ലോക്ഡൗണ്‍ രചനകള്‍

ഒരു ജന്മം ഒരായിരം മരണം.

ബുക്ക് റിവ്യൂ/മുനീര്‍ കടയ്ക്കല്‍

ബോബ് ഡിലന്‍ പാടിയ ചോദ്യങ്ങള്‍ക്ക് നാം ഉത്തരം പറയേണ്ടതുണ്ട്.
എത്ര തവണ ഒരാള്‍ക്ക് താനൊന്നും കണ്ടില്ലെന്ന് നടിച്ച് മുഖം തിരിക്കാനാകും ?
അതെ, ഏറെപ്പേര്‍ മരിച്ചു പോയെന്നറിയാന്‍ എത്ര മരണങ്ങള്‍ വേണ്ടി വരും.

നിങ്ങള്‍ ഒരിക്കലെങ്കിലും കലാപ ഭൂമികളിലൂടെ നടന്നിട്ടുണ്ടോ ?
ദുരന്തങ്ങള്‍ അനാഥമാക്കിയ ജീവിതങ്ങളോട് സംവദിച്ചിട്ടുണ്ടോ ?
നാം കാണുന്ന മനുഷ്യര്‍ക്കുമപ്പുറം നരക തുല്യമായി ജീവിതം നയിക്കുന്ന ഒരുപറ്റം ആളുകള്‍ നമുക്ക്‌ ചുറ്റിലുമുണ്ട്. കലാപങ്ങളില്‍ പെട്ട് ഹൃദയം തകര്‍ന്ന മനുഷ്യജന്മങ്ങളിലേക്ക്, നാം ഒാരോരുത്തരെയും കെെപിടിച്ചു കൊണ്ടു പോകുകയാണ് ഹര്‍ഷ്മന്ദര്‍.
ഒരുജന്മം ഒരായിരം മരണം’ എന്ന കൃതി വായിച്ചു; ഹൃദയം പകുത്തിട്ടൊരവസ്ഥയാണ്. ഒാരോ വരികളിലും ഒരായിരം ചോദ്യങ്ങളുമായി മനുഷ്യമനസ്സിന്‍റെ ആഴങ്ങളിലേക്ക്‌ അരിച്ചിറങ്ങുന്ന കൃതി.
‘നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.’ വായനയിലുട നീളം കടന്നുവന്നത് ബെന്യാമിന്‍റെ ഈ വാക്കുകളാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത നാം അറിയാനിടവരാത്തവരുടെ കഥകള്‍ പറഞ്ഞ് ഹൃദയത്തെ മുറിപ്പെടുത്തുകയാണ് എഴുത്തുകാരന്‍. വരികള്‍ക്കു മീതെ കണ്ണീരിന്‍റെ നനവു പടരാതെ ഇതൊരാള്‍ക്കും വായിച്ചു തീര്‍ക്കാനാകില്ല.

പുസ്തകത്തില്‍, പതിനെട്ടു സന്ദര്‍ഭങ്ങളിലൂടെ ഒരുപാട് മനുഷ്യരുടെ അനുഭവ യാഥാര്‍ത്ഥ്യങ്ങള്‍ അതിവെെകാരികമായി കോറിയിടുകയാണ് ഹര്‍ഷ് മന്ദര്‍. അവിടെ, കലാപങ്ങളില്‍ പെട്ട് ജീവിതം തകര്‍ന്നവരുണ്ട്, ഭരണകര്‍ത്താക്കളുടെ വീഴ്ചയില്‍ സ്വന്തം കുഞ്ഞിനെ വില്‍ക്കേണ്ടി വരുന്ന ദമ്പതികളുടെ ചിത്രമുണ്ട്, നക്ഷത്രങ്ങളെ സ്വപ്നം കാണുകയും നക്ഷത്രപ്പൊടിയില്‍ നിന്നാണ് മനുഷ്യന്‍റെ പിറവിയെന്നും വിശ്വസിച്ച,
ജാതീയതയുടെ പേരില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന രോഹിത് വെമുലയുടെ കഥയുണ്ട്, തീവ്രവാദിയാണെന്ന വ്യാജ പ്രചരണത്താല്‍ പോലീസുകാരുടെ നരനായാട്ടിന് ഇരയാകേണ്ടി വന്ന ഇസ്രത്ത് ജഹാനുണ്ട്, ഭിക്ഷ യാചിച്ചതിന്‍റെ പേരില്‍ ശിക്ഷ അനുഭവിച്ച മുത്തുവുണ്ട്, തെരുവില്‍ കഴിയുമ്പോള്‍ പോലീസുകാരുടെ ലെെഗികാസ്വാദനത്തിന് ഇരയായ സരോജദേവിയുടെ അനുഭവമുണ്ട്, മതത്തിന്‍റെ പേരില്‍ കൊടിയ ദുരന്തം അനുഭവിക്കേണ്ടി വന്ന സിഖ് ജനതയുടെ കഥകളുണ്ട്.
നാം അറിയാത്ത, നാം അനുഭവിക്കാത്ത ഒരു ഇന്ത്യയെ പരിചയപ്പെടുത്തുകയാണ് ഹര്‍ഷ് മന്ദര്‍. പുസ്തകത്തിന്‍റെ ആമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്, ഈ കഥകളൊന്നും എന്‍റേതല്ല , ഈ കഥകള്‍ ഒരിക്കലും എന്‍റെ കഥകളാകുവാനും പോകുന്നില്ല. പക്ഷെ, ഇവയെല്ലാം ഇരുണ്ടതും വേദനിപ്പിക്കുന്നതുമായ കഥകളാണ്.

യഥാര്‍ത്ഥത്തില്‍ നാം ഉറങ്ങുന്ന പട്ടുമെത്തകളില്‍ നിന്ന് തെരുവുകളിലേക്ക് നോക്കിയാല്‍ ഉള്ളുലയ്ക്കുന്ന ഒരുപാട് മനുഷ്യജന്മകളെ കാണാന്‍ കഴിയും. അവരുടെ ഇന്ത്യ വിശപ്പിന്‍റേതാണ്, ദാഹത്തിന്‍റേതാണ്. സ്വപ്നങ്ങള്‍ തകര്‍ന്നവരെങ്കിലും നാളെയൊരു നല്ല ജീവിതം കിട്ടുമെന്ന് സ്വപ്നം കാണുന്നവരാണ്. അവരെ, തെരുവുകളിലേക്കിറങ്ങി ദുരിതങ്ങളില്‍ കെെപിടിക്കേണ്ടത് നമ്മളാകണം.
പുസ്തകത്തില്‍ ഹര്‍ഷ് മന്ദര്‍ ആവര്‍ത്തിക്കുന്നതു പോലെ, ബോബ് ഡിലന്‍ പാടിയ ചോദ്യങ്ങള്‍ക്ക് നാം ഉത്തരം പറയേണ്ടതുണ്ട്. എത്ര തവണ ഒരാള്‍ക്ക് താനൊന്നും കണ്ടില്ലെന്ന് നടിച്ച് മുഖം തിരിക്കാനാകും ? ഏറെ പേര്‍ മരിച്ചു പോയെന്നറിയാന്‍ എത്ര മരണങ്ങള്‍ വേണ്ടി വരും.

മുനീര്‍ കടയ്ക്കല്‍.

FATAL ACCIDENTS OF BIRTH
ഒരു ജന്മം ഒരായിരം മരണം.
വിവര്‍ത്തക ; കബനി
പ്രസാധകര്‍; IPB Books

Leave a Reply

Your email address will not be published. Required fields are marked *