ഡോ. ഫൈസൽ അഹ്സനി ള്ളിയിൽ
ഉദ്യോഗസ്ഥർക്കിടയിൽ സക്കാത്ത് അവേർനസ് ഇയ്യിടെയായി കൂടിവന്നതായി നിരീക്ഷിക്കപ്പെടുന്നു, നല്ലത്. എന്നാൽ മുപ്പതിലേറെ വർഷങ്ങൾ ഔദ്യോഗിക സേവനത്തിലിരിക്കുകയും സക്കാത് വീട്ടേണ്ടതായ തുക അക്കൗണ്ടിൽ കുമിയുകയും ചെയ്തിട്ട് അതേ പറ്റി അശേഷം ബോധമില്ലാതെ കഴിയുന്ന ആളുകളും നമുക്കിടയിലുണ്ട്, മോശം !!
ജൻമികൾക്കും, ധനാഢ്യർക്കും , കച്ചവടക്കാർക്കും മാത്രമാണ് സകാത്ത് ബാധകമാകുന്നത്, ‘നമുക്കൊക്കെ എന്ത് സകാത്ത്, എന്ന കാഴ്ചപ്പാട് ഇപ്പോഴും പൊതുസമക്ഷം ഇല്ലാതില്ല. സേവനത്തിലിരിക്കുന്ന ഉദോഗസ്ഥരുടെ സക്കാത്ത് നിർണയത്തിന് സഹായകമാകുന്ന കാര്യങ്ങളാണ് പറയാൻ പോവുന്നത്.
ശമ്പളത്തിന് സക്കാത്തുണ്ടോ? എന്നാണ് ആളുകൾ ചോദിക്കുക. അങ്ങനെ ചോദിക്കരുത്! ഇത്ര ശമ്പളത്തിന് ഇത്ര ടാക്സ് എന്ന പറയുമ്പോലെ ഇത്ര ശമ്പളത്തിന് ഇത്ര സക്കാത്ത് എന്ന് പറയാൻ കഴിയില്ല, അങ്ങനെയില്ല. പണത്തിനാണ് സകാത്തുള്ളത്. അത് ശമ്പളമായാലും, സ്വത്ത് വിറ്റ് കിട്ടിയതായാലും, റെമ്യൂണറേഷൻ / ഓണറേറിയം/ റോയൽറ്റി വക ആയാലും, വെറുതെ കിട്ടിയതായാലും, ഇക്കാക്ക അയച്ചു തന്നതായാലും, പൊന്ന് വിറ്റ് കിട്ടിയതായാലും … ഏത് വകയിലുളളതായാലും ശരി. നിങ്ങളുടെ ഉടമസ്ഥതയിൽ, നിങ്ങളുടേത് എന്ന പറയാവുന്ന പണം ഉണ്ടോ? ഇരിക്ക്. സംസാരിക്കാം.
പണം കയിലുണ്ടാവുമ്പോഴേക്ക് സക്കാത്ത് കൊടുക്കണോ? വേണ്ട. രണ്ട് നിബന്ധനകൾ ഒത്തുവെങ്കിൽ മാത്രം. ഒന്ന്. നോമിനൽ അമൗണ്ട് (നിസ്വാബ്) ഉണ്ടാവണം. രണ്ട്, ഒരു വർഷം വെറുതെ കയ്യിലിരിക്കണം.
നോമിനൽ അമൗണ്ട് എത്ര?
ഇത് ഡയനമിക് ആണ്. ഫിക്സ്ഡ് അല്ല . അതാതു കാലയളവിലെ സ്വർണ്ണ വെള്ളികളുടെ മാർക്കറ്റ് റേറ്റിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. സ്വർണം വെച്ച് കൂട്ടാൻ നിന്നാൽ ഇത് ഉയർന്നിരിക്കും. ഫലത്തിൽ സകാത്ത് തുകയുടെ ഓവറോൾ പ്രൊഡക്ഷൻ കുറയും. സക്കാത്തിനർഹരായവരുടെ പാത്രം കാലിയായിത്തന്നെ കിടക്കും. ആകയാൽ ബെനഫിഷ്യർ – ഫ്രണ്ട്ലി ആയത് വെള്ളിയെ ചേർത്ത് പിടിക്കലാണ്.
ഇനി കണക്കിലേക്ക് വരാം. ഇന്നത്തെ വെള്ളിയുടെ വില ആർക്കെങ്കിലുമറിയാമോ. ഗൂഗിളിനോട് ചോദിക്കാം.
