2022 JULY-AUGUST Hihgligts Latest Shabdam Magazine ചരിത്രം ചരിത്ര വായന പഠനം ലേഖനം വായന

ഹിജ്റ കലണ്ടറിന്‍റെ ചരിത്രവും പ്രാധാന്യവും

നിയാസ് കൂട്ടാവില്‍

സമയവും കാലവും നിര്‍ണയിക്കല്‍ ലോകക്രമത്തിന് അനിവാര്യതയാണ്. കാലങ്ങളെയും ദിവസങ്ങളെയും ആവര്‍ത്തനങ്ങളോടെ ക്രമീകരിച്ച ഒരു സംവിധാനമാണ് കലണ്ടര്‍. ആളുകള്‍ അവരുടെ ജീവിതം ചിട്ടപ്പെടുത്താന്‍ സഹായിക്കുന്നതിന് സഹസ്രാബ്ദങ്ങളായി നിരവധി കലണ്ടറുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മത, സാമൂഹിക, സാംസ്കാരിക തലങ്ങളിലായിന്ന് നാല്‍പതോളം കലണ്ടര്‍ ലോകത്ത് ഉപയോഗിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരവും കാലാവസ്ഥ സംബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടര്‍ സംവിധാനത്തിന്‍റെ അടിസ്ഥാനം. മനുഷ്യ നാഗരികത കൂടുതല്‍ സങ്കീര്‍ണ്ണമായപ്പോള്‍ അനുമാനങ്ങളും മറ്റും കാലങ്ങളെയും യുഗങ്ങളെയും നിര്‍ണ്ണയിക്കാന്‍ ആവശ്യമായി വന്നു. മനുഷ്യന്‍ അവന്‍റെ ദൈനംദിന അനുഭവങ്ങളാല്‍ നയിക്കപ്പെടണമെന്നത് കാലസമയങ്ങളെ നിശ്ചയിക്കുന്നതിലേക്ക് വഴി തെളിയിച്ചു. നൈല്‍ നദിയിലെ ജലത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ പ്രാചീന ഈജിപ്ഷ്യന്‍ കലണ്ടറിന്‍റെ അടിസ്ഥാനമായി. കാലക്രമേണ ആകാശഗോളങ്ങള്‍ മെസപെട്ടോമിയയുടെയും പ്രാചീന ഭാരതത്തിന്‍റെയും കാലനിര്‍ണയത്തിന്‍റെ ഭാഗമായി. പിന്നീട് ജൂലിയന്‍ കലണ്ടറില്‍ നിന്നും (ബി സി 45 മുതല്‍) ഇന്നുകാണുന്ന ഗ്രിഗോറിയന്‍ കലണ്ടറിലെത്തി നില്‍ക്കുകയാണ് കാലചക്രം. യേശു ക്രിസ്തുവിന്‍റെ ജനനമടിസ്ഥാനമാക്കിയാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ ആരംഭിക്കുന്നത്. ഭൂമിയുടെ പരിക്രമണത്തെ അടിസ്ഥാനമാക്കി സ്വന്തം അച്ചുതണ്ടില്‍ രാത്രിയെയും പകലിനെയും, സൂര്യഭ്രമണത്തിലൂടെ 365/5/48/46 ല്‍ ഒരു പൂര്‍ണ്ണ ഭ്രമണ ലോങ് എപ്റ്റിക്കല്‍ ഓര്‍ബിറ്റ് പൂര്‍ത്തിയാക്കി ദിവസങ്ങളെയും കാലങ്ങളെയും വേര്‍ത്തിരിക്കുകയാണ് ഇന്നത്തെ സൗര (ീഹെമൃ) / ഗ്രിഗോറിയന്‍ തത്വങ്ങള്‍ ചെയ്യുന്നത്. 7 മാസങ്ങള്‍ 31 ദിവസങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന രീതിയില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. 4 മാസങ്ങള്‍ 30 ദിവസവും ഒരു മാസം 28 ദിവസവും ബാക്കി വരുന്ന കാല്‍ ദിവസത്തെ നാലു വര്‍ഷത്തിലൊരിക്കല്‍ ഫെബ്രുവരിയില്‍ ഒരു ദിവസം ചേര്‍ക്കുന്നു. ഭ്രമണ സമയത്തെ ഭിന്നങ്ങളെ (കാല്‍ ദിവസത്തെ) യഥാക്രമം വിഭജിച്ച് കണക്കാക്കാന്‍ കഴിയാത്തതിനാല്‍ ഓരോ നാന്നൂറ് വര്‍ഷം കൂടുമ്പോഴും സീസണല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഈ വസ്തുതകള്‍ പല വ്യതിയാനങ്ങള്‍ക്കും തെറ്റിദ്ധരിക്കപ്പെടുന്നതിനും കൂടി കാരണമാകുന്നുണ്ട്.
