കവിത/മുസ്‌ലിഹ് വടക്കുംമുറി
യാ നൂർ…
തമസ്സിന്റെ ഇടവഴികളിൽ
അലയുന്ന യാത്രികന്
വെളിച്ചം വിതറി
വഴി കാണിക്കണേ..
യാ ഗഫൂർ…
പാപങ്ങളുടെ ഭാണ്ഡം ചുമക്കുന്ന
കഴുതയെങ്കിലും
മോക്ഷത്തിന്റെ
തെളിനീരെന്നിൽ
വാർഷിപ്പിക്കണേ..
യാ റഹീം…
കാരുണ്യത്തിന്റെ
കരകാണാ സാഗരമേ..
അതിൽ നിന്നൊരിറ്റിനായ്
കേഴുന്നു ഞാൻ
യാ അതീഖ്…
അനർഹനെങ്കിലും
കൈപിടിക്കണേ..
ആർത്തട്ടഹസിക്കുന്ന
അഗ്നികുണ്ഡമെന്നെ
മാടി വിളിക്കുമ്പോൾ..,
അനന്ത കോടി സൃഷ്ടികളുടെ പാലകാ..
എല്ലാം കാണുന്നവൻ നീ..
എല്ലാമറിയുന്നവൻ നീ..
നീയാണഭയം
നീയാണഖിലം
കനിയണേ
കനിവ് കിനിയുന്ന
നോട്ടമെങ്കിലും.
അതു മതി
ഈ ജീവിതം സഫലമാകാൻ
മുസ്‌ലിഹ് വടക്കുംമുറി