71000. ശരി
600 ഗ്രാം വെള്ളിയുടെ, കിറുകൃത്യമായി പറഞ്ഞാൽ 595 ഗ്രാം വെളളിയുടെ വിലയാണ് നിസ്വാബ്. ഇന്നത്തെ അഥവാ ഇതെഴുതുന്ന ഏപ്രിൽ 5/2022 ലെ കണക്ക് പ്രകാരം അത് 42245 രൂപയാണ്. : കയ്യിലുണ്ടോ? കളി കാര്യത്തിലാകാനായിട്ടില്ല. ഇത്രയും തുക ഒരു വർഷം നിങ്ങൾ കയ്യിൽ വെറുതെ വെച്ചിരിക്കുന്നുവോ? എങ്കിലതിന്റെ 2.5 ശതമാനം അഥവാ1056 രൂപ സകാത്ത് കൊടുക്കണം.
ഇനി ഉദ്യോഗസ്തരുടെ ജീവിതാവസ്ഥകളിലേക്ക് വരാം. ഇവരെ മൂന്ന് ഉപ സ്പീഷീസുകളാക്കി തിരിക്കാം.
a. സാലറി കിട്ടുമ്മുന്നേ ധാമ്ധൂമാക്കി തീർക്കുന്നവർ
b. നേരാംവണ്ണം കാപ്പി പോലും കുടിക്കാതെ ഇറുക്കി ജീവിക്കുന്ന ആന അർക്കീസുകൾ C. മിശ്രവർഗം
ആദ്യം ചോദിച്ച ചോദ്യത്തിലേക്ക് തിരിച്ച് വരാം. ശമ്പളത്തിന് സക്കാത്തുണ്ടോ? ഇതിൽ അർക്കീസ് വർഗത്തിന് വേഗം നിസ്വാബ് തികയുകയും നല്ലതുക സകാത്തായി ചാമ്പേണ്ടതായും വരും. മൂന്നാം വിഭാഗത്തിന് വൈകി നിസ്വാബ് തികയുകയും മിതമായ സംഖ്യ സകാത്തായി ഒടുക്കേണ്ടതായും വരും. എന്നാൽ ഒന്നാം വിഭാഗം എന്ത് ആറക്ക സംഖ്യ കയ്യിൽ കിട്ടിയിട്ടെന്താ / സ്വർണക്കണക്കനുസരിച്ച് തന്നെ നിസ്വാബ് തികഞ്ഞിട്ടെന്താ ഒരു വർഷം പോയിട്ട് മര്യാദക്ക് ഒരു വാരം പോലും കാശ് കയ്യിലിരിക്കില്ല. പിന്നെവിടെ സകാത്ത്? അപ്പോൾ ശമ്പളത്തിന്റെ സകാത്ത് എന്നതിന്റെ ഇരിപ്പ് പിടികിട്ടിയില്ലേ?
ഇനി എല്ലാ ഉദ്യോഗസ്ഥർക്കുo നിർബന്ധമായും ബാധകമാകുന്ന സക്കാത് ഐറ്റങ്ങളെ പറ്റി താഴെ പറയാം.
ഒന്ന് : പി.എഫ്. പ്രോവിഡണ്ട് ഫണ്ട്. സർക്കാർ / എയിഡഡ് / പ്രൈവറ്റ് സ്ഥാപനങ്ങൾ ഇത് നടപ്പിലാക്കിവരുന്നു. ഉദ്യോഗസ്ഥന്റെ സേവനാനന്തര ജീവിതത്തിലെ സാമ്പത്തികാരോഗ്യത്തിന് വേണ്ടി മാസാമാസം ച്ചിരിപ്പിടി പിടിച്ച് കരുതൽ ഉണ്ടാക്കുന്ന പരിപാടിയാണിത്. ശമ്പളത്തിനനുസരിച്ച് നിർബന്ധമായും മിനിമം ഇത്ര ഇട്ടുകൊള്ളണം എന്ന നിർണയമുണ്ട്. ആളിന്റെ ഇഷ്ടാനുസാരം എത്രയും കൂട്ടിയിടാം.
അപ്പോൾ പി എഫിന്റെ മാസത്തവണകൾ ചേർന്ന് എപ്പോഴാണ് നിസ്വാബ് തികഞ്ഞത് എന്ന് ആദ്യം കണ്ടെത്തണം. തുടർന്ന് എത് മാസത്തിലാണ് ഒരു വർഷം പൂർത്തിയാവുന്നത് എന്ന് കൂട്ടിക്കാണണം. അതുവരെയുള്ളതിന്റെ സക്കാത്ത് കൊടുക്കണം. തുടർന്നുള്ള ഓരോ മാസവും സക്കാത്ത് വരും; കൊച്ചു കൊച്ചു സംഖ്യകൾ. മാസാമാസം നുള്ളിനുള്ളിക്കൊടുക്കുന്നത് അനിഷ്ടകരമായി തോന്നുന്നുവെങ്കിൽ ഒരു കൊല്ലത്തേത് അഡ്വൻസായി ആദ്യമേ കൊടുക്കാവുന്നതാണ്. വാങ്ങിയആൾ വർഷാവസാനം ആവുമ്പോഴേക്ക് സക്കാത് കിട്ടിക്കിട്ടി സമ്പന്നനാവാതിരുന്നാൽ മതി.
