Hihgligts Latest Shabdam Magazine ചാറ്റ് ലൈൻ

നെഞ്ച് കത്തുന്നത് മണക്കുന്നുണ്ടോ ?

 

 

പഠിപ്പിക്കലും ക്ലാസ് എടുക്കാന്‍ പോക്കും എഴുത്തുമൊക്കെ തല്‍ക്കാലം നിര്‍ത്തി മറ്റെന്തെങ്കിലും ഏര്‍പ്പാട് തുടങ്ങിയാലോ എന്നൊരു ചിന്ത ചൂടുപിടിച്ചിട്ട് ശ്ശിയായി. എന്താണൊന്ന് തുടങ്ങാന്‍ നല്ലത്? മൂന്ന് കാര്യങ്ങളാണ് മുന്നില്‍ തെളിയുന്നത്.
ഒന്ന് : ഇസ്മിന്‍റെ പണി.
രണ്ട് : മരമില്ല് തുടങ്ങല്‍.
മൂന്ന് : നാഷണല്‍ പെര്‍മിറ്റ് ലോറി.
ഉപ്പാക്ക് ലോറിപ്പണിയായത് കൊണ്ടും, ഉപ്പ ചുറ്റിവന്ന ദേശങ്ങളിലെ വൃത്താന്തങ്ങള്‍ ചെറുപ്പത്തിലേ കേട്ടത് കൊണ്ടും, സ്വതവേ തന്നെ ഉലകം ചുറ്റലില്‍ പിരിശം ഉള്ളതിനാലും, മൂന്നാമത്തേത് പലപ്പോഴും ഒന്നാമതാവാറുണ്ട്. ഇനി മരമില്ലിന്‍റെ കാര്യമോ? അത് ഇന്നത് കൊണ്ട് എന്ന് വിശദീകരിക്കാന്‍ കഴിയാത്ത ഒരു ആന്തരികാനന്ദമാണ്. അട്ടിയിട്ട മരത്തടികള്‍, സമീപത്തെ പുഴ, നനഞ്ഞ മരത്തിന്‍റെ മണം, ഈര്‍ച്ചപ്പൊടിയുടെ മാര്‍ദ്ദവം, ഉയര്‍ത്തിക്കെട്ടിയ ഏറുമാടം പോലുള്ള മരവീട്, പടര്‍ന്ന് നില്‍ക്കുന്ന ചീനിമരം, ചേര്‍ന്നു നില്‍ക്കുന്ന തട്ടുകടയിലെ പരിപ്പുവട ഇതെല്ലാം എന്ത്കൊണ്ടോ മനസ്സില്‍ മുളച്ചു വരുന്നു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്‍റെ മരമില്ലിലെ കുറുക്കന്‍ വായിച്ച ശേഷം, മരമില്ലിന്‍റെ സാഹിതീയ മണം കൂടി മനസ്സില്‍ പൂപ്പുകെട്ടി.
ഇനി ഇസ്മിന്‍റെ പണിയിലേക്ക് വരാം. കോട്ടയത്ത് നിന്ന് സീറത്തുന്നബി പരിപാടികഴിഞ്ഞ് തിരിച്ചുവരും വഴി കോഴിക്കോട്ടു നിന്നാണ് അവന്‍ കയറിയത്. അടുത്തിരുന്ന് സംസാരിച്ചപ്പോഴാണ് അറിയാന്‍ കഴിയുന്നത്, ഏറെ എഴുത്തു കോപ്പുകള്‍ കെട്ടടിഞ്ഞ ഒരു സുഗന്ധക്കുപ്പയാണ് അവന്‍റെ മനസ്സെന്ന്. കോളേജില്‍ ഇരുപത്തിമൂന്ന് ദിവസത്തെ സ്റ്റഡി ലീവ് കിട്ടിയിരുന്നു. ഡിഗ്രി സെക്കന്‍ഡ് ഇയറിന് പഠിക്കുന്ന കാലത്താണ്. ഏതാണ് ഈ കുട്ടി എന്നോ ഏത് സ്ഥാപനത്തിലാണ് പഠിക്കുന്നത് എന്നോ ഒന്നും വ്യക്തമാക്കാന്‍ മനസ്സില്ല. പേര് പറഞ്ഞാല്‍ നിങ്ങളില്‍ പലര്‍ക്കും എളുപ്പം പിടികിട്ടുമായിരിക്കും. പക്ഷേ അതവന് ഇഷ്ടപ്പെട്ടില്ലെങ്കിലോ? എല്ലായിടത്തും വെള്ളം വറ്റിത്തുടങ്ങിയിട്ടുണ്ട്. ഉറപ്പാണ്, ഇരുപത്തിമൂന്നല്ല നാല്പത്താറര ദിവസം കഴിഞ്ഞാലും കോളേജ് തിരിച്ചു തുറക്കാന്‍ പോകുന്നില്ല. ഇത്രയും കാലം തേരാപാരാ നടന്നിട്ടെന്ത് കാര്യം. അങ്ങനെയിരിക്കവെയാണ് മൂവാറ്റുപുഴ ഭാഗത്ത് ഇസ്മിന്‍റെ പണിക്ക് അപ്രന്‍റിസായി നില്‍ക്കാനുള്ള അവസരമുണ്ട് എന്ന വാര്‍ത്ത അവന് കിട്ടുന്നത്.
