മിദ്ലാജ് വിളയില്‍
ദൈവിക ഗ്രന്ഥങ്ങളില്‍ അവസാനമായി ഇറക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണ പൊരുളുകള്‍ തീര്‍ത്തും മനുഷ്യ യുക്തികളുടെ വേലിക്കെട്ടുകള്‍ക്കുമപ്പുറത്താണ്. മുമ്പ് അവതീര്‍ണമായ വേദഗ്രന്ഥങ്ങളെല്ലാം പൂര്‍ണമായി ഒന്നിച്ചാണവതീര്‍ണമായെതെന്നാലും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് അവസരോചിതമായിട്ടായിരുന്നു തിരു നബി (സ) തങ്ങളിലേക്ക് ജിബ്രീല്‍ മുഖേന വഹ്യായി ഖുര്‍ആന്‍ അവതരിച്ചത്. എന്ത്കൊണ്ട് മൂസ നബി (അ)ക്ക് തൗറാത്തും ഈസാ നബി(അ)ക്ക് ഇഞ്ചീലും ദാവൂദ് നബി (അ)ക്ക് സബൂറും അവതരിച്ചതു പോലെ തങ്ങളുടെ മേല്‍ ഖുര്‍ആന്‍ അവതരിക്കുന്നില്ല എന്ന് ഇതേക്കുറിച്ച് മക്കാ മുശ്രിഖീങ്ങള്‍ ചോദ്യ മുയര്‍ത്തിയിരുന്നു. എന്നാല്‍ വിവിധയിടങ്ങളിലായി ഖുര്‍ആനിലൂടെ പ്രപഞ്ചനാഥന്‍ തന്നെ മറുപടി പറയുകയാണുണ്ടായത്. ڇഅപ്രകാരം പല തവണകളായി തന്നെയാണീ ഗ്രന്ഥമവതരിക്കുന്നത്. താങ്കളുടെ (നബി(സ്വ) തങ്ങളുടെ) ഹൃദയത്തിന് സ്ഥൈര്യം ലഭിക്കാന്‍ വേണ്ടിയാണത്. കൃത്യമായി സാവകാശത്തില്‍ അനുക്രമം നാം അതിനെ ഓതിത്തരികയാണ്ڈ (സൂറത്തുല്‍ ഫുര്‍ഖാന്‍: 32) എന്ന സൂക്തം അതിലൊന്ന് മാത്രമായി ഉദാഹരിക്കാം. ڇഖുര്‍ആനിനെ സാവധാനം ജനങ്ങള്‍ക്ക് ഓതിക്കൊടുക്കാന്‍ വേണ്ടി നാം അതിനെ ഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നുڈ (സൂറത്തു ഇസ്റാഅ്: 106) എന്ന സൂക്തത്തിന്‍റെയും പൊരുള്‍ മറ്റൊന്നല്ല.
ഒന്നിലധികം അവതരണ ഘട്ടങ്ങളിലൂടെയാണ് ഖുര്‍ആന്‍ അവതരിച്ചതെന്ന ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും ഹദീസില്‍ നിന്നും ഗ്രഹിക്കാനാവും. അല്ലാഹുവില്‍ നിന്നും ലൗഹുല്‍ മഹ്ഫൂളിലേക്കായിരുന്നു ആദ്യമായി അവതരിച്ചത്. ഈയൊരവതരണത്തിന്‍റെ രൂപ ഭാവങ്ങളെക്കുറിച്ച് കൃത്യമായി എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാലും പൂര്‍ണമായും ഒന്നിച്ചായിരുന്നു അവതരണമെന്നാണ് പണ്ഡിത ഭാഷ്യം. ലൗഹുല്‍ മഹ്ഫൂളില്‍ രേഖപ്പെടുത്തപ്പെട്ടതില്‍ ശ്രേഷ്ടമായത് ഖുര്‍ആനാണ് എന്ന സൂറത്തുല്‍ ബുറൂജിലെ 21, 22 സൂക്തങ്ങളില്‍ ഈയൊരു അവതരണത്തെയാണ് പരാമര്‍ശിക്കുന്നത.്