പി.എഫ് പിൻവലിക്കാം; രണ്ട് വിധത്തിൽ. തിരിച്ചടക്കണമെന്ന നിബന്ധന പ്രകാരവും അല്ലാതെയും. ആദ്യത്തേത് അനുസരിച്ച് പിൻവലിച്ച തുക ഒരു കടം വാങ്ങിയതു പോലുള്ള അവസ്ഥയിലാണ്. ആയതിനാൽ സകാത്ത് കൂട്ടുമ്പോൾ അതും ഉൾപെടും. അതേസമയം നോൺ റീ ഫണ്ടബ്ൾ ആയി എടുത്ത പണം കൊണ്ട് വണ്ടിവാങ്ങുക / വീടുപണിയുക / ദാനം ചെയ്യുക എന്നതുകളിലേക്ക് വിനിയോഗിച്ചാൽ പിന്നെ സക്കാത്തിന്റെ കാര്യം ഉദിക്കുന്നില്ല. അതേസമയം, ആ തുക പിന്നെയും മടിയിൽ വെച്ച് പൂജിക്കുകയാണെങ്കിൽ സക്കാത്തായി അടർന്നലിയും .
രണ്ട് : എസ്.എൽ.ഐ.
മൂന്ന് : ജി.ഐ.എസ്
നാല് : മെഡിസെപ്
മൂന്ന് തരം ഇൻഷുറൻസുകളാണിവ. സർക്കാർ നിയമനങ്ങളിൽ നിർബന്ധമായവ. ഇൻഷുറൻസ് പറ്റുമോ .പറ്റില്ലേ എന്നത് വേറെ വിഷയമാണ്. ഒറ്റയടിക്ക് പറഞ്ഞാൽ പറ്റില്ല. പക്ഷെ നിയമത്തിന് വഴങ്ങുക എന്ന നിലക്ക് മറ്റു വഴികളില്ലാതെ വരും. ഉദാഹരണത്തിന് വാഹനത്തിന്റെ കാര്യമെടുക്കാം. വാഹനം നിരത്തിലിറക്കണമെങ്കിൽ മൂന്നാലൊരു ഇൻഷുറൻസ് എടുത്തേ പറ്റൂ. ഇതിൽ ഏറ്റവും നോമിനൽ ആയിട്ടുള്ളത് തേർഡ് പാർട്ടി ഇൻഷൂറാണ്. അതേ പാടുള്ളൂ. അതും മറ്റു നിൽക്കക്കള്ളിയില്ലായ്കയാൽ . എന്നാൽ ചിലർ അതൊന്നും ശ്രദ്ധിക്കാതെ മുട്ടിയാലും തട്ടിയാലും ഒന്നായിങ്ങ് പോരട്ടെ എന്ന് കരുതി മുന്തിയ തരം ഇൻഷൂറുകൾ ചെയ്യാറുണ്ട്. ചുട്ട അടി കിട്ടാത്തതിന്റെ കുറവ് മാത്രമല്ല. അപ്പോൾ ഒരാൾക്ക്, നിങ്ങളുടെ ഇൻഷൂറും വേണ്ട കുൻഷ്യൂറും വേണ്ട, ഇടിച്ചാലും മറിഞ്ഞാലും നിങ്ങൾക്കെന്ത് ചേതം? ഞാൻ എന്റെ വണ്ടി നിരത്തിലൂടെ ഓടിച്ചു പോവുന്നു എന്ന് പറഞ്ഞ് ഇൻഷൂർ രഹിത മൂരാച്ചിയായി ഞെളിയാൻ പറ്റാത്ത പോലെ സർക്കാർ ജോലിയിലും ഇൻഷൂർ വിരുദ്ധനായി കാലെടുത്തു വെക്കാൻ സാധ്യമല്ല. അതൊരുതരം നിയമപരമായ നിവൃത്തികേടാണ്. പക്ഷെ, അവിടെ ഒരു ഉപായമുണ്ട്. ഇൻഷൂറിന്റെ പേരിൽ നാം അർഹിക്കാത്ത മുതൽ ഒരുമാതിരി ലോട്ടറിനാറ്റത്തോടുകൂടി അനുഭവിക്കുന്നിടത്താണ് പ്രശ്നത്തിന്റെ കാതൽ കിടക്കുന്നത്. അതുകൊണ്ട് അത് ഒരു തരം സാദാ ഇൻവെസ്റ്റ്മെന്റ് ആയി കണ്ട് എത്രയാണോ നിക്ഷേപിച്ചത് അത്രമാത്രം പോരുമ്പോൾ വാങ്ങി പടിയിറങ്ങിയാൽ മതി. പക്ഷെ, ആ തുകകളും പി.എഫിനോട് ചേർത്തോ അല്ലാതെയോ കണക്ക് കൂട്ടി സകാത് കൊടുത്തോളണം.
