മതഭൗതിക സമന്വയ വിദ്യാഭ്യാസം പ്രായോഗികമായി നടപ്പാക്കിയ സുന്നിസ്ഥാപനങ്ങളില്‍ മുന്‍നിരയിലാണ് അരീക്കോട് മജ്മഅ്. ദഅ്വ കോളേജ് എന്ന സംവിധാനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ചു മാതൃക കാട്ടാനായിട്ടുണ്ട് ഈ സ്ഥാപനത്തിന്. ഇതിന്റെ ചുവടു പിടിച്ച് ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം നൂറിലധികം ദഅ്വ കോളേജുകള്‍ പിറവിയെടുത്തുവെന്നത് ശ്രദ്ധേയവും സന്തോഷദായകവുമാണ്. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ നാനോന്മുഖ മേഖലകളിലെ കഴിവുകളും സിദ്ധികളും വളര്‍ത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ സ്ഥാപനം സ്ഥാപിതകാലം തൊട്ടേ നടപ്പാക്കി വരുന്നു. എഴുത്തു മേഖല അതില്‍ എടുത്തു പറയേണ്ട ഒന്നാണ്. ഒരുപാട് പ്രതിഭകള്‍ എഴുത്ത് രംഗത്ത് സ്ഥാപനത്തിന്റേതായി വളര്‍ന്നു വന്നത് സ്ഥാപനം ആ മേഖലയില്‍ നടത്തിയ ജാഗ്രതയുടെ അനന്തര ഫലം തന്നെയാണ്. കേരളത്തിലെ ആനുകാലികങ്ങളില്‍ അതത് സമയങ്ങളില്‍ ഇടപെട്ടു വ്യക്തിമുദ്ര പതിപ്പിച്ചവരില്‍ സ്ഥാപനത്തിന്റെ സന്തതികളായി ഏറെ പേരുണ്ട്. അവര്‍ക്ക് അതിനുള്ള ഊര്‍ജ്ജം പകര്‍ന്നത് പാഠ്യേതര മേഖലകളിലെ മുന്നേറ്റത്തിനായി സ്ഥാപനം പ്രാവര്‍ത്തികമാക്കിയ വിവിധ പദ്ധതികളായിരുന്നു.
‘വിളി’ , ‘ഹുദാഹിറാ’ എന്നീ പേരുകളില്‍ കയ്യെഴുത്തു മാസികകള്‍ നേരത്തെ സ്ഥാപനത്തില്‍ പുറത്തിറങ്ങിയിരുന്നു. ‘ദ വ്യൂ’ മാഗസിനും ‘വര’യും ഇപ്പോഴും പ്രസിദ്ധീകരിച്ചു വരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി സ്ഥാപനത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന സര്‍ഗ ശബ്ദം മാഗസിനും ഇത്തരം പദ്ധതികളുടെ ഭാഗമത്രെ. നിരവധി വിദ്യാര്‍ത്ഥികളെ എഴുത്ത് മേഖലയില്‍ പിച്ച വെച്ചു പഠിപ്പിച്ചതില്‍ ഇവയുടെ പങ്ക് നിസ്സീമമാണ്. കയ്യെഴുത്ത് മാഗസിന് കാലത്തു തന്നെ വിദ്യാര്‍ത്ഥികളുടെ അച്ചടിമഷി പുരണ്ട രചനകള്‍ക്കായി സ്ഥാപനത്തിനു കീഴില്‍ ഒരു പ്രിന്റിംഗ് മാഗസിനായിക്കൂടേ എന്ന ചിന്ത മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ അത് പ്രായോഗികവല്‍ക്കരിക്കുന്നതിലെ കടമ്പകള്‍ അത്തരം മോഹങ്ങളെ കൂമ്പടയിപ്പിക്കുകയായിരുന്നു. പിന്നീട് ആ പ്രതീക്ഷകള്‍ക്കു മുള