേര്‍പ്പെടുന്നവര്‍ കുഞ്ഞിനെ തടസ്സമായി കണ്ട് കൊന്നു തള്ളാന്‍ പോലും തയ്യാറാവുന്നു. കൊട്ടിയൂര്‍, കൊല്ലം തെന്മല, മലപ്പുറം തിയേറ്റര്‍ തുടങ്ങിയ പ്രമാദമായ പീഡന കേസുകളില്‍ ഒത്താശക്കാരായി മക്കളെ വിറ്റു കാശാക്കുന്ന രക്ഷിതാക്കളെയും നമുക്ക് കാണേണ്ടി വന്നു.
ശാരീരികമായി മുറിവേല്‍പ്പിക്കുന്നത് പോലെ മാനസികമായി മുറിവേല്‍പ്പിക്കുന്നതും ദൂരവ്യാപകമായ പ്രത്യഘാതങ്ങളിലേക്കാണ് കൊണ്ടെത്തിക്കുക. നിരന്തരം ശകാരിച്ചും, മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി പരിഹസിച്ചും, അനാവശ്യ അച്ചടക്ക രീതികള്‍ നിര്‍ബന്ധിച്ചും ഇളം മനസ്സുകളില്‍ താങ്ങാനാവാത്ത ആഘാതമേല്‍പ്പിക്കുന്ന രക്ഷിതാക്കളും ചെയ്യുന്നത് മഹാ പാതകമാണെന്നോര്‍ക്കുക. ഗര്‍ഭഛിദ്രം മുതല്‍ കൊലപാതകം വരെ നീളുന്ന ബാല പീഡനങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. സ്വന്തം കുഞ്ഞുങ്ങളെ കിരാതമായി കൊന്നൊടുക്കുന്നതിലേക്ക് മാതാപിതാക്കളെ നയിക്കുന്ന കാരണങ്ങളില്‍ ചിലത് ഫിലിപ്പ് ജെ റെസ്നിക്ക് നീരീക്ഷിക്കുന്നത് കാണാം. ഇവയില്‍ ചിത്തഭ്രമം, കുഞ്ഞിനോടുള്ള ഭയം, കുടുംബത്തിലെ അസ്വാരസ്യം, പങ്കാളികളോടുള്ള വെറുപ്പ് തുടങ്ങിയ കാരണങ്ങള്‍ ചുറ്റുപാടുകളില്‍ നിന്ന് കൃത്യമായി ഉള്‍ക്കൊള്ളാനാകും. കുട്ടികള്‍ക്കെതിരെയുള്ള ക്രൂര പീഡനങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു അക്രമികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്താനാവശ്യമായ നിയമ നിര്‍മാണങ്ങളെക്കുറിച്ച് ഗൗരവമായ ആലോചനകള്‍ നടക്കേണ്ടതുണ്ട്.
കുടുംബമൊരു പ്രഹേളികയാകുമ്പോള്‍
സമൂഹത്തിലെ കുടുംബമെന്ന വ്യവസ്ഥിതിക്ക് അപകടകരമാം വിധം ജീര്‍ണതകള്‍ സംഭവിച്ചിരിക്കുന്നു. കുടുംബമെന്ന മഹത്തായ സങ്കല്‍പത്തിന് ലിബറല്‍ ലോകത്ത് സ്ഥാനമേയില്ല. സ്വവര്‍ഗരതി പോലുള്ള ഉദാര ലൈംഗികതയുടെ ആഘോഷങ്ങളാണെങ്ങും. സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന നിശാ പാര്‍ട്ടികള്‍ ദുരുദ്ദേശപരമാണെന്നതില്‍ സംശയമൊട്ടുമില്ല. അസ്വാരസ്യങ്ങളില്ലാത്ത കുടുംബങ്ങള്‍ വിരളമാണിന്ന്. വിവാഹമോചന കേസുകളില്‍ വന്ന ആധിക്യവും ഇത്തരം ശൈഥില്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാതാപിതാക്കള്‍ വേര്‍പിരിയുന്നിടത്ത് തീരാ ദുരിതമനുഭവക്കേണ്ടിവരിക സന്താനങ്ങളാണ്. അവിഹിത ബന്ധങ്ങള്‍ കുടുംബ ശൈഥല്യങ്ങളിലെ പ്രധാനവില്ലനായി മാറിയിരിക്കുന്നു. ഇണയെ കൊല ചെയ്യുന്നതിലേക്ക് വരെയെത്തി കാര്യങ്ങള്‍. ഒളിച്ചോട്ടങ്ങളും പങ്കാളികളെ കൊലപ്പെടുത്തലുകളും ഇന്ന് വാര്‍ത്തയേയല്ല. ഭാര്യമാരെ കൈമാറുന്ന പരാതികളും(ംശളല ംമെുുശിഴ) സാര്‍വത്രികമായിരിക്കുന്നു. ഈ വര്‍ഷം ആദ്യത്തിലാണ് കായംകുളത്ത് വൈഫ് സ്വാപിങ്ങ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് നടക്കുന്നത്. മറ്റൊരാള്‍ക്ക് വഴങ്ങികൊടുക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുവെന്ന് ഒരു സ്ത്രീ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണമാണ് കേരളത്തില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന സാംസ്കാരിക ജീര്‍ണതയുടെ പുതിയ പതിപ്പ് വെളിച്ചത്ത് കൊണ്ടുവന്നത്. ഇത്തരം അവിഹിത ബന്ധങ്ങള്‍ക്ക് വഴിയൊരുക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളും സജീവമാണത്രെ.
