2022 MAY-JUNE Hihgligts Latest Shabdam Magazine ആരോഗ്യം കാലികം നിരൂപണം പഠനം ഫീച്ചര്‍ രാഷ്ടീയം ലേഖനം

ലൈംഗിക ഉദാരത;സാംസ്കാരിക മൂല്യചുതിയുടെ നേര്‍ക്കാഴ്ചകള്‍

ഹാരിസ് മുഷ്താഖ്

എന്തിനും ഏതിനും പുരോഗമനത്തിന്‍റെ മേലങ്കിയണിയിക്കുന്ന സമകാലിക പ്രവര്‍ത്തനങ്ങള്‍ ശരിയാണോ? അതെത്രത്തോളം സമൂഹത്തോട് നീതി പുലര്‍ത്തുന്നുണ്ട്? എത്ര കണ്ട് ധാര്‍മിക അടിത്തറ ഇവക്കുണ്ട്? പലതിനേയും യാഥാസ്ഥികമെന്ന മുദ്ര ചാര്‍ത്തി തള്ളിക്കളയുമ്പോള്‍ നമുക്ക് പലതും ചോര്‍ന്ന് പോകുന്നില്ലേ? അടുത്തിടെയായി മനസ്സില്‍ അസ്വസ്ഥത പടര്‍ത്തി വന്ന ചില ചോദ്യങ്ങളാണിത്. മനസ്സിനെ മദിക്കുന്ന, കുഴഞ്ഞുമറിക്കുന്ന, ചിന്താകുലനാക്കുന്ന ചില ചോദ്യങ്ങള്‍. സമീപ കാലത്തായി സമൂഹത്തില്‍ അരങ്ങേറുന്ന നടപ്പുരീതികളാണ് ഈ അസ്വസ്ഥതക്ക് ആധാരം. ഏതു പ്രവര്‍ത്തനത്തെയും വ്യക്തി സ്വാതന്ത്രമെന്ന പേരു ചാര്‍ത്തി വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് സാര്‍വ്വത്രികമായി നടക്കുന്നുണ്ട്. സ്വേച്ഛാനുസരണം ജീവിക്കാനായുള്ള ചിലരുടെ ശ്രമങ്ങളുടെ പരിണിതിയാണിത്. അതിനായി അതിര്‍വരമ്പുകളില്ലാത്ത ലോകം സാധ്യമാക്കാന്‍ അവര്‍ തത്രപ്പെടുന്നു. സമൂഹത്തിലെ സാംസ്കാരിക-ധാര്‍മിക നിയന്ത്രണങ്ങളെ യാഥാസ്ഥികമെന്ന മുദ്ര കുത്തി മാറ്റി നിര്‍ത്തുന്നു. തികഞ്ഞ സ്വതന്ത്ര വാദത്തെ പുരോഗമനത്തിന്‍റെയും പരിഷ്കാരത്തിന്‍റെയും ഉടയാടയണിയിക്കുന്നു, മഹ്ത്വവത്കരിക്കുന്നു. അടുത്തിടയായി വ്യഭിചാര സംബന്ധിയായി വന്ന കോടതി വിധികളിലും നിയമ നടപടികളിലും ഇതുപ്രകടമാണ്. ഇത്തരക്കാര്‍ക്ക് നിയമ പരിരക്ഷകള്‍ പോലും ലഭിക്കുന്നുവെന്നതാണ് ആശങ്കപ്പെടുത്തുന്നത്. സമൂഹം പാതകമായി മാറ്റിനിര്‍ത്തിയ ഹീന പ്രവൃത്തിയാണ് വ്യഭിചാരമെന്നത്. വിവിധ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒന്ന്. സമൂഹത്തിന്‍റെ ആരോഗ്യവും സുസ്ഥിരവുമായ നിലനില്‍പിന് സുഗമമായ സഞ്ചാരത്തിനും പ്രതികൂലമായി ബാധിക്കുന്ന ഘടകം. സാമൂഹിക ദുരന്തങ്ങളില്‍ ശപ്താത്മക ഭാവി സമ്മാനിക്കുന്ന കുത്തഴിഞ്ഞ ലൈംഗികതക്ക് ഇത്തരത്തില്‍ നിയമ പരിരക്ഷ നല്‍കുന്നതിന് പിന്നില്‍ ആരാണ്? ലൈംഗിക അരാചകത്വത്തിലേക്ക് നീങ്ങാവുന്ന ഈ ഹീന കൃത്യത്തെ വെള്ള പൂശുന്നതിന് പിന്നിലെ ചേതോവികാരമെന്ത്? തുടങ്ങിയ കാതലായ ചോദ്യങ്ങള്‍ ഈ സാഹചര്യത്തില്‍ നമുക്ക് മുന്നില്‍ കുരുങ്ങി നില്‍ക്കുന്നത് സ്വാഭാവികമാണ്.