ലൗഹുല്‍ മഹ്ഫൂള് എന്ന പ്രഭവ കേന്ദ്രത്തിനെയാണ് വിശുദ്ധ ഖുര്‍ആന്‍ ലൗഹ് മക്നൂന്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഖുര്‍ആനും അതിന് മുമ്പ് അവതീര്‍ണ്ണമായ വിവിധ ഗ്രന്ഥങ്ങളും ഏടുകളുമെല്ലാം അവതരിച്ച കേന്ദ്രമായതിനാലാണ് അതിന് പ്രഭവകേന്ദ്രം എന്ന് പറയപ്പെടുന്നത്. മനുഷ്യ പിശാചുക്കളുടെ കൈകടത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും യാതൊരുവിധ സാധ്യതയും നല്‍കാതെ ലോകക്രമങ്ങളുടെയും ചലനനിശ്ചലനങ്ങളുടെയും കൃത്യമായ വിവരങ്ങള്‍ അതിസുരക്ഷിതമായി സൂക്ഷിക്കപ്പെട്ടതിനാലാണ് സൂക്ഷിത ഫലകം എന്നര്‍ത്ഥം വരുന്ന ലൈഹുല്‍ മഹ്ഫൂള് എന്ന് അതിന് നാമകരണം ചെയ്യപ്പെട്ടത്. ലൗഹുല്‍ മഹ്ഫൂള് ഏഴാനാകാശത്തിന് മുകളിലുള്ള ഒരു മഹാമാണിക്യ ഫലകമാണെന്ന് ഇബ്നു അബ്ബാസ് (റ) രേഖപ്പെടുത്തുന്നുണ്ട്. മലക്കുകള്‍ക്കൊഴികെയുള്ള സൃഷ്ടികള്‍ക്ക് കടന്നുചെല്ലാനാവാത്ത ഈ കേന്ദ്രത്തിനെയാണ് ഖുര്‍ആനില്‍ ഉമ്മുല്‍ കിതാബ് എന്ന് പരിചയപ്പെടുത്തുന്നതും.
ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും ഒന്നാം ആകാശത്തിലെ ബൈത്തുല്‍ ഇസ്സയിലേക്കായിരുന്നു രണ്ടാം ഘട്ട അവതരണം. ഈ അവതരണവും സമ്പൂര്‍ണ്ണമായും ഒറ്റത്തവണയായാണെന്നാണ് പ്രമാണങ്ങള്‍ സൂചിപ്പിക്കുന്നത്. څവിശുദ്ധ ഖുര്‍ആനിനെ ഒന്നാം ആകാശത്തിലെ ബൈത്തുല്‍ ഇസ്സയിലേക്ക് അവതരിക്കപ്പെട്ടു. അവിടെ നിന്നും ഘട്ടംഘട്ടമായി നബി(സ്വ) തങ്ങള്‍ക്ക് വിവിധ സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ അവതരിച്ചുچ എന്ന ഇബ്നു അബ്ബാസ്(റ)വില്‍ നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീസിതിന് പിന്‍ബലമേകുന്നുണ്ട്. സൂറത്തു ദുഖാനിലെ നിശ്ചയം ബറക്കത്താക്കപ്പെട്ട രാത്രിയില്‍ നാം അതിനെ ഇറക്കിയെന്ന സാരം വരുന്ന മൂന്നാം വചനം ഈ അവതരണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് സ്വഹാബി പ്രമുഖരായ അബ്ബാസ്, ഇക്രിമ (റ) എന്നിവര്‍ വ്യക്തമാക്കുന്നുണ്ട്. ആയത്തിന്‍റെ വിശദീകരണം പറയുന്നിടത്ത് തഫ്സീറുല്‍ ജലാലൈനിയിലും ഇത് ശരിവെക്കുന്നത് കാണാം.
എല്ലാ ആകാശങ്ങളിലും കഅ്ബക്ക് സമാനമായ ഭവനമുണ്ട്. ഏഴാമത്തെ ആകാശത്തുള്ള ഭവനത്തിന്‍റെ പേരാണ് ബൈത്തുല്‍ മഅ്മൂര്‍. ഏറ്റവും സമീപസ്ഥമായ ആകാശത്തിലെ ഭവനമാണ് ബൈത്തുല്‍ ഇസ്സ. ഇമാം ത്വബ്രി റിപ്പോര്‍ട്ട് ചെയ്യുന്നതാണിത്. ڇഏറ്റവും അടുത്തുള്ള വാനലോകത്തിലെ ബൈത്തുല്‍ ഇസ്സ എന്ന ഭവനത്തിലാണ് വിശുദ്ധ ഖുര്‍ആനാകുന്ന ഉദ്ബോധനം സൂക്ഷിക്കപ്പെട്ടത്. പിന്നീട് ജിബ്രീല്‍ (അ) അല്‍പാല്‍പമായി ഇറക്കിക്കൊടുത്തുڈ വെന്ന് അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറയുന്നതും കാണാം (നസാഇ).