ഡോക്ടറുടെ അടുക്കല്‍ ഗതികെട്ട ശരീരം മാത്രമേ എത്തുകയുള്ളൂ. സൈക്യാട്രിസ്റ്റ് വശം പിന്നിയ മനസ്സേ വരുള്ളൂ. വക്കീല്‍ പക്കല്‍ നിയമത്തിന്‍റെ നൂലാമാലയെ പൊട്ടിച്ചിതറൂ. കൗണ്‍സിലര്‍ സമീപം ശിഥിലമായ ബന്ധങ്ങളെ കൊമ്പുകോര്‍ക്കൂ. എന്നാല്‍ ഇതെല്ലാം തന്നെയും ഇതിലപ്പുറവും, എന്നുപറഞ്ഞാല്‍ ചെന്നു പറയാന്‍ ഒരിടമില്ലാത്ത സര്‍വസംഗതികളും സമര്‍പ്പിക്കാന്‍ പറ്റിയ മള്‍റ്റിഫെയ്സറ്റഡ് ഹെഡ്ക്വാട്ടേഴ്സാണ് ഇസ്മുപണി കേന്ദ്രം. ജനങ്ങള്‍ അനുഭവിക്കുന്ന അതിതീക്ഷ്ണമായ ജീവിതാഘാതങ്ങളുടെ എരിവും ചൂടും ചുഴിയും മൂര്‍ച്ചയും മുരള്‍ച്ചയും മനസ്സിലാക്കാന്‍ ഒരു ഇസ്മുകേന്ദ്രത്തിലെ ഗുമസ്തനായി ഇരുന്നാല്‍ മതി.
ഒരു ഉപ്പ പതിനെട്ട് വയസുള്ള മകനെയും കൂട്ടിവന്നത് എവിടെ നിന്നും ചികിത്സ കിട്ടാത്ത അമിതദഹനത്തിന് പ്രതിവിധി തേടിയാണ്. കുട്ടി കാണാന്‍ വലിയ തടിമാടനൊന്നുമല്ല. പക്ഷേ, ആഹാരം കഴിച്ച് പത്തുമുപ്പത് നിമിഷം കഴിയുമ്പോഴേക്കും, തിന്നത് അരഞ്ഞ് ആവിയായിപോവുന്നു. പിന്നെയും വിശപ്പ്. വീണ്ടും തിന്നാല്‍ ഇത് തന്നെ അവസ്ഥ. കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഉണ്ടാക്കിപറയുകയാണെന്ന്. നേരെ തിരിച്ചുള്ള ഒരു പ്രശ്നവുമായാണ് പത്തു നാല്‍പത് വയസുള്ള ഒരു കാര്‍പാര്‍ട്സ് കാച്ചോടക്കാരന്‍ തന്‍റെ പത്നിയുമായി വന്നത്. പുള്ളിക്കാരിക്ക് ഒന്നു രണ്ടു കൊല്ലമായി കുടലിലെ മില്ല് പൂട്ടിപോയിട്ട്. എന്തും തിന്നാം എത്രയും തിന്നാം. പക്ഷെ പിന്നിലെ ഔട്ലെറ്റിലൂടെ ഒരു അധോദ്രവ്യവും പുറത്തുവരില്ല. ഈ തിന്നതെല്ലാം എവിടേക്കാണ് പോകുന്നത്. കുംഭക്കുള്ളില്‍ ഏത് ഭൂതമാണ് ഒളിച്ചിരിക്കുന്നത് എന്നത് അഴിയാഅതൃപ്പമായി തുടരുന്നു. കഴിക്കാത്ത മരുന്നില്ല. കാണിക്കാത്ത ഡോക്ടറില്ല. ചെയ്യാത്ത ടെസ്റ്റില്ല.
