സാഹിത്യത്തെ നിര്‍വ്വചിക്കാനുള്ള ചര്‍ച്ചകളും സംവാദങ്ങളും ഇന്നും സജീവമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സുന്ദരമായ രചന എന്നര്‍ത്ഥമുള്ള ‘ബെല്ലസ്് ലെറ്റേഴ്‌സ്’ എന്ന വാക്കില്‍ നിന്നാണ് ലിറ്ററേച്ചര്‍ (സാഹിത്യം) എന്ന ഇംഗ്ലീഷ് പദം ആവിര്‍ഭവിച്ചത് എന്നാണ് പൊതുവായി പരാമര്‍ശിക്കപ്പെടാറുള്ളത്. ആഹ്ലാദം പകരുന്ന വാക്കുകളുടെ കൂട്ടം, സുന്ദരമായ വിചാരങ്ങളെ അക്ഷര രൂപത്തില്‍ അതിമനോഹരമായി പ്രകാശിപ്പിച്ചത് എന്നിങ്ങനെ വിവിധ രൂപത്തില്‍ സാഹിത്യത്തെ നിര്‍വചിക്കാറുണ്ട്.
പദങ്ങള്‍ കൊണ്ടുള്ള കേവല അഭ്യാസങ്ങള്‍ക്കുപരിയായി ശ്രോതാവിന്റെ മനസ്സിലേക്ക് സുന്ദരമായി ആശയങ്ങളെ കൈമാറ്റം ചെയ്യുന്നതിനെ സാഹിത്യമെന്ന് ഒരര്‍ത്ഥത്തില്‍ പറയാമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. അങ്ങനെ വരുമ്പോള്‍ പദങ്ങളുടെയും പ്രയോഗങ്ങളുടെയും ശൈലിയുടെയുമൊക്കെ ആകര്‍ഷണത്തോടൊപ്പം അവയുടെ കോര്‍വ്വയിലുണ്ടാകുന്ന ആശയങ്ങള്‍ അവരില്‍ സ്വാധീനം ചെലുത്തുക കൂടി ചെയ്യുന്നിടത്ത് സാഹിത്യം അര്‍ത്ഥപൂര്‍ണമായിത്തീരുന്നു.
ഏത് മാനദണ്ഡമെടുത്താലും ഖുര്‍ആന്‍ ഒരു കുറ്റമറ്റ സാഹിത്യ കൃതി കൂടിയാണെന്ന് മനസ്സിലാക്കാനാവും. പാരായണം ചെയ്യുന്നവന്റെയും ശ്രോതാവിന്റെയും ബുദ്ധിക്ക് തൃപ്തിയും ശാന്തിയും നല്‍കുന്നതോടൊപ്പം അവരുടെ ഹൃദയങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുക കൂടി ചെയ്യുന്നതാണ് ഓരോ ഖുര്‍ആന്‍ സൂക്തങ്ങളും. ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഇരുണ്ട കാലഘട്ടത്തെ, പ്രാകൃത സമൂഹത്തെ വഴിതെളിച്ച് നക്ഷത്ര തുല്യരാക്കി പരിവര്‍ത്തിപ്പിച്ച വിപ്ലവം അതിനെ വിളിച്ചോതുന്നു. അതിന്റെ ശൈലിയിലും കോര്‍വ്വയിലും ക്രമത്തിലുമെന്നു തുടങ്ങി സര്‍വ്വതിലും ദിവ്യത്വം നേരിട്ടനുഭവിച്ച് വൈരികള്‍ പോലും അതില്‍ ആകൃഷ്ടരായിരുന്നു. നിഷ്‌കാസനം ചെയ്യാനായി നിരന്തരം ശ്രമിച്ചവരായിട്ടു പോലും അതിന്റെ ആജ്ഞയനുസരിക്കുന്ന രൂപത്തിലേക്ക് അവര്‍ പരിണമിക്കപ്പെടേണ്ടി വന്നു എന്നതാണ് വസ്തുത. കഅ്ബയുടെ സമീപത്തിലിരുന്ന് ശത്രുജനമധ്യത്തില്‍ വെച്ച് സൂറത്തുന്നജ്മിലെ സാഷ്ടാംഗത്തിന്റെ സൂക്തം പ്രവാചകര്‍ പാരായണം ചെയ്തു കൊണ്ടിരിക്കെ സ്വയം മറന്ന് അമുസ്‌ലിംകള്‍ പോലും സാഷ്ടാഗം ചെയ്തുവെന്നതിന് ചരിത്രം സാക്ഷിയാണ്. ശത്രുനേതാക്കളില്പ്പെട്ടവരായി രുന്ന ഉത്ബത്തും ശൈബത്തും ലബീദുമെല്ലാം ഖുര്‍ആനിന്റെ വശ്യതയില്‍ ആകൃഷ്ടരായി അത് കേട്ടിരുന്നു. അതിനിടയില്‍ അവര്‍ പരസ്പരം കണ്ടുമുട്ടുകയും ഇളിഭ്യരായിത്തീരുകയും ചെയ്ത സംഭവങ്ങളുമുണ്ട്. തങ്ങള്‍ പരമ്പരാഗതമായി ആരാധിച്ചു പോരുന്ന ബിംബങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വിരുദ്ധമാണ് എന്ന് സ്ഥിരം കൊട്ടിഘോഷിച്ച് തങ്ങളുടെ അനുചരരെ അത് ശ്രവിക്കുന്നതില്‍ നിന്നും വിലക്കുന്നതിനിടയിലാണ് ഇത്തരം സംഭവങ്ങളെന്നതാണ് ശ്രദ്ധേയം. തന്റെ വീട്ടുമുറ്റത്തിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യല്‍ ശീലമാക്കിയിരുന്ന സിദ്ദീഖ് (റ) വിന്റെ പാരായണം കേള്‍ക്കാന്‍ അനവധി സ്ത്രീകളും കുട്ടികളും ഒരുമിച്ചു കൂടാറുണ്ടായിരുന്നു. അതില്‍ ഭയന്ന് ഉറക്കെയത് പാരായണം ചെയ്യരുതെന്ന് മക്ക മുശ്‌രിക്കുകള്‍ അദ്ദേഹത്തോട് ആജ്ഞാപിച്ചതായി കാണാം. പ്രവാചക സന്നിധിയിലെത്തിപ്പെട്ട ഉത്ബത്തുബ്‌നു റബീഅക്ക്് പ്രവാചകര്‍ (സ്വ) സൂറത്തുല്‍ ഫുസ്വിലതിലെ ആദ്യ ഭാഗം കേള്‍പ്പിച്ച മാത്രയില്‍ തന്നെ ഖുറൈശികളിലേക്ക് മടങ്ങിപ്പോകുകയും ‘തീര്‍ച്ചയായും ഞാനൊരു വചനം കേട്ടിട്ടുണ്ട്. അതുപോലൊന്ന് ഇതിനു മുമ്പ് ഞാന്‍ കേട്ടിട്ടില്ല. അല്ലാഹുവാണ് സത്യം, അതൊരു കാവ്യമോ മാരണമോ ജോത്സ്യമോ അല്ല’ എന്നവരോട് ഉണര്‍ത്തുകയും ചെയ്തു (തഹ്ദീബു സീറത്തി ഇബ്‌നു ഹിശാം).