ലൂണാര്‍ കലണ്ടര്‍
സൂര്യനെ രാപ്പകല്‍ മാറ്റങ്ങള്‍ക്കാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ചന്ദ്രനെ ദിവസ മാസ നിര്‍ണ്ണയത്തിനും. ചന്ദ്രന്‍റെ കലകളും രൂപമാറ്റങ്ങളും തിരിച്ചറിയലുകള്‍ക്കും നിര്‍ണ്ണയങ്ങള്‍ക്കും കൂടുതല്‍ സഹായകമാകുന്നുണ്ട്. 354.37/355 ദിവസങ്ങളാണ് ചന്ദ്രവര്‍ഷത്തിലുള്ളത്. പന്ത്രണ്ട് മാസങ്ങളായിട്ടാണ് ചന്ദ്രവര്‍ഷത്തെ വിഭജിച്ചിട്ടുള്ളത്. പുരാതന കാലത്തെ പല കലണ്ടറുകളും ചന്ദ്ര കലണ്ടറുമായി വലിയ ബന്ധം പുലര്‍ത്തുന്നുണ്ട്. സ്കോട്ലന്‍റില്‍ കണ്ടെത്തിയ ചന്ദ്രകലണ്ടറാണ് ഏറ്റവും കൂടുതല്‍ പഴക്കമുള്ളതായിട്ട് കണക്കാക്കപ്പെടുന്നത്. ചന്ദ്രമാസങ്ങളുടെ ആരംഭമാണ് പല പുരാതന കലണ്ടറുകളെയും വേര്‍തിരിക്കുന്നത്. ചന്ദ്രക്കല ആദ്യം തെളിയുന്ന ദിവസം, അമാവാസി, പൂര്‍ണ്ണ ചന്ദ്രന്‍ എന്നിങ്ങനെ പല കലണ്ടര്‍ അടിസ്ഥാനങ്ങലും ചന്ദ്രമാസങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ ചന്ദ്ര ഭ്രമണവും വ്യത്യസ്തമാണ്. ചാന്ദ്രചക്രത്തിന്‍റെ നീളത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഈ വ്യത്യാസങ്ങളും ഭൂമിയിലെ ദിനാന്തരീക്ഷ വ്യതിയാനങ്ങള്‍ക്കുമനുസരിച്ച് ചന്ദ്രമാസങ്ങളുടെ ദിനങ്ങളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകും.
ഹിജ്റ കലണ്ടര്‍
ചന്ദ്രനെ അടിസ്ഥാനമാക്കിയാണ് ഇസ്ലാമിക് / ഹിജ്റ കലണ്ടര്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറില്‍ നിന്നും 10 അല്ലെങ്കില്‍ 11 ദിവസം കുറവായിരിക്കും ചാന്ദ്രിക കലണ്ടറിന്. ചന്ദ്രവിധി അടിസ്ഥാനമാക്കിയാണ് ഇസ്ലാമിക്/ഹിജ്റ മാസം ആരംഭിക്കുന്നത്. ഇതനുസരിച്ചാണ് ഇസ്ലാമിക മതാടിസ്ഥാനത്തിലുള്ള നോമ്പ്, ഹജ്ജ് എന്നിവയെല്ലാം നിര്‍വഹിക്കപ്പെടുന്നത്. ചന്ദ്രകലണ്ടര്‍ അടിസ്ഥാനമാക്കുമ്പോള്‍ ഋതുക്കള്‍ക്ക് യാതൊരുവിധ പ്രാധാന്യവും ഇസ്ലാം നല്‍കുന്നില്ല. വര്‍ഷത്തിലെ ദിവസ വ്യത്യാസങ്ങള്‍ക്ക് അനുസരിച്ച് ഋതുക്കള്‍ മാറ്റമുണ്ടാകും. അത്കൊണ്ട് തന്നെ ഓരോ ആരാധന കര്‍മങ്ങളും വ്യത്യസ്ത ഋതുക്കളെ വരവേല്‍ക്കുന്നു.