ഒരു ആമുഖം പറഞ്ഞിട്ട് അടുത്ത രണ്ടു അതിരസ കേസുകളിലേക്ക് കടക്കാം. ഉണ്ടാകേണ്ടത് ഉണ്ടാകേണ്ട സമയത്തു ഉണ്ടാകേണ്ട അളവില്‍/വലിപ്പത്തില്‍ ഉണ്ടായില്ലെങ്കില്‍ വലിയ പ്രശ്നമാണ്. ഓരോന്ന് അതാത് സമയത്തു ലഭിച്ചു ശീലമുള്ള നമുക്കു അവയുടെ മാഹാത്മ്യം മനസ്സിലാകില്ല; അല്ലാത്തവര്‍ അനുഭവിക്കുന്ന മുറിവിന്‍റെ നീറ്റലുമറിയില്ല. കുറ്റിമുടിക്കാരനും കള്ളിക്കുപ്പായക്കാരനുമായ ഒരു ചങ്ങാതി കുറച്ചുനേരമായി മുട്ടയിടാന്‍ മുട്ടിയ കോഴിയെപോലെ ചുറ്റിപ്പറ്റികളിക്കുന്നു. വരുന്നു, കേറുന്നു, പറയാന്‍ നോക്കുന്നു, തിരിച്ചു പോകുന്നു. വീണ്ടും വ../കേ../പ.നോ../തി.പോ…. പിന്നെയും അതു തന്നെ. ഒടുവില്‍ സന്ദര്‍ശകരെല്ലാം പോയപ്പോള്‍, അലിഞ്ഞൊളിക്കാന്‍ ആള്‍ക്കൂട്ടമില്ലാതെ നിവൃത്തികെട്ടപ്പോള്‍ അവന്‍ കയറിവന്നു, കാര്യം പറഞ്ഞില്ല. കുണുങ്ങിക്കളിച്ചു. കല്യാണ പ്രായം എത്തി. പക്ഷെ കണ്ടാല്‍ തനി പയ്യന്‍. മീശമുളക്കുന്നേ ഇല്ല. മുഖത്തെപ്പോഴും കുട്ടിത്തത്തിന്‍റെ നിര്‍ദയമായ തുടര്‍വാഴ്ച്ച, പ്രതീക്ഷക്കേടിന്‍റെ മരുഭൂമിത്വം. മയിലെണ്ണ മുതല്‍ പെരുച്ചാഴിസത്ത് വരെ സകല ലേപനങ്ങളും പുരട്ടി നോക്കി. മുടിബൂസ്റ്റര്‍ ആയ പച്ചിലകളും പച്ചക്കറികളും യൂട്യൂബ് നോക്കി ആട് തിന്നുമ്പോലെ തിന്നു. എന്തായിട്ടും മീശവേരുകള്‍ മുഖചര്‍മത്തിനുള്ളില്‍ ഒളിച്ചു തന്നെ നിന്നു.