ഖുര്‍ആന്റെ അവതരണ കാലഘട്ടത്തിലെ അറബി സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ നിന്ന് വേണം ഖുര്‍ആന്റെ സാഹിത്യ മികവിനെ അന്വേഷിക്കാന്‍. അറബി ഭാഷ സാഹിത്യ വളര്‍ച്ചയില്‍ ഉത്തുംഗതയിലെത്തിയ കാലമായിരുന്നു അത്. മാരണ വിദ്യയില്‍ മുന്‍പന്തിയിലായിരുന്ന സമുദായത്തിലേക്ക് നിലത്തിട്ടാല്‍ സര്‍പ്പമാകുന്ന വടിയും കക്ഷത്തിലൊന്ന് വെച്ചെടുത്താല്‍ പ്രകാശിക്കുന്ന കൈപ്പത്തിയുമായിട്ടായിരുന്നു മൂസാ നബി(അ) നിയോഗിതനായത്. മാറാവ്യാദികളുടെ പ്രസരണം വൈദ്യ ശാസ്ത്ര വളര്‍ച്ചയുടെ അനിവാര്യതയെ തേടിയ കാലത്താണ് അന്ധര്‍ക്ക് കാഴ്ച നല്‍കുക, കുഷ്ഠ രോഗം സുഖപ്പെടുത്തുക, മരിച്ചവരെ ജീവിപ്പിക്കുക എന്നിങ്ങനെ വിവിധങ്ങളായ മുഅ്ജിസത്തുകളുമായി ഈസാ നബി (അ) നിയുക്തനായത്. അതുപോലെ സാഹിത്യ രംഗത്ത് പ്രശോഭിച്ചിരുന്ന സമൂഹത്തിലേക്ക് മഹത്തരവും അതുല്യവുമായ സാഹിത്യകൃതിയെന്ന് വിശേഷിപ്പിക്കാവുന്ന വിശുദ്ധ ഖുര്‍ആനുമായിട്ടായിരുന്നു പ്രവാചകര്‍ (സ്വ) നിയുക്തരായത്. ഖുര്‍ആനുണ്ടാക്കിയ വളര്‍ച്ചക്കപ്പുറമുള്ള ഒന്നും പിന്നീട് അറബി ഭാഷ കൈവരിച്ചിട്ടില്ലെന്നത് ഭാഷാ പണ്ഡിതര്‍ വ്യക്തമാക്കുന്നു.
ഭാഷ പ്രചാരണത്തിനായി അന്നത്തെ അറബികള്‍ പ്രധാനമായും പ്രയോഗിച്ചിരുന്നത് കവിതകളും പ്രഭാഷണങ്ങളുമായിരുന്നു. അതിനുള്ള വേദികളായി പരിവര്‍ത്തിക്കപ്പെട്ടതാകട്ടെ ചന്തകളും. കവികള്‍ കവിതകളും മറുവരികളുമായി അരങ്ങു വാണപ്പോള്‍ ചൂടേറിയ ചര്‍ച്ചകളും സംവാദങ്ങളും പ്രഭാഷണങ്ങളുമായി പ്രഭാഷകരും സജീവമായി. തല്‍ഫലമായി സാഹിത്യപരമായ മുന്നേറ്റങ്ങള്‍ക്കും ചലനാത്മകതക്കും അവസരമൊരുങ്ങി. ഉക്കാള ചന്ത ഇക്കൂട്ടത്തില്‍ വിശ്രുതമായ ഒന്നായിരുന്നു. സുന്ദരമായ രചനകള്‍ കഅ്ബയുടെ വാതിലില്‍ തൂക്കിയിടുന്ന രീതിയും അന്ന് നിലവിലുണ്ടായിരുന്നു. അങ്ങനെ ചെയ്യുന്നതു പോലും വലിയ വെല്ലുവിളിയായിട്ടായിരുന്നു സമൂഹം വീക്ഷിച്ചിരുന്നത്. പ്രസ്തുത കവിതയെ വെല്ലാന്‍ ചുണയുള്ളവര്‍ നിങ്ങളിലുണ്ടോ എന്നുള്ള ചോദ്യമായിരുന്നു അത്. ഒരിക്കല്‍ അറബി സാഹിത്യകാരന്മാരില്‍ പ്രധാനിയായ ലബീദ് ബിന്‍ റബീഅ തന്റെ ഒരു കവിത കഅ്ബയില്‍ കെട്ടി തൂക്കുകയുണ്ടായി. അന്നവിടെ ജീവിച്ചിരുന്നവരില്‍ ഒരാള്‍ പോലും അതിനടുത്ത് മറ്റൊരു കവിത തൂക്കാന്‍ ധൈര്യം കാണിച്ചില്ല. എന്നാല്‍ ഏതാനും ഖുര്‍ആനിക സൂക്തങ്ങള്‍ അതിനടുത്തായി എഴുതിത്തൂക്കാന്‍ പ്രവാചകാനുചരരില്‍ ചിലര്‍ തയ്യാറായി. തന്റെ വെല്ലുവിളിക്കുത്തരം നല്‍കിയവരെ പരിഹസിക്കാനായി വന്ന ലബീദിനെ ആ സൂക്തങ്ങള്‍ നിശ്ചലനാക്കി. അതിന്റെ വശ്യതയില്‍ മതിമറന്ന അദ്ദേഹത്തിന്റെ ഇസ്‌ലാം ആശ്ലേഷണത്തിനാണ് പിന്നീട് കാലം സാക്ഷിയായത്.
