2022 October-November Shabdam Magazine ലേഖനം

പേരിന്‍റെ പൊരുള്‍

ഹാദി അബ്ദുല്ല

ഖലീഫ ഉമര്‍ ബിന്‍ ഖത്വാബ് (റ) ന്‍റെ അടുക്കല്‍ മകന്‍റെ ദൂഷ്യ സ്വഭാവത്തെ കുറിച്ച് പരാതി പറഞ്ഞ് ഒരു രക്ഷിതാവ് വരുന്നു. ഒന്നാലോചിച്ച ശേഷം ഖലീഫ മകനെ ഹാജറാക്കാന്‍ കല്‍പിച്ചു. മകനെ ഉമര്‍ (റ)ന് മുന്നില്‍ ഹാജരാക്കി. അവന്‍ രക്ഷിതാക്കളോട് ചെയ്യുന്ന അപമര്യാദയെ കുറിച്ച് ഖലീഫ ബോധവല്‍ക്കരണം നടത്തി. അപ്പോള്‍ ആ കുട്ടി തിരിച്ച് ചോദിക്കുന്നു. “അല്ലയോ അമീറുല്‍ മുഅ്മിനീന്‍…, പിതാവ് മകന് ചെയ്തു കൊടുക്കേണ്ട കടമകള്‍ ഒന്നുമില്ലേ?”
“അതെ”
“ഏതൊക്കെയാണ് ആ കാര്യങ്ങള്‍”
“നല്ല ഉമ്മയെ തെരഞ്ഞെടുക്കുക, പേര് നന്നാക്കുക, ഖുര്‍ആന്‍ പഠിപ്പിക്കുക.” ഖലീഫ പ്രതിവചിച്ചു.
പലപ്പോഴും നാം നിസാരമായി കാണുന്നവയാണ് പേരുകള്‍. എന്നാല്‍ പേരുകള്‍ക്ക് മനുഷ്യ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താനാവും. ന്യൂമറോളജിയും ആസ്ട്രോളജിയും പേരിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ശൈശവത്തിലെ നാമകരണത്തോടെ മനുഷ്യനുമായി പേര് ബന്ധിക്കപ്പെടുന്നു. പിന്നീട് അങ്ങോട്ടുള്ള ജീവിത നേട്ടകോട്ടങ്ങളിലെല്ലാം വ്യക്തി അറിയപ്പെടുന്നത് ആ പേര് കൊണ്ടാണ്. അയാളുടെ മരണ ശേഷവും അയാള്‍ സ്മരിക്കപ്പെടുന്നത് ആ നാമത്തിലൂടെയാണ്. ന്യൂമറോളജി പ്രകാരം ഒരു മനുഷ്യന്‍റെ സ്വഭാവം, ആകാരം, ഇമേജ് എല്ലാം പേരിലൂടെയാണ് അറിയപ്പെടുന്നത്. ചുറ്റുമുള്ള ആളുകള്‍ പേരുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിളിക്കുമ്പോള്‍ ആ വ്യക്തിയില്‍ ചെലുത്തുന്ന സ്വാധ്വീനം വലുതാണ്. സ്ഥിരമായി പേര് കേള്‍ക്കുമ്പോള്‍ അയാളില്‍ ഒരു വൈബ്രേഷന്‍ രൂപപ്പെടുമെന്നും ഈ വൈബ്രേഷന്‍ നെഗറ്റീവോ പോസിറ്റീവോ ആയ ഊര്‍ജത്തെ പ്രദാനം ചെയ്യുമെന്നും ന്യൂമറോളജി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ച, ഛ അക്ഷരങ്ങള്‍ അടുത്ത് വരിക, ണ, അ, ഞ എന്നീ അക്ഷരങ്ങള്‍ ക്രമത്തില്‍ പേരില്‍ ഉള്‍കൊള്ളുക തുടങ്ങിയവ നെഗറ്റീവ് പ്രതിഫലനങ്ങളുണ്ടാക്കുകയും ജീവിതം സഹിഷ്ണുത കുറഞ്ഞ തര്‍ക്കങ്ങള്‍ നിറഞ്ഞതാവാന്‍ സാധ്യത വരുത്തുമെന്നുമാണ് ന്യൂമറോളജി വീക്ഷണം. ഢ, ക, ച എന്നീ അക്ഷരങ്ങളുടെ തുടര്‍ച്ച പേരിലുണ്ടാകല്‍ നല്ല ഗുണമായാണ് വീക്ഷിക്കപ്പെടുന്നത്.