ഇതിന്‍റെയൊരു ഫീമെയില്‍ വേര്‍ഷനാണ് മറ്റൊരിക്കല്‍ വന്ന കേസ്. നല്ലൊരു സുന്ദരിക്കുട്ടിയായി വളര്‍ന്ന മോളാണ്. ഒമ്പതാം ക്ലാസ്സിലായിരുന്നപ്പോള്‍ ചെക്കന്മാരുടെ കാമദര്‍ശനങ്ങള്‍ക്ക് നടുവില്‍ ഞെരുങ്ങിയിരുന്നു. പക്ഷെ പത്താം ക്ലാസ് പാദവാര്‍ഷിക പരീക്ഷ കഴിഞ്ഞ് കുട്ടിക്ക് സ്കൂളില്‍ പോകണ്ട. മടി. കുറച്ച് നേരത്തെ തന്നെ ചെറുതായി മുളച്ചു തുടങ്ങിയിരുന്നു. പക്ഷെ പെട്ടെന്ന് അതിന്‍റെ ഗാഢതയും നിബിഡതയും അങ്ങു വര്‍ദ്ധിച്ചു. താടിയുടേയും മീശയടേയും കോമാളിക്കോലം കെട്ടിയ രോമക്കൂട്ടങ്ങള്‍. അത് പിന്നെയും തകൃതിയായി വളര്‍ന്ന് വഷളാക്കാനുള്ള പുറപ്പാടിലാണ്. അതും ആണുങ്ങള്‍ക്ക് വരുമ്പോലെ വരിയൊപ്പിച്ച് സ്റ്റൈലുമട്ടിലല്ല, മറിച്ച് കവാത്തുപറമ്പില്‍ പുല്ലുമുളച്ചത് പോലെ. വെട്ടിയാല്‍ തടികൂടി വരും. വടിച്ചാലോ പൂര്‍വോപരി പ്രതികാരത്തോടെ ആഞ്ഞുതെഴുക്കും. എന്നാ ചെയ്യാനാ…..?

ഇതിനോട് ചേര്‍ത്തുള്ള മറ്റൊരു കേസുമുണ്ട്. ഒരു മാഷുടെ മോളാണ്. മാഷാണെങ്കില്‍ മെലിഞ്ഞു മെലിഞ്ഞു എല്ലുംകൊട്ടുമായ ഒരാള്‍. സോഷ്യലാണ് പഠിപ്പിക്കുന്നത്. ഒരു സ്റ്റേഷനറി കട നടത്തുന്നുമുണ്ട്. ചികിത്സക്ക് വരുന്നവരുടെ സകലമാന വരുമാന മാര്‍ഗങ്ങളെ പറ്റിയും ഭംഗ്യന്തരേണ ചൂഴ്ന്നറിയുക എന്നത് ചില സബ്സ്റ്റാന്‍ഡേര്‍ഡ് ഇസ്മിസ്റ്റുകളുടെ രീതിയാണ്. എങ്ങനെയാണ് അവളുടെ കേസ് നിങ്ങളോട് പറയുക? ഒരുപാട് ചികിത്സ നടത്തി ഒരു ഫലവും കാണാഞ്ഞിട്ടാണ് മാഷ് മകളുമായി വന്നിരിക്കുന്നത്. മാഷിന്‍റെ മുഖത്തു വിമ്മിഷ്ടം അരച്ചു ചേര്‍ത്ത മ്ലാനതയാണ് ഉള്ളത്. ഇതിലൊന്നും വലിയ വിശ്വാസമില്ല എന്ന മട്ട്. മകള്‍ക്ക് വയസ്സ് പത്തൊന്‍പത് കഴിഞ്ഞു. പഠിപ്പുണ്ട്, പണമുണ്ട്, കാണാന്‍ ചന്തമുണ്ട്. പക്ഷെ പെണ്ണിനുള്ള രണ്ട് കാര്യങ്ങള്‍ ഇല്ല. ഇനിയുള്ള ചിലഭാഗങ്ങള്‍ നുറുങ്ങുന്ന മനസ്സോടെയാണ് ഞാനെഴുത്തുന്നത്. മറ്റൊരാളില്‍ നിന്ന് കേട്ടുപകര്‍ത്തുന്നതാണെങ്കിലും ഇങ്ങനെയൊക്കെ എഴുതാന്‍ പറ്റുമോ എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകാം. ആയതിനാല്‍ നിങ്ങള്‍ എന്നെ പറ്റി വേണ്ടാത്തതെന്തെങ്കിലും വിചാരിക്കുമോ എന്ന ഭയമുണ്ട്. അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ ദയവു ചെയ്ത് അവരുടെ മഹനീയ ഇറങ്ങിപ്പോക്ക് കൊണ്ട് ഈ സദസ്സ് ധന്യമാക്കിത്തരണം.