അസാമാന്യ സാഹിത്യ ഗുണമുള്ള ഖുര്‍ആന്‍ ഗദ്യമോ പദ്യമോ അല്ലാത്ത അത്യപൂര്‍വ്വമായ ശൈലിയാണുള്ളത്. അതുകൊണ്ടാണ് അതിനെതിരെ രംഗത്തിറങ്ങിയവരും വെല്ലുവിളിക്ക് മറുപടി നല്‍കാന്‍ തുനിഞ്ഞവരുമെല്ലാം അപഹാസ്യമായി മാറിയത്. ഈ പ്രപഞ്ചത്തിലെ സര്‍വ്വതിനെക്കുറിച്ചും പ്രപഞ്ച പരിപാലകനായ റബ്ബിനെ കുറിച്ചും അവന്‍ നിയോഗിച്ച പ്രവാചകരെ കുറിച്ചുമെല്ലാം വ്യക്തമായി അത് വിശദീകരിക്കുന്നു. ”ഖുര്‍ആനില്‍ സംശയമുണ്ടെങ്കില്‍ തത്തുല്യമായ ഒരു ഗ്രന്ഥം നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവല്ലാതെ ആരെയും നിങ്ങള്‍ക്കതിന് സഹായികളായി കൂട്ടാം” എന്ന് ലോകരെ വെല്ലുവിളിക്കുകയും ചെയ്തു. വെല്ലുവിളിയേറ്റെടുക്കാനുള്ള ത്രാണി തങ്ങള്‍ക്കില്ലെന്ന ബോധ്യമുണ്ടായിട്ടും അഭിമാന സംരക്ഷണത്തിനായി ആ വെല്ലുവിളികള്‍ക്ക് മറുപടി നല്‍കാന്‍ അവര്‍ തീരുമാനിച്ചു. സകലമാന കഴിവുകളുമുപയോഗിച്ച് അവര്‍ ഖുര്‍ആനെ മറികടക്കാന്‍ വലിയ പ്രയത്‌നം തന്നെ നടത്തി. അത് അമാനുഷികമല്ലെന്നും മുഹമ്മദ് കെട്ടിച്ചമച്ചുണ്ടാക്കുന്ന നുണക്കഥകളാണെന്നും സമൂഹത്തിലവര്‍ കൊട്ടിഘോഷിച്ചു കൊണ്ടേയിരുന്നു. ഖുറൈശി പ്രമുഖര്‍ അതിനായി സര്‍വ്വവിധ പിന്തുണയും പ്രേത്സാഹനവുമേകി. ഖുര്‍ആന്‍ പോലോത്ത ഒന്നല്ല അതിനെ തന്നെ കവച്ചുവെക്കുന്ന ഒരു ഗ്രന്ഥം തന്നെ രചിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. അവര്‍ക്കത് സാധിക്കില്ലെന്ന് ഘട്ടം ഘട്ടമായ വെല്ലുവിളികളിലൂടെ ഖുര്‍ആന്‍ വ്യക്തമാക്കി. പ്രഥമഘട്ടത്തില്‍ ഖുര്‍ആന്‍ നബി കെട്ടിച്ചമച്ചുണ്ടാക്കിയാതാണെന് നോ അവര്‍ പറയുന്നത് എങ്കില്‍ ഇതു പോലോത്തത് അവര്‍ കൊണ്ടുവരട്ടേ (ത്വൂര്‍-33) എന്നായിരുന്നു വെല്ലുവിളി എങ്കില്‍ ശേഷം നബി കെട്ടിച്ചമച്ചു എന്നാണോ പറയുന്നത് എങ്കില്‍ ഇതുപോലെ 