ബൈത്തുല്‍ ഇസ്സയില്‍ നിന്നും തിരുനബി (സ)യിലേക്കുള്ള അവതരണമാണ് മൂന്നാം ഘട്ടം. ഈയൊരവതരണത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ കൃത്യമായി പ്രതിപാദിക്കുന്ന പ്രവാചക പത്നി ആഇശബീവി ഉദ്ദരിക്കുന്ന പ്രസിദ്ധമായ ഹദീസ് ഇങ്ങനെയാണ്; തിരുനബിക്ക് തുടക്കത്തില്‍ ലഭിച്ച ദൈവിക സന്ദേശങ്ങളുടെ ആരംഭം നല്ല സ്വപ്നങ്ങളായിരുന്നു. അവിടുന്ന് കാണുന്ന എല്ലാ സ്വപ്നങ്ങളും പകല്‍വെളിച്ചം പോലെ കൃത്യമായി പുലര്‍ന്നുകൊണ്ടേയിരുന്നു. പിന്നീടങ്ങോട്ട് പ്രവാചകര്‍ക്ക് ഏകാന്തവാസം പ്രിയമായി തോന്നിത്തുടങ്ങി. അങ്ങനെ ഏതാനും രാത്രികള്‍ ഹിറാ ഗുഹയില്‍ ഏകാന്തവാസം അനുഷ്ഠിച്ചു. ആഹാര പദാര്‍ത്ഥങ്ങളുമായാണ് ഗുഹയിലേക്ക് പോയിരുന്നത്. ആരാധനയില്‍ മുഴുകി അവിടെ കഴിച്ചുകൂട്ടും. പിന്നെ പത്നി ഖദീജയുടെ അടുക്കലേക്ക് തിരിച്ചുവരും. വീണ്ടും ആഹാര പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കി പുറപ്പെടും. ഹിറാ ഗുഹയില്‍ വെച്ച് തിരുനബിക്ക് സത്യം വന്ന് കിട്ടുന്നതുവരെ ഈ നില തുടര്‍ന്നു. അങ്ങനെ ഒരു ദിനം മലക്ക് ജിബ്രീല്‍ തിരുനബിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ڇവായിക്കുകڈ എന്നു പറഞ്ഞു. ڇഎനിക്കു വായിക്കാനറിയില്ലڈ എന്ന് തിരുനബി പ്രതിവചിച്ചു. മലക്ക് തിരുനബിയെ ശക്തമായി ആശ്ലേഷിച്ചു. തിരുനബി (സ) പറയുന്നു: ڇഎനിക്ക് വളരെ വിഷമം അനുഭവപ്പെട്ടു.ڈ അനന്തരം പിടിവിട്ട് ڇവായിക്കുകڈ എന്ന് വീണ്ടും കല്‍പിച്ചു. ڇവായിക്കാന്‍ അറിയില്ലڈ എന്ന് അപ്പോഴും ഞാന്‍ മറുപടി നല്‍കി. മലക്ക് പിന്നെയും എന്നെ പിടിച്ച് ശക്തിയായി ആശ്ലേഷിച്ചു. എനിക്ക് വീണ്ടും വളരെ വിഷമമനുഭവപ്പെട്ടു. പിന്നീട് എന്നെ വിട്ടു. പിന്നെയും വായിക്കാന്‍ പറഞ്ഞു. എനിക്ക് വായന അറിയില്ലായെന്ന് പിന്നെയും ഞാന്‍ പറഞ്ഞപ്പോള്‍ മൂന്നാമതും എന്നെ ശക്തമായി ആശ്ലേഷിച്ചു. അനന്തരം പിടിവിട്ട് പറഞ്ഞു. څڈസ്രഷ്ടാവായ നിന്‍റെ രക്ഷിതാവിന്‍റെ നാമം കൊണ്ട് വായിക്കുക. മനുഷ്യനെ അവന്‍ څഅലഖില്‍چ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ് അത്യുദാരനെത്രെ…ڈ ഇതായിരുന്നു ഖുര്‍ആന്‍ അവതരണത്തിന്‍റെ തുടക്കം. ശേഷം പിടക്കുന്ന ഹൃദയത്തോടെ തന്‍റെ സഹധര്‍മിണി ഖദീജ ബീവിയുടെ അടുക്കലേക്ക് ഓടുന്നതും സംഭവവികാസങ്ങളെ കൃത്യമായി പറഞ്ഞുകൊടുക്കുന്നതും മഹതി തന്‍റെ പിതൃവ്യനായ വറഖത്തുബ്നു നൗഫലിന്‍റെ സമീപത്തേക്ക് തിരുനബി (സ) തങ്ങളെ കൊണ്ടു പോകുന്നതും തുടങ്ങി സര്‍വ്വതും ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രസ്തുത ഹദീസില്‍ കാണാം.
