2021 March - April വീക്ഷണം

ഓണ്‍ലൈന്‍ ചാരിറ്റി; പണത്തിനു മേല്‍ ചാരുന്നു

നന്മയുടെ ഉറവ വറ്റാത്ത സുമനസ്സുകള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ചാരിറ്റി എന്നു പറയുന്നത്. സമൂഹത്തില്‍ മറ്റുളളവരും തന്നെപ്പോലെ അടിസ്ഥാനപരമായി മനുഷ്യരാണെന്നുളള ബോധ്യത്തില്‍ നിന്നു കൊണ്ട് അവരുടെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകള്‍ അനുകമ്പയും കാരുണ്യവും ഒരാളില്‍ നിറക്കുമ്പോഴാണ് യഥാര്‍ഥത്തില്‍ അയാള്‍ സേവകനാകുന്നത്. ലോകം അനുനിമിഷം വികസിത മുഖങ്ങളെ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുകയാണ്്. ഭരണ കൂടങ്ങള്‍ മാറി മറിഞ്ഞിട്ടും ഭാഗികമായ ഒരു സുഖാസ്വാദനം പോയിട്ട് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകള്‍ പോലും പരിഹരിക്കപ്പെടാനാകാതെ ജീവിച്ചുതീര്‍ക്കേണ്ടിയിരിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. ദിനേനയുളള ജീവിത ക്രമത്തെ രൂപപ്പെടുത്താന്‍ കഷ്ടപ്പെടുന്നവര്‍, രോഗം മൂര്‍ചിച്ച് ചികിത്സ തേടാന്‍ കഴിയാതെ മരണപ്പെടുന്നവര്‍, ചികിത്സിക്കാന്‍ പണം കൈവശം ഇല്ലാതെ കടം വാങ്ങി ബാധ്യതകളേറുന്നവര്‍, ദാരിദ്ര്യത്തെ കടിച്ചമര്‍ത്തി ജീവിതം നയിക്കുന്നവര്‍, പഠിക്കാന്‍ ബുദ്ധിയും താല്‍പര്യവും ഏറെയുണ്ടായിട്ടും സാമ്പത്തിക പരിമിതികള്‍ പ്രതിസന്ധികളാകുന്നവര്‍, സേവനം എല്ലാ അര്‍ത്ഥത്തിലും അണമുറിയതെ ലഭിക്കേണ്ട നിരാലംബരായ സമൂഹം വേറെയും.
‘നിങ്ങള്‍ ഭൂമിയിലുളളവരോട് കരുണ കാണിച്ചാല്‍ സ്രഷ്ടാവായ ദൈവം നിങ്ങളോട് കരുണ കാണിക്കും’ എന്ന പരിശുദ്ധ ഖുര്‍ആനിക പ്രഖ്യാപനം ആതുര സേവനത്തിന്റെ മഹാത്മ്യങ്ങള്‍ വിളിച്ചോതുന്നുതാണ്്. ‘നിങ്ങള്‍ ഒന്നില്‍ നിന്ന് വിരമിച്ചാല്‍ മറ്റൊന്നില്‍ വ്യാപൃതരാവുക’ എന്ന പാഠവും നമുക്ക് ഇതിനോട് ചേര്‍ത്ത് വായിക്കാം. ചുരുക്കത്തില്‍ കൃത്യമായ നിര്‍വ്വഹണ ബോധവും ക്ഷേമാധിഷ്ടിതവും നിസ്വാര്‍ത്ഥവുമായ സേവന മനസ്സില്‍ നിന്നുള്ളതുമായിരിക്കണം ഓരോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും. തികഞ്ഞ കാര്യക്ഷമതയോടു കൂടെയും സംഘടിത വ്യക്തി കേന്ദ്രീകൃത രൂപത്തോട് കൂടെയുമായിരിക്കണം സേവന മേഖലയില്‍ ഇടപടേണ്ടത്.
എന്നാല്‍ ഇതിനെല്ലാം വിരുദ്ധമാണ് ഇന്ന് ഈ മേഖലയില്‍ കാണാന്‍ സാധിക്കുന്നത്. ആത്മാര്‍ത്ഥ സേവനം അന്യമായി കൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇന്ന് ജനസേവനം സ്വന്തം സാമ്പത്തിക മുന്നേറ്റത്തിനും വേണ്ടി ചിലര്‍ ഉപയോഗിക്കുന്നു എന്നതാണ് ഖേദകരം. ജീവിതം വഴിമുട്ടിയ നിര്‍ധനരായ ജനങ്ങളെ സഹായിക്കാനും പുതു ജീവനേകാനും ഒരുപാട് സന്നദ്ധ പ്രവര്‍ത്തകരും സേവകരും ചാരിറ്റി സംഘടനകളും ഇന്ന് ധാരാളം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനത്തിലൂടെ ഒരുപാട് കുടുംബങ്ങള്‍ പുതുജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുമുണ്ട്. എന്നാല്‍ ഇവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ അര്‍ഹിക്കുന്നവരിലേക്ക് ആത്മാര്‍ത്ഥമായി പ്രവഹിക്കുന്നുണ്ടോ എന്ന് തിരിച്ചറയേണ്ടിയിരിക്കുന്നു.