ഒന്ന് നാളിന്നോളം ആര്‍ത്തവസ്രാവമുണ്ടായിട്ടില്ല, മറ്റൊന്ന് ഉപ്പയെ പോലെയല്ല, അത്യാവശ്യം തടിയും വണ്ണവുമൊക്കെയുണ്ട്. പക്ഷെ മാറിലുണ്ടാവുന്നത് ഉരുണ്ടു വന്നിട്ടില്ല. വയസ്സിത്രയായിട്ടും രണ്ട് കോട്ടിക്കുരുവോളം മാത്രം. ഇതൊക്കെ ആരോട് പറയാന്‍? ആര് വിശ്വസിക്കും? ആര് പരിഹാരം തരും? മാഷ് മകളെയും കൂട്ടി തിരുനല്‍വേലിയിലും ചെന്നൈയിലുമൊക്കെ പോയിട്ടുണ്ട്. അമേരിക്കയിലെ ഡോക്ടറുമായി ബന്ധപ്പെട്ട് ഹോര്‍മോണ്‍ ചികിത്സയൊക്കെ നടത്തിയിട്ടുണ്ട്. പെണ്ണിന്‍റെ അകത്തേക്ക് എന്തുമാത്രം ഹോര്‍മോണ്‍ കുത്തിവെച്ചിട്ടും അവളുടെ മാറത്ത് ആ ഹോണ്‍മുഴകള്‍ മുഴച്ചില്ല, മുഴുത്തില്ല. മറ്റുള്ളവരുടെ വല്ലായ്മകള്‍ സാഡിസ്റ്റ് ചുവയോടെ കേള്‍ക്കുന്നവര്‍ക്ക് ഒരു മാതിരി ഉപ്പുചിരി ചിരിക്കാന്‍ തോന്നുന്നുണ്ടാവണം. പക്ഷെ ആ മധുരയൗവനത്തിന്‍റെ മനസ്സിലാളുന്ന ആഗ്നവേദനയുടെ താപമെത്രയായിരിക്കും. അവളുടെ ഉമ്മാന്‍റെ ഉപ്പാന്‍റെ കുടുംബക്കാരുടെയൊക്കെ ഉള്ളു പൊള്ളിക്കുന്ന തീക്കനലിന്‍റെ ഊഷ്മാവ് എത്രയായിരിക്കും.
വേറൊരു ദിവസം വന്നത് മീന്‍ പിടുത്തകാരാണ്. ലോക്കല്‍ കേസല്ല വമ്പന്‍ ലോബി. ബോട്ടിന് തന്നെ വരും കോടി. അവര്‍ക്ക് മത്സ്യാകര്‍ഷക യന്ത്രങ്ങള്‍ നല്‍കിയിരുന്ന ഒരു സിദ്ധന്‍ ഉപ്പൂറ്റി പഴുത്തു തട്ടിപോയി. പകരമൊരു യന്ത്രം അന്വേഷിച്ചാണ് വരവ്. പഴയ നോംസുകളും ടെംസുകളും അവര്‍ പറഞ്ഞു. നാളെ ഞങ്ങള്‍ക്ക് രണ്ട് ലക്ഷത്തിന്‍റെ മീന്‍ കിട്ടണമെന്ന് ആവശ്യം വെക്കും. അപ്പോള്‍ മുപ്പത്തിയയ്യായിരം റൊക്കം വെക്കണമെന്ന് സിദ്ധന്‍ പ്രശ്നം വെക്കും. ആലോചിച്ച് അംഗീകരിക്കും. കയ്യില്‍ കയ്യടിക്കും. പിറ്റേന്ന് രണ്ട് ലക്ഷത്തിന് മീതെ മീന്‍ കിട്ടിയിരിക്കും. എന്തോ ഒരു കുന്ത്രാണ്ടം ചുരുട്ടി കൊടുക്കും. അത് ബോട്ടില്‍ തിരുകി വെക്കും. ഇടക്ക് കയറി ഞാന്‍ ശങ്കയുടെ കാഞ്ചി വലിച്ചു. എല്ലായ്പ്പോഴും അങ്ങനെ കൃത്യമായി കിട്ടാറുണ്ടോ. ഒരിക്കല്‍ പോലും എതിര് സംഭവിച്ചിട്ടില്ലേ? കിട്ടും കിട്ടും എന്നൊക്കെ അവര്‍ പറഞ്ഞെങ്കിലും അവര്‍ കഷ്ടപ്പെട്ട് തുപ്പലിറക്കുന്നത് ആഡംസ് ആപ്പിളിന്‍റെ താളരഹിത ചലനത്തിലൂടെ ഞാന്‍ കണ്ടിരുന്നു. അതിനൊരര്‍ത്ഥമുണ്ട്, പറയില്ല.