ഇവിടെ മനുഷ്യന് അറിവ് ലഭിക്കാനുതകുന്ന സുപ്രധാന മാര്‍ഗ്ഗമായ വായനയെ കുറിച്ചാണ് ഖുര്‍ആന്‍റെ പ്രഥമ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. സ്രഷ്ടാവിന്‍റെ നാമത്തിലായിരിക്കണം വായനാശൈലിയെന്ന് പരിചയപ്പെടുത്തിയ വിശുദ്ധ ഗ്രന്ഥത്തിന്‍റെ പേര് തന്നെ വായന, വായിക്കപ്പെടുന്നത് എന്നര്‍ത്ഥം വരുന്ന ഖുര്‍ആന്‍ എന്നാക്കിയതിന്‍റെ പൊരുളും മറ്റൊന്നല്ല. കേവല വായനകള്‍ക്കുപരിയായി കര്‍മ്മതലങ്ങളിലേക്കു കൂടിയുള്ളതായിരുന്നു ഖുര്‍ആന്‍. ഉത്തമ സമൂഹമായി സത്യവിശ്വാസികളെ വാര്‍ത്തെടുക്കുന്നതില്‍ ഖുര്‍ആനിന്‍റെ പങ്കിനെ കുറിച്ചധികം പറയേണ്ടതില്ലല്ലോ. തനിക്ക് പിറന്നത് പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ നിര്‍ദാക്ഷിണ്യം അവരെ കുഴിച്ചു മൂടിയിരുന്ന കള്ളിനും പെണ്ണിനുമെന്നു തുടങ്ങി സര്‍വ്വ അനാശാസ്യങ്ങള്‍ക്കും അടിമകളായിരുന്ന ഇരുണ്ട യുഗം എന്ന് ചരിത്രകാരന്മാര്‍ പേരു വിളിച്ച കാടന്‍ ജനതയെ സ്ഫുടം ചെയ്ത് നന്മയുടെയും സത്യത്തിന്‍റെയും നീതിയുടെയും വാഹകരാക്കി പരിവര്‍ത്തനപ്പെടുത്തിയത് ആ മഹത്തായ ഗ്രന്ഥവും അതിന്‍റെ വിശദീകരണമായ പ്രവാചകാധ്യാപനങ്ങളുമായിരുന്നു. വായിക്കേണ്ടവ കൃത്യമായി തെരഞ്ഞെടുത്ത് വായിക്കേണ്ട രൂപത്തില്‍ വായിക്കുകയും അത് കൃത്യമായി പ്രവൃത്തിയില്‍ വരുത്തുകയും ചെയ്താല്‍ തിന്മയുടെ ഏത് കൂരിരിട്ടിലകപ്പെട്ട് വലയുന്ന സമൂഹത്തിനും നന്മയുടെ പ്രഭയിലേക്ക് പരിവര്‍ത്തനം ചെയ്യാനാവുമെന്നതിന്‍റെ പ്രയോഗവല്‍ക്കരണം കൂടിയായിരുന്നു ഖുര്‍ആന്‍ തെളിയിച്ചത്.