മനശ്ശാസ്ത്രവും പേരിന്‍റെ പ്രാധാന്യത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സ്വന്തം പേരിന്‍റെ അര്‍ത്ഥമാനങ്ങള്‍ കാരണം പലരുടെയും മാനസികാവസ്ഥ മാറുകയും ജീവിത സംതൃപ്തി ലഭിക്കാതെ പോകുകയും ചെയ്യുന്നുണ്ട്. യു എസ് മനശ്ശാസ്ത്രജ്ഞന്‍ ജീന്‍ ടെംഗ്വിന്‍റെ നേതൃത്വത്തിലുള്ള ഒരു പഠനത്തില്‍ കുടുംബ പശ്ചാത്തലവും ജീവിതത്തിലുള്ള പൊതുവായ അതൃപ്തിയും നിയന്ത്രിച്ചു കഴിഞ്ഞിട്ടും സ്വന്തം പേര് ഇഷ്ടപ്പെടാത്ത ആളുകള്‍ക്ക് മോശമായ മാനസിക ക്രമീകരണം ഉണ്ടായിരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വന്തം പേര് ഒരാള്‍ക്ക് ഇഷ്ടപ്പെടാതെ വരുന്നത് പേര് അയാളുമായി യോജിക്കാതെ വരുമ്പോഴാണ്. സൗന്ദര്യം കുറഞ്ഞയാള്‍ക്ക് സുന്ദരന്‍ എന്ന് പേര് വെച്ചാല്‍ സമൂഹത്തിനിടയില്‍ അയാള്‍ക്കുണ്ടായേക്കാവുന്ന അപകര്‍ഷതാ ബോധം ഊഹിക്കാവുന്നതേയുള്ളൂ. ബീജിംഗിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജിയിലെ ഹുവാജിയന്‍ കായും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളുടെ പേരുകള്‍ ക്രോസ് ചെക്ക് ചെയ്തു. പശ്ചാത്തല ജനസംഖ്യാ ഘടകങ്ങളുടെ സ്വാധീനം നിയന്ത്രിച്ചതിനു ശേഷവും പേരുകള്‍ കുറഞ്ഞ ജനപ്രീതിയുളളവരോ അല്ലെങ്കില്‍ കൂടുതല്‍ നിഷേധാത്മക അര്‍ത്ഥമുള്ളവരോ ആയ ആളുകളെ കൂടുതലായി കണ്ടെത്തി. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സറ്റിയിലെ ഒരു ഗവേഷണമനുസരിച്ച് അസാധാരണമായ ഒരു പേരുണ്ടാകല്‍ നമ്മെ കൂടുതല്‍ സര്‍ഗാത്മകവും തുറന്ന മനസ്സുള്ളവരുമാക്കി രൂപപ്പെടുത്തും. ആയിരത്തിലധികം സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ പേരില്‍ നടത്തിയ പഠനം അവരുടെ പേരുകളിലെ അപൂര്‍വ്വത പോലെ അവര്‍ പിന്തുടരുന്ന ബിസിനസ് രീതികളിലെ അസാധാരണത്വവും കണ്ടെത്തിയിട്ടുണ്ട്.
