2023 July - August Uncategorized

രചനാ ലോകത്തെ  ഇബ്‌നു ഹജര്‍ (റ)

പത്താം നൂറ്റാണ്ടിലെ പ്രസിദ്ധ കര്‍മശാസ്ത്ര പണ്ഡിതനും ശാഫിഈ മദ്ഹബ് ക്രോഡീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് ഇബ്നു ഹജര്‍(റ). ശിഹാബുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്മദുബ്നു മുഹമ്മദുബ്നു അലിയ്യുബ്നു ഹജര്‍ അസ്സല്‍മന്‍തി അല്‍ ഹൈതമി എന്നാണ് മഹാനവര്‍കളുടെ മുഴുവന്‍ പേര്. പത്താമത്തെ പിതാമഹനായ ഹജര്‍ എന്നവരിലേക്ക് ചേര്‍ത്താണ് ‘ഇബ്നു ഹജര്‍’ എന്ന പേര് വന്നത്. ഹിജ്റ 911 ല്‍  മിസ്വ്റിലെ സല്‍വന്‍ പ്രദേശത്ത്, അന്‍ഹറിലെ ബനൂസഅദ് കുടുഢബത്തിലാണ് മഹാനവര്‍കള്‍ ജനിച്ചത്. ചെറുപ്പത്തില്‍  തന്നെ വന്ദ്യപിതാവ് മരണപ്പെട്ടു. അനാഥത്വത്തിന്‍റെ കഷ്ടതകള്‍ അറിയിക്കാതെ പിതാമഹന്‍ അവിടുത്തെ സംരക്ഷണമേറ്റെടുത്തു. അതിനിടയില്‍ ‘സല്‍മന്‍തില്‍’ നിന്നും ‘അബുല്‍ ഹൈതമിയിലേക്ക്’ തങ്ങളുടെ കുടുബം മാറിത്താമസിച്ചു. തല്‍ഫലമായി അല്‍ഹൈതമി എന്ന നാമവും ലഭിച്ചു.
ദീനീ പഠനത്തിനും ആത്മീയ ഉന്നതിക്കും പ്രത്യേക പരിഗണനയും പ്രാധാന്യവും കല്‍പിച്ചിരുന്ന പിതാമഹന്‍ തന്‍റെ പേരമകനെ അദ്ദേഹത്തിന്‍റെ മകന്‍റെ ഉസ്താദുമാരു കൂടിയായ ശംസു ബ്നു അബില്‍ ഹമാഇല്‍, അശ്ശംസു സ്സനാവി എന്നിവരുടെ ശിക്ഷണത്തിലാക്കി. പിന്നീട് അശ്ശംസു സ്സനാവി അദ്ദേഹത്തെ വിഖ്യാത ഇസ്ലാമിക പണ്ഡിതനായിരുന്ന അഹ്മദുല്‍ ബദവി തങ്ങളുടെ നാട്ടിലേക്ക് കൊണ്ടുപോയി. അവിടുന്ന് മഹാനവര്‍കള്‍ തന്‍റെ പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി. പഠന കാര്യങ്ങളില്‍ മഹാന്‍ അതിസമര്‍ത്ഥനായിരുന്നു. കാര്യങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാനുള്ള കഴിവ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുകയും ചെയ്തു. തന്‍റെ പ്രിയ ശിഷ്യന്‍റെ കഴിവും ആത്മ സമര്‍പ്പണവും തിരിച്ചറിഞ്ഞ ഉസ്താദ് ശനാവി മഹാനവര്‍കള്‍ക്ക് പതിനാലു വയസ്സായപ്പോള്‍ ഉപരി പഠനത്തിനായി അക്കാലത്തെ വിജ്ഞാന കേന്ദ്രമായ ജാമിഉല്‍ അസ്ഹറിലേക്ക് പറഞ്ഞയച്ചു. പ്രിയ ശിഷ്യന്‍ ഇബ്നു ഹജര്‍ (റ)വിന്‍റെ കാര്യങ്ങളെ നിരീക്ഷിക്കാനും ഒത്താശകള്‍ക്കുമായി അസ്ഹറിലെ ശിഷ്യരോട് ചട്ടം കെട്ടുകയും ചെയ്തു. അസ്ഹര്‍ പ്രവേശനത്തിനുള്ള പ്രായം തങ്ങള്‍ക്കുണ്ടായിരുന്നില്ല. ചെറിയ കുട്ടിയാണെങ്കിലും മത പ്രമാണങ്ങളിലുള്ള കഴിവ്, ബുദ്ധി വൈഭവം, മനപാഠം എന്നിവയെല്ലാം ഇബ്നു ഹജര്‍ (റ) ന് അവിടെ അവസരം നല്‍കി. നന്നേ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആനും ശാഫിഈ ഫിഖ്ഹിലെ അമൂല്യ ഗ്രന്ഥമായ ഇമാം നവവി തങ്ങളുടെ മിന്‍ഹാജ് അല്‍ ത്വാലിബിന്‍റെ പ്രധാന ഭാഗങ്ങളും മഹാനവര്‍കള്‍ ഹൃദ്യസ്ഥമായിരുന്നു.
