സോഷ്യല്‍ മീഡിയയിലും അനുബന്ധ മാധ്യമങ്ങളിലുമായി സംഘ്പരിവാറും ചില തീവ്ര ക്രൈസ്തവ വിഭാഗങ്ങളും ഹലാല്‍ വിരുദ്ധ കാമ്പയിന്‍ ആരംഭിച്ചിട്ട് മാസങ്ങളായി. രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്‍െറയും അവിശ്വാസത്തിന്‍െറയും തീ ആളിക്കത്തിച്ച് വര്‍ഗീയ വംശീയ മോഹങ്ങള്‍ സഫലമാക്കുന്നതിന് സംഘ്പരിവാര്‍ ചരിത്രത്തിലങ്ങോളമിങ്ങോളം അപകടകരമായ നീക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ബാബരി മസ്ജിദ് നിലനിന്നത് രാമജന്മ ഭൂമിയിലാണെന്ന വാദവും അതേ തുടര്‍ന്ന് മസ്ജിദ് ധ്വംസനത്തിലേക്കും അതിനെ സാധൂകരിക്കുന്ന കോടതി വിധികളിലേക്കും നയിച്ച കാര്യങ്ങളും സംഘ്പരിവാറിന്‍റെ ഈ വംശീയ പദ്ധതിയുടെ ഏറ്റവും വിഷലിപ്തമായ ആവിഷ്കാരങ്ങളാണ്. ഇത്തരത്തില്‍ അധികാരത്തിന്‍റെ കുട പിടിച്ച് രാജ്യത്തെ ജനതയിലുണ്ടാക്കുന്ന ദുസ്വാധീനത്തിന്‍റെ ഭാഗം തന്നെയാണ് അടുത്തിടെയായി ഉയര്‍ന്ന് കേട്ടുകൊണ്ടിരിക്കുന്ന ഹലാല്‍ വിവാദവും. മുസ്ലിം ജനതയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അസ്പൃശരായി വിധിക്കാനുള്ള വ്യഗ്രതയാണ് ഇതിനു പിന്നില്‍ കാണാനാകുന്നത്. ഇതിനെ സോഷ്യല്‍ മീഡിയയിലും അനുബന്ധ മാധ്യമങ്ങളിലുമായി ചില തീവ്ര ക്രൈസ്തവ വിഭാഗങ്ങളും ഏറ്റുപിടിക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ മുസ്ലിം ജീവിതത്തിലെ ഹലാല്‍ ചര്‍ച്ചകള്‍ക്ക് വലിയ പ്രസക്തിയുണ്ട്.
മുസ്ലിം വ്യക്തി ജീവിതത്തിന്‍െറ വിശുദ്ധിയുടെയും സത്യസന്ധതയുടെയും നീതിബോധത്തിന്‍െറയും ആകെത്തുകയാണ് ഹലാല്‍. സ്വാര്‍ഥതയില്‍ നിന്നും ഇത് അവനെ മുക്തനാക്കുന്നു.
ആഹാരവിഭവങ്ങളില്‍ മാത്രമല്ല, സമ്പാദ്യവും അലങ്കാരങ്ങളും ഉടയാടകളും തുടങ്ങി ഒരാള്‍ സ്വന്തമാക്കുന്നതെ ന്തൊക്കെയുണ്ടോ അവയെല്ലാം ഹലാല്‍ ആയിരിക്കണ മെന്നതാണ് ഇസ്ലാമിന്‍റെ ഭാഷ്യം. അതിനാല്‍ തന്നെ ഹലാല്‍ എന്നത് അക്രമത്തിനും അനീതിക്കും എതിരായ ജാഗ്രതയുടെ പേരാണ്. സാമൂഹ്യവിരുദ്ധമെന്ന് സമൂഹം പേരിട്ടുവിളിക്കുന്ന എന്തൊക്കെയുണ്ടോ അവയുടെ എല്ലാം മറുപക്ഷമാണ്. സമൂഹത്തിന്‍െറയോ അധികാരത്തിന്‍െറയോ നീതിപാലകരുടെയോ ശ്രദ്ധ പതിയാത്തിടത്തു പോലും ഹലാല്‍ ചിന്ത ഒരു വ്യക്തിയില്‍ സത്യവും നീതിയും ധര്‍മവും ഉറപ്പുവരുത്തുന്നു. അതിനാല്‍ ഹലാല്‍ ഒരു സാമൂഹ്യവിരുദ്ധ നിലപാടല്ല. സുന്ദരവും സമാധാനപൂര്‍ണവും അക്രമരഹിതവും നീതിയുക്തവുമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്ന സവിശേഷ ഘടകമാണ്.
