2022 january-february കവിത

കിന്നാരം

മുഹമ്മദ് ഷാഹുല്‍ ഹമീദ് പൊന്മള

ജന്മനാ പിടിപെട്ട
വിഭ്രാന്തിയാണ്
ദിവസങ്ങള്‍
മുന്നോട്ടു കുതിക്കുന്നത്

വലയില്‍ ശേഷിച്ച
കുഞ്ഞു പരല്‍മീനുകളെപ്പോലെ
ഓര്‍മ്മത്തരികള്‍
പിടച്ചിലിലാണ്
വേദന തഴുകിയതിനാലാവാം

ഇന്ന് ഞാന്‍
മോഹവലയും നെയ്ത്
ഓര്‍മ്മത്തെരുവിലെ
വില്‍പ്പനക്കാരനാകാന്‍
കാത്തിരിപ്പിലാണ്
കുരുങ്ങിയ തരികള്‍
ഒത്തിരിയുണ്ട് .

പ്രകാശമെത്താതിടത്ത്
സോളാറിനെന്തു മെച്ചം
കാറ്റെത്താതിടത്ത്
കാറ്റാടിക്കെന്ത് ഫലം,
അവരൊക്കെ
ചുമതലകളുടെ
അങ്ങാടികളില്‍ ഭാണ്ഡം ചുമക്കുകയാണത്രെ

ഇനി ഞാന്‍
മരങ്ങളോട് കിന്നരിക്കട്ടെ,
പൂവുകളോടും പൂമ്പാറ്റകളോടും
ഓര്‍മ്മകളുടെ ചുമടിറക്കി
ശുദ്ധവായുവിനെ
ഉള്ളിലേക്കാവാഹിക്കണം

Leave a Reply

Your email address will not be published. Required fields are marked *