Shabdam Magazine Uncategorized പൊളിച്ചെഴുത്ത് ലേഖനം

ദേശീയതയുടെ സ്വഅപര നിര്‍മിതികള്‍: ‘ആടുജീവിതം’ വായിക്കുമ്പോള്‍

സമീര്‍ കാവാഡ്

 

 

നജീബിനെ ചുറ്റിപ്പറ്റിത്തന്നെയാണ് ‘ആടുജീവിത’ത്തിന്‍റെ വായനയും മറ്റാവിഷ്കാരങ്ങളും ഇപ്പോഴും തുടരുന്നത്. നൂറിലേറെ എഡിഷന്‍ പിന്നിട്ടിട്ടും ഈ നോവലിലെ അപരദേശീയനിര്‍മ്മിതിയെ അല്ലെങ്കില്‍ വില്ലന്‍ കഥാപാത്രമായ അര്‍ബാബിന്‍റെ പക്ഷം കൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു വായന ഇനിയെങ്കിലും പ്രസക്തമല്ലേ? ദേശീയതയുടെ ഉത്പന്നമാണ് നോവല്‍ എന്ന സങ്കല്‍പ്പത്തിന്‍റെ വെളിച്ചത്തില്‍ ബെന്യാമിന്‍റെ ആടുജീവിതത്തെ പരിശോധിക്കുന്നു.
കംപാരട്ടീവ് ലിറ്ററേച്ചര്‍ ഫ്രഞ്ച് സ്കൂളിന്‍റെ ഭാഗമായി വികസിച്ച ‘ഇമേജ് എപ്പോക്ക്’ എന്ന പേരിലറിയപ്പെട്ട വിശകലനരീതി സാഹിത്യപഠനത്തില്‍ ദേശീയതാ മാനദണ്ഡത്തിന് പ്രത്യേകം ഊന്നല്‍ നല്‍കിയിരുന്നു. കഥാപാത്രങ്ങളുടെ ഇമേജ് നിര്‍മ്മിതിയെ പരിശോധിക്കുന്നതിനു പുറമെ രാഷ്ട്രത്തിന്‍റെ ഉല്‍പ്പന്നം എന്ന നിലയില്‍ സാഹിത്യം ഇതര രാഷ്ട്രങ്ങളുടെ ഇമേജ് ഏതു തരത്തിലാണ് പ്രതിഫലിപ്പിക്കുന്നത് എന്നതിനെ വിശദീകരിക്കാനും ശ്രദ്ധിച്ചിരുന്നു. സ്വാധീനതാപഠനത്തിന്‍റെ ഗണത്തില്‍ വരുന്നവയാണ് ഇവ രണ്ടും. ഒരു ഴാനര്‍ (genre) എന്ന നിലയില്‍ ‘നോവല്‍’ ദേശീയതയുമായി ഏറെ ബന്ധപ്പെട്ട് നില്‍ക്കുന്നുവെന്ന കാഴ്ചപ്പാടുകള്‍ ശക്തമായി അവതരിപ്പിക്കപ്പെടുകയും സാമാന്യം അംഗീകാരം നേടിയതുമാണല്ലോ. ‘ആധുനിക ദേശീയതയുടെ നിര്‍മ്മാണ സാമഗ്രികളിലൊന്നായിട്ടാണ് നോവല്‍ പോലുള്ള സാഹിത്യരൂപങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് ” എന്നും തുടര്‍ന്ന് അതിന്‍റെ വിശദാംശങ്ങളും ‘ദേശീയതയും സാഹിത്യചരിത്രങ്ങളും’ എന്ന പ്രബന്ധത്തില്‍ രഞ്ജിനി എ. എം വിശദീകരിക്കുന്നുണ്ട്. ഇത്തരം ഒരു പശ്ചാത്തലത്തില്‍ ബെന്യാമിന്‍റെ ‘രമണനുശേഷം മലയാള സാഹിത്യത്തിലെ നാഴികക്കല്ലായകൃതി” എന്ന് പ്രസാധകര്‍ പരസ്യമായും, വിമര്‍ശകര്‍ രഹസ്യമായും അംഗീകരിക്കുന്ന ‘ആടുജീവിതം’ എന്ന നോവലിനെ അതിലെ പരദേശിയായ ‘വില്ലനെ’ മുന്‍നിര്‍ത്തി വായിക്കുമ്പോള്‍ ചിലത് തെളിഞ്ഞുവരും.