ഹലാല്‍ ഭക്ഷണത്തെക്കുറിച്ചുള്ള ഭീതി പടര്‍ത്തുന്നതില്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്കാണ് വലിയ പങ്കുള്ളത്. പല പത്രങ്ങളും അവരുടെ കുടല്‍ വീര്‍പ്പിക്കാന്‍ വേണ്ടി സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണ്. കര്‍ശനമായ ഇസ്ലാമിക നിയമപ്രകാരമുള്ള ഹലാല്‍ മാംസം പൊതുജനങ്ങളെക്കൊണ്ട് തീറ്റിക്കുന്ന രീതിയിലാണ് ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, സ്കൂളുകള്‍, ഹോസ്പിറ്റലുകള്‍, പോലുള്ള വന്‍ സ്ഥാപനങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നതെന്നാണ് ഒരു മഞ്ഞ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്‍റെ പിന്നിലെ യാഥാര്‍ത്ഥ്യം ആരും അന്വേഷിക്കുന്നുമില്ല. ഇസ്ലാമിലെ ഹലാല്‍ ഭക്ഷണം എന്നാല്‍ എന്തു ഭക്ഷണമാണ് നാം കഴിക്കുന്നതെന്നു മാത്രം നോക്കിയുള്ളതല്ല, മറിച്ച് നമ്മള്‍ കഴിക്കുന്ന ഭക്ഷണം എങ്ങനെ ഉണ്ടാവുന്നു അല്ലെങ്കില്‍ പ്രസ്തുത ജീവികള്‍ എന്ത് കഴിക്കുന്നുവെന്നതും കൂടി നോക്കിയാണ്. അതായത്, ആടു മാടുകള്‍ എന്തു കഴിക്കുന്നു എന്നു പരിഗണിച്ചാണ് ആ ഭക്ഷണങ്ങള്‍ ഹലാലാക്കുന്നതും ഹറാമാക്കുന്നതും. പന്നി സ്വന്തം വിസര്‍ജ്യവും മാലിന്യവും ഭക്ഷിക്കുന്നതു കൊണ്ടാണ് പന്നി മാംസം നിഷിദ്ധമാക്കിയത്. അതുപോലെ തന്നെയാണ് കൃത്രിമങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഭക്ഷണം, കീടനാശിനികള്‍ ഉപയോഗിച്ച പച്ചക്കറികള്‍ പഴങ്ങള്‍, വിഷവസ്തുക്കള്‍ കലര്‍ത്തിയവ, മാലിന്യം കലര്‍ന്നവ, വൃത്തിരഹിതമായ സ്ഥലത്ത് പാകം ചെയ്തവ, വൃത്തിയില്ലാത്ത അവസ്ഥയില്‍ വിളമ്പുന്ന ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഇസ്ലാം നിഷിദ്ധമാക്കിയത്. നമ്മുടെ നിത്യജീവിതത്തിലെ ഭക്ഷണത്തില്‍ ഇവ കടന്നുവരില്ലെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത നമ്മുടേതാണ്. ഒരു വെജിറ്റേറിയന്‍ ഭക്ഷണശാലക്കാരന്‍ പരിസരത്തെ പച്ചക്കറി കടയില്‍നിന്ന് മോഷ്ടിച്ചെടുത്തവ കൊണ്ടാണ് സാമ്പാറുണ്ടാക്കിയത് എന്ന് വിചാരിക്കുക. എന്നാല്‍ അത് ഹലാലല്ല. ഹറാമാണ്. ഭക്ഷ്യയോഗ്യമല്ല. മുസ്ലിമിന് മാത്രമല്ല, മനുഷ്യന് തന്നെ നിഷിദ്ധമാണ്. കാരണം ഹലാല്‍ എന്നത് ഒരു സാംസ്കാരികമുദ്രയാണ്. കേവലം