ജീവിതം സന്തോഷകരമാക്കുന്നതില്‍ ബന്ധങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. കുടുംബ ബന്ധം, അയല്പക്ക ബന്ധം, സുഹൃത് ബന്ധം തുടങ്ങി ബന്ധങ്ങളുടെ വലക്കെട്ടാണ് സമൂഹം. ഇസ്ലാം എല്ലാ ബന്ധങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുകയും ഒരോ ബന്ധത്തിന്റെയും അടിസ്ഥാനത്തിലുള്ള അവകാശങ്ങളും ബാധ്യതകളും നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്. സ്രഷ്ടാവിനോടുള്ള ബാധ്യതാ നിര്‍വഹണത്തിനുള്ള കല്‍പ്പനയോടൊപ്പം തന്നെയാണ് മാനുഷിക ബന്ധങ്ങള്‍ ചേര്‍ക്കാനുള്ള നിര്‍ദേശം അല്ലാഹു നല്‍കിയിട്ടുള്ളത്: ‘നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുക. മാതാപിതാക്കളോട് നല്ല രീതിയില്‍ വര്‍ത്തിക്കുക. അടുത്ത ബന്ധുക്കളോടും അനാഥകളോടും അഗതികളോടും അടുത്ത അയല്‍വാസിയോടും അകന്ന അയല്‍വാസിയോടും അടുത്ത കൂട്ടുകാരനോടും, വഴിപോക്കനോടും, നിങ്ങളുടെ അധീനത്തിലുള്ളവരോടും അങ്ങനെ തന്നെ വര്‍ത്തിക്കുക. അഹങ്കാരികളെയും പൊങ്ങച്ചക്കാരേയും അല്ലാഹു സ്നേഹിക്കുകയില്ല.’ (അന്നിസാഅ്: 36) ഈ ഖുര്‍ആന്‍ സൂക്തത്തില്‍ രണ്ടുതരം അയല്വാസികളെകുറിച്ച് പരിചയപ്പെടുത്തുന്നുണ്ട്. അടുത്ത അയല്‍വാസി, അകന്ന അയല്‍വാസി ഈ രണ്ടുതരം അയല്‍വാസിയെ പണ്ഡിതന്മാര് വിശദീകരിക്കുന്നത് കുടുംബ ബന്ധമുള്ള അയല്‍വാസി, കുടുംബ ബന്ധമില്ലാത്ത അയല്‍വാസി എന്നിങ്ങനെയണ്. അടുത്ത് താമസിക്കുന്ന അയല്‍വാസി, അകലെ താമസിക്കുന്ന അയല്‍വാസി എന്നതാണ് മറ്റൊരു വിശദീകരണം.
പരസ്പരാശ്രിതരാണ് മനുഷ്യ വര്‍ഗം. കൊണ്ടും കൊടുത്തും ഒരുമിച്ച് കഴിയേണ്ടവര്‍. ദൈനംദിന ജീവിതത്തില്‍ ഉടലെടുക്കുന്ന പല പ്രശ്നങ്ങളുടെയും പരിഹാരം ആദ്യമായി സാധിക്കുന്നത് അയല്‍വാസികളില്‍ നിന്നായിരിക്കും. സന്തോഷ സമയത്തും സന്താപ സമയത്തും കൂടെ നില്ക്കുന്നവരാകണം അവര്‍. അതിനാല്‍ അയല്പക്ക ബന്ധത്തിന് ഇസ്ലാം വലിയ പ്രാധാന്യം നല്‍കിയതായി കാണാം. നബി(സ്വ) പറഞ്ഞു: ‘ജിബ്രീല്‍ അയല്‍വാസിയുടെ കാര്യത്തില്‍ എന്നെ ഉപദേശിച്ചുകൊണ്ടേയിരുന്നു, അദ്ദേഹം അയല്‍വാസിയെ അനന്തരവകാശിയാക്കുമെന്ന് ഞാന്‍ വിചാരിക്കുവോളം’ (ബുഖാരി, മുസ്ലിം). അയല്‍പ്പക്ക ബന്ധത്തെ സത്യവിശ്വാസവുമായാണ് പ്രവാചകര്‍ (സ്വ) ബന്ധപ്പെടുത്തുന്നത്. അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു, നബി(സ്വ) പറഞ്ഞു: ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന് തന്റെ അയല്‍വാസിയെ ശല്യം ചെയ്യരുത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന് തന്റെ അതിഥിയെ ആദരിച്ചുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന് നല്ലതു പറയട്ടെ, അല്ലെങ്കില്‍ മൗനം ദീക്ഷിച്ചുകൊള്ളട്ടെ'(ബുഖാരി, മുസ്ലിം). മൂന്ന് തരം അയല്പക്ക ബന്ധത്തെ ഇസ്ലാം പരിചയപ്പെടുത്തുന്നുണ്ട്. ഒന്ന് അവിശ്വാസിയായ അയല്‍വാസി