2019 Sept-Oct Hihgligts Shabdam Magazine കവിത

ആസ്സാമിലെ അഭയാര്‍ത്ഥികള്‍

 

ഉള്ളതെല്ലാം പെറുക്കിക്കൂട്ടി
ഭാണ്ഡം മുറുക്കിക്കെട്ടാന്‍ തുടങ്ങി..

വിശപ്പിനെ മാത്രം
ഉപേക്ഷിക്കണമെന്നുണ്ടായിരുന്നു..
ആവുന്നില്ലല്ലോ…

ഇന്നുമുതല്‍
അഭയാര്‍ത്ഥിയാണത്രെ…

എങ്ങോട്ടു പോകുന്നു…?
എങ്ങോട്ടെങ്കിലും…

ഒന്നുമില്ലേലും
ഐലാന്‍ കുര്‍ദി
ഉറങ്ങുന്ന കടല്‍ തീരമുണ്ടല്ലോ…
അച്ഛന്‍റെ നെഞ്ചിന്‍റെ
ചൂടേറ്റു കരക്കണിഞ്ഞ
വലേറിയയെയും
കണ്ടേക്കാം…

റോഹിന്‍ഗ്യകള്‍
വീണൊടുങ്ങിയ കടലും
എത്ര വിശാലമാണ്…

പൂര്‍വ്വികരുടെ
നരച്ച മീസാന്‍കല്ലുകള്‍ക്കരികിലൂടെ
അവര്‍ മെല്ലെ
മൗനമായി
നടന്നു നീങ്ങി…

നിറം കെട്ട കണ്ണുകള്‍
അപ്പോഴും
വെറുതെ തിളങ്ങി..
വെള്ളിനൂലുകള്‍
പോലെ നരച്ച
താടിയിഴകള്‍ക്കുള്ളിലെ
ചുളിഞ്ഞ മുഖങ്ങള്‍ക്ക്
ഒരു നൂറ്റാണ്ടിന്‍റെ
പഴക്കമെങ്കിലും
തോന്നിച്ചു…

അങ്ങനെയിരിക്കെ ഒരുനാള്‍
മനുഷ്യന്‍ വരച്ചു വെച്ച
പാഴ് വരകളില്‍
കണ്ണീരു വീണ്
പുതിയൊരു
ഭൂപടം ഉണ്ടായി..

പരദേശികളുടെ രാജ്യം..
അഭയാര്‍ത്ഥികളുടെ രാജ്യം..
കുടിയിറക്കപ്പെട്ടവന്‍റെ രാജ്യം..

അവിടെ മണ്ണില്ലായിരുന്നു,
കണ്ണീര്‍ ഉറഞ്ഞു കൂടിയ
ഉപ്പുകല്ലുകള്‍ മാത്രം….

ഹബീബ് കാവനൂര്‍

Leave a Reply

Your email address will not be published. Required fields are marked *