അല്‍ അസ്ഹറിലെ ജീവിതം.
മതവിദ്യ നേടാനാഗ്രഹിക്കുന്ന അന്വേഷണ കുതുകികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യമായിരുന്നു കെയ്റോയിലെ അല്‍-അസ്ഹര്‍ സര്‍വകലാശാലയില്‍ പഠന പ്രവേശനം ലഭ്യമാവല്‍. അല്‍ അസ്ഹറിലെ പഠന യോഗ്യത പോലും പാണ്ഡിത്യത്തിന്‍റെ അളവുകോലായി അന്ന് ഗണിക്കപ്പെട്ടിരുന്നു. അത്രയും നിലവാരം പുലര്‍ത്തുന്ന ചര്‍ച്ചകളും അധ്യാപനങ്ങളും അധ്യാപകരുമായിരുന്നു അവിടെ. ഇയൊരു വൈജ്ഞാനിക നിധി തേടി ലോകത്തിന്‍റെ നാനാദിക്കില്‍നിന്നും വിദ്യാര്‍ത്ഥികള്‍ കെയ്റോയിലേക്ക് എത്തിച്ചേര്‍ന്നു. ഹദീസിനും കര്‍മ്മശാസ്ത്രത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പഠന രീതികളായിരുന്നു അല്‍-അസ്ഹറില്‍ അവലംബിച്ചിരുന്നത്. അത് കൊണ്ട് തന്നെ രണ്ടിനങ്ങളിലും കൂടുതല്‍ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഗഹനമായി പഠിക്കാനും കൂടുതല്‍ പ്രശോഭിക്കാനും മഹാനവര്‍കള്‍ക്കായി. തുടര്‍ന്ന് ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം, ഇസ്ലാമിക വിശ്വാസ ശാസ്ത്രം, അനന്തരാവകാശ നിയമങ്ങള്‍, അറബി വ്യാകരണം, അലങ്കാര ശാസ്ത്രം, തസവ്വുഫ് തുടങ്ങി വിജ്ഞാനങ്ങളിലെല്ലാം അവിടുന്ന് പരിജ്ഞാനം നേടി. അവിടുത്തെ നൈപുണ്യം തിരിച്ചറിഞ്ഞ ഉസ്താദുമാര്‍ ഇരുപത് വയസ്സ് തികയും മുമ്പ് തന്നെ ഫത്വ നല്‍കുന്നതിനും ദര്‍സ് തുടങ്ങുന്നതിനും അനുവാദം നല്‍കി. ഷൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സാരി, അല്‍ ഇമാം മഅ്മര്‍, ശിഹാബുദ്ദീന്‍ അല്‍ റംലി, നാസ്വിറുദ്ദീന്‍ അല്‍ ത്വബലാവി, അല്‍ ഇമാം അബീ ഹസന്‍ അല്‍ ബകരീ, ശംസുദ്ദീന്‍ അല്‍ ദിര്‍ജീ, ശംസുദ്ദീനു ബ്നു ഖത്താബ് എന്നിവരായിരുന്നു അസ്ഹറിലെ അവിടുത്തെ പ്രധാന ഉസ്താദുമാര്‍.