സന്ദര്‍ഭോചിതമായിട്ടായിരുന്നു ഖുര്‍ആന്‍ അവതരണം. ചില സന്ദര്‍ഭങ്ങില്‍ വചനങ്ങള്‍ മാത്രവും മറ്റുചില സന്ദര്‍ഭങ്ങളില്‍ വചനങ്ങളും അധ്യായങ്ങളുമെല്ലാം അവതരിച്ചു. ചില വചനങ്ങള്‍ക്കിടയില്‍ ദിവസങ്ങളുടെയും മാസങ്ങളുടെയും ഇടവേളകളുണ്ടായിരുന്നു. സമൂഹത്തിന്‍റെ വികാസത്തിനും വളര്‍ച്ചക്കുമുതുകുന്ന നിയമ സംഹിതകളും നടപടിക്രമങ്ങളും കൃത്യമായി അതില്‍ പ്രതിപാദിക്കുകയും പ്രവാചക ജീവിതത്തിലൂടെ പ്രാക്ടിക്കലായി അതിന്‍റെ വിശദീകരണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്തിരുന്നു. മുസ്ലിമാണെന്നു തുറന്നു പറയാന്‍ കഴിയാത്ത, പരസ്യമായ മത പ്രബോധനം അസാധ്യമായിരുന്ന കാലത്ത് വിധിവിലക്കുകളെ സംബന്ധിച്ചുള്ള സൂക്തങ്ങള്‍ വിരളമായിരുന്നു. എന്നാല്‍, എതിര്‍സ്വരങ്ങള്‍ കുറഞ്ഞുവന്ന സന്ദര്‍ഭങ്ങളില്‍ വിധിവിലക്കുകളുടെ നിയമസംഹിതകളുള്‍ക്കൊണ്ട സൂക്തങ്ങള്‍ അവതരിച്ചു. ഇത്തരുണത്തില്‍ തിരുനബി(സ്വ) തങ്ങളുടെ വഫാത്തിന് മുമ്പായി കൂടുതല്‍ വഹ്യുകള്‍ അവതരിക്കുകയുണ്ടായി. ഏറ്റവും കൂടുതല്‍ വഹ്യ് ലഭിച്ചത് തിരുനബി(സ്വ) തങ്ങളുടെ വഫാത്തിന്‍റെ വര്‍ഷത്തിലാണെന്ന് ബുഖാരിയിലെ വചനം കൃത്യമായി വിരല്‍ ചൂണ്ടുന്നുണ്ട്.
വായിക്കാനും പഠിക്കാനും നിര്‍ദ്ദേശങ്ങള്‍ നില്‍കി ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ് ഖുര്‍ആന്‍ അവതരിച്ച് മുഴുമിച്ചത്. അതില്‍ പ്രപഞ്ചനാഥനായ അല്ലാഹുവിനെയും അവന്‍റെ ഗുണഗണങ്ങളെയും ദൃഷ്ടാന്തങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് ആയത്തുകള്‍ ഇറങ്ങി. പിന്നീട് മക്കക്കാരുടെ വികലമായതും വൈകല്യം നിറഞ്ഞതുമായ വിശ്വാസങ്ങളെ കുറിച്ചും സാമൂഹിക സാംസ്കാരിക അധഃപതനങ്ങളെ കുറിച്ചും വിമര്‍ശിച്ച് കൊണ്ട് സൂക്തങ്ങള്‍ അവതീര്‍ണ്ണമായി. ഇത്തരത്തില്‍ ക്രമാനുഗതവും യുക്തിഭദ്രവുമായ ഖുര്‍ആന്‍റെ അവതരണം ഇസ്ലാമിക പ്രബോധനം അതിദുഷ്കരമായ സമയത്ത് പോലും നിരവധി മനസ്സുകളെ സ്വാധീനിക്കാന്‍ നിദാനമായി.
അവതരണത്തിന്‍റെ മധ്യകാലഘട്ടത്തില്‍ ഇസ്ലാമിലേക്ക് ജനപ്രവാഹം തന്നെ കടന്നുവരികയുണ്ടായി. ഖുര്‍ആനിന്‍റെ അതിമനോഹരവും അത്യാകര്‍ഷവുമായ സ്വരങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ ഒരേസമയം തെളിച്ചമേറ്റുകയും തമസ്സകറ്റുകയും ചെയ്തു. സമൂഹത്തിന്‍റെ ചലനാത്മകതയ്ക്കും സുരക്ഷിതമായ നിലനില്‍പ്പിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സൂക്തങ്ങളായിരുന്നു തദവസരത്തില്‍ അവതരിച്ചിരുന്നത്.