കുടുംബ കലഹങ്ങള്‍ മക്കളെ അവഗണനയുടെ ആഴക്കയങ്ങളിലേക്ക് തള്ളിയിടുന്നു. വിദ്യഭ്യാസ രംഗം മത്സരങ്ങളുടെ ലോകമായപ്പോള്‍ സമ്മര്‍ദ്ദത്തിലായത് പാവം കുട്ടികളാണ്. രക്ഷിതാക്കളുടെ കര്‍ശന അച്ചടക്ക നടപടികളില്‍ തളരുകയാണവര്‍. പോരാത്തതിന് പരീക്ഷയില്‍ തോറ്റാലോ, മാര്‍ക്ക് കുറഞ്ഞാലോ അസഭ്യ വര്‍ഷങ്ങളും കുറ്റപ്പെടുത്തലുകളും ദേഹോപദ്രവങ്ങളും. പാരന്‍റിംഗ് കൗണ്‍സ്ലിംഗുകളും ചിലപ്പോള്‍ പ്രതികൂട്ടിലാവുന്നുണ്ട്. കുഞ്ഞിനെ സ്നേഹിച്ചാല്‍ അവര്‍ വഴിതെറ്റുമെന്നും ഗൗരവമായി പൊരുമാറണമെന്നും മാതാപിതാക്കള്‍ക്ക് നിര്‍ദേശം കൊടുക്കുന്നവര്‍ ബാലപീഡന കുറ്റങ്ങളുടെ പങ്ക് പറ്റേണ്ടിയിരിക്കുന്നു. സോഷ്യല്‍ മീഡിയ മാതാപിതാക്കളെ പൂര്‍ണമായും മക്കളില്‍ നിന്നകറ്റിയെന്ന് പറയുന്നതാവും ശരി. മക്കളെ പ്ലെ, പ്രീ പ്രൈമറി സ്കൂളുകളില്‍ പറഞ്ഞയച്ച് ഭീമമായ ഫീസടച്ച് പോരുന്നതേടെ തങ്ങളുടെ രക്ഷാകര്‍തൃ ബാധ്യത കഴിഞ്ഞെന്ന് ചിന്തിക്കുന്നത് തന്നെ മൗഢ്യമാണ്. അവര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് രക്ഷിതാക്കളുടെ സാമീപ്യവും പരിഗണനയുമാണ്. അവ ലഭിക്കാതെ വരുമ്പോള്‍ മാനസിക സംഘര്‍ഷങ്ങള്‍ക്കടിമപ്പെട്ട് വിഷാദ രോഗികളായി തീരുകയാണ് ഫലം. സ്വന്തം മക്കളെ രതി വൈകൃതങ്ങള്‍ക്ക് ഇരകളാക്കുന്ന മാതാപിതാക്കള്‍ സാംസ്കാരിക ജീര്‍ണതകളുടെ പരിഛേദങ്ങളാണെന്ന് പറയാതെ വയ്യ.
