രാജ്യ വ്യാപകമായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രായപൂര്‍ത്തിയാവാത്ത നിരവധി പെണ്‍കുട്ടികള്‍ പോലും കാപാലികരാല്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബലാത്സംഗങ്ങള്‍ക്കുപുറമെ ആസിഡ് ഒഴിച്ചും തീ കൊളുത്തിയും ഇരകളുടെ ജീവനെടുത്ത് ആത്മരതി കൊള്ളുന്നവര്‍ പലപ്പോഴും ശിക്ഷിക്കപ്പെടുന്നില്ലായെന്നാണ് യാഥാര്‍ത്ഥ്യം. നിയമപാലകര്‍ പലപ്പോഴും സംരക്ഷണ റോളിലെത്തുന്നുവെന്നതും സങ്കടകരം തന്നെ. പീഢനത്തില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചവര്‍ക്ക് കിട്ടിയ മറുപടി പീഡനത്തിനിരയായി എന്നതിന് തെളിവുമായി വരാനാണ്. ഉന്നാവോയില്‍ തന്നെ ആക്രമിച്ചവര്‍ക്കെതിരെ നിയമപരമായ പോരാട്ടം നടത്തിയ യുവതിയെയാണ് പ്രതികള്‍ ചുട്ടുകൊന്നത്. പോലീസിന്‍റെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ വീഴ്ച്ചയാണിത്. നിയമവാഴ്ചയുള്ള രാജ്യത്ത് പ്രതികളെ നേരിട്ട് വെടിവെച്ച് പ്രതിശിക്ഷ നടപ്പിലാക്കുന്നത് ഉചിതമല്ലെങ്കിലും കര്‍ശനവും വേഗത്തിലുമുള്ള നടപടികള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഉണ്ടാവല്‍ അനിവാര്യമാണ്.
ഷാക്കിറ പി.കെ