അഞ്ച്: കോൻട്രിബ്യൂട്ട്രി പെൻഷൻ. ഇത് വല്ലാത്തൊരു കൊസ്രാക്കൊള്ളിയാണ്. ആദ്യകാലത്ത് സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ ആയിരുന്നു. 2013 ഏപ്രിൽ ഒന്നിന് ശേഷം അത് അങ്ങോട്ട് കൊടുത്തിട്ട് വേണം ഇങ്ങോട്ട് കിട്ടാൻ എന്ന മട്ടത്തിലായി. ആകയാൽ ഓരോ ഉദ്യോഗസ്ഥനും മാസശമ്പളത്തിന്റെ പത്ത് ശതമാനം തന്റെ സേവനനാനന്തര കഞ്ഞികുടിയിലേക്ക് ഇട്ടു കൊടുക്കണം. സർക്കാർ അതിന്റെ കൂടെ അത്രയും കൂടി ചേർത്ത് ബിസിനസിൽ ഇട്ട് പിന്നെയും ഇരട്ടിപ്പിച്ച് മണ്ണാങ്കട്ട ആക്കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും വ്യക്ത്തക്കുറവുണ്ട്. ആകയാൽ ആ ഭാഗം അവിടെ കിടക്കട്ടെ നാം നിക്ഷേപിക്കുന്ന പത്ത് ശതമാനത്തിന് കണക്ക് കൂട്ടി സകാത്ത് കൊടുക്കണം.
മറ്റു നിക്ഷേപങ്ങൾ
ഉദ്യോഗസ്ഥരായാലും അല്ലാത്തവരായാലും സക്കാത്ത് കണക്ക് കൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു സംഗതിയുണ്ട്. അഥവാ ഒന്നിൽ പിടിച്ച് നിസ്വാബ് തികയുന്നുണ്ടോ എന്ന് ഗണിക്കുന്നതിനിടെ മറ്റു ചില നിക്ഷേപങ്ങൾ ചാടിക്കടന്നെത്തി നിസ്വാബ് ഗോൾ അടിക്കാറുണ്ട്. ഉദാഹരണത്തിന് ഒരു മാഷ് തന്റെ പി.എഫ് കൂടിനോക്കുമ്പോൾ 8 മാസം തികഞ്ഞാലേ നിസാബാവൂ എന്ന് കരുതിയിരിക്കയാണ്. പക്ഷെ, അദ്ദേഹത്തിന്റെ തായ ഒരു ബാങ്ക് നിക്ഷേപം ഉണ്ടായിരുന്നു. അതുകുടി കൂടിയപ്പോൾ ഏഴാം മാസം നിസാബാവുമെന്നായി. അപ്പോഴാണ്, ചങ്ങാതിക്ക് ഖത്തറിലേക്ക് ടിക്കറ്റെടുത്ത കൊടുത്ത വകയിൽ കിട്ടാനുള്ള തുക ഓർമ വന്നത്. അതും കൂട്ടിയപ്പോൾ അഞ്ച് മാസം കൊണ്ട് തന്നെ നിസ്വാബ് തികയുമെന്നായി. അങ്ങനെയിരിക്കവേയാണ് മദ്റസ കമ്മറ്റിക്ക് കടം കൊടുത്ത കാശ് ഓർമയിൽ മിന്നിയത്. അതും ചേർത്തപ്പോൾ ഇതാ നിസാബിന്റെ കാലൊച്ച കേൾക്കുമാറായി. അപ്പോഴാണ് തന്റെ പയറ്റുബുക്ക് ഓർമവന്നത്. മറിച്ചു നോക്കുമ്പോൾ ലാ ഹൗല വലാ ഖുവ്വ്വാ കല്യാണത്തിനും കുടികൂടലിനുമായി താൻ പയറ്റിയ പണത്തിന്റെ കണക്ക് കിട്ടി. അതും കൂടി ചേർത്തങ്ങ് കൂട്ടിയപ്പോൾ ഇതാ ഈ മാസം തന്നെ നിസ്വാബ് തുളുമ്പി തൂവുന്നു.