സമൂഹം എക്കാലവും മ്ലേഛമായും അധാര്‍മികമായും മാറ്റി നിര്‍ത്തിയിരുന്ന ഒന്നാണ് വ്യഭിചാരം. നൈമിഷിക സുഖങ്ങള്‍ക്കായി പെണ്‍മാംസം തേടി അലയുന്നതും അതിന് വിലയിടുന്നതുമായ ലൈംഗിക അതിപ്രസരണത്തെ അത്രമേല്‍ വെറുപ്പോടെയാണ് സമൂഹം വീക്ഷിച്ചിരുന്നത്. സംസ്കാരിക ഉന്നതിയിലായിരുന്ന റോമന്‍ സാമ്രാജ്യത്തിന്‍റെ സദാചാര തകര്‍ച്ച മുതല്‍ ഇന്നോളമുള്ള സമൂഹങ്ങളിലെ മൂല്യചുതിയുടെ മൂലകാരണങ്ങളില്‍ ഗുരുതരമായി എണ്ണിയ ഘടകമായിരുന്നു വ്യഭിചാരം. എന്നാല്‍ ആധുനിക സമൂഹത്തിലെ ബോധതലങ്ങളില്‍ ഈ പാഠങ്ങളൊന്നും നിലനില്‍ക്കുന്നില്ല. കുത്തഴിഞ്ഞ ലൈംഗിക അരാചകത്വത്തിനും വൈകൃതങ്ങള്‍ക്കും ഇടയാക്കുന്ന വ്യഭിചാരത്തിന് കുടപിടിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. അതിനായി നിയമ നിര്‍മാണങ്ങളും കോടതി നടപടികള്‍ പോലും സംഭവിക്കുന്നു. വേശ്യ വൃത്തിക്ക് മാന്യത കല്‍പിക്കുന്ന, സ്വവര്‍ഗരതി അനുവദനീയമാക്കിയ, പ്രായപൂര്‍ത്തിയായവരുടെ വൈവാഹികേതര ബന്ധം നിയമ വിധേയമാക്കിയ കോടതി വിധികള്‍ ഇതിനുദാഹരണമാണ്. കാലത്തിനൊത്ത് കോലം കെട്ടുന്ന രീതിയിലേക്ക് കോടതി വിധികള്‍ മാറിപ്പോകുന്നോവെന്ന് സംശയമുണര്‍ത്തുന്ന തരത്തിലാണ് അടിക്കടി പുറത്ത് വരുന്ന പ്രസ്താവനകള്‍. അല്‍പം ദിവസങ്ങള്‍ക്ക് മുമ്പാണ് വേശ്യ വൃത്തിക്ക് മാന്യത കല്‍പിക്കുന്ന കോടതി വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റെ ഉത്തരവ് ശ്രദ്ധിക്കുക: ‘വേശ്യ വൃത്തിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക്(ലൈംഗിക തൊഴിലാളികള്‍) നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷക്കും അര്‍ഹതയുണ്ട്. നിയമ പാലകര്‍ അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കരുത്. പ്രായപൂര്‍ത്തിയായവര്‍ സ്വന്തം ഇഷ്ടപ്രകാരമോ സമ്മതത്തോടെയോ ലൈംഗികതയില്‍ ഏര്‍പ്പെടുന്നതിനെതിരെ പോലീസോ നിയമങ്ങളോ ഇടപെടുന്നത് ശരിയല്ല. വേശ്യ സ്ത്രീകളെ അറസ്റ്റ് ചെയ്യാനും ഇവരില്‍ നിന്നും പിഴ ഈടാക്കാനും റൈഡില്‍ കുറ്റക്കാരെന്ന് കണ്ടെത്തി പിടികൂടാനും പാടില്ല. തൊഴില്‍ ഏതായാലും രാജ്യത്തെ ഓരോ പൗരനും തുല്യ നീതിയും നിയമ പരിരക്ഷയും ലഭിക്കേണ്ടതുണ്ട്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ പ്രകാരം ഇതു ഓരോ പൗരന്‍റെയും അവകാശമാണ്.’ 