നിലവില്‍ ഇന്ത്യന്‍ നിയമമനുസരിച്ച് ചാരിറ്റി ചെയ്യുന്നതിന് പാലിക്കേണ്ട നിയമങ്ങളാണ് കിറശമി ൃtuേെ മര േ1882, ഇവമൃശമേയഹല മിറ ൃലഹശഴശീൗ െൃtuേെ െമര േ1920 എന്നത്. ഈ നിയമങ്ങള്‍ മുഖവിലക്കെടുത്ത് ചാരിറ്റി പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന എത്ര ചാരിറ്റി പ്രവര്‍ത്തകരാണ് നമുക്ക് ചുറ്റുമുളളത്? ചില ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തകര്‍ പറയുന്നത് അവരുടെ ഫണ്ടുകള്‍ വരുന്നത് വിദേശ പ്രവാസികളില്‍ നിന്നും, മറ്റു കൂട്ടായ്മകളില്‍ നിന്നുമാണെന്നാണ്. എന്നാല്‍ വിദേശത്ത് നിന്ന് സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നതിനും നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. എഇഞഅ (എീൃലശഴി ഇീിൃേശയൗശേിഴ ഞലഴൗഹമശേീി െഅര)േ എന്നത് വിദേശത്തു നിന്നും ഫണ്ട് സ്വീകരിക്കുന്നതിനെ വ്യവസ്ഥ ചെയ്യുന്ന ആക്ടാണ് യഥാര്‍ത്ഥ ചാരിറ്റി നിയമങ്ങളെ കുറിച്ചും കൈകാര്യം ചെയ്യപ്പെടുന്ന സഹായ ധനത്തെ കുറിച്ചും സംസാരിക്കുമ്പോള്‍ ‘ നിയമം നോക്കി പ്രവര്‍ത്തിച്ചാല്‍ ഒരു പ്രവര്‍ത്തിയും നടക്കില്ല’ എന്ന് ചില ഓണ്‍ലൈന്‍ ചാരിറ്റിക്കാരും, മറ്റുളളവരും പറയുന്നതിലെ അര്‍ത്ഥമെന്താണെന്ന് ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.
ഈയടുത്ത് മാതാവിന്റെ ചികിത്സക്കായി ജനങ്ങളില്‍ നിന്ന് ബാങ്ക് വഴി ലഭിച്ച അധിക പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ചാരിറ്റി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായിട്ട് ‘വര്‍ഷ’യെന്ന കണ്ണൂര്‍ സ്വദേശിനി പോലീസിനു നല്‍കിയ പരാതി ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിതുറന്നതും ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. തട്ടിപ്പിന്റെ തന്ത്രങ്ങള്‍ മെനയാനുളള പുതിയൊരിടമായി സോഷ്യല്‍ മീഡിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മാറുന്നുണ്ടോയെന്ന ചോദ്യം വളരെ പ്രസക്തമാണ്. സോഷ്യല്‍ മീഡിയകളിലൂടെ ചാരിറ്റി പ്രവര്‍ത്തകര്‍ നല്‍കുന്ന സഹായാഭ്യര്‍ത്ഥനകള്‍ മാനിച്ചു കൊണ്ട് വന്‍തോതില്‍ പണം ലഭിക്കാറുണ്ട്. ഇതിനു പിന്നില്‍ ഹവാല-കുഴല്‍പണ മാഫിയകളെല്ലാം പ്രവര്‍ത്തിക്കുന്നുമുണ്ട് എന്ന് പറയാനാകും. ചാരിറ്റിയുടെ പേരില്‍ സാമ്പത്തിക വെട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ ഒരു നിശ്ചിത അളവിലുള്ള സംഖ്യകള്‍ മാത്രം ചികിത്സക്ക് വിട്ടുകൊടുത്ത് ബാക്കിയുള്ള സംഖ്യകള്‍ തങ്ങള്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ ഉടമസ്ഥരെ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ രോഗികള്‍ക്കും നിര്‍ധരര്‍ക്കും ലഭിക്കുന്ന പണത്തിന്റെ വിഹിതം തങ്ങള്‍ക്ക് കൂടി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഇത്തരക്കാര്‍ രംഗപ്രവേനം ചെയ്യുന്നത്.
രോഗികളുടെ അക്കൗണ്ടുകളിലേക്ക് വരുന്ന പണം ചികിത്സക്ക് ആവശ്യമായത് മാത്രം വിട്ടുകൊടുത്ത് മിച്ചം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റപ്പെടാറുണ്ട്. ചില രോഗികള്‍ ചികിത്സക്ക് ശേഷം ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് അവരുടെ വിലയേറിയ സഹായങ്ങള്‍ക്ക് ചെറിയ പ്രത്യുപകാരമെന്നോണം നേരിട്ട് പണം നല്‍കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുകകള്‍ മറ്റേതെങ്കിലും