ഇനിയൊരു ഉമ്മ വന്നത് മകന്‍റെ കാര്യം പറഞ്ഞാണ്. അവന് പ്രായം കഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. പെണ്ണ് കെട്ടുന്നില്ല. ഒന്നും വിട്ട് പറയുന്നില്ല. എന്നാല്‍ ഞാന്‍ വിവാഹരഹിതമായ ജീവിതം തെരഞ്ഞെടുത്തു എന്ന് തീര്‍ത്ത് പറയുന്നുമില്ല. എന്താ മോന്‍ കെട്ടാത്തത് എന്ന ചോദ്യം നാട്ടാരില്‍ നിന്ന് കേട്ട് കേട്ട് മടുത്ത ആ ഉമ്മ തന്‍റെ മകന്‍റെ മനസ്സില്‍ വിവഹോദ്ദീപകമായ വല്ല വയര്‍ലെസ് വൈറസും കുത്തിവെക്കാന്‍ കഴിയുമോ എന്നറിയാന്‍ വന്നതാണ്. മറ്റൊരു സ്ത്രീ വന്നത്, യുവതിയാണ്, സുന്ദരിയാണ്, ലജ്ജാവതിയാണ്. തന്‍റെ ഭര്‍ത്താവിന്‍റെ പരനാരീ സമ്പര്‍ക്കത്തിന്‍റെ ആപ്പീസ് പൂട്ടിക്കാന്‍ വേണ്ടി വന്നതാണ്. ആളിന് ഒരുപ്പാട് വാട്സ്ആപ് ഗൂപ്പുകളുണ്ട്. അതില്‍ കൊച്ചുകാലത്ത് ഒപ്പം പഠിച്ച കുറെ കൂത്തിച്ചികളുണ്ട്. മൂപ്പര്‍ക്കുണ്ട് രാത്രിയായാല്‍ ഫോണും കസേരയുമെടുത്ത് ഒരു മേലെപോക്ക്. മണിക്കൂറുകള്‍ കഴിഞ്ഞേ തിരിച്ചുവരൂ. പിന്നെ കുണ്ടക്ക് കൊത്തുകിട്ടിയ വാഴ പോലെ ഒരു വീഴ്ചയാണ് ഉറക്കിന്‍റെ ഉള്‍കിണറിലേക്ക്.
ഇപ്പോഴും അതിശയം തീരാത്ത ഒരു കേസുണ്ടായിരുന്നു. എന്തായിരിക്കും അതിലെ ഒരു ഇത് എന്ന് വളരെ കാലം ആലോചിച്ചിട്ടും ഒരു പിടുത്തം കിട്ടിയില്ല. വാപ്പ ഉണ്ട് വന്നിട്ടില്ല. ഉമ്മയും മൂത്താപ്പയുമാണ് വന്നിരിക്കുന്നത്. അതിസുന്ദരിയായ മകളാണ്. അന്ന് ആലുവ യു. സി കോളേജിലെ ക്യാമ്പസ് ബ്യൂട്ടി ആയിരുന്നു പോലും. ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.ജി കഴിഞ്ഞ ശേഷം, എം.ജി യൂണിവേഴ്സിറ്റിയില്‍ എം.ഫിലിന് രജിസ്റ്റര്‍ ചെയ്തിരുന്നു കംപ്ലീറ്റാക്കിയിട്ടില്ല. ഒരു പത്തു മുപ്പത്തഞ്ചു പ്രൊപോസലുകള്‍ വന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍, ഗള്‍ഫുകാര്‍…. ഒന്നിനെയും അവള്‍ അകത്തു ചേര്‍ത്തില്ല. ജനിച്ചതും പഠിച്ചതും അബുദാബിയില്‍. ആയിടക്ക് ഒരു കാര്‍ഡിയാക് സ്പെഷ്യലിസ്റ് കുടുംബ സമേതം നാട്ടില്‍ സെറ്റിലാക്കി. വെറുതെ ഒരന്വേഷണം നടത്തിയതാണ്; കത്തി. കാര്യങ്ങള്‍ക്ക് തീപിടിച്ചു. പോഷായി കല്യാണം നടന്നു. അവളുടെ കുടുംബത്തിന്‍റെ സമാധാനത്തിനും സംതൃപ്തിക്കും മൂക്കിപഞ്ഞിയുമായി അവളതാ രാവിലെ തന്നെ വന്നു കയറുന്നു. ഇനി ഞാനങ്ങോട്ട് പോകില്ലെന്ന്; എനിക്കോനെ വേണ്ടെന്ന്! എന്തായിരിക്കും അവളുടെ മനസ്സില്‍?