സകാത്ത് കണക്ക് കൂട്ടുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് ഈ പയറ്റുകേസ്. രണ്ട് വിധത്തിലാണ് പയറ്റ്. ഒന്ന് ഒരു സഹായം എന്ന നിലക്ക് പയറ്റി ആൾ അതങ്ങ് വിട്ടേ പോകും. തനിക്ക് തിരിച്ചു കിട്ടണമെന്ന ചിന്തയേ ഇല്ല. എന്നാൽ മറ്റു ചിലർ, ഒന്നാം തരം ഇൻവെസ്റ്റുമെന്റായിട്ടാണ് ഇതിനെ കാണുന്നത്. എല്ലാ കല്യാണത്തിന് മൂപ്പർ പോയി പയറ്റും. മകളുടെ കല്യാണമാവുമ്പോൾ ഇവരൊക്കെ തിരിച്ചു പയറ്റുമെന്ന ആശ്വാസത്തിലായിരിക്കും പിന്നെ ആശാൻ. അപ്പോൾ അതെല്ലാം കൊല്ലം നോക്കി വേറെ വേറെ എഴുതി നിസ്വാബിലേക്ക് ചേർക്കേണ്ടതാണ്, മുറപോലെ സക്കാത്ത് കൊടുക്കേണ്ടതാണ്.
ഓട്ടോറിക്ഷ കൊടുത്താലോ? തട്ടുകട?
സക്കാത്തായി കൊടുക്കുന്നത് പണമായിത്തന്നെ വേണോ അതോ ജീവനോപാധികളാക്കി ക്കൊടുക്കാമോ? ഇതിനുത്തരം പറയുന്നതിന്റെ മുമ്പ് ഒന്നുരണ്ടു സാഹചര്യങ്ങൾ നമുക്ക് പരിശോധിക്കാം. റോഡ് പൊട്ടിപ്പാളീസായി ട്ട് കാലംകുറെയായി. വിളിച്ചു പറഞ്ഞിട്ട് ഒന്നും പരിഹാരം കാണുന്നില്ല. തെരുവുവിളക്കുകൾ കണ്ണടച്ചിട്ടു കാലമേറെയായി. ട്രാൻസ്ഫോമർ ആണെങ്കിൽ ഏത് സമയത്തും പൊട്ടി വീഴാം എന്നിടത്താണ് .നാട്ടുകാർ പണം പിരിച്ചു.റോഡ് നന്നാക്കി.വിളക്കുകൾ ശരിയാക്കി.ട്രാൻസ്ഫോമർ കാലുകൾ നേരെയാക്കി. ചെലവുകൾ എഴുതിയ കുറിപ്പ് ഫോട്ടോയെടുത്ത് പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്കു കെഎസ്ഇബി ഓഫീസിലേക്ക് അ അയച്ചുകൊടുത്തു. ഞങ്ങളുടെ ടാക്സ് കറണ്ട് ബില്ല് എന്നിവ പ്രതീക്ഷിക്കേണ്ട . ഞങ്ങൾ അത് വപ്രായോഗികമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇത് നടക്കുമോ?ഇല്ല .സംഗതി ജനങ്ങൾ അടക്കുന്ന ടാക്സ് കൊണ്ടും ബില്ലു കൊണ്ടും ഒക്കെ തന്നെയാണ് സർക്കാർ കാര്യങ്ങൾ നടത്തുന്നത്. അത് പക്ഷേ അതിൻറെതായ രീതിയുണ്ട്. എന്നത് പോലെ ബാഹ്യമായി പ്രായോഗികം എന്നു തോന്നിയാൽ മാത്രം പോരാ അത് അതിൻറെ തായ് നിയമപരിധി വെച്ച്ആവുക തന്നെ വേണം.സക്കാത്ത് തുക പൂർണ്ണമായും അവകാശിയുടെ സ്വന്തം ആണ്. അതിൽ നാം ചെന്ന് കയ്യിട്ട് ആളാവാൻ പോവണ്ട. വേണമെങ്കിൽ കാശ് കയ്യിൽ കിട്ടിയ ഉടനെ ചെന്ന് ഒരു ഓട്ടോ ഒറിയന്റേഷൻ അല്ലെങ്കിൽ തട്ടുകട കൗൺസിലിംഗ് നടത്താവുന്നതാണ്.
Use full