പൊട്ടിയത് പുത്തനത്താണി കന്മനം അല്‍ ഫിര്‍ദൗസ് ദഅ്വാ കോളേജിലേക്കുള്ള ഒരു സന്ദര്‍ശനത്തിനിടെയായിരുന്നു. മജ്മഇല്‍ നിന്ന് പഠിച്ചിറങ്ങിയ നിസാമുദ്ദീന്‍ സിദ്ദീഖി പറപ്പൂര് പ്രിന്‍സിപ്പലായി സേവനം ചെയ്യുന്ന സ്ഥാപനത്തില്‍ യാദൃശ്ചികമായാണ് ഒരിക്കലെത്തിപ്പെട്ടത്. മജ്മഇലെ തന്നെ ബിരുദധാരികളായ മറ്റുചില പണ്ഡിതന്മാരും അവിടെ അധ്യാപകരായി ഉണ്ടായിരുന്നു. സന്ദര്‍ശനത്തിനിടയില്‍ അവിടെ നിന്ന് പ്രസിദ്ധീകരിക്കുകയും വിദ്യാര്‍ത്ഥികള്‍ വീടു വീടാന്തരം വിതരണം നടത്തുകയും ചെയ്യുന്ന ‘ജാലകം’ എന്ന ഒരു മാഗസിന് പരിചയപ്പെടാനിടയായി. ദീനീ ദഅ്വത്തിന്റെ ഭാഗമായി സമൂഹത്തെ സമുദ്ധരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേകം ഓരോ കര്‍മ്മശാസ്ത്ര വിഷയങ്ങളിലൂന്നിക്കൊണ്ടായിരുന്നു ആ മാഗസിന് പ്രസിദ്ധീകരിച്ചിരുന്നത്. അതിനാല്‍ തന്നെ കെട്ടിലും മട്ടിലും വേണ്ടത്ര ആകര്‍ഷകമല്ലെങ്കിലും ഉള്ളടക്കം ശ്രദ്ധേയമായിരുന്നു. അതു കയ്യില്‍ കിട്ടിയപ്പോള്‍ നേരത്തെയുള്ള ആഗ്രഹങ്ങള്‍ ഒരു ബലികേറാമലയല്ലെന്ന് ബോധ്യപ്പെട്ടു. നേരത്തെ മനസ്സിലുള്ള ആശയമായ ഇത്തരമൊരു മാഗസിന് ഒന്നുകൂടി ആകര്‍ഷകമാക്കി മജ്മഇല്‍ നിന്ന് പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ചുള്ള ചിന്തകള്‍ മനസ്സില്‍ കയറിക്കൂടി. അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അതിന്റെ ഒന്ന് രണ്ട് കോപ്പികള്‍ കയ്യില്‍ കരുതി. സ്ഥാപനത്തില്‍ എത്തിയ പാടെ അന്നത്തെ വിദ്യാര്‍ത്ഥി സംഘടന നേതൃത്വത്തിലിരിക്കുന്നവരെ ഒരുമിച്ചു കൂട്ടി ഈ വിഷയം ചര്‍ച്ചക്കിട്ടു. അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഗഹനമായ ചര്‍ച്ചകളും അഭിപ്രായങ്ങളും ഉയര്‍ന്നു വന്നെങ്കിലും ഒരുങ്ങിയിറങ്ങിയാല്‍ വിജയിപ്പിച്ചെടുക്കാനാവുമെന്നതില് പക്ഷാന്തരമുണ്ടായിരുന്നില്ല. വൈകാതെ പുറത്തിറക്കാനുള്ള തീരുമാനത്തിലാണ് യോഗം പിരിഞ്ഞത്. അതിനുള്ള സമിതി രൂപീകരിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്തു. അങ്ങനെയാണ് ‘ധര്‍മ ശബ്ദം’ എന്ന പേരില്‍ ആ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാവുന്നത്. ഉയര്‍ന്നു വന്ന പല പേരുകളില്‍ തെരഞ്ഞെടുക്കപ്പെട്ടത് ‘ധര്‍മ ശബ്ദം’ എന്നതായിരുന്നു.