വ്യാപാരം വര്‍ധിപ്പിക്കാനുള്ള പരസ്യമല്ല. പിന്നെന്തായിരിക്കും ഹലാല്‍ ഭക്ഷണത്തോടുള്ള അമിതമായ ഭീതിയുടെയും അപസ്മാരത്തിന്‍റെയും കാരണം? ഹലാല്‍ എന്ന വാക്ക് തീര്‍ത്തും ലളിതമായ അര്‍ത്ഥങ്ങളുള്ള ഒന്നാണ്. ഇസ്ലാമിക നിയമ വ്യവസ്ഥയില്‍ “നിയമാനുസൃതമായത്چ’ എന്നര്‍ത്ഥം വരുന്ന ഈ സംജ്ഞ ഭക്ഷണത്തിന് മാത്രമല്ല ഏതു വസ്തുവിനും പ്രവൃത്തിക്കും സ്വഭാവത്തിനും ബാധകമാണ്. ഹലാല്‍ എന്നാല്‍ ലളിതമായി ഈ പറഞ്ഞതാണെങ്കിലും അതിന് ഒരു വിശ്വാസിയുടെ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ട്. നമ്മുടേതല്ലാത്ത ഒന്നും നമ്മുടേതല്ലയെന്നതാണ് അത് പറഞ്ഞുവെക്കുന്നത്. പിതാവ് മക്കള്‍ക്ക് നല്‍കുന്ന ആഹാരത്തിന്‍റെയോ വസ്ത്രത്തിന്‍റെയോ സ്നേഹപ്രകടനത്തിന്‍റെയോ കാര്യത്തില്‍ പോലും ഈ ഹലാല്‍ ഹറാം പരിധി കടന്നുവരുന്നു. നിങ്ങള്‍ വാഹനമോടിച്ച് പോകുന്നുവെന്ന് സങ്കല്‍പ്പിക്കുക. ആ സമയത്ത് എതിരേ വരുന്ന യാത്രികര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ഹെഡ്ലൈറ്റ് ബ്രൈറ്റായി ഉപയോഗിക്കുന്നത് ഹറാമാണ്. വഴിയേ പോകുമ്പോള്‍ വീണുകിട്ടിയ ഒരു പഴം ഉടമയുടെ സമ്മതമില്ലാതെ തിന്നുന്നതും ഒരുവേള ആ സ്ഥലത്ത് നിന്ന് നീക്കുന്നതും ഹറാമാണ്. അത് സമ്മതത്തോടെയാണെങ്കില്‍ ഹലാലും.
ഇപ്പോള്‍ ഹലാല്‍ വിവാദത്തെക്കുറിച്ച് ഉയര്‍ന്ന് വന്ന പല വാര്‍ത്തകളും കാഴ്ച്ചപ്പാടുകളും ആ വാക്ക് മാംസാഹാരവുമായി മാത്രം ബന്ധപ്പെട്ടതാണ് എന്ന തെറ്റിദ്ധാരണയില്‍ നിന്ന് നമുക്ക് ബോധ്യപ്പെടും.
യഥാര്‍ത്ഥത്തില്‍ ഒരു കാര്യം ഇസ്ലാമിക നിയമത്തില്‍ നിലപാടിനോട് വൈരുദ്ധ്യാത്മകമായ ചില കാര്യങ്ങളുണ്ട്. നമ്മുടെ ചരിത്ര കൃതികളിലൊക്കെത്തന്നെ ചക്രവര്‍ത്തിമാരും ഗുരുക്കന്മാരും മാംസം കഴിച്ചതായി പറയുന്നുണ്ട്. ഇതിലൂടെ മാംസാഹാരം അത്ര മോശം ആഹാരമല്ല, ലോകത്ത് ഭൂരിപക്ഷം മാംസാഹാരികള്‍ മുസ്ലിംകളായിരുന്നില്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാംസം കയറ്റുമതി ചെയ്യുന്നത് മുസ്ലികളേക്കാള്‍ ഇതര മത വിഭാഗങ്ങളാണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അനുവദനീയമാണ് എന്നാണ് ‘ഹലാല്‍’ കൊണ്ടുള്ള ഇസ്ലാ മിക വിവക്ഷ. ഹലാല്‍ മാംസവും ഇത്തരത്തിലുള്ളതാണ്. അത് ചില വിശേഷണങ്ങളുള്ളതായിരിക്കണം.