ഹിജ്റ കലണ്ടറിന്‍റെ ചരിത്രം
നിര്‍ണ്ണയിക്കപ്പെട്ട കലണ്ടര്‍ സംവിധാനത്തിന് മുമ്പ് ചരിത്ര പ്രധാന സംഭവങ്ങളെയും മറ്റുമാണ് കണക്കുകൂട്ടലുകള്‍ക്ക് മുസ്ലിം സമൂഹം ഉപയോഗിച്ചിരുന്നത്. ആനക്കലഹ സംഭവം, നബി തങ്ങളുടെ ജനനം, നുബുവ്വത്ത് എന്നിവ അവയ്ക്ക് ഉദാഹരണങ്ങളാണ്. ഖലീഫ ഉമര്‍(റ)ന്‍റെ കാലത്താണ് ഹിജ്റ കലണ്ടര്‍ സ്ഥാപിക്കുന്നത്. ബസ്വറ(ഇറാഖ്)യിലെ ഉദ്യോഗസ്ഥനായിരുന്ന അബൂ മൂസല്‍ അശ്അരി(റ)വിന്‍റെ പരാതിയിലാണ് ഇസ്ലാമിക കലണ്ടര്‍ എന്ന ആശയം ഉയര്‍ന്നു വരുന്നത്. യുദ്ധങ്ങളുടെയും മറ്റു ഭരണകാര്യങ്ങളിലും സ്ഥിരമായ തിയ്യതികളില്ലാത്തതിന്‍റെ പ്രയാസമായിരുന്നു അന്നു ചൂണ്ടിക്കാണിച്ചത്. ഇസ്ലാമിക കലണ്ടര്‍ ആരംഭത്തില്‍ നിരന്തരം ചര്‍ച്ചകള്‍ നടക്കുകയും അലി(റ)വിന്‍റെ അഭിപ്രായ പ്രകാരം നബി തങ്ങളുടെയും അനുചരരുടെയും ഹിജ്റയുടെ ത്യാഗസ്മരണ തന്നെ ഇസ്ലാമിക കലണ്ടറിന്‍റെ തുടക്കം കണക്കാക്കി. മുഹറം മാസത്തോടെ ആരംഭിച്ച് ദുല്‍ഹജ്ജയില്‍ അവസാനിക്കുന്ന ഒരു ഇസ്ലാമിക് കലണ്ടറിന് അന്ന് രൂപം കൊണ്ടു. തല്‍ഫലമായി എ ഡി 622 ഹിജ്റ കലണ്ടറിന്‍റെ ആദ്യ വര്‍ഷമായി.
പന്ത്രണ്ട് മാസങ്ങള്‍
ഹിജ്റ വര്‍ഷം 12 മാസങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സൂറത്തു തൗബയിലെ 36ാം സൂക്തത്തിലൂടെ ഇത് വളരെ വ്യക്തമാണ്. 12 മാസങ്ങളായി വിഭജിക്കപ്പെട്ടതും മാസങ്ങളുടെ തരംതിരിവും ഇതില്‍ വ്യക്തമാണ്. നാല് മാസങ്ങളെ വിശുദ്ധമാക്കിയെന്നതും ആയത്ത് വ്യക്തമാക്കുന്നു. സൂറത്തു തൗബയിലെ 36ാം ആയത്തില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ച അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം 12 ആകുന്നു. അതില്‍ നാലെണ്ണം യുദ്ധം ഹറാമാക്കപ്പെട്ട മാസങ്ങളാകുന്നു എന്ന് അല്ലാഹു പറയുന്നുണ്ട്. ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, മുഹറം, റജബ് മാസങ്ങളാണ് യുദ്ധങ്ങളെ കൊണ്ട് നിഷിദ്ധമാക്കപ്പെട്ടത്.
മാസങ്ങളുടെ പേരുകള്‍
യുദ്ധം നിഷിദ്ധമായ മാസമായത് കൊണ്ടാണ് മുഹറം എന്ന പേര് ലഭിക്കുന്നത്. യുദ്ധ വിജയങ്ങള്‍ക്കൊടുവില്‍ ഒന്നുമവശേഷിക്കാത്തവിധം വീടുകള്‍ കൊള്ളയടിക്കുന്നതില്‍ നിന്നാണ് പൂജ്യം എന്ന് അര്‍ത്ഥം വരുന്ന സഫര്‍ എന്ന പേര് ലഭിക്കുന്നത്. അറബികള്‍ അവരുടെ വീടുകളില്‍ മഞ്ഞളിച്ചിരുന്ന ഒരു ചരിത്ര സംഭവുമായി ബന്ധപ്പെട്ടാണ് സഫര്‍ എന്ന പേര് വന്നത് എന്നും പറയപ്പെടുന്നു. പിന്നീടുള്ള രണ്ട് മാസങ്ങള്‍ റബീഉല്‍ അവ്വല്‍, റബീഉല്‍ ആഖിര്‍ വസന്തകാലത്തെ പ്രതിനിധീകരിക്കുന്നു. യുദ്ധങ്ങള്‍ക്കൊടുവില്‍ സ്വത്തുകള്‍ വിതരണം ചെയ്ത് ആസ്വദിക്കാന്‍ കഴിയുന്ന ഒരു കാലഘട്ടമാണിത്. ശീതകാലത്തെ മരവിപ്പും മറ്റുമാണ് ജമാദുല്‍ ഊല, ജമാദുല്‍ ഉഖ്റ എന്നീ മാസങ്ങള്‍ക്ക് ഈ പേരുകള്‍ ലഭിക്കാന്‍ കാരണം. കുന്തമെന്ന (റജബ്) വാക്കില്‍ നിന്നുമാണ് റജബിന് ഈ പേര് ലഭിക്കുന്നത്. അല്ലാഹു ബഹുമാനിച്ച അല്ലാഹുവിന്‍റെ മാസം കൂടിയാണിത്. അക്രമണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന റജബ് മാസത്തിലെ പ്രവര്‍ത്തികള്‍ ശഅ്ബാനിലും അറബികള്‍ പിന്തുണക്കുന്നു. റമളാനിന്‍റെയും റജബിന്‍റെയും ഇടയിലുള്ള മാസമാകുന്നത് കൊണ്ട് ശഅ്ബാന്‍ എന്ന് പേര് പറയപ്പെട്ടു. മുസ്ലിംകള്‍ നോമ്പെടുക്കുന്ന മാസമാണ് റമളാന്‍. വേനല്‍ മൂലമുണ്ടാകുന്ന ഉയര്‍ന്ന താപനിലയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. മുസ്ലിംകള്‍ പെരുന്നാള്‍ ആഘോഷിക്കുന്ന മാസമാണ് ശവ്വാല്‍. ഒട്ടകങ്ങള്‍ക്ക് കാലാനുസൃതമായി ഈ മാസത്തില്‍ വാലും മറ്റും കുറവായിരിക്കും. ഇരിപ്പ് എന്നര്‍ത്ഥം വരുന്ന അറബി പദത്തില്‍ നിന്നാണ് ദുല്‍ഖഅദ് എന്ന പേര് ഉത്ഭവിക്കുന്നത്. ഈ മാസത്തില്‍ മുസ്ലിംകള്‍ യുദ്ധത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുകയും വിട്ട് നില്‍ക്കുകയും ചെയ്യുന്നു. ഹജ്ജ് തീര്‍ത്ഥാടന സമയമായത് കൊണ്ട് ദുല്‍ഹജ്ജ് മാസത്തിന് ദുല്‍ഹജ്ജ് എന്ന പേരും വിളിച്ചു.
ചാന്ദ്രകലണ്ടര്‍ പ്രകാരമാണ് ഇസ്ലാമിക അനുഷ്ടാനങ്ങള്‍ നിര്‍വ്വഹിച്ചു പോകുന്നത്. ചന്ദ്രപ്പിറവി ദൃശ്യമായതോടെ നോമ്പും പെരുന്നാളും ഹജ്ജുമെല്ലാം നിര്‍വ്വഹിക്കപ്പെടുന്നു. ഭൂപ്രദേശങ്ങളും മാസപിറവിടെ ദൃശ്യങ്ങളും ചന്ദ്ര വര്‍ഷ കലണ്ടറിന് പ്രാദേശിക വ്യത്യാസങ്ങളുണ്ടാക്കുന്നു. ഇതാണ് ഇസ്ലാം അനുശാസിക്കുന്നതും. ഒരേ സ്ഥലങ്ങള്‍ക്കനുസരിച്ചും ഇത് മാറ്റമുണ്ടാകുന്നു. ചന്ദ്ര ചലനത്തിന്‍റെ ഭാഗമായി ഭൂമിയുടെ ജല സ്രോതസ്സുകളില്‍ അതിന്‍റേതായ മാറ്റങ്ങള്‍ കണ്ടുവരുന്നു. ആര്‍ത്തവവും മറ്റു പ്രകൃതി നിയമങ്ങളും യഥാര്‍ത്ഥ കണക്കുകള്‍ ചന്ദ്രവര്‍ഷങ്ങള്‍ കൊണ്ട് മാത്രമെ കുറ്റമറ്റ രീതിയില്‍ കണക്കാക്കാനാവൂ. ഇസ്ലാം ചന്ദ്രകലണ്ടര്‍ സ്വീകരിക്കുന്നതിലൂടെ മറ്റു കലണ്ടര്‍ അടിസ്ഥാനങ്ങളെ ഇസ്ലാം എതിര്‍ക്കുന്നില്ല. പ്രകൃതിയുടെ മതം പ്രകൃതിയുടെ കാലചക്ര കണക്കു കൂട്ടലുകളെ സ്വീകരിച്ചെന്നു മാത്രം. മാസപ്പിറവിയുടെ ഏകീകരണത്തിനും വിധി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള തലയില്ലാത്ത ആശയങ്ങള്‍ക്ക് ശാസ്ത്രീയവും ഇസ്ലാമികമായും യാതൊരു ബന്ധവുമില്ലെന്ന് പറയട്ടെ.

Leave a Reply

Your email address will not be published. Required fields are marked *