തങ്ങളുടെ പ്രതീക്ഷകളെല്ലാം തകര്‍ത്തെറിഞ്ഞ ഇസ്ലാമിന്‍റെയീ വളര്‍ച്ച താങ്ങാനാവാതെ ശത്രുക്കള്‍ വിശ്വാസികളെ മര്‍ദ്ദനമുറകളാല്‍ പൊറുതിമുട്ടിച്ചു. സ്വന്തം നാടും വീടും കൂട്ടും കുടുംബവും ഉപേക്ഷിച്ച് നാടുവിടേണ്ടി വന്ന് ജീവിതം തന്നെ ദുസ്സഹമായ പരീക്ഷണങ്ങളായി ഭവിച്ചതും മറ്റും ഖുര്‍ആന്‍ വ്യക്തമാക്കിയത് ശത്രുക്കളോടെങ്ങനെ വര്‍ത്തിക്കണം, അവരോട് പ്രകടമാക്കേണ്ട നയ നിലപാടുകള്‍, യുദ്ധവേളയില്‍ ആവശ്യമായ ഇടപെടലുകള്‍ എന്നിങ്ങനെ വൈവിധ്യമായ സമസ്യകളില്‍ ഖുര്‍ആന്‍ അവസോരിചതമായ അവതാരമായി മാറി.
അഭയം തേടി മദീന പുല്‍കിയതില്‍ പിന്നെയായിരുന്നു ആരാധനകളും വിധിവിലക്കുകളും സമൂഹത്തോട് പുലര്‍ത്തേണ്ട ബന്ധങ്ങളും കടപ്പാടുകളും സംബന്ധിച്ച വിവരണങ്ങള്‍ അവതരിപ്പിച്ചത്. ബദര്‍, ഉഹ്ദ്, തബൂക്ക് എന്നിങ്ങനെ യുദ്ധങ്ങളില്‍ പങ്കാളികളാകാനും ദീനിനായി സര്‍വ്വവും സമര്‍പ്പിക്കാനും ഊര്‍ജമേകുന്ന സൂക്തങ്ങളും ഈയവസരത്തിലും ഇറക്കപ്പെട്ടു. ഇത്തരത്തില്‍ ഓരോ സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ച് ക്രിയാത്മകവും യുക്തിഭദ്രവുമായി അവതരിച്ച വിശുദ്ധ ഗ്രന്ഥത്തിന്‍റെ അവതരണം തിരുനബി (സ്വ) തങ്ങളുടെ വഫാത്തിന്‍റെ എട്ടു ദിവസം മുമ്പാണ് നിലച്ചെതന്നാണ് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഒന്നിച്ചിറങ്ങുന്നതിനെ അപേക്ഷിച്ച് അവസര ബന്ധിതമായ അവതരണം തന്നെയാണ് കൂടുതല്‍ ഫലപ്രദമെന്ന് കൃത്യമായി മനസ്സിലാക്കാനും എന്നാലും മറ്റുള്ള ഗ്രന്ഥങ്ങളെല്ലാം മൊത്തമായി ഒന്നിച്ചിറങ്ങിയിട്ടും സര്‍വ്വലോകത്തിലേക്കുമുള്ള ഖുര്‍ആന്‍ എന്തുകൊണ്ട് ഒന്നിച്ചവതരിപ്പിച്ചില്ലയെന്ന് ചോദ്യശരമെയ്യുന്നവര്‍ക്കായി അതിന്‍റെ അനവധി സവിശേഷ സാധൂകരണങ്ങള്‍ പണ്ഡിതകേസരികള്‍ നിരത്തുന്നുണ്ട്.
1. എല്ലാ മതനിയമങ്ങളും ഒന്നിച്ചിറക്കി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കലും ആധിയും ഒഴിവാക്കല്‍.
2. ഒരു പ്രാവശ്യം മൊത്തത്തില്‍ നടത്തുന്ന ഉണര്‍ത്തലുകളേക്കാള്‍ ഇടക്കിടെ സന്ദര്‍ഭത്തിനനുസൃതമായുള്ള ഉണര്‍ത്തലുകള്‍ ജന മനസ്സുകളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നു.
മദ്യവും മദിരാക്ഷിയും സ്റ്റാറ്റസിന്‍റെ പ്രതീകമായും അനിവാര്യതയായും കണ്ടിരുന്ന ഇരുണ്ട കാലത്തെ അജ്ഞരായ ജനങ്ങളില്‍ നിന്നും തന്ത്രപരവും പ്രായോഗികവുമായ څഘട്ടംഘട്ടമായ മദ്യ നിരോധനംچ ഏര്‍പ്പെടുത്തിയത് ഉദാത്ത ഉദാഹരണമായി ഗണിക്കാനാവും. ആദ്യമായിത്തന്നെ څനിങ്ങള്‍ മദ്യപിക്കരുത്چ എന്നായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കില്‍ അതിനനുസരണം മദ്യം ഒറ്റയടിക്ക് മുഴുക്കെ ഒഴിവാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ലെന്ന് ആ സമൂഹം പറയുമായിരുന്നുവെന്ന് സാരം വരുന്ന പ്രവാചക പത്നി ആഇശ ബീവി(റ)യുടെ വചനമിതിനെ ശരിവെക്കുന്നുണ്ട്.