1. മൃഗം ആരോഗ്യമുള്ളതും പരിക്കേല്‍ക്കാത്തതും അറുത്തതുമായിരിക്കണം.
2. മൃഗത്തിന്‍റെ ശരീരത്തില്‍ നിന്ന് മുഴുവന്‍ രക്തവും വാര്‍ന്ന് പോയിരിക്കണം.
ഒറ്റമുറി അറവാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. മൂര്‍ച്ചയുള്ള കത്തി കൊണ്ട് മൃഗത്തിന്‍റെ കഴുത്തില്‍ ഒരു അറവ്. ഇത് രക്തം പുറത്തേക്ക് ഒഴുകിപ്പോവാന്‍ സഹായിക്കുന്നു. അതോടൊപ്പം മാംസം വൃത്തിയാവുകയും ചെയ്യുന്നു.
അറുത്ത മൃഗത്തിന്‍റെ വാര്‍ന്നൊലിക്കുന്ന രക്തം ചിലര്‍ക്കെങ്കിലും ഭീതിതമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതില്‍ വിമര്‍ശിക്കാന്‍ മാത്രം കഴമ്പില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ അറവ് നടത്തുമ്പോള്‍ മൃഗങ്ങള്‍ക്ക് വളരെ വേഗത്തില്‍ ബോധം നഷ്ടമാവും. കൂടുതല്‍ വേദന അനുഭവിക്കാന്‍ അവയ്ക്ക് സമയം കിട്ടില്ല. അതുകൊണ്ട് ഏറ്റവും മാനുഷികവും ലളിതവുമാണ് ഇസ്ലാമിലെ അറവ് രീതി എന്നാണ് മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ പ്രതിനിധി മാദ്ദിദ് ഖത്മെ അഭിപ്രായപ്പെടുന്നത്. ആധുനിക യുഗത്തിലെ ആചാരാനുസൃതമല്ലാതെ മൃഗങ്ങളെ കൊല്ലുന്ന രീതി പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവുന്നതാണ്. അമേരിക്കയിലെ കോളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അനിമല്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ ടെംബിള്‍ ഗ്രാഡിന്‍ നടത്തിയ ഗവേഷണ പഠനങ്ങളിലും ഇസ്ലാമിക അറവു രീതി അറുക്കപ്പെടുന്ന മൃഗങ്ങള്‍ക്ക് വേദനയറിയാനുള്ള സാഹചര്യമുണ്ടാക്കുന്നില്ല എന്നു വ്യക്തമാക്കുന്നുണ്ട്. പൊതുവെ, മൃഗങ്ങളെ ആക്രമിക്കുന്നതും വേദനിപ്പിക്കുന്നതും മതത്തില്‍ നിഷിദ്ധമാണ് എന്ന ഇസ്ലാമിന്‍റെ പ്രത്യയ ശാസ്ത്രത്തിലൂടെ വീക്ഷിച്ചാല്‍ ഇത് കൂടുതല്‍ മനസ്സിലാക്കാവുന്നതാണ്. ഹലാല്‍ മാംസത്തിന്, മുസ്ലിംകള്‍ തന്നെ കശാപ്പുകര്‍മ്മങ്ങള്‍ നിര്‍വഹിക്കണമെന്ന നിബന്ധന ഇന്ത്യയിലെ ഈ തൊഴില്‍ മേഖലയില്‍ നിന്ന് അമുസ്ലിംകളെ അകറ്റുമെന്നും തത്ഫലമായി തൊഴിലില്ലായ്മ ശക്തിപ്പെടുമെന്നുമാണ് സംഘ്പരിവാര്‍ നേതാക്കള്‍ പല ചാനല്‍ചര്‍ച്ചകളിലും ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ ആരാണ് ഈ മേഖലയില്‍ നിയന്ത്രണം