പിന്നൊരിക്കല്‍ വന്നത് കുന്ദംകുളത്തുകാരി രശ്മിയാണ്. വിചിത്രമാണ് കേസ്. കെട്ടിയോനെ സംശയം. ഒപ്പം മറ്റൊരാളെയും . സ്വന്തം അമ്മയെ. അനുശ്രീയെ പെറ്റു കടന്ന കാലത്ത് ചായയും ചോറും മുണ്ടും ഉടുപ്പും എന്നല്ല ഏട്ടന് വേണ്ടതൊക്കെ ചെയ്ത് കൊടുത്തത് അമ്മയായിരുന്നു. അന്നേ സംശയമുണ്ടായിരുന്നു. വെറും സംശയമല്ല. കാല്പാടുകളല്ല; കാലുകള്‍ തന്നെ കണ്ടു! കണ്ടു!! കണ്ടു!!!
ഇനിയുമുണ്ട് മക്കളെ, പൊള്ളുന്ന കേസുകള്‍ ഇഷ്ടം പോലെ പറയാന്‍. നമ്മള്‍ കരുതുമ്പോലെയല്ല, ജനങ്ങളില്‍ ചിലര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വിചിത്രങ്ങളാണ്. അത് അറിയാത്തവര്‍ക്ക്/കേള്‍ക്കാത്തവര്‍ക്ക്/അനുഭവിക്കാത്തവര്‍ക്ക് എല്ലാം കൗതുകമായി തോന്നും. ജീവിതം അതിന്‍റെ നോര്‍മല്‍ ട്രാക്കിലൂടെ ഓടുമ്പോള്‍ ഒന്നിലും ഒരു സവിശേഷത തോന്നില്ല. നോര്‍മല്‍സിയുടെ വക്കുപൊട്ടിച്ച് ഇരച്ചെത്തുന്ന അനുഭവദുരിതങ്ങള്‍ അവരവര്‍ക്ക് സഹിക്കാനും ക്ഷമിക്കാനുമുള്ള അവസരമാവുമ്പോള്‍ അല്ലാത്തവര്‍ക്ക് ചിന്തിക്കാനും പഠിക്കാനുമുള്ള അവസരമാണ്. ജനങ്ങളുടെ ദുരിതത്തിന്‍റെ വൈപുല്യവും വൈവിധ്യവുമറിയാന്‍ ഇസ്മുപണിക്കിരുന്നാലോ എന്ന ചിന്ത പഴുത്തു വരുന്നത് ഈ ഒരു തലത്തില്‍ നിന്നാണ്. പക്ഷേ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നു, തല്‍ക്കാലം ഇസ്മു പണിച്ചിരിക്കുന്നില്ലെന്ന് !

 

 

 

ഡോ. ഫൈസൽ അഹ്‌സനി സിദ്ദീഖി ഉളിയിൽ

One Reply to “നെഞ്ച് കത്തുന്നത് മണക്കുന്നുണ്ടോ ?

Leave a Reply

Your email address will not be published. Required fields are marked *