2020 സെപ്തംബറില്‍ ബോംബെ ഹൈക്കോടതിയില്‍ നിന്നും സമാനമായ ഉത്തരവ് പുറത്ത് വന്നിരുന്നു. മൂന്ന് സ്ത്രീകള്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്ന വിധി. ‘വേശ്യ വൃത്തിയെ കുറ്റകരമായി കാണാനാകില്ല. പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട ജോലി തീരുമാനിക്കാനാകും, 1956ലെ പെണ്‍വാണിഭ നിരോധന ആക്ട് പ്രകാരം വേശ്യാവൃത്തി കുറ്റകരമല്ല എന്നിങ്ങനെയായിരുന്നു നിരീക്ഷണം. ഇത്തരം പ്രസ്ത്യാവങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് വ്യഭിചാരത്തെ ഒരു തൊഴിലായി അംഗീകരിക്കണമെന്നതിലേക്കാണ്. അതിനായി ഭരണഘടന അനുശാസിക്കുന്ന ഏതു പൗരനും അവര്‍ക്കിഷ്ടപ്പെട്ട തൊഴിലുകള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന അവകാശത്തെ എടുത്തുകാണിക്കുന്നു. യഥാര്‍ത്ഥ്യത്തില്‍ ആരോഗ്യത്തിന് ഹാനികരമായ, ലൈംഗിക അരാചകത്വത്തിനും സാമൂഹിക-ധാര്‍മിക തകര്‍ച്ചക്കും വഴിവെക്കുന്ന തൊഴിലുകളെ അനുകൂലിക്കാനും സംരക്ഷിക്കാനും ജുഡീഷ്യറിക്ക് ബാധ്യതയുണ്ടോ? ഇല്ല എന്ന് നിസംശയം പറയാനാകും. അതിലുപരി ജുഡീഷ്യറിയുടെ ലക്ഷ്യത്തിന് കടകവിരുദ്ധവുമാണ്. സമൂഹത്തിന്‍റെ ആരോഗ്യപരമായ നിലനില്‍പിന് വിരുദ്ധവും പ്രതികൂലവുമാണെങ്കില്‍ അവയെ നിയന്ത്രിക്കുകയാണ് വേണ്ടത്. എന്നാല്‍ ധാര്‍മികതക്കും സാംസ്കാരിക മൂല്യങ്ങള്‍ക്കും നേരെ മുഖം തിരിച്ച് മൂല്യ നിരാസങ്ങളെ പുരോഗമനമെന്ന് പേരിടുന്നവരെ അനുകൂലിക്കുന്ന വിരോധാഭാസമാണ് ചില വിധികളില്‍ പ്രകടമാകുന്നത്.
ലോകത്ത് അതിശീഘ്രം വ്യഭിചാരം പടര്‍ന്ന് പിടിക്കാനുള്ള ഹേതു എന്താണ്? ചില ചൂഷകരുടെ ഗൂഢലാക്കുകളിലേക്കാണ് ഈ ചോദ്യത്തിനു പിന്നില്‍ സഞ്ചരിച്ചാല്‍ നമുക്ക് എത്താനാവുക. 1987ല്‍ ഭേദഗതി ചെയ്ത കഠജഅ അനുസരിച്ച് വ്യഭിചാര(ജൃീശെേൗശേേീി)ത്തെ നിര്‍ണയിച്ചിരിക്കുന്നതിങ്ങനെയാണ്; ‘വാണിജ്യ താത്പര്യത്തിന് വേണ്ടി ഒരു വ്യക്തിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നത്.’ തികച്ചും വസ്തുനിഷ്ഠമായതല്ലെ ഈ നിര്‍വചനം. ഒരു വ്യക്തിയുടെ നൈമിഷികമായ സുഖാസ്വദനങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി സ്ത്രീ അല്ലെങ്കില്‍ മറ്റൊരു വ്യക്തിയെ അങ്ങേയറ്റം ചൂഷണം ചെയ്യുന്ന ഒരു അസാന്മാര്‍ഗിക പ്രവര്‍ത്തനമല്ലെ വ്യഭിചാരമെന്നത്? സ്ത്രീയെ ശരീരത്തിലേക്ക് ചുരുക്കി എഴുതുകയും അവയവങ്ങളായി പിരിച്ചെഴുതകയുമല്ലെ വ്യഭിചാരം യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്? ഇത് സാധൂകരിക്കുന്ന ചില പഠനങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. നിയമ വിധേയം സെക്സ് നിലനില്‍ക്കുന്ന രാജ്യമായ നെതര്‍ലാന്‍റില്‍ നടത്തിയ പഠനമാണ് അതില്‍ പ്രധാനമായത്. സര്‍വ്വെ നടത്തിയവരില്‍ 