വേണമെന്ന് പറഞ്ഞിട്ടുള്ളത്? മുസ്ലിംകള്‍ മാത്രമേ മൃഗങ്ങളെ അറുക്കാവൂ, മാംസവിതരണം നടത്താവൂ എന്ന് ആര്‍ക്കും വാദമോ വാശിയോ ഇല്ല. മറ്റു നിയമവശങ്ങള്‍ പരിഗണിച്ച് ഈ ജോലി ആര്‍ക്കും എവിടെയും എപ്പോഴും ചെയ്യാവുന്നതാണ്. ഹലാല്‍ ഹറാം പരിഗണനകള്‍ ബാധകമല്ലാത്തവരാണ് ഈ ലോകത്ത് അതുള്ളവരേക്കാള്‍ കൂടുതല്‍ എന്നതിനാല്‍ വിപണിയും ചെറുതല്ല. അധികാരം ഉപയോഗിച്ച് ഗോവധ നിരോധനത്തിനുവേണ്ടി നിയമനിര്‍മാണം നടത്തുകയും അറവുശാലകള്‍ നടത്തുന്നവരെ അടിച്ചുകൊല്ലുകയും ചെയ്യുന്നവരാണ് കശാപ്പുശാലകളിലെ തൊഴില്‍ നഷ്ടത്തെക്കുറിച്ച് വാചാലമാവുന്നതെന്നതാണ് ഇതിലെ വിരോധാഭാസം. മാത്രമല്ല സംഘ്പരിവാര്‍ സംഘടനകളുടെ ആള്‍ക്കൂട്ട ആക്രമങ്ങളുടെ ഫലമായി നിരവധി പേരാണ് ദിനേന രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കന്നുകാലി വില്‍പ്പന, കശാപ്പ് തുടങ്ങിയ മേഖലകള്‍ ഉപേക്ഷിക്കുന്നത്. മുസ്ലിംകളെ സംബന്ധിച്ചടത്തോളം അവരുടെ സമ്പാദ്യവും ഹലാല്‍ ആയിരിക്കും. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലടക്കം ജോലി ചെയ്യുന്ന തീവ്രഹിന്ദുത്വ വക്താക്കള്‍ ഹലാല്‍ ശമ്പളം ഞങ്ങള്‍ സ്വീകരിക്കില്ലെന്ന് പറയാന്‍ സന്നദ്ധമാവുമോ? ലോകം ഇസ്ലാമിക ഭക്ഷണ രീതി പഠിക്കേണ്ടതും പ്രയോഗവല്‍ക്കരിക്കേണ്ടതുമുണ്ട്. പൂര്‍ണ്ണമായും ജീവന്‍ നഷ്ട്ടപ്പെട്ടാല്‍ മാത്രമാണ് അത് ഭക്ഷണത്തിനായി പാകം ചെയ്യാവൂ എന്നാണ് ഇസ്ലാമിക നിയമം. എന്നാല്‍ പലപ്പോഴും പലരാജ്യങ്ങളില്‍ നിന്നും മത്സ്യങ്ങളേയും മറ്റും ജീവനോടെ എണ്ണയിലിട്ട് വറുത്തെടുക്കുന്നതും കഴിക്കാനുള്ള പാത്രത്തിലെത്തിയിട്ട് പോലും തല പാത്രത്തില്‍ കിടന്ന് പിടയുന്നതുമായ മനുഷ്യത്വ ഹീനമായി കാഴ്ച പലപ്പോഴും യൂറ്റൂബില്‍ കാണുന്നവരാണ് നാം. പാമ്പ്, തേള്‍ പോലെയുള്ള വിഷജീവികള്‍ പലരാജ്യക്കാരും ഭക്ഷണമാക്കുന്നുണ്ട്. ഇത്തരം വിഷജീവികളെ ഭക്ഷിച്ചാല്‍ നിരവധി സാംക്രമിക രോഗങ്ങളാണ് അവര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഒരു മനുഷ്യന്‍റെ ശരീര ഘടനക്ക് സാധ്യമായ ഭക്ഷണ രീതിയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്.ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഈ ഭക്ഷണ രീതി പിന്തുടരുക മാത്രമാണ് പരിഹാരം.
