പൂവന്‍കോഴിയുടെ അതിരാവിലെയുളള കൂവല്‍ കേട്ട് പതിവ് പോലെ ഒരുപാട് പ്രതീക്ഷയോടെ അവന് എഴുന്നേറ്റിരുന്നു. ശരീരം ചെറുതായി വേദനിക്കുന്നുണ്ട്. കഠിനമായ തലവേദനയും. ഉമ്മയെ കുറിച്ചുളള ചിന്തകള്‍ അവന്റെ നെഞ്ചില്‍ തീക്കനലായി എരിഞ്ഞ്കൊണ്ടിരിക്കുന്നു. കഴിഞ്ഞുപോയ രണ്ട് ദിനങ്ങള്‍ക്ക് രണ്ട് സംവത്സരങ്ങളുടെ പ്രതീതി. ഉമ്മയുടെ വേര്‍പാടില്‍ മനസ്സ് വിങ്ങുന്നു. അന്നവന് ജോലിക്ക് പോയില്ല. കുളിച്ചൊരുങ്ങി തലയില്‍ തൊപ്പിയുമിട്ട് പള്ളിക്കാട്ടിലേക്ക് ആഞ്ഞ് നടന്നു. ഉമ്മയുടെ മുമ്പില്‍ എത്തിയപ്പോള്‍ അറിയാതെ വിതുമ്പിപ്പോയി. ഉമ്മ വയ്യായ്മകളെ കുറിച്ച് പറയുമ്പോള്‍ തീരെ ഗൗനിച്ചില്ലായിരുന്നു. ഇന്ന് അവന്റെ അസുഖം സ്നേഹാര്‍ദ്രമായ തലോടലുകളെയും തനിക്കുവേണ്ടി ഉറക്കിനെ മാറ്റിവെച്ച്, കറുത്തുപോയ കണ്‍തടങ്ങളുമായി തന്നെ കണ്‍പാര്‍ത്തിരിക്കുന്ന ഉമ്മയുടെ ചിത്രങ്ങള്‍ വീണ്ടും വീണ്ടും അവനെ കുത്തിനോവിച്ചു കൊണ്ടിരുന്നു. ഉമ്മ നീട്ടിയ ഒരു കുപ്പി ഗ്ലാസ് വെളളം ഇറക്കാന്‍ മടിച്ച് ഉമ്മയോട് ശണ്ഠ കൂടുമായിരുന്നു. എന്നാല്‍ ഇന്ന് അവന് അതിന്റെ വേദന മനസ്സിലാവുന്നു. ആ മൈലാഞ്ചി ചെടിയുടെയരികില്‍ മുട്ടുകുത്തി അവന് പൊട്ടിക്കരഞ്ഞു. ഉമ്മാ…ഈ പാപിക്ക് പൊറുത്തു തരണമേ…
ഫഹദ് അമ്പലപ്പുഴ