10 അധ്യായങ്ങള്‍ അവര്‍ കൊണ്ടുവരട്ടെ. അല്ലാഹുവല്ലാത്ത നിങ്ങള്‍ക്ക് സാധിക്കുന്നവരെ എല്ലാം കൂടെ കൂട്ടുക (ഹൂദ് 13) എന്നായി ഖുര്‍ആന്‍ അതിന്റെ വെല്ലുവിളി ലഘൂകരിച്ചു. തുടര്‍ന്ന് ഇതിന് സമാനമായ ഒരു അധ്യായം അവര്‍ കൊണ്ടുവരട്ടെ. അല്ലാഹുവല്ലാതെ മറ്റാരെയും അവര്‍ക്ക് സഹായത്തിനു വിളിക്കാം (യൂനുസ്-38) എന്ന രൂപത്തിലേക്ക് വെല്ലുവിളി ലഘൂകരിക്കപ്പെട്ടു. ഖുര്‍ആനിന്റെ സാഹിത്യത്തിനും പദവിന്യാസത്തിനും ആശയത്തിനുമെന്ന് തുടങ്ങി സര്‍വ്വതിനു മുമ്പിലും അവര്‍ നിസ്സഹായരും അശക്തരും ആണെന്ന് പൂര്‍ണ്ണമായി അവരെ ബോധ്യപ്പെടുത്താനായിരുന്നു ഈ രൂപത്തില്‍ വെല്ലുവിളിയുമായി രംഗത്ത് വന്നതെന്ന് ഖുര്‍ആന്‍ പണ്ഡിതര്‍ വ്യക്തമാക്കുന്നതായി കാണാം. ഖുര്‍ആന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് രംഗത്തിറങ്ങിയ ആധുനിക ചിന്തകരും ഇത്തരത്തില്‍ അതിന്റെ ഉജ്ജ്വല പ്രഭക്ക് മുന്നില്‍ മുട്ടുകുത്തിയിട്ടുണ്ട്. പരാജയം സമ്മതിച്ച വില്യം മൂറും ഖുര്‍ആനിന് ഒരു വിവര്‍ത്തനം പോലും സാധിക്കില്ലെന്ന് പറഞ്ഞ മോറിസ് ബുക്കായിയും അതില്‍ ചിലരു മാത്രം.
സമാനമായി ഒരു അധ്യായം പോയിട്ട് ഒരു വരി പോലും അവതരണകാലം തൊട്ടിന്നോളം ഒരാള്‍ക്കും രചിക്കാന്‍ സാധിച്ചില്ല എന്നത് തന്നെ അതിന്റെ മികവിനെയാണ് വിളിച്ചോതുന്നത്. അനുകരണീയമായ സാഹിത്യമാണെന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. അതിനുമുന്നില്‍ സര്‍വ്വം നിഷ്പ്രഭമായി തീരുക തന്നെ ചെയ്യും. നബിയെ നിങ്ങള്‍ പറയുക: മനുഷ്യനും ജിന്നുകളും ഒരുമിച്ചു ചേര്‍ന്നാലും ഈ ഖുര്‍ആന്‍ പോലെ ഒന്ന് കൊണ്ടുവരാന്‍ സാധിക്കുകയില്ല. അവര്‍ പരസ്പരം സഹായിച്ചാല്‍ പോലും (ഇസ്‌റാഅ്-80) എന്ന സൂക്തത്തിലൂടെ അല്ലാഹു അടിവരയിട്ട് പ്രഖ്യാപിക്കുന്നതും അത് തന്നെയാണ്.