ഖുര്‍ആന്‍ വചനങ്ങളും പ്രവാചക പാഠങ്ങളും ജീവനുള്ളവയെ അന്യായമായി വേദനിപ്പിക്കുന്നത് നിരുത്സാഹപ്പെടു ത്തുന്നുണ്ട്. ഭൂരിപക്ഷം ഇസ്ലാമിക പണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍ മൃഗങ്ങളെ ആക്രമിക്കുന്നതും അപായപ്പെടുത്തുന്നതും പാടില്ലാത്ത കാര്യമാണ്.നിഷിദ്ധമായത് തിന്നു(ഹറാമില്‍ നിന്ന്)ണ്ടായ മാംസം (ശരീരം) നരകത്തോട് ഏറ്റവും ഇണ ങ്ങിയതാണെ ന്നാണ് തിരു നബി(സ്വ) പഠിപ്പിക്കുന്നത്. വിശുദ്ധഖുര്‍ആ നിലേക്ക് കടന്നാല്‍ ഹറാമുകളെ കുറിച്ചുള്ള നിരന്തരമായ പരാമര്‍ശങ്ങള്‍ കാണാം. മനുഷ്യകുലമേ, ഭൂമിയില്‍ നിന്ന് ശുദ്ധമായതിലെ അനുവദനീയമായത് നിങ്ങള്‍ ഭക്ഷിക്കണേ, പിശാചിന്‍റെ കാലടി പിന്തുടരല്ലേ, അവന്‍ പ്രത്യക്ഷ ശത്രുവാണ്’. (ബഖറ 128)അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് ശുദ്ധവും അനുവദനീയവുമായത് ഭക്ഷിക്കുക. നിങ്ങള്‍ വിശ്വസിക്കുന്ന അല്ലാഹുവിനെ സൂക്ഷിക്കുക’ (മാഇദ 88). ഇത്തരം സൂക്തങ്ങളിലെല്ലാം ഹലാല്‍ സങ്കല്‍പം മുസ്ലിംകള്‍ക്ക് മാത്രം എന്ന വാദമല്ല ഉരുത്തിരിയുന്നത് മറിച്ച് മുഴുവന്‍ മനുഷ്യകുലത്തോടുമാണ്.
ഇസ്ലാമോഫോബിയ ഒരു അലങ്കാരമായി കാണുന്നവരടക്കം വെറുപ്പ് വിതച്ച് കൊയ്ത് വിളവെടുക്കുന്നവരോട് വളരെ വിനയത്തോടെ പറയാനുള്ളത്: നിങ്ങള്‍ ശാന്തമായ മനസോടെ മുന്‍വിധികളില്ലാതെ ഇസ്ലാമികനിയമങ്ങളെയും രീതികളെയും പഠിക്കൂ. ഇത്തരം വിവാദങ്ങളൊന്നും ആര്‍ക്കും ഗുണം ചെയ്യില്ല. അത് സമൂഹത്തില്‍ അനാരോഗ്യകരമായ പ്രവണതകള്‍ വളര്‍ത്തും. വെറുപ്പിന്‍റെ പാചകക്കാര്‍ വിളമ്പുന്നത് വയറുകളെ മാത്രമല്ല ആത്മാവിനെ തന്നെ ജീര്‍ണിപ്പിക്കും. അതിനാല്‍ എടുത്തുചാടും മുമ്പ് പുഴയുടെ ആഴം അളക്കണം. ആക്രമിക്കും മുമ്പ് ഇസ്ലാമിനെ കുറിച്ച് പഠിക്കൂ. നിങ്ങള്‍ക്ക് കൂടുതല്‍ വിസ്മയത്തോടെ മാത്രമേ മുസ്ലിംകളെയും ഇസ്ലാമിനെയും നോക്കിക്കാണാനാവൂ.
ഉനൈസ് കിടങ്ങഴി