ഏതാനും വര്‍ഷം ആ പേരില്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു. സ്ഥാപന മാനേജര്‍ കൂടിയായ വടശ്ശേരി ഉസ്താദിന്റെ നിര്‍ദ്ദേശ പ്രകാരം നിയമപരമായ സാങ്കേതികത്വങ്ങള്‍ മറികടക്കാന്‍ ഡിക്ലറേഷനു വേണ്ടി അപേക്ഷിക്കുന്നത് ആയിടക്കാണ്. അതു സംബന്ധിയായ നൂലാമാലകള്‍ പൂര്‍ത്തീകരിച്ച
പ്പോള്‍ ഗവണ്മെന്റ് അനുവദിച്ചു തന്ന പേര് ‘സര്‍ഗശബ്ദം’ എന്നായിരുന്നു. അങ്ങനെ നേരത്തെയുണ്ടായിരുന്ന ‘ധര്‍മ ശബ്ദം’ ‘സര്‍ഗ ശബ്ദം’ ദ്വൈമാസിക ആക്കി മാറ്റേണ്ടി വന്നു. ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് എഴുത്ത് മേഖലയിലേക്ക് വഴി കാട്ടിയായി പത്തു വര്‍ഷത്തിലധികമായി മുടങ്ങാതെ ഗവണ്മെന്റിന്റെ ഔദ്യോഗികാംഗീകാരത്തോടെ ഇന്നും അതു പുറത്തിറങ്ങുന്നു. കേരളത്തില്‍ പ്രസിദ്ധീകരിക്കുന്ന മറ്റു മാഗസിനുകളോട് കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും കിട പിടിക്കുന്ന രൂപത്തില്‍ തന്നെയാണത് പബ്ലിഷ് ചെയ്തു വരുന്നത്. ഈ സംരംഭത്തെ കുറിച്ച് കേട്ടറിഞ്ഞവരും നേരിട്ടനുഭവിച്ചവരും ഇത്തരം ചെറിയ ഒരു സംവിധാനത്തിനു കീഴിലെ ഈ മഹാ പദ്ധതിയെ കുറിച്ച് അത്ഭുതം കൂറിയിട്ടുണ്ട്.
ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ മനസ്സില്‍ പല ലക്ഷ്യങ്ങളായിരുന്നു. വര്‍ഷങ്ങളായി അരീക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മജ്മഅ് എന്ന സ്ഥാപനത്തില്‍ നിന്ന് അതിന്റെ സഹകാരികളായ പരിസര വാസികള്‍ക്ക് എന്തെങ്കിലും വൈജ്ഞാനിക വിഭവം നല്‍കുകയെന്നത് തന്നെയായിരുന്നു പ്രഥമ ലക്ഷ്യം. അല്‍ഹംദുലില്ലാഹ്. വിവിധ വിഷയങ്ങളില്‍ ഗഹന ഗൗരവങ്ങളായ പല വിഭവങ്ങളും ഇക്കാലയളവിനുള്ളില്‍ അവര്‍ക്ക് നല്കാനായതില് ഏറെ ചാരിതാര്‍ത്ഥ്യമുണ്ട്. ശബ്ദത്തിന്റെ പ്രധാനപ്പെട്ട വായനക്കാര്‍ കുടുംബിനികളായതുകൊണ്ട് തന്നെ കുടുംബജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ശിശുപരിപാലനവും, സ്ത്രീകളുടെ മാതൃകാ ജീവിതത്തെക്കുറിച്ചുമെല്ലാം ശബ്ദത്തില്‍ നിരന്തരം ഇടപെടലുകളുണ്ടായിട്ടുണ്ട്. മദ്യ ഉപയോഗവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും നമ്മുടെ യുവാക്കളുടെ ജീവിതം തകര്‍ത്തു കൊണ്ടിരിക്കുകയും സാമ്പത്തിക ചൂഷണങ്ങള്‍ സമൂഹത്തില്‍ പെരുകി വരികയും കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുകയും കുട്ടി ക്രിമിനലുകള്‍ മാധ്യമ തലക്കെട്ടുകള്‍ പിടിച്ചടക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ സാമൂഹിക തിന്മകളെക്കുറിച്ചും ധാര്‍മിക ബോധം നിലനില്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ശബ്ദം വാചാലമായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിനെയും തിരു സുന്നത്തിനെയും ഗവേഷണാത്മകമായി നോക്കിക്കാണാനും ഇസ്ലാമിന്റെ തനതായ ആദര്‍ശത്തില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തുകയും അഹ്ലുസ്സുന്നയുടെ മുഖം വികൃതമാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന ആദര്‍ശ വൈരികളെ പ്രതിരോധിക്കാനും ശബ്ദത്തിന്റെ പേജുകളിലൂടെ നിരന്തരം ശ്രമിച്ചിട്ടുണ്ട്. വായനക്കാരുടെ നിരന്തരമായ ആവശ്യം മാനിച്ചു ആസ്വാദ്യകരമായ ചരിത്രാഖ്യായികകളും ശബ്ദത്തിലൂടെ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഓരോ ലക്കവും പുറത്തിറങ്ങുറന്നത് പ്രതീക്ഷിച്ചിരിക്കുന്ന ഒരു വലിയ സമൂഹം തന്നെ ഇന്നു ശബ്ദത്തിന്റെ വായനക്കാരായുണ്ട്.