രോഗികള്‍ക്ക് വേണ്ടിയാണ് വിനിയോഗിക്കപ്പെടുന്നതെന്ന് ചാരിറ്റി സംഘടനകളും പ്രവര്‍ത്തകരും വാക്ക് നീളെ പറയാറുമുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഏതു വഴിക്കാണ് ഈ പണം പോകുന്നുവെന്നത് അവ്യക്തമാണ്. ഇതിനു പുറമെ പാവപ്പെട്ടവന്റെ ദയനീയത പണയം വെച്ച് കിട്ടുന്ന പണം കൊണ്ട് വലിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലേക്കും മറ്റും ശുപാര്‍ശ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തകരുടെ വന്‍കിട ആശുപത്രികളുമായുള്ള കൂട്ടുകെട്ടുകളെ കുറിച്ചും ഇതിനിടയില്‍ അന്വേഷിക്കല്‍ അനിവാര്യമായിരിക്കുകയാണ്.
സാമൂഹിക മാധ്യമങ്ങള്‍ വഴി ചാരിറ്റി തട്ടിപ്പുകള്‍ നടക്കുന്നുവെന്ന ആരോപണം കുറച്ചു വര്‍ഷം മുമ്പ് തന്നെ ഉയര്‍ന്നു വന്നിരുന്നു. അന്നൊന്നും കാര്യമായ അന്വേഷണങ്ങള്‍ നടക്കുകയോ വിശദീകരണം തേടുകയോ ചെയ്തിരുന്നില്ല. ഇപ്പോള്‍ ഈ രംഗത്ത് പ്രവര്‍ത്തകരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ വ്യത്യസ്ത പേരുകളിലായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനകളും സജീവമാണ്. ഇവരില്‍ നല്ല രൂപത്തില്‍ പ്രവര്‍ത്തനം നടത്തി വരുന്നവരുമുണ്ടാകാം. കൂട്ടത്തില്‍ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും അംശമില്ലെന്നത് മാത്രമാണ് ഈയൊരവസരത്തില്‍ നമുക്ക് പറയാനാകാത്തത്. സത്യത്തെ അവഗണിക്കുന്ന കാലത്ത് ജനങ്ങളെ വരുതിയിലാക്കി പണം തട്ടിയെടുക്കാനുള്ള സ്രോതസ്സായി ഇതിനെ ഉയര്‍ത്തിക്കാട്ടുകയാണ് ഇത്തരക്കാര്‍. പാവപ്പെട്ടവരുടെയും നിര്‍ധനരായ രോഗികളുടെയും പേരില്‍ മുതലെടുപ്പ് നടത്തി പ്രവാസി കൂട്ടുകാരുടെയും നാടുകളിലെയും സന്മനസ്സുകളെ അവര്‍ പോലുമറിയാതെ ചതിക്കുഴികളുടെയും വഞ്ചനയുടെയും ഇരകളാക്കിത്തീര്‍ക്കുകയാണ് പ്രസ്തുത വിഭാഗത്തിന്റെ സമീപകാല അജണ്ടകള്‍.
അതുകൊണ്ട് തന്നെ ഇത്തരത്തക്കാരുടെ കാപട്യങ്ങള്‍ പുറത്ത് കൊണ്ട് വരികയും ശാശ്വതമായ പരിഹാരങ്ങള്‍ തേടുകയും വേണം. ഒരു പക്ഷേ ഇതിന്റെ ഫലമെന്നോണം സത്യസന്ധമായി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നവര്‍ പോലും സംശയിക്കപ്പെടാനും തെറ്റിദ്ധരിക്കപ്പെടാനും സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിക്കപ്പെടാനും സാധ്യതകളേറെയാണ്. ഒരുപാട് നിരക്ഷരരായ ജന്മങ്ങള്‍ക്ക് അസ്തമിക്കാത്ത പ്രതീക്ഷയുടെ പുതുനാമ്പുകളിലേക്ക് കൈപിടിക്കുന്ന ചാരിറ്റി പ്രവര്‍ത്തകരും സംഘടനകളും നമ്മുടെ നാടുകളിലും മറ്റു രാജ്യങ്ങളിലുമെല്ലാമുണ്ട്. ദുരിതമനുഭവിക്കുന്ന ഒരുപാട് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഇവരുടെ കരങ്ങള്‍ മത ജാതി ഭേദമന്യേ രക്ഷ നല്‍കിയിട്ടുമുണ്ട്. അതിനാല്‍ അത്തരക്കാരെ സമൂഹവും ജനങ്ങളും നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരിക്കുക തന്നെയാണ്. അവര്‍ക്ക് സമൂഹവും ജനങ്ങളും നല്‍കുന്ന വിശ്വസ്തതയും പിന്തുണയും അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങളും നിലനിര്‍ത്തുകയും വേണം. ഇതിനു വേണ്ടിമാത്രമായി കാപട്യത്തിന്റെ മുഖമൂടിയണിയുന്നവരെ സമൂഹത്തില്‍ നിന്നും പിഴുതെറിഞ്ഞേ തീരൂ.

അഫ്‌സല്‍ നെല്ലിക്കുത്ത്‌

Leave a Reply

Your email address will not be published. Required fields are marked *