ദേശീയതയുടെ ഉല്‍പ്പന്നമാണ് എന്നതിന് ധാരാളം തെളിവുകള്‍ കണ്ടെടുക്കാവുന്ന കൃതിയാണ് ‘ആടുജീവിതം’. ബെനഡിക്ട് ആന്‍ഡേഴ്സണ്‍ സൂചിപ്പിക്കുന്ന, ‘സമൂഹത്തിന്‍റെ സങ്കല്പനങ്ങളെ’ പ്രതിനിധീകരിക്കുന്നുവെന്ന അര്‍ഥത്തിലല്ല മറിച്ച്, അപരത്വത്തെ മുന്‍നിര്‍ത്തിയുള്ള ദേശനിര്‍മിതിയുടെ ശ്രമം എന്ന നിലയിലാണ് ഇവിടെ ‘ആടുജീവിതം’ ഒരു ദേശീയോല്‍പ്പന്നമായി മാറുന്നത്. പുസ്തകത്തിന്‍റെ ബ്ലര്‍ബില്‍ എന്‍.എസ് മാധവന്‍ പറയുന്നതുപോലെ ‘ഒരു സാങ്കല്പിക ഭൂവിഭാഗത്തില്‍ നടക്കുന്ന” കഥയല്ല, മറിച്ച് വളരെ കൃത്യമായി സൂചിപ്പിക്കപ്പെട്ട ഒരു അപരദേശമാണ് കഥയുടെ കേന്ദ്രം. നൂറാമത് എഡിഷന്‍റെ മുഖക്കുറിയില്‍ പ്രസാധകന്‍ കൃഷ്ണദാസ് നിരീക്ഷിക്കുന്നതാണ് ശരി, ‘അറേബ്യന്‍ ദേശങ്ങളില്‍ ജീവിക്കുന്ന പാവപ്പെട്ട മലയാളിയുടെ” കഥയാണിത്. സ്ഥലവും കാലവും ഋതുഭേതങ്ങളുമൊക്കെ കൃത്യമായി തന്നെ ബെന്യാമിന്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ‘ബത്തയിലെ ചെറിയ പോലീസ് സ്റ്റേഷനു മുന്നില്‍ ഞാനും ഹമീദും തോറ്റവരെപ്പോലെ കുറേനേരം നിന്നു” എന്നു തുടങ്ങി പരമ്പരാഗതരീതിയില്‍ (പണ്ട് പണ്ട്, അല്ലെങ്കില്‍ “വിക്ടോറിയ ടെര്‍മിനസ്സിലെ പ്ലാറ്റ്ഫോമുകളിലൊന്നില്‍ ഒരു വണ്ടി വന്നു നിന്നു” തുടങ്ങിയ) സ്ഥലകാലങ്ങള്‍ സൂചിപ്പിച്ചുകൊണ്ടുതന്നെയാണ് ഈ നോവലിന്‍റെയും തുടക്കം.