നിയമങ്ങളുണ്ട് പക്ഷേ…
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന കാലത്ത് അതിനെ തടയിടാനാവശ്യമായ സുതാര്യമായി നിയമ നടപടികള്‍ അനിവാര്യമാണ്. ഇന്ന് ബാല നീതി വകുപ്പും ചൈല്‍ഡ് ലൈനും രംഗത്തുണ്ടെങ്കിലും ഇടപെടലുകള്‍ ഫലപ്രദമാണോയെന്ന് അന്വേഷിച്ചറിയേണ്ടതുണ്ട്. പോക്സോ അടക്കം ബാല പീഡനങ്ങള്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ രേഖകളിലൊതുങ്ങിയെന്ന സംശയം പോലും ന്യായം. വിദ്യാലയങ്ങളില്‍ ഓപ്പറേഷന്‍ ഗുരുകുലം എന്ന പേരില്‍ ആവിഷ്കരിക്കപ്പെട്ട പദ്ധതി ധാരാളം ബാലപീഡനങ്ങളുടെ ഇരുണ്ട കഥകള്‍ പുറത്തുവരാന്‍ സഹായകമായെന്ന് വേണമെങ്കില്‍ ആശ്വസിക്കാം.പക്ഷേ അറസ്റ്റ് ചെയ്യപ്പെടുന്നവരും,ശിക്ഷിക്കപ്പെടുന്നവരും വിരലിലെണ്ണാവുന്നവര്‍ മാത്രം. സംസ്ഥാനത്ത് ബാലപീഡന കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ 16.5 ശതമാനം മാത്രമാണെന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഇതിനെ സാധൂകരിക്കുന്നുണ്ട്. 2016 ല്‍ കുട്ടികള്‍ക്കെതിരെയുള്ള അവഗണനകള്‍ പോലും ശിക്ഷിക്കപ്പെടേണ്ട കുറ്റമായി വിലയിരുത്തപ്പെട്ടതോര്‍ക്കുന്നു. പുറമെ കുട്ടികളെ അക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ട് നില്‍ക്കുകയോ ചെയ്യുക,ബോധപൂര്‍വ്വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക-ശാരീരിക സമ്മര്‍ദം ഏല്‍പ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ബാല നീതി നിയമത്തിലെ 75 ാം വകുപ്പ് പ്രകാരം പത്ത് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം പിഴയും ചുമത്താവുന്ന കുറ്റമായി കണക്കാക്കപ്പെട്ടിട്ടുണ്ട്. കത്വയിലെ കിരാത പീഡനത്തില്‍ ദേശവ്യാപകമായി പ്രതിഷേധം ഉയരുകയും ബാല പീഡന കേസുകളില്‍ കനത്ത ശിക്ഷ ചുമത്താവുന്ന രൂപത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു. പന്ത്രണ്ട് വയസ്സിന് താഴെ വരുന്ന കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ വരെ വിധിക്കാമെന്നാണ് ഭേദഗതി നിര്‍ദേശിക്കുന്നത്. പക്ഷേ നിയമങ്ങള്‍ ജലരേഖയായി ഒതുങ്ങിയാല്‍ ഫലം ശൂന്യമായിരിക്കും. എട്ടും പൊട്ടും തിരിയാത്ത പിഞ്ചു കുഞ്ഞുങ്ങളെ തങ്ങളുടെ കൈരാതങ്ങള്‍ക്ക് ഇരകളാക്കുന്നവര്‍ മനുഷ്യത്വമര്‍ഹിക്കുന്നില്ല. അവര്‍ ശിക്ഷിക്കപ്പെട്ടേ തീരൂ.
രക്ഷിതാക്കളോട്
രക്ഷിതാക്കളോടാണ് ഇനി പറയാനുള്ളത.് മാതാപിതാക്കളില്‍ നിന്ന് സ്നേഹം ആഗ്രഹിക്കാത്തവരുണ്ടാകുമോ? സ്നേഹം കിട്ടാതെ വരുമ്പോള്‍ മക്കള്‍ വ്യതിചലിക്കുക എന്നത് സ്വാഭാവികമല്ലേ…? നിങ്ങള്‍ക്കവരെയൊന്ന് സ്നേഹിച്ചുകൂടെ. നിങ്ങളുടെ സ്നേഹവും ലാളനയുമൊന്നും അധികമാവില്ല. ശാരീരികമായും മാനസിക മായും പോസിറ്റീവ് സ്ട്രോക്കുകളാണ് മക്കള്‍ക്ക് നല്‍കേണ്ടത്. ഒരോ ചെറിയ വീഴ്ചയിലും അവരെ കൈ പിടിച്ചുയര്‍ത്തേണ്ടത് നിങ്ങളാണ്. കര്‍ശനമായ അച്ചടക്കങ്ങളില്‍ തളച്ചിടാതെ അവര്‍ക്ക് വിശാലമായ ലോകത്തേക്ക് പറന്നുയരാന്‍ ചിറകുകള്‍ വെച്ചുകൊടുക്കൂ. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി നിസാരപ്പെടുത്തുന്നതിനുപകരം അവരുടെ കഴിവുകളെ വാനോളം പ്രോത്സാഹിപ്പിക്കുക. തെറ്റുകളെ ശകാരിക്കാതെ തിരുത്തിക്കൊടുക്കാനാവണം നമുക്ക്. സമൂഹത്തിലെ ദൂഷ്യതകളില്‍ നിന്ന് അവരെ അകറ്റിനിര്‍ത്തണം. കുടുംബത്തിലെ താളഭംഗങ്ങളൊന്നും മക്കളെ അവഗണിക്കുന്നതിന് ഹേതുവാകരുത്. നിങ്ങള്‍ അവര്‍ക്ക് സ്നേഹവും പരിഗണനയും നല്‍കുന്നതിനനുസരിച്ച് മാത്രമേ അവര്‍ തിരിച്ചും നിങ്ങളെ സ്നേഹിക്കുകയും പരിഗണിക്കുകയുമുള്ളൂ. കാക്കക്കെന്നും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞാവട്ടെ
ഇര്‍ഷാദ് എടവണ്ണപ്പാറ

Leave a Reply

Your email address will not be published. Required fields are marked *