79% വേശ്യകളും അതില്‍ നിന്നും മോചനം നേടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് കണ്ടെത്തല്‍. അഥവാ, സ്വയം മനസ്സാലെ വേശ്യവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ കുറവാണെന്നും നിര്‍ബന്ധിതാവസ്ഥയില്‍ ഈ രംഗത്തേക്ക് തള്ളിയിടപ്പെടുകയായിരുന്നു ബഹുഭൂരിപക്ഷം സ്ത്രീകളുമെന്ന് സ്പഷ്ടം. ഇവിടെയാണ് ഇതിനു പിന്നിലാര് എന്ന ചോദ്യം പ്രസക്തമാകുന്നത്. സ്ത്രീയെ കേവലം ലൈംഗിക ഉപകരണമായി മാത്രം കണക്കാക്കുന്ന സമൂഹത്തിന്‍റെ അതിദാരുണമായ രോഗാവസ്ഥ ചില ചൂഷകരുടെ സാമ്പത്തിക താത്പര്യത്താല്‍ നിര്‍മിക്കപ്പെട്ടതുമാണ്. പെണ്ണില്‍ മയങ്ങുന്ന ലോകം സൃഷ്ടിച്ചത് ഇത്തരം ചൂഷകരുടെ സാമ്പത്തികാര്‍ത്തിയാണ്. ബ്ലൂ ഫിലിം നിര്‍മാണങ്ങളും അശ്ലീലതയുടെ കുത്തൊഴുക്കുകളും നിര്‍മ്മിച്ച് സമൂഹത്തില്‍ കൃത്രിമ ലൈംഗികതയുടെ തിരയിളക്കം അവര്‍ സൃഷ്ടിച്ചു. നഗ്നവും അര്‍ധ നഗ്നവുമായ പെണ്ണുടലുകളെ പലയിടങ്ങളിലും പ്രതിഷ്ഠിച്ചു. ഏതൊരു വസ്തുവിന്‍റെയും വില്‍പനയില്‍ മുഖ്യ സ്വാധീന ഘടകമായി ഈ മേനികള്‍ മാറി. പ്രസിദ്ധീകരണങ്ങളില്‍ പോലും വസ്ത്രാലങ്കൃതമായ അര്‍ധ നഗ്ന മേനികള്‍ ഇടം പിടിച്ചു. തത്ഫലമോ, സ്ത്രീയെ വെറും ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ഒരു സമൂഹം പിറവിയെടുത്തു. മറക്കകത്തിരുന്ന് ചരടു വലിച്ചവര്‍ വലിയ സാമ്പത്തിക നേട്ടങ്ങള്‍ കൊയ്തെടുക്കുകയും ചെയ്തു. വേശ്യാവൃത്തിയെ നിയമ വിധേയമാക്കുന്നതിന്‍റെയും താത്പര്യവും വിഭിന്നമല്ല. വേശ്യാവൃത്തി മാന്യമായതോ സംരക്ഷിക്കപ്പെടേണ്ടതോ ആയതിനാലല്ല സംരക്ഷണ നടപടികളുമായി മുന്നോട്ട് പോകുന്നത്. മറിച്ച്, സാമ്പത്തിക താത്പര്യം തന്നെയാണ് ഇതിന്‍റെയും കാതലായ വശം. ചില രാജ്യങ്ങളുടെ പ്രധാന വരുമാന സ്രോതസ്സാണ് സെക്സ് ടൂറിസം. ഹോങ്കോംഗ്, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ പ്രസിദ്ധമാണ്. ഇവ്വിധത്തില്‍ ഇന്ത്യയെ ഉടച്ചുവാര്‍ക്കാനാണ് ചില തത്പര കക്ഷികള്‍ ശ്രമിക്കുന്നത്. ആസക്തിയുടെ ശമന കേന്ദ്രങ്ങളായി സെക്സ് ടൂറിസത്തെ പരിവര്‍ത്തിക്കുക, പരമാവധി ലാഭം കൊയ്യുക അതിലേക്കുള്ള ചുവടുകളാണ് വ്യഭിചാരത്തിന് മാന്യത കല്‍പിക്കുന്നതിലൂടെ, അത് നിയമ വിധേയമാക്കുന്നതിലൂടെ അരങ്ങേറുന്നത്. ‘ ജനനായകര്‍ ഇറ പൊളിക്കുമ്പോള്‍ ജനങ്ങള്‍ പുര തന്നെ തകര്‍ത്തെന്ന് വരും’ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഇന്ത്യന്‍ സാഹചര്യം മാറുന്ന സമയം വിദൂരത്തല്ല എന്നര്‍ത്ഥം.
പ്രത്യാഘാതങ്ങള്‍