ആടുജീവിതത്തില്‍ വായനക്കാര്‍ കണ്ടുമുട്ടുന്ന ഏറ്റവും നല്ല മാതൃകാമനുഷ്യന്‍ ഇബ്രാഹിം ഖാദരി എന്ന ആഫ്രിക്കക്കാരനാണ്. സ്വന്തം ജീവന്‍ അപകടത്തിലാക്കിയാണ് ആ സോമാലിയക്കാരന്‍, മലയാളിയായ നമ്മുടെ കഥനായകന്‍ നജീബിനെ രക്ഷിക്കുന്നത്. എന്നാല്‍ കഥ നടക്കുന്ന രാജ്യത്തെ നിയമത്തിനു മുന്നില്‍ രാജ്യദ്രോഹിയായ ക്രിമിനലും പിടികിട്ടാപുള്ളിയുമാണയാള്‍. ബത്തയിലെ പോലീസ് സ്റ്റേഷനില്‍ ഖാദരിയുടെ ഫോട്ടോ പതിച്ചിട്ടുമുണ്ട്. സ്വാഭാവികമായും വായനക്കാര്‍ക്ക് കഥ നടക്കുന്ന പരദേശത്തോടും അതിന്‍റെ നിയമസംവിധാനത്തോടും കടുത്ത വിദ്വേഷം തോന്നും. സത്യത്തില്‍ ആ ഫോട്ടോ പതിക്കല്‍ എന്തിനായിരുന്നു? ഇതു വിശദീകരിക്കുന്ന യാതൊരു സൂചനയുമില്ല നോവലില്‍. യുക്തിഭദ്രമായ ഒരുത്തരവും നല്‍കാനാവാത്ത ചോദ്യം ഇവിടെ ‘ഇപ്പോക്ക് മേക്കിംഗി’നായുള്ള നോവലിന്‍റെ ബോധപൂര്‍വ ഇടപെടല്‍ അല്ലെങ്കില്‍ ദേശീയതാരസനിര്‍മ്മിതിയാണ്. ബോധമനസ്സിലോ അബോധമനസ്സിലോ ദേശീയത ഉറഞ്ഞുകൂടിക്കിടക്കുന്ന ഇന്ത്യന്‍ വായനക്കാരെ ഈ കൃതി ഇത്രമേല്‍ ആകര്‍ഷിച്ചതില്‍ ഇതുപോലുള്ള ഘടകങ്ങളുടെ പങ്കും നിര്‍ണായകമാണ്. നോവല്‍ വായിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ഗള്‍ഫ് രാജ്യത്തോടുള്ള കെറുവ് വര്‍ദ്ധിക്കുകയേ ഉള്ളൂ. അപരത്തെ വിശദീകരിക്കുന്നതിലൂടെ ആത്മത്തെ നിര്‍വചിക്കുന്നു എന്ന സ്ലവോജ് സിസക്കിന്‍റെ പരികല്‍പ്പന സ്മരണീയം.

മറ്റൊരു വസ്തുതയിലും കണ്ണുടക്കേണ്ടതുണ്ട്. ഏതൊരു അര്‍ബാബും ‘ആടുജീവിതത്തിലെ’ അര്‍ബാബിനെപ്പോലെ ആടിനെ വളര്‍ത്തുന്നത് കച്ചവടം (ബിസിനസ്സ്) എന്ന ഉദ്ദേശത്തോടുകൂടിത്തന്നെയാണ്. ആടുകളോടുള്ള പ്രത്യേക സ്നേഹം കൊണ്ടോ, നജീബുമാരെ മരുഭൂമിയിലിട്ട് കഷ്ടപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയോ അല്ല. അത് ലോകത്തെവിടെയും അങ്ങിനെത്തന്നെയാണ്. പ്രസവിച്ച ആട്ടിന്‍ കുഞ്ഞുങ്ങളെ തള്ളയാടിന്‍റെകൂടെ കൂട്ടിലിടാതെ പാല്‍ അവയ്ക്ക് കറന്നുകൊടുക്കുന്നതിനെക്കുറിച്ച് നോവലില്‍ പരാമര്‍ശിക്കുന്നതിങ്ങനെയാണ്, ‘ഒരാടിനും അതിന്‍റെ അമ്മയുമായി അല്ലെങ്കില്‍ അതിന്‍റെ കുട്ടിയുമായി ഒരു ആത്മബന്ധമുണ്ടാകാതിരിക്കലാണോ ഈ കൂട്ടക്കുടിപ്പീരുകൊണ്ട് ഉദ്ദേശിക്കുന്നത്” എന്ന വിമര്‍ശനത്തിനുശേഷം തുടര്‍ന്ന് പറയുന്നതുനോക്കൂ; ‘അതാണ് അറബികളുടെ രീതി”. ഇവിടെ സാമാന്യവല്‍ക്കരണത്തിനു പകരം അപരദേശീയവല്‍ക്കരണമാണ് നോവലിസ്റ്റ് നടത്തുന്നത്.