അവരുമായി, അയല്പക്ക ബന്ധം മാത്രമാണ് പുലര്‍ത്തേണ്ടത്. രണ്ട് വിശ്വാസിയായ അയല്‍വാസി, അവരുമായി അയല്പക്ക ബന്ധത്തോടൊപ്പം ആദര്‍ശ ബന്ധവും പുലര്‍ത്തണം. മൂന്ന് വിശ്വാസിയെന്നതോടൊപ്പം കുടുംബ ബന്ധവുമുള്ള അയല്‍വാസി, അവരുമായി അയല്പക്ക ബന്ധം,ആദര്‍ശ ബന്ധം,കുടുംബബന്ധം എന്നിവയും പുലര്‍ത്തണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. ഇമാം അബൂ ഹനീഫ (റ) വിന്റെ ജൂതനായ അയല്‍വാസി തന്റെ വീട് വില്‍ക്കുന്ന വേളയില്‍ വീടിന്റെ വിലയോടൊപ്പം അബൂ ഹനീഫ ഇമാമുമായുള്ള നല്ല അയല്പക്ക ബന്ധത്തിനും വില കണക്കാക്കിയിരുന്നതായി ചരിത്രത്തില്‍ കാണാം. എന്നാല്‍ പുതിയ കാലത്ത് സ്വന്തത്തിലേക്ക് ചുരുങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഉയരത്തില്‍ മതിലുകള്‍ പണിത് അയല്‍ വീട്ടുകാരുമായുള്ള ബന്ധ വിഛേദനം പൂര്‍ണമാക്കുന്നു. അയല്‍ വാസികളുമായി നിരന്തരം കലഹങ്ങളിലേര്‍പ്പെട്ട് ജീവിതം ദുസ്സഹമാക്കുന്നവരുമേറെയാണ്. അതിര്‍ത്തി തര്‍ക്കങ്ങളിലേര്‍പ്പെട്ട് ജീവനപഹരിക്കപ്പെട്ട നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അയല്ക്കാരന്റെ വളര്‍ത്തു മൃഗങ്ങള്‍ തന്റെ പറമ്പിലെ പുല്ല് തിന്നുവെന്ന കാരണത്താല്‍ പോലും കലഹിക്കുന്നവര്‍, അയല്ക്കാരന്റെ മരത്തിലെ ഇലകള്‍ കാറ്റില്‍ തന്റെ വീട്ടു മുറ്റത്തേക്ക് പതിച്ചത് പോലും ചോദിക്കാന്‍ ചെല്ലുന്നവര്‍ ഇത്തരത്തില്‍ നിസാര പ്രശ്നങ്ങളാണ് പല അയല്‍വാസി തര്‍ക്കങ്ങളുടെയും പിന്നിലെന്നറിയുമ്പോള്‍ നാം അത്ഭുതപ്പെടും. ശല്യമൊഴിവാക്കാന്‍ ചിലര്‍ വാതിലുകള്‍ അച്ചിടുന്നു. തങ്ങളുടെ അഭിലാഷങ്ങള്‍ക്കനുസരിച്ച് നിര്‍മിച്ച വീടുകളിലെ താമസം, അയല്‍വാസികളുടെ ശല്യം കാരണം ഉപേക്ഷിക്കേണ്ടി വരുന്നുവെന്നത് എത്രത്തോളം പരിതാപകരമാണ്. മറ്റു ചിലര്‍ തങ്ങളുടെ ഉടസ്ഥതയില്‍ അനുയോജ്യമായ സ്ഥലമുണ്ടായിട്ടും അയല്‍വാസികള്‍ ശല്യക്കാരാണ് എന്ന കാരണത്താല്‍ മാത്രം അവിടെ വീട് നിര്മിക്കിന്നതിനു പകരം ദൂരസ്ഥലങ്ങളില്‍ പൊന്നുംവിലയ്ക്ക് ഭൂമിവാങ്ങി വീട് നിര്‍മിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ക്ക് ഹേതുവാകുന്നു അയല്‍വാസികള്‍ ദൗര്‍ഭാഗ്യരാണ്. അയല്‍വാസിയെ ശല്യം ചെയ്യുന്നവന് സത്യവിശ്വാസിയാവുകയില്ലെന്ന് നബി (സ്വ) താക്കീത് ചെയ്യുന്നുണ്ട് ‘അല്ലാഹുവാണ് സത്യം അവന് സത്യവിശ്വാസിയാവുകയില്ല; അല്ലാഹുവാണ് സത്യം അവന് സത്യവിശ്വാസിയാവുകയില്ല; അല്ലാഹുവാണ് സത്യം അവന് സത്യവിശ്വാസിയാവുകയില്ല’. അപ്പോള്‍ ഒരാള്‍ ചോദിച്ചു: നബിയേ, ആരാണവന്?’ നബി തങ്ങള്‍ മറുപടി പറഞ്ഞു: തന്റെ ശല്യത്തില്‍ നിന്ന് അയല്‍വാസിക്ക് നിര്ഭയത്വമില്ലാത്തവന്’ (ബുഖാരി, മുസ്ലിം) ബന്ധങ്ങള്‍ക്കിടയില്‍ മതിലുകള്‍ പണിയുന്ന ഈ കാലഘട്ടത്തില്‍ ഒരു മുസ്ലിമിന്റെ അയല്പക്ക ബന്ധം എങ്ങനെയാവണമെന്ന് മേല്‍ ഹദീസുകള്‍ കൃത്യമായി വരച്ചു കാണിക്കുന്നുണ്ട്.