നേരത്തെ സൂചിപ്പിച്ച പ്രകാരം സ്ഥാപനത്തിലെ വിദ്യര്‍ത്ഥികള്‍ക്ക് എഴുത്ത് പരിശീലന കളരിയൊരുക്കുകയായിരുന്നു മറ്റൊരു ലക്ഷ്യം. നിരവധി എഴുത്തുകാരെ സമൂഹത്തിനു സമര്‍പ്പിക്കാന്‍ ‘ശബ്ദ’ത്തിലൂടെ സാധ്യമായിട്ടുണ്ട്. സ്വന്തമായി ഗ്രന്ഥരചനകള്‍ തന്നെ പുറത്തിറക്കാന്‍ പല വിദ്യാര്‍ത്ഥികള്‍ക്കും ധൈര്യം പകര്‍ന്നതും ശബ്ദം തന്നെയാണ്. ചിട്ടയൊത്ത അണിയറ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഓരോ ലക്കവും ആകര്‍ഷമാക്കാന്‍ അത്യധ്വാനം ചെയ്യുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. മാഗസിനിലേക്കാവശ്യമായ ലേഖനങ്ങള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഡി. ടി. പിയും ലേഔട്ടും ഡിസൈനിങ്ങും നിര്‍വഹിക്കുന്നത്. ആ മേഖലയില്‍ പലരെയും വളര്‍ത്തിക്കൊണ്ടുവരാനും ഈ സംരംഭത്തിലൂടെ സാധിച്ചിട്ടുണ്ട്. മാഗസിന്റെ വെബ് എഡിഷനും വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്യുന്നു. അരീക്കോട്, ഊര്‍ങ്ങാട്ടിരി, കിഴുപറമ്പ്, കാവനൂര്‍ പഞ്ചയത്തുകളാണ് പ്രധാനമായും മാഗസിന്റെ വിതരണ ഏരിയ. ഓരോ ലക്കവും പുറത്തിറങ്ങുമ്പോള്‍ അനുവാചകരിലെത്തിക്കാന്‍ ആവേശത്തോടെ വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്നു. ഒരു പ്രബോധകനെന്ന നിലയില്‍ പൊതുജനങ്ങളുമായി സംവദിക്കാനുള്ള ഒരു നല്ല അവസരം കൂടിയാണ് ശബ്ദ വിതരണ സുദിനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിക്കുന്നത്. കുട്ടികളുടെ പ്രാക്ടിക്കല്‍ ദഅ്വ പിരിയഡായി അതിനെ വിശേഷിപ്പിക്കാം. ഇനിയും ഒരുപാട് ലക്ഷ്യങ്ങള്‍ ശബ്ദത്തിലൂടെ സാക്ഷാല്‍ക്കരിക്കാനുണ്ട്. വായനക്കാരുടെ അകമഴിഞ്ഞ പിന്തുണയാണാവശ്യം. ഒപ്പം പ്രാര്‍ത്ഥനയും. അതെന്നുമുണ്ടാവുമെന്ന് പ്രതീക്ഷക്കട്ടെ….
അബ്ദുല്‍ ഖാദിര്‍ അഹ്സനി ചാപ്പനങ്ങാടി