ഒരാളുടെ ജീവിതവും സ്വഭാവവും നിര്‍ണയിക്കുന്നതില്‍ പേരുകള്‍ക്ക് പങ്കുണ്ട്. നാമകരണത്തില്‍ അനുകരണ ശൈലിയും മാതാപിതാക്കളുടെ പേരിനനുസരിച്ച് പുതിയ പേരുകള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന കാലത്ത് പേരിനെ കുറിച്ച് സംസാരിക്കുന്നതില്‍ പ്രസക്തിയുണ്ട്. നല്ല പേരിടല്‍ സുന്നത്താണ് (തുഹ്ഫ). സന്താനങ്ങളുടെ സ്വഭാവത്തിനും വിജയത്തിനും പേരുകള്‍ സ്വാധീനിക്കുമെന്നാണ് തിരുനബി ദര്‍ശനം. “നിങ്ങളുടെയും പിതാക്കളുടെയും പേരുകള്‍ ചേര്‍ത്താണ് നിങ്ങള്‍ അന്ത്യ നാളില്‍ വിളിക്കപ്പെടുക. അതുകൊണ്ട് പേര് നന്നാക്കുക” എന്ന് ഹദീസിലുണ്ട് (അബൂദാവൂദ് 5/236). സുഹൈല്‍ ബിന്‍ അംറ് വന്നപ്പോള്‍ മുത്ത് നബി “നിങ്ങളുടെ കാര്യം എളുപ്പമായെന്ന്” പറയുന്നതായി ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ‘സുഹൈല്‍’ എന്ന പദത്തിന് ‘എളുപ്പം’ എന്നാണര്‍ത്ഥം. ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം; സഈദ് ബ്ന്‍ മുസയ്യബ് (റ) പിതാമഹനില്‍ നിന്ന് ഉദ്ദരിക്കുന്നു. അദ്ദേഹം ഒരിക്കല്‍ തിരുനബി (സ്വ)യെ സന്ദര്‍ശിച്ചു. നബി (സ്വ) ചോദിച്ചു: നിങ്ങളുടെ പേരെന്താണ്? ‘ഹുസുന്‍’ അദ്ദേഹം മറുപടി നല്‍കി. (ഹുസുന്‍ എന്നാല്‍ പരുഷം എന്നാണര്‍ത്ഥം) നബി (സ്വ) പറഞ്ഞു: “നിങ്ങളുടെ പേര് സഹ്ല്‍ എന്നാകട്ടെ.” “എന്‍റെ പിതാവ് ഇട്ട പേര് ഞാന്‍ മാറ്റുകയില്ല” എന്നയാള്‍ ശാഠ്യം പിടിച്ചു. സഈദ് ബ്ന്‍ മുസയ്യബ് പറയുന്നു: ഹുസുന്‍ എന്ന പേരിന്‍റെ അര്‍ത്ഥം സൂചിപ്പിക്കുന്ന പരുഷ സ്വഭാവം ഞങ്ങളുടെ തലമുറയില്‍ നിലനിന്ന് കൊണ്ടേയിരുന്നു. നല്ല പേരുകള്‍ നല്ല ഭാവിയെയും ദുശ്ശകുനങ്ങള്‍ മോശമായ ഭാവിയെയും പ്രതിഫലിപ്പിക്കും. മുത്ത് നബി (സ്വ) ക്ക് പിതാമഹന്‍ മുഹമ്മദ് എന്ന് പേര് വിളിക്കുമ്പോള്‍ അറബി പ്രമുഖര്‍ ചോദിക്കുന്നുണ്ട്. “എന്തുകൊണ്ടാണ് അബ്ദുല്‍ മുത്തലിബ്, താങ്കള്‍ താങ്കളുടെ പിതാക്കളുടെ പേരില്‍ നിന്ന് മാറി പുതിയ പേര് വെച്ചത്?” “ലോകമാകെ എന്‍റെ മോന്‍ സ്തുതിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു” എന്നായിരുന്നു പിതാമഹന്‍റെ മറുപടി.

എന്ത് പേരിടണം ?