കേവലാക്ഷരാഭ്യാസം പോലുമില്ലാത്ത ഒരാളാണ് അറിവിന്റെ മഹാലോകമായ ഖുര്‍ആന്‍ കൊണ്ടുവന്നതെന്നത് മറ്റൊരു സവിശേഷതയാണ്. ചരിത്രബോധത്തെയും വര്‍ത്തമാന കാലത്തെയും ഭാവി പ്രവചനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ വിശ്വാസവും കര്‍മവും ആത്മീയതയും ഭൗതികതയും തുടങ്ങി സകലതും പ്രതിപാദിക്കുന്നുണ്ട്. ഇത്തരത്തില്‍ ഉള്ളടക്കത്തിലും ആശയങ്ങളിലും മാത്രമല്ല, അതിന്റെ സിമിട്രിയിലും അക്ഷരങ്ങളിലും ദൈവികശക്തി ജ്വലിച്ചു നില്‍ക്കുന്നതായി ദര്‍ശിക്കാനാവും. അറബി ഭാഷ അറിയാവുന്ന ഏതൊരാള്‍ക്കും അമാനുഷിക ഗ്രന്ഥമാണെന്ന് പറയേണ്ടി വരും. ചില അധ്യായങ്ങള്‍ അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചു തുടങ്ങുന്നത് കാണാം. മുമ്പാര്‍ക്കും എങ്ങും പരിചിതമല്ലാത്ത പ്രത്യേക ഉച്ചാരണ ശൈലിയും അതിനായി രൂപപ്പെടുത്തിയിട്ടുണ്ട്. അത്തരത്തില്‍ പ്രയോഗിച്ചിരിക്കുന്ന അക്ഷരങ്ങള്‍ ആവട്ടെ അറബി അക്ഷരങ്ങളുടെ കൃത്യമായ പ്രതിനിധാനങ്ങളായി അനുഭവപ്പെടുകയും ചെയ്യുന്നു.ആകെ അക്ഷരങ്ങളുടെ പകുതിയായ 14 അക്ഷരങ്ങള്‍ 14 ക്രമത്തില്‍ സൂറത്തുകളില്‍ വിന്യസിച്ചിരിക്കുന്നു.ആ തിരഞ്ഞെടുത്തിരിക്കുന്നത് തന്നെ അറബി അക്ഷരങ്ങളുടെ വിവിധ ഇനങ്ങളുടെ പകുതി അക്ഷരങ്ങളാണ്. ഹംസ്, ജഹ്ര്‍, ഇത്ബാഖ്, ഇന്‍ഫിതാഹ്, ഇസ്തിഅ്‌ലാ, ഖല്‍ഖല, ലീന്‍ എന്നിവകളെ ഉദാഹരണമായി കാണാം.
വിഖ്യാതമായ പല രചനകള്‍ക്കും വിളനിലമായി വര്‍ത്തിച്ചത് സാമൂഹിക ചുറ്റുപാടുകളും അനുഭവിച്ചറിഞ്ഞ ചില മേഖലകളും ആയിരിക്കും. തനിക്കു ചുറ്റുമുള്ള തന്റെ ലോകത്തില്‍ നിന്നും രൂപപ്പെടുന്ന ബിംബങ്ങളും പരികല്‍പ്പനകളും ആയിരിക്കും ആ രചനകളിലൊക്കെ കാണാനാവുക. എന്നാല്‍ അതില്‍ നിന്നെല്ലാം വിഭിന്നമായി അന്നത്തെ സാമൂഹിക പരിസരത്തു നിന്നും മനസ്സിലാക്കാനാവാത്ത അനവധി ശൈലികളും രീതികളും അറിവുകളും ഖുര്‍ആനില്‍ കാണാം.