ജ്ഞാന സമ്പാദനം കൊണ്ട് അവിസ്മരണീയമാണെങ്കിലും യാതനകളും പ്രയാസങ്ങളും നിറഞ്ഞത് കൂടിയായിരുന്നു ജീവിതം. പിതാവിന്‍റെയും പിതാമഹന്‍റെയും വിയോഗം ഇല്ലായ്മയുടെ പടുകുഴിയിലേക്ക് വീഴ്ത്തി, തുടര്‍ച്ചയായി ഭക്ഷണം കഴിക്കാത്ത മാസങ്ങള്‍ അവിടത്തെ ജീവിതത്തില്‍ കാണാം. കടുത്ത പട്ടിണിയായിരുന്നു പലപ്പോഴും അവിടുത്തെ കൂട്ട്. അതിന് പുറമെ മഹാനവര്‍കളുടെ ഹിഫ്ളിലും, ഇല്‍മിലും അസൂയപൂണ്ട സഹപാഠികളുടെ പീഡനമുറകളും അദ്ദേഹത്തിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. എന്നാല്‍ അവയെല്ലാം ക്ഷമിച്ചും സഹിച്ചും കഠിനാധ്വാനത്തിലൂടെ മുന്നോട്ട് കുതിച്ചപ്പോള്‍ അറിവിന്‍റെ ചക്രവാളങ്ങള്‍ താണ്ടി പ്രശോഭിതമായ ഭാവി തന്നെ അവര്‍ക്ക് എത്തിപ്പിടിക്കാനായി.അല്‍-അസ്ഹറിലെ പഠന ശേഷം 932 ല്‍ വന്ദ്യ ഗുരു ശൈഖ് സകരിയ്യയുടെ കൂടെ ഹജ്ജിന് പുറപ്പെടുകയും ശേഷം ഹറമില്‍ തന്നെ കഴിച്ച് കൂട്ടുകയും ചെയ്തു. ഈയൊരു സന്ദര്‍ഭത്തിലാണ് അവിടുന്ന് ഗ്രന്ഥരചനയിലേക്ക് തിരിയുന്നത്. എന്തെഴുതണമെന്ന് ശങ്കിച്ചിരുന്ന മഹാനൊരിക്കല്‍ ഹാരിസ് ഇബ്നു അസദ് അല്‍ മുഹാസിബ് എന്നവരെ സ്വപ്നത്തില്‍ ദര്‍ശിക്കുകയും ഗ്രന്ഥ രചന നടത്താന്‍ കല്‍പ്പിക്കുകയും ചെയ്തുവെന്നതാണ് ചരിത്രം. അങ്ങനെ ആദ്യമായി ഇബ്നു മുക്രി തങ്ങളുടെ അല്‍-ഇര്‍ശാദിന് അല്‍ഇംദാദ് എന്ന പേരില്‍ മഹാനവര്‍കള്‍ ഒരു വ്യാഖ്യാനമെഴുതി. തുടര്‍ന്ന് വത്യസ്ത വിജ്ഞാന ശാഖകളിലായി മഹാനവര്‍കള്‍ അനവധി കനപ്പെട്ട ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. കൂടുതല്‍ രചനകളും കര്‍മ്മ ശാസ്ത്ര വിഷയങ്ങളെ അധികരിച്ചായിരുന്നു. ഇമാം നവവി (റ) ന്‍റെ മിന്‍ഹാജ് അല്‍ ത്വാലിബിന്‍റെ വ്യാഖ്യാനമായ തുഹ്ഫതുല്‍ മുഹ്താജാണ് കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധം. ഇന്ന് പണ്ഡിതരില്‍ ബഹുഭൂരിപക്ഷവും കര്‍മ്മശാസ്ത്ര വിശദീകരണത്തിനും സ്ഥിരീകരണത്തിനും അവലംബിക്കുന്നത് ഈ ഗ്രന്ഥമാണ്. മതപ്രചരണത്തിനും ഗ്രന്ഥ രചനകള്‍ക്കും ഉഴിഞ്ഞ് വച്ചതായിരുന്നു മഹാനവര്‍കളുടെ ജീവിതം. മരണം വരേയും അതില്‍ തന്നെ തുടരുകയും ചെയ്തു. അങ്ങനെ ഹിജ്റ 974ല്‍ റജബില്‍ മക്കയില്‍ വെച്ച് ആ മഹാപണ്ഡിതന്‍ ഇഹലോക വാസം വെടിഞ്ഞു. ജന്നത്തുല്‍ മുഅല്ലയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
ഷിബില്‍ മണ്ണാര്‍ക്കാട്‌

Leave a Reply

Your email address will not be published. Required fields are marked *