പേര് നല്ലതാകണമെന്നാണ് ഇസ്ലാമിക പാഠങ്ങള്‍. പേരുകളില്‍ നിന്ന് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പേരുകള്‍ ‘അബ്ദുല്ല’, ‘അബ്ദുറഹ്മാന്‍’ എന്നിവയാണ്. മഹത്തുക്കളുടെയും പ്രവാചകന്മാരുടെയും പേര് വെക്കല്‍ നല്ലതാണ്. അമ്പിയാക്കളുടെ പേരിടാന്‍ മുത്ത് നബിയുടെ കല്‍പനയുണ്ട്. ഇബ്നു അബ്ബാസില്‍ നിന്ന് ഖുര്‍ത്വുബി നിവേദനം ചെയ്യുന്നു ‘സത്യ വിശ്വാസികളെ നരകത്തില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തും. ആദ്യം രക്ഷപ്പെടുത്തുക അമ്പിയാക്കളുടെ പേരുള്ളവരെയായിരിക്കും.’ അമ്പിയാക്കളുടെ പേരിന് സ്ഥാനമുണ്ടാകുമ്പോള്‍ അമ്പിയാക്കളില്‍ ഉന്നതരായ തിരുനബി (സ്വ)യുടെ നാമത്തിനേറെ പവിത്രതയുണ്ടാകും. ഇമാം മാലിക് (റ) പറയുന്നു: “മദീനക്കാര്‍ പറയുന്നതായി ഞാന്‍ കേട്ടു. ഒരു വീട്ടില്‍ മുഹമ്മദ് എന്ന് പേരുള്ള കുട്ടി ഉണ്ടായാല്‍ ആ വീട്ടുകാര്‍ക്ക് നല്ല ഭക്ഷണം ലഭിക്കാതിരിക്കില്ല.” മുത്ത് നബിയോടുള്ള ആദരവ് മാനിച്ച് അന്ത്യനാളില്‍ മുഹമ്മദ് എന്ന് പേരുള്ളവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. മുഹമ്മദ് എന്ന് നാമകരണം ചെയ്യപ്പെട്ടവരെ ബഹുമാനിക്കേണ്ടതുണ്ടെന്ന് പണ്ഡിതര്‍ പഠിപ്പിക്കുന്നു. ജാബിര്‍ (റ)വില്‍ നിന്ന് നിവേദനം: “നിങ്ങളുടെ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അകാരണമായി അവനെ അടിക്കുകയോ നല്ല കാര്യങ്ങളില്‍ നിന്ന് തടയുകയോ അരുത്.” പ്രവാചകരുടെ പേരുകളും അല്ലാഹുവിന്‍റെ നാമത്തിലേക്ക് അബ്ദ് ചേര്‍ത്തുള്ള പേരുകളും കുട്ടിക്ക് ചെറുപ്പത്തിലെ ദീനുമായി ബന്ധം വളരാന്‍ നിദാനമാകും.
ഉപയോഗിക്കരുതാത്ത പേരുകള്‍
എല്ലാ പേരുകളും സ്വീകരിക്കാന്‍ മതം അനുവദിക്കുന്നില്ല. ചില പേരുകള്‍ ഹറാമും മറ്റു ചിലത് കറാഹതുമായി പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു അല്ലാത്തവരിലേക്ക് അബ്ദ് (അടിമ) എന്ന് ചേര്‍ത്ത് പേരിടല്‍ നിഷിദ്ധമാണ്. പ്രബലാഭിപ്രായ പ്രകാരം റസൂലിലേക്ക് ചേര്‍ത്ത് അബ്ദ് പ്രയോഗിക്കലും അനുവദനീയമല്ല. ഒരിക്കല്‍ അബ്ദുല്‍ ഹജര്‍ എന്ന് പേരുള്ളയാളോട് നബി പ്രതികരിക്കുന്നത് ഇങ്ങനെയാണ്: “അല്ല നീ അല്ലാഹുവിന്‍റെ അടിമയാണ്” (ഇബ്നു അബീശൈബ 8/665). അല്ലാഹുവിനും റസൂലിനും മാത്രം പറയാവുന്ന പേരുകള്‍ നല്‍കലും അനുവദനീയമല്ല. മലികുല്‍ മുലൂക്, സുല്‍ത്വാനുസ്സലാത്വീന്‍ (അല്ലാഹു) സയ്യിദുന്നാസ്, സയ്യിദു വുല്‍ദി ആദം (റസൂല്‍) തുടങ്ങിയവ ഉദാഹരണം.