ഇസ്ലാമിക ജീവിത വീക്ഷണം നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രതീതി നോവലിലുടനീളമുണ്ട്. ഗള്‍ഫിലേക്കുപോകുന്ന, പടച്ചോനെപ്പേടിയില്ലാത്ത നജീബല്ല തിരിച്ചെത്തുന്ന നജീബ്. ബോംബെയില്‍ നിന്നും വിമാനം കയറുന്നതിന്‍റെ തലേന്നാള്‍വരെ മദ്യപിക്കുന്നുണ്ടയാള്‍. ഒന്നുമുതല്‍ പത്തുവരെ എണ്ണാനറിയുന്നതുമാത്രമാണ് മദ്രസ്സയില്‍ പഠിച്ചതുകൊണ്ട് തനിക്ക് അറബിനാട്ടില്‍ വെച്ചുണ്ടായ നേട്ടമെന്ന് പറയുന്നതിലൂടെ നജീബിന്‍റെ മദ്രസ്സാ പഠനത്തിന്‍റെ നേര്‍ചിത്രവും വായനക്കാരനു കിട്ടുന്നു. ഇന്ത്യയിലായിരിക്കുമ്പോള്‍ വേശ്യകളുമായി തനിക്കുണ്ടായ അനുഭവങ്ങളും പങ്കുവെയ്ക്കുന്നുണ്ടയാള്‍. മരുഭൂമിയില്‍വെച്ച് ദൈവത്തെ നേരില്‍കണ്ട് മടങ്ങിയെത്തിയിരിക്കുന്നു. ഇനിയൊരു പ്രലോഭനത്തിനും പിന്തിരിപ്പിക്കാനാവാത്തവിധം വിശ്വാസിയായിത്തീര്‍ന്നിട്ടുണ്ടയാള്‍. മരുഭൂമിയില്‍നിന്നും രക്ഷപ്പെട്ട് ഹൈവേയിലെത്തി അതുവഴി കടന്നുപോകുന്ന വണ്ടികള്‍ക്കൊക്കെ നജീബ് കൈ കാണിച്ചു, ഒന്നുപോലും നിര്‍ത്തുന്നില്ല, അപ്പോള്‍ അയാള്‍ പറയുന്നത്, ‘ഒരു വണ്ടിക്കാരന്‍റെ മനസ്സിലും അള്ളാ അങ്ങനെയൊരു നിര്‍ദ്ദേശം കൊടുത്തില്ല” എന്നാണ്. എല്ലാ പ്രതീക്ഷകളും തകര്‍ന്ന് ഇനിയെല്ലാം ദൈവത്തിലര്‍പ്പിച്ച ഒരു നിരാലംബനെ തുടര്‍ന്നുള്ള ഓരോ ദുര്‍ഘടസന്ധിയിലും അത്ഭുതകരമായി രക്ഷിക്കുന്ന ദൈവസാന്നിധ്യം വിശ്വാസികളായ വായനക്കാരെ പ്രത്യേകിച്ചും അവരറിഞ്ഞോ അറിയാതെയോ അനുഭവിപ്പിക്കുന്നുണ്ട് നോവലിസ്റ്റ്. ഇസ്ലാമിക തത്വചിന്തയില്‍ നിന്നും സ്വീകരിക്കുന്ന ഒട്ടനവധി സന്ദര്‍ഭങ്ങള്‍ നോവിലിലുണ്ട്. മനുഷ്യര്‍ സൃഷ്ടിച്ച മതങ്ങളൊക്കെ ദേശീയതയുമായി ബന്ധപ്പെട്ടുകിടക്കുമ്പോഴും ഒരു ദൈവത്തെയും കേവലദേശീയവാദിയായി പരിഗണിക്കാനും വിശ്വാസികള്‍ക്കാവില്ല. ദേശത്തിനപ്പുറത്തേക്ക് നീളുന്ന സര്‍വ്വവ്യാപിത്വം അവര്‍ എല്ലാ ദൈവങ്ങള്‍ക്കും കല്‍പ്പിച്ചു നല്‍കുന്നുമുണ്ട്.