3. എല്ലാ നിയമങ്ങളും ഒറ്റയടിക്ക് നടപ്പിലാക്കാനുള്ള ബുദ്ധിമുട്ടില്‍ നിന്നും രക്ഷ നേടാനാവുന്നു.
4. ഇടക്കിടെ ജിബ്രീലി(അ)നെ ദര്‍ശിക്കുക വഴി തിരുനബിക്ക് മനഃസമാധാനം ലഭിക്കാന്‍ ഈ ശൈലി ഹേതുവാകുന്നു. പ്രതിസന്ധി ഘട്ടങ്ങളിലും പ്രയാസ ദുരിത സന്ദര്‍ഭങ്ങളിലുമെല്ലാം ജിബ്രീല്‍ (അ) വന്ന് തിരുനബിക്ക് സാന്ത്വനം പകര്‍ന്നതിന് അനവധി ചരിത്രതാളുകള്‍ സാക്ഷിയാണല്ലോ.
5. കൃത്യമായും സരളമായും ആശയങ്ങളെയും സര്‍വ്വ അര്‍ത്ഥതലങ്ങളെയും സാവകാശം മനസ്സിലാക്കാനും മനഃപാഠമാക്കാനും ഈ രീതി സഹായകമാവുമെന്നതില്‍ ശങ്കയില്ല.
6. അവസരോചിതമായും ആവശ്യാനുസരണമായും ഖുര്‍ആന്‍ അവതീര്‍ണമാവുമ്പോള്‍ ഖുര്‍ആനിന്‍റെ ദിവ്യശക്തിയെ കൂടുതല്‍ അനുഭവിക്കാന്‍ സാധിക്കുന്നു.
അതുപോലെയാണ് ഖുര്‍ആന്‍റെ അവതരണം എന്നായിരുന്നുവെങ്കില്‍ കൃത്യമായ നിര്‍ണ്ണയങ്ങള്‍ വരുത്തുകയെന്നത് ശ്രമകരമാണ്. ഹിജ്റ വര്‍ഷത്തിനും പതിമൂന്ന് കൊല്ലങ്ങള്‍ക്ക് മുമ്പ് ക്രിസ്താബ്ദം 510ല്‍ റമളാന്‍ മാസത്തിലെ ഒരു പുണ്യദിനത്തിലായിരുന്നു ഖുര്‍ആന്‍ അവതരിക്കപ്പെട്ടതെന്നതാണ് അതിലേറ്റവും പ്രബലമായത്. അന്ന് റമളാന്‍ 17 ആയിരുന്നുവെന്ന് അഭിപ്രായപ്പെടുന്ന ചില മഹത്തുക്കളുണ്ട്. അതുകൊണ്ടാണ് പവിത്രമായ റമളാന്‍ മാസത്തിനെ ഖുര്‍ആന്‍റെ മാസം എന്ന് പറയുന്നതും നിശ്ചയം അത്(ഖുര്‍ആന്‍) ശ്രേഷ്ടമായ രാത്രിയില്‍ നാം ഇറക്കിയിരിക്കുന്നു എന്ന സൂറത്തു ദുഖാനിലെ 30-ാം ആയത്തും, നിശ്ചയം നാം ലൈലത്തുല്‍ ഖദ്റിലാണ് അത് ഇറക്കിയിരിക്കുന്നത് എന്ന സാരം വരുന്ന സൂറത്തുല്‍ ഖദ്റിന്‍റെ ഒന്നാം ആയത്തും കൃത്യമായി അത് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ആയിരം മാസങ്ങള്‍ പവിത്രമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ലൈലതുല്‍ ഖദ്ര്‍ എന്നാണെന്ന് കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. റമളാന്‍ 27-ാം രാവിലാണെന്നതും അവസാന പത്തിലെ എല്ലാ ഒറ്റയിട്ട രാവുകളിലും അതിനെ പ്രതീക്ഷിക്കാമെന്നും തുടങ്ങി അതില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. അല്ലാഹു അഅ്ലം.