പിശാചുക്കളുടെയും അഹങ്കാരികളുടെയും പേരിടല്‍ കറാഹത്താണ്. വലഹാന്‍, അഅ്മര്‍ തുടങ്ങിയവ പിശാചുക്കളുടെ പേരുകളാണ് (ഫത്ഹുല്‍ ബാരി). ഫിര്‍ഔന്‍, ഹാമാന്‍ പോലോത്തവയാണ് അഹങ്കാരികളുടെ പേരുകള്‍. ജനങ്ങള്‍ വെറുക്കുന്ന അര്‍ത്ഥമുള്ള പേരുകളും കറാഹത്താണ്. ഒരിക്കല്‍ നബി (സ്വ) കൂടെയുള്ളവരോട് ചോദിച്ചു: “ആരാണീ ആടിനെ കറക്കുക ?” ഒരാള്‍ എഴുന്നേറ്റ് നിന്നു. നബി അയാളോട് പേര് ചോദിച്ചു. ‘മുര്‍റത്’ അയാള്‍ പറഞ്ഞു. അയാളോട് ഇരിക്കാന്‍ കല്‍പിച്ച് നബി വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. രണ്ടാമത് എഴുന്നേറ്റ് നിന്നയാള്‍ ‘ഹര്‍ബ്’ എന്നയാളായിരുന്നു. അയാളെയും പാല്‍ കറക്കാനനുവദിച്ചില്ല. മൂന്നാമത് എണീറ്റ ‘യഈശു’ എന്ന നാമഥേയനെയാണ് നബി പാല്‍ കറക്കാന്‍ അനുവദിക്കുന്നത് (മുവത്വഅ 2/973). ഇവിടെ പറഞ്ഞത് പോലോത്ത മുര്‍റത് (കൈപ്പ്), ഹര്‍ബ് (യുദ്ധം), കല്‍ബ് (നായ), ഹയ്യത്ത് (പാമ്പ്) പോലോത്ത നാമങ്ങളാണ് പൊതുവെ വെറുക്കപ്പെടുന്ന നാമങ്ങളില്‍ പണ്ഡിതര്‍ എണ്ണിയത്. നിഷേധിക്കുമ്പോള്‍ ദുശ്ശകുനം തോന്നുന്ന പേരുകളും കറാഹത്താണ്. നാഫിഅ്, യസാര്‍, ബറകത്, മുബാറക് തുടങ്ങിയവ ഉദാഹരണം. അവര്‍ അവിടെയുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ ബറകത് ഇല്ല, യസാര്‍ ഇല്ല എന്നൊക്കെയാണ് മറുപടി നല്‍കുക. ഇവിടെയാണ് ദുശ്ശകുനം വരുന്നത്. ഇത്തരം പേരുകള്‍ നല്‍കി കഴിഞ്ഞാല്‍ മാറ്റല്‍ സുന്നത്താണെന്ന് ശര്‍വാനി പറയുന്നുണ്ട്. ബര്‍റത്(നന്മയുള്ളവള്‍) എന്ന് പേരിടലിനെ നബി നിരോധിച്ചിട്ടുണ്ട്. അവിടെ നബി പറയുന്നത് നിങ്ങള്‍ സ്വയം പൊങ്ങച്ചം പറയരുത്. നിങ്ങളിലെ ഗുണവാന്‍ ആരാണെന്ന് അല്ലാഹുവിനറിയാം എന്നതാണ്. ഈ കാരണം കൂടി ഇത്തരം പേരുകളെ നിരോധിക്കുന്നതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

ബിസിനസുകളുടെ പേര്
പേരുകളിലെ ശുഭ-അപ ലക്ഷണങ്ങള്‍ മനുഷ്യരില്‍ മാത്രമല്ല. സ്ഥലങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബിസിനസുകള്‍ക്കും പേരിടുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കണം. അപലക്ഷണമുള്ള പേരുകള്‍ ഗോത്രങ്ങള്‍ക്കും നാടുകള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം നല്‍കല്‍ നബി(സ്വ) വെറുത്തിരുന്നു. ഒരിക്കല്‍ രണ്ട് പര്‍വ്വതങ്ങള്‍ക്കിടയിലൂടെ നടന്നു പോകുമ്പോള്‍ നബി (സ്വ) ചോദിച്ചു: ഈ പര്‍വ്വതങ്ങളുടെ പേരെന്താണ്? ഒരാള്‍ പറഞ്ഞു: ഫാളിഹ്, മുഖ്സി (വഷളായത്, നിന്ദ്യമാകുന്നത്) ഈ മറുപടി കേട്ടപ്പോള്‍ റസൂല്‍ (സ്വ) ആ പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്നും മാറി നടന്നു (സീറ ഇബ്നു ഹിഷാം 2/304). നല്ല പേരുകള്‍ നല്ല ഭാവികളെ സൃഷ്ടിക്കുന്നു. നല്ല പേരുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ഭാവിയെ നിര്‍ണയിക്കല്‍ കൂടിയാണ്. നല്ല ഭാവികള്‍ക്ക് വഴിയൊരുങ്ങട്ടെ.

Leave a Reply

Your email address will not be published. Required fields are marked *