നോവല്‍ ദേശീയതയുടെ ഉല്‍പ്പന്നമാണെന്ന കാഴ്ച്ചപ്പാടിലൂടെ വിലയിരുത്തുമ്പോള്‍ അര്‍ബാബിന്‍റെ പക്ഷത്തുനിന്നുകൂടി നമുക്ക് ആടുജീവിതം വായിക്കേണ്ടിവരും. അപ്പോള്‍ പ്രവാചകപാഠങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ലംഘിക്കുന്ന വഴി തെരഞ്ഞെടുത്താണ് നജീബ് മസറയില്‍ നിന്നും രക്ഷപ്പെട്ടത് എന്ന് പറയേണ്ടിവരും. കാരണം തന്‍റെ സ്വത്തിന് കാവലേല്‍പ്പിക്കപ്പെട്ട നജീബ് വാഗ്ദാനലംഘനത്തിലൂടെയാണ് മസറ വിടുന്നത്. അര്‍ബാബ് നജീബിനോട് ഇങ്ങനെ പറയുന്നു; ‘ഇന്നു രാത്രി നമ്മുടെ മൂത്ത അര്‍ബാബിന്‍റെ മകളുടെ കല്യാണമാണ്. അതുകൊണ്ട് ഞങ്ങള്‍ രണ്ടും ഇവിടെ കാണില്ല. നീ ഉറങ്ങാതെ കിടന്ന് ആടുകളെ നോക്കിക്കോണം. കുറുക്കന്‍ വരും, പാമ്പുകള്‍ വരും, കള്ളന്‍മാര്‍തന്നെയും വന്നേക്കും. എല്ലാം നീ നോക്കിക്കോണം. രാവിലെ ഞാന്‍ വരുമ്പോള്‍ നിനക്ക് തിന്നാന്‍ കുബൂസും ബിരിയാണിയും മജ്ബൂസും കൊണ്ടുത്തരാം. നീ എന്‍റെ വിശ്വസ്ത സേവകനാണ്. നിന്നെപ്പോലെ ഒരു നല്ല വേലക്കാരനെ എനിക്കിന്നേവരെ കിട്ടിയിട്ടില്ല. ബാക്കി വന്നവന്മാരെല്ലാം പണിക്കള്ളന്മാരായിരുന്നു. നീ നല്ലവനാണ്. നിന്നെ എനിക്ക് ഇഷ്ടമാണ്. നിന്നെ അള്ളാഹു കാക്കും.” അതിലുപരി ഈ നോവലില്‍ പറയുന്ന കാലഘട്ടത്തില്‍ നാലും അഞ്ചും വര്‍ഷം ഭാര്യമാരെ പിരിഞ്ഞിരിക്കല്‍ ഗള്‍ഫ് മലയാളികളെ സംബന്ധിച്ച് അസാധാരണമായ കാര്യമായിരുന്നില്ല. അതുകൊണ്ട് മൂന്നരവര്‍ഷത്തിനിടയില്‍ തന്നെ തന്‍റെ വികാരം ശമിപ്പിക്കാന്‍ ഒരു മൃഗവുമായി രതിയിലേര്‍പ്പെട്ടു എന്നതിന് മതത്തിന്‍റെ പാഠപുസ്തകത്തില്‍ ന്യായീകരിണമില്ലതന്നെ. ‘വൃത്തികേടിന്‍റെ ദൈവമായിട്ടാണ് ഞാന്‍ എന്നെ കണ്ടത്” എന്ന നജീബിന്‍റെ സ്വയം വിമര്‍ശനം ശരീരത്തിനുമാത്രമല്ല തന്‍റെ സ്വഭാവത്തിനും ബാധകമാണെന്ന് ഇത്തരം സംഭവങ്ങള്‍ വെളിപ്പെടുത്തുന്നു. ദേഷ്യം വരുമ്പോള്‍ അര്‍ബാബ്, നജീബിനെ ബെല്‍റ്റുകൊണ്ട് തല്ലുന്നത് നോവലില്‍ പലയിടത്തും കാണാം. ദേഷ്യം