അവതരണ കാലത്തെ അതേ ശൈലിയിലും ഭാഷയിലും നിലനില്‍ക്കുന്ന ഏക ഗ്രന്ഥമാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ ഒരു അലൗകിക പ്രതിഭാസമായതിനാല്‍ തന്നെ അതിനെ പുനരാവിഷ്‌കരിക്കാനോ അനുകരിക്കാനോ സാധിക്കുകയില്ല.ഖുര്‍ആന്‍ പരിഭാഷകള്‍ക്കൊന്നും യഥാര്‍ത്ഥ ഖുര്‍ആനിന്റെ ഏഴകലത്തെത്താനോ പാരായണം ചെയ്യുന്നതിന്റെ അനുഭൂതിയോ മഹത്വമോ ആസ്വാദനമോ സമ്മാനിക്കാനോ സാധിക്കില്ല.അറബി ഭാഷയില്‍ പോലും അതിനോട് നീതിപുലര്‍ത്തുന്ന മൊഴിമാറ്റം ആര്‍ക്കും സാധ്യമല്ല എന്നതാണ് വാസ്തവം. അതിലെ അക്ഷരങ്ങളും പദങ്ങളും അല്ലാഹുവില്‍ നിന്നുള്ളത് ആയതുകൊണ്ട് തന്നെ പര്യായപദങ്ങള്‍ പ്രയോഗിക്കുന്നതുപോലും അനുചിതമാണ്.
അവസാനകാലം വരെ ഒരുവിധ മാറ്റലുകള്‍ക്കും ഇടം നല്‍കാതെ അതിനെ സംരക്ഷിക്കുമെന്ന അല്ലാഹുവിന്റെ വാഗ്ദത്തം ഖുര്‍ആനില്‍ കാണാം.’തീര്‍ച്ച നാമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്. നിശ്ചയം നാം തന്നെ അതിനെ കാത്തു സംരക്ഷിക്കുന്നതുമാണ്’ (അല്‍ ഹിജ്ര്‍-9).
അറബി ഭാഷയുടെ ചരിത്രം പരിശോധിച്ചാല്‍ ഖുര്‍ആന്‍ അതിന്റെ വളര്‍ച്ചയില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് കൃത്യമായി മനസ്സിലാക്കാനാവും. ”മാനവ ചരിത്രത്തില്‍ ഏറ്റവും അത്ഭുതകരമായ സംഭവം അറബി ഭാഷയാകുന്നു.അറബി പൊടുന്നനെ ഒരു പൂര്‍ണ്ണ ഭാഷയായി രൂപാന്തരപ്പെട്ടു. പിന്നീട് അതില്‍ കാര്യമായ പരിവര്‍ത്തനമൊന്നും ഉണ്ടായിട്ടില്ല.ശൈശവമോ വാര്‍ദ്ധക്യമോ ഇല്ലാതെ നിത്യയൗവ്വനത്തോടെ അത് ഇന്നും നിലനില്‍ക്കുന്നു. 15 ശതകങ്ങള്‍ ആയി വ്യാകരണ നിയമങ്ങളിലോ രചനാ രീതിയിലോ പ്രയോഗങ്ങളിലോ ആശയ വിവരണത്തിലോ മാറ്റമില്ലാതെ ലോകത്ത് തുടരുന്ന ഒരേയൊരു ഭാഷ അറബി മാത്രമാണ്. അതിന് കാരണമായത് പരിശുദ്ധ ഖുര്‍ആന്‍ ആണ്” എന്ന് എഡി 1823-92 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഫ്രഞ്ച്കാരനായ ഓറിയന്റിലിന്റ് അരിസ്റ്റീനാല്‍
‘സെമിറ്റിക് ഭാഷകള്‍’ എന്ന അദ്ദേഹത്തിന്റെ കൃതിയില്‍ വ്യക്തമാക്കുന്നുണ്ട്.
മിദ്‌ലാജ് വിളയില്‍