ദാനധര്‍മങ്ങള്‍ നല്‍കിയും, മറ്റ് സഹായങ്ങള്‍ ചെയ്തുകൊടുത്തും നിന്റെ അയല്‍ക്കാരനെ സന്തോഷിപ്പിക്കാനുള്ള സാമ്പത്തികശേഷി നിനക്കില്ലെങ്കിലും, നീ പാകം ചെയ്യുന്ന കറിയില്‍ അല്പം വെള്ളം അധികരിപ്പിച്ച് നിന്റെ അയല്‍വാസിക്ക് നല്കാന് സാധിക്കണമെന്നാണ് നബി തിരുമേനി(സ്വ) പഠിപ്പിക്കുന്നത്. നമ്മുടെ വീട്ടിലേക്ക് അവിചാരിതമായി അതിഥികള്‍ കയറി വന്നാല്‍ അയല്‍പ്പക്കത്തെ ആയിശാത്താന്റേയും അമ്മിണിയുടേയും വീട്ടിലേക്ക് ഓടി ചെന്ന് അവിടെയുള്ള ഭക്ഷണസാധനങ്ങള്‍ കടം വാങ്ങുന്ന ഒരു മലയാളിത്തനിമ നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ബന്ധങ്ങള്‍ക്കിടയില്‍ മതിലുകള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. അയല്‍വാസികള്‍ അന്യരായി, അടുത്തവര്‍ അകന്നുപോയി, അകലങ്ങള്‍ കൂടിക്കൂടി വരുന്നു. കൊണ്ടും കൊടുത്തും, സ്നേഹിച്ചും, സ്നേഹിക്കപ്പെട്ടും, ഇണങ്ങിയും, ഇഷ്ടപ്പെട്ടും മുന്നോട്ട് പോകേണ്ടതാണ് മുസ്ലിമിന്റെ ജീവിതം. പക്ഷേ പുതു കാല മുസ്ലിം ജീവിതം മതത്തിന്റെ വിധി വിലക്കുകളില്‍ നിന്നും വിദൂരമാണെന്ന് പറയാതിരിക്കാനാവില്ല. നബി (സ്വ)പറയുന്നു:’അല്ലയോ മുസ്ലിം സ്ത്രീകളേ, നിങ്ങളുടെ അല്ക്കാരികള്ക്ക് ഒരു ആടിന്റെ കുളമ്പ് കൊടുക്കുന്നതുപോലും നിങ്ങള്‍ നിസാരമായി കാണരുത്.(ബുഖാരി, മുസ്ലിം) അയല്‍ വാസിയെ ബുദ്ധിമുട്ടിക്കുന്നത് കടുത്ത അപരാധമാണെന്നതാണ് ഇസ്ലാമിന്റെ പക്ഷം. അവര്‍ക്ക് കടുത്ത ശിക്ഷയുണ്ടെന്നും മതം പഠിപ്പിക്കുന്നു. തിരു സദസ്സില്‍ ഒരാള്‍ മുത്തു നബിയോട് ചോദിക്കുന്നുണ്ട്, ദാന ധര്‍മ്മങ്ങളും നിസ്കാരവും നോമ്പും വര്‍ധിപ്പിക്കുന്ന ഒരു സ്ത്രീ പക്ഷേ അവള് കാരണത്താല്‍ അയല്‍വാസികള്‍ പ്രയാസപ്പെടുന്നു ആ സ്ത്രീയുടെ അവസ്ഥയെന്താണ് ? അവള് നരകത്തിലാണ് തിരു നബി മറുപടി നല്കി. ദാന ധര്‍മ്മങ്ങളും നിസ്കാരവും നോമ്പും കുറഞ്ഞ ഒരു സ്ത്രീ എന്നാല്‍ അവളെത്തൊട്ട് അയല്‍വാസികള്‍ നിര്‍ഭയത്വത്തിലാണ്. അവരുടെ അവസ്ഥയോ ? അവള് സ്വര്‍ഗത്തിലാണെന്നായിരുന്നു തിരു ദൂതരുടെ മറുപടി. അയല്‍ക്കാരെ പ്രയാസപ്പെടുത്തുന്നത് ആരാധനകളെ പോലും നിശ്പ്രഭമാക്കുമെന്ന് മുത്തു നബിയുടെ മറുപടി വ്യക്തമാക്കുന്നുണ്ട്. അയല്‍ വാസിയെ തൊട്ട് ഒന്നും വിലങ്ങരുത്. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാന്‍ നാം ബദ്ധ ശ്രദ്ധ കാണിക്കണം. എങ്കിലേ സമാധാന പൂര്‍ണമായ ജീവിതാന്തരീക്ഷം സാധ്യമാകൂ
സ്വാലിഹ് ഫറോക്ക്