തസ്ലീമ നസ്റീനെ അറിയില്ലേ? അന്തസുള്ള നുണകള്‍ അടക്കമുള്ള പുസ്തകങ്ങള്‍ കൊണ്ട് പ്രസിദ്ധി സിദ്ധിച്ച ബംഗ്ലാദേശ് എഴുത്തുകാരി. അവര്‍ക്കൊരു ആത്മകഥയുണ്ട്. ‘യൗവ്വനത്തിന്‍റെ മുറിവുകള്‍’ എന്ന നാമധേയത്തിലുള്ളത്. ജനനം മുതല്‍ യൗവ്വനം വരെ സ്വയം അനുഭവിച്ച ജീവിത പ്രക്ഷുബ്ധതയും ചിരി മുഹൂര്‍ത്തങ്ങളും കലഹപ്പെടലും പ്രണയവുമെല്ലാം സൗന്ദര്യാത്മകമായി അവതരിപ്പിക്കുന്ന ഒരു കൃതി. അതില്‍ തനിക്കു ബാധിച്ച സിഫിലിസ് രോഗത്തെ കുറിച്ച് അവര്‍ വിശദീകരിക്കുന്നുണ്ട്. കാര്‍ക്കശ്യക്കാരനായ പിതാവിനെയും മറ്റു കുടുംബാംഗങ്ങളെയും അവഗണിച്ച് തസ്ലീമ നസ്റിന്‍ ഒരു കവിയുമായി പ്രണയത്തിലാവുകയാണ്. ആരുമറിയാതെ ഇരുവരും വിവാഹിതരാകുന്നു. തുടര്‍ന്ന് വീണുകിട്ടിയ അവസരങ്ങളില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നു. എന്നാല്‍ അധികം താമസിയാതെ തന്നെ ഭര്‍ത്താവ് ഒരു ലൈംഗിക രോഗിയാണെന്ന സത്യം തസ്ലീമ തിരിച്ചറിയുന്നു. മെഡിസിന്‍ പഠിച്ച അവള്‍ക്ക് താനും ഭര്‍ത്താവിലൂടെ ആ രോഗത്തിന് അടിമപ്പെട്ടുവെന്ന് ബോധ്യപ്പെടാന്‍ അധിക സമയമെടുക്കേണ്ടി വന്നില്ല. ബംഗ്ലാദേശിലെ വേശ്യാതെരുവില്‍ നിത്യ സന്ദര്‍ശകനായിരുന്നുവത്രെ അയാള്‍. തസ്ലീമ നസ്റിന്‍ ഒരു ഉദാഹരണമാണ്. വ്യഭിചാരം നിയമ വിധേയമാക്കിയതിലൂടെ സമൂഹത്തിലുണ്ടാകുന്ന വിനാശത്തെ അടയാളപ്പെടുത്തുന്ന ഒരു സൂചന. വലിയ പ്രത്യാഘാതങ്ങളാണ് ഇത്തരത്തില്‍ വേശ്യാവൃത്തിയെ അനുവദിക്കുന്നതിലൂടെ സമൂഹത്തില്‍ സംഭവിക്കാനിരിക്കുന്നത്. അതില്‍ പ്രഥമമാണ് രതിജന്യ രോഗങ്ങളുടെ അതിപ്രസരണം. നിരവധി ലൈംഗിക രോഗങ്ങള്‍ ഇന്ന് ലോകത്തുണ്ട്. എയ്ഡ്സ്, സിഫിലിസ്, ഹെര്‍പ്സ്, ഹെപറ്ററിസ് എന്നിങ്ങനെ വിവിധ സമയങ്ങളിലും രൂപങ്ങളിലും അവ നിലകൊള്ളുന്നു. ഇന്ത്യയിലും ഇവയെ കാണാനാകും. സിഫിലിസ്, ഗൊണേറിയ, ഹെര്‍പ്പാസ് ജെനിറ്റാലിസ്, നോണ്‍ഗോണോ കോക്കല്‍ യൂറിത്രൈറ്റിസ്, ഷാന്‍ക്രോയ്ഡ് എന്നിവയാണ് ഇന്ത്യയില്‍ കണ്ടുവരുന്ന പ്രധാന ലൈംഗിക രോഗങ്ങള്‍. അതില്‍ ഏറ്റവും മാരകമായതാണ് എയ്ഡ്സ്. 1981ല്‍ ശ്രദ്ധിക്കപ്പെടുകയും താമസിയാതെ തന്നെ ലോകത്തിന്‍റെ വിവിധ കോണുകളിലേക്ക് പടര്‍ന്നു പിടിക്കുകയും ചെയ്ത രോഗം. ഇന്നും പൂര്‍ണമായി ചികിത്സിക്കാനാകാത്ത രീതിയില്‍ വൈദ്യശാസത്രത്തിന് മുമ്പിലൊരു സമസ്യയായി അത് നിലനില്‍ക്കുന്നു. 1986ലാണ് ഇന്ത്യയില്‍ ആദ്യമായി എയ്ഡ്സ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ ഒരു സംഘം ലൈംഗിക തൊഴിലാളികളില്‍ നടത്തിയ പരിശോധനയിലായിരുന്നു ഈ കണ്ടെത്തല്‍. തുടര്‍ന്ന് ഇത് സംബന്ധിയായി നടന്ന പഠനങ്ങളെല്ലാം ചില വസ്തുതകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അവ വ്യക്തമാക്കുന്നതിങ്ങനെയാണ്; കുത്തഴിഞ്ഞ ലൈംഗിക ജീവിതമാണ് ഗുഹ്യരോഗങ്ങള്‍ക്ക് മൂലഹേതു. എയ്ഡ്സ്, സിലിഫിസ്, ഗൊണേറിയ തുടങ്ങി മാരക രോഗങ്ങളുടെ ഭീഷണി നേരിടുന്നവരില്‍ ഭൂരിഭാഗവും ലൈംഗിക രോഗികളാണ്. ഇവയില്‍ നിന്നും മുക്തി ലഭിക്കാനുള്ള ഏകപരിഹാരം ലൈഗിക വിശുദ്ധിയുമാണ്. വ്യഭിചാരം സാര്‍വ്വത്രികമാക്കിയാല്‍ കിടപ്പുമുറികളിലൂടെയും എയ്ഡ്സ് പകരുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. 1990കളില്‍ ഇന്ത്യന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഡോ. ഐ എസ് ഗിലിഡ പങ്കുവെക്കുന്ന ചില അനുഭവങ്ങളുണ്ട്. രണ്ടു വീട്ടമ്മമാരുടേതായിരുന്നു അവ. രണ്ടുപേരും എയ്ഡ്സ് രോഗികളായത് കിടപ്പറയില്‍ സ്വന്തം ഭര്‍ത്താക്കന്മാരിലൂടെയായിരുന്നു. വേലി ചാടുന്നവര്‍ കാരണമായി ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കുന്നവര്‍ക്കും രക്ഷയില്ലായെന്ന് ചുരുക്കം. അപ്പോള്‍ ഇതിന് നിയമ പരിരക്ഷയുടെ മുഖാവരണം കൂടി നല്‍കിയാലോ? ലൈംഗിക രോഗികള്‍ക്ക് ജനിക്കുന്ന കുട്ടികളിലും പ്രസവാനന്തരം ഈ രോഗങ്ങള്‍ ബാധിക്കുമെന്ന വസ്തുത നില നില്‍മ്പോള്‍ ഇതിലൂടെ സംഭവിക്കുന്ന ദുരന്ത വ്യാപ്തി നമുക്കളക്കാനാകാത്തതാണ്. ചുവന്ന തെരുവുകളാല്‍ സമ്പന്നമായ മഹാരാഷ്ട്രയും ബീഹാറുമാണ് ഇന്ത്യയില്‍ എയ്ഡ്സ് രോഗികളുടെ നിരക്കില്‍ മുന്‍പന്തിയിലെന്ന റിപ്പോര്‍ട്ടും വിസ്മരിക്കരുത്. കുടുംബ ശൈഥില്യങ്ങള്‍ വര്‍ദ്ധിക്കുമെന്നതാണ് മറ്റൊരു പ്രശ്നം. ആരോഗ്യകരമായ സമൂഹത്തെ വാര്‍ത്തെടുക്കാനും സംസ്കാര സമ്പന്നമാക്കാനും നിര്‍ണായക പങ്കു വഹിക്കുന്ന സാമൂഹിക സ്ഥാപനമാണ് കുടുംബമെന്നത്. അവിടെ നിന്നാണ് സ്നേഹം, സാഹോദര്യം, സഹകരണം എന്നിങ്ങനെയുള്ള ധാര്‍മ്മികമാനവിക മൂല്യങ്ങള്‍ ഓരോ മനുഷ്യരും പഠിക്കുന്നത്. ഓരോരുത്തരുടെയും പ്രഥമ പാഠശാലയാണ് കുടുംബമെന്ന് പറയാം. ആശ്വാസത്തിന്‍റെയും കരുതലിന്‍റെയും സ്നേഹ സമ്പന്നതയുടെയും ലോകം. അതുകൊണ്ടാണല്ലോ കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബമെന്ന് മുന്‍ഗാമികള്‍ കുറിക്കുന്നത്. വിവാഹമെന്ന ചടങ്ങിലൂടെ ദൃഢമാകുന്ന പരസ്പര വിശ്വാസമാണ് ഈ കുടുംബത്തിന്‍റെ അടിസ്ഥാന ശില. പരിചിതമല്ലായിരുന്നവര്‍ ഒരുമിച്ച് രണ്ടുടലും ഒരു മനസ്സുമായി ജീവിക്കുന്ന സുന്ദര മൂഹൂര്‍ത്തങ്ങള്‍. പരസ്പര വിശ്വാസവും സ്നേഹവും ഈ ബന്ധം ദൃഢമാക്കുന്നു. എന്നാല്‍ കുടുംബത്തിന്‍റെ അസ്ഥിവാരത്തിന് ഇളക്കം സൃഷ്ടിക്കുകയാണ് വ്യഭിചാരം ചെയ്യുന്നത്. കാമശമനത്തിനായി മറ്റൊരുടല്‍ തേടിപ്പോകുന്നത് ഏതൊരു ഇണയ്ക്കാണ് ക്ഷമിക്കാനാവുക. അവിടെ പൊലിയുന്ന വിശ്വാസവുമായി അവരെങ്ങനെ ഒരുമിച്ച് ജീവിക്കും. വേര്‍പിരിയുകയാണ് തുടര്‍ന്നുള്ള പോംവഴി. ഇവ്വിധമുള്ള ഡിവോഴ്സുകള്‍ കൊണ്ടു അസ്ഥിരപ്പെടുന്ന കുട്ടികളുടെ മാനസികാവസ്ഥയൊന്നു ചിന്തിച്ചു നോക്കൂ. തീരാമുറിവാണ് കുടുംബമെന്ന സ്ഥാപനത്തില്‍ വ്യഭിചാരം സൃഷ്ടിക്കുക. ഇത് അനുവദിക്കുന്നതിലൂടെ ഉയര്‍ന്ന് വരുന്ന ചൂഷക സംഘങ്ങളെയും മാഫിയകളെയും കാണാതിരുന്ന് കൂടാ. വിവിധ മേഖലകളിലായി ഇതിനോടകം തന്നെ രാജ്യത്ത് കൂണ്‍ കണക്കെ മാഫിയ സംഘങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. സ്ത്രീകളെ ലൈംഗികതക്കായി ഉപയോഗിക്കുന്നതിനായും ഇവര്‍ പ്രവര്‍ത്തിക്കുന്നു. അതിനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചും ഇതര മാര്‍ഗങ്ങള്‍ സ്വീകരിച്ചും സ്ത്രീകളെ വല വീശിപ്പിടിക്കുന്നു. അടുത്തിടെയാണ് ബംഗ്ലൂരില്‍ ഇത്തരത്തില്‍ ഒരു സ്ത്രീ കൂട്ടമാനഭംഗത്തിനിരയായത്. ജോലി വാഗ്ദാനം നല്‍കി പശ്ചിമ ബംഗാളില്‍ നിന്നും ഇരയെ ബാംഗ്ലൂരിലെത്തിക്കുകയായിരുന്നു. പെണ്‍വാണിഭത്തിനാണെന്ന് തിരിച്ചറിഞ്ഞ യുവതി കേരളത്തിലേക്ക് രക്ഷപ്പെട്ടു. പക്ഷെ തന്ത്രപരമായി തിരിച്ചെത്തിച്ച് മാഫിയകള്‍ യുവതിയെ അവരുടെ രതിക്രീഡയ്ക്കിരയാക്കുകയായിരുന്നു. സമാനമായ നിരവധി സംഭവങ്ങള്‍ ഇന്നു നടക്കുന്നുണ്ട്. വ്യഭിചാരത്തിന് അനുമതി നല്‍കുന്നതിലൂടെ ചൂഷക സംഘത്തിന് പ്രവര്‍ത്തിക്കാനുള്ള മണ്ഡലം ഒരുക്കി കൊടുക്കുക കൂടിയാണ് ചെയ്യുന്നത്. ഇതിന്‍റെ പേരില്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും നിര്‍ബാധം സംഭവിക്കും. ഒരു നേരം പശിയടക്കാനാകാത്ത സാധാരണ ജനങ്ങളായിരിക്കും ഇവരുടെ ഇരകളില്‍ ഭൂരിഭാഗവും. ബന്ധ വിഛേദനമാണ് മറ്റൊരു സമസ്യ. വികാരശമനത്തിനായി വേശ്യകളെ പ്രാപിക്കുന്നവരില്‍ ക്രമേണ ബന്ധങ്ങള്‍ക്ക് പ്രസക്തിയില്ലാതാകുകയാണ് ചെയ്യുന്നത്. വിവേകത്തില്‍ നിന്നും വികാരങ്ങളിലേക്ക് അവര്‍ തള്ളിയിടപ്പെടുന്നു. മുന്നില്‍ കാണുന്ന ഏതു പെണ്ണുടലുകളും ഒരു സെക്സ് മെറ്റീരിയലായി രൂപാന്തരപ്പെടുന്ന മാനസികാവസ്ഥയിലേക്കവര്‍ എത്തിച്ചേരുന്നു. അമ്മ, മകള്‍, സഹോദരി എന്നീ ബന്ധങ്ങളൊന്നും ഇവരെ സ്പര്‍ശിക്കുകയില്ല. സന്താനങ്ങളോടുള്ള അനീതിയും ഉടലെടുക്കുന്നു. സന്താന പരിപാലനമെന്ന ചിന്തപോലും അവരില്‍ നിന്ന് നാമാവശേഷമാകുന്നു.
പരിഹാരം
‘കേരളത്തിലെ പുരുഷന്മാരെ കാണുമ്പോള്‍ ‘അയ്യോ പാവം’ എന്ന മനസ്ഥിതിയാണുണ്ടാകാറുള്ളത്. ലൈംഗിക ദാരദ്ര്യമനുഭവിക്കുന്നവരാണവരില്‍ അധികവും. സമൂഹത്തില്‍ അരങ്ങേറുന്ന ബലാത്സംഗങ്ങളും സ്ത്രീ അതിക്രമങ്ങളും നിഷ്ക്കാസനം ചെയ്യാന്‍ വ്യഭിചാരം നിയമപരമാക്കുകയും ബ്രോതല്‍ സംവിധാനത്തിന് അനുമതി നല്‍കുകയും വേണം. ഇതിലൂടെ വീണവര്‍ക്ക് സുരക്ഷിതമായ തണല്‍ ഒരുക്കാനും സാധിക്കും. എഴുത്തുകാരിയും ആക്ടിവിസ്റ്റും അതിലുപരി താനൊരു ലൈംഗിക തൊഴിലാളിയാണെന്ന് പരസ്യ പ്രസ്താവന നടത്തിയ നളിനി ജമീലയുടേതാണീ വാക്കുകള്‍. കേരളത്തിലെ പ്രമുഖ ചാനലില്‍ നടന്ന അഭിമുഖത്തിനിടയിലായിരുന്നു ഈ സംഭാഷണ ശകലങ്ങള്‍. രാജ്യത്ത് വ്യഭിചാരം നിയമപരമാക്കാന്‍ മുറവിളി കൂട്ടുന്നവരുടെ വാദഗതികളും ഇവയോട് സമാനമാണ്. യഥാര്‍ത്ഥത്തില്‍ സ്ത്രീ അതിക്രമങ്ങളും ബലാത്സംഗവും അറുതി വരുത്താനുള്ള ഉപായമാണോ നിയമപരമായ വ്യഭിചാരവും ബ്രോതല്‍ സംവിധാനങ്ങളുടെ സംസ്ഥാപനവും? യുക്തിയോട് നിരക്കാത്തതാണിതെന്ന് നിസ്സംശയം പറയാം. സമൂഹത്തിന്‍റെ രോഗാതുരയെ ശരിയായ രീതില്‍ മനസിലാക്കാത്തതിനാലാണ് ഇത്തരം ബാലിശമായ വാദഗതികള്‍ നിരത്തുന്നത്. ലൈംഗികത മനുഷ്യ സഹജമാണ്. മനുഷ്യ സൃഷ്ടിപ്പോടൊപ്പം ഇഴകിച്ചേര്‍ന്നത്. ഇവയെ നമുക്ക് നിയന്ത്രിക്കാനാകും. എന്നാല്‍ ഇന്ന് സമൂഹത്തില്‍ കാണുന്നത് കൃത്രിമ ലൈംഗികതയുടെ തിരയിളക്കമാണ്. മുതലാളിത്തവും കമ്പോളവും സ്വന്തം സ്വാര്‍ത്ഥതക്കായി സൃഷ്ടിച്ചു വിട്ടതാണത്. അവയാണ് സ്ത്രീ അതിക്രമങ്ങളിലേക്കും ഇതര കുറ്റകൃത്യങ്ങളിലേക്കും മനുഷ്യരെ നയിക്കുന്നത്. ഈ വ്യവസ്ഥിതിയല്ലെ ചികിത്സിക്കേണ്ടത്. വീണവരെ താങ്ങുന്നതിലുപരി ആ വീഴ്ചക്കറുതി വരുത്തുകയല്ലേ പ്രാഥമികമായി ചെയ്യേണ്ടത്? വീണവരെ പുനരധിവാസ പദ്ധതികളുമായി ഉയര്‍ത്തിയെഴുന്നേല്‍പിക്കുന്നതല്ലെ ഉചിതം. അതിന് വിരുദ്ധമായി വ്യഭിചാരം നിയമപരമാക്കുക എന്നത് എത്ര മഠയത്തരമാണ്. ദുരവസ്ഥയില്‍ ഉലയുന്നവരെ വീണ്ടും തമോഗര്‍ത്തത്തിലേക്ക് തള്ളിയിടുന്നതിന് തുല്യമാണിത്. ആത്യന്തികമായി സമൂഹം ചില പുനരാലോചനകള്‍ക്ക് തയ്യാറാകേണ്ടതുണ്ട്. വേശ്യാവൃത്തി ചൂഷണമാണെന്ന തിരിച്ചറിവ് ആദ്യമായി ഓരോരുത്തരിലും ഉണ്ടാകണം. ലൈംഗിക ശമനത്തിന് വിവാഹം എന്ന സാമൂഹിക പരിഹാരമുണ്ടായിരിക്കെ വേശ്യവൃത്തിയെ സമീപിക്കുന്നത് രോഗാതുരമാണെന്ന ബോധം നമ്മില്‍ രൂഢമൂലമാകണം. അതിലൂടെ സമൂഹത്തിലുണ്ടാകുന്ന ആരോഗ്യമാനസിക പ്രതിസന്ധികളെ മനസ്സിലാക്കണം. സമൂഹത്തിന്‍റെ സുസ്ഥിര നിലനില്‍പിന് വെല്ലുവിളിയാകുന്ന ഈ ആഭാസത്തിന് അറുതി വരുത്താന്‍ സത്വര നടപടികള്‍ സ്വീകരിക്കണം. ജീവിത പ്രതിസന്ധികള്‍ കാരണമായി ഇതില്‍ കുരുങ്ങിയവരെ ബോധവത്കരണം, കൗണ്‍സിലിങ് എന്നിവ നല്‍കി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാറും അനുബന്ധ ഉദ്യോഗസ്ഥരും മുന്നിട്ടിറങ്ങണം. അല്ലാത്ത പക്ഷം ബ്രിട്ടീഷ് ചരിത്രകാരനായ ജോസഫ് ടോയന്‍ബിയുടെ വാക്കുകള്‍ നമ്മുടെ രാജ്യത്ത് സത്യമായി പുലരും. ‘ലൈംഗിക അരാചകത്വം നമ്മുടെ നാടിനെയും സമൂഹത്തെയും നശിപ്പിക്കും’.

Leave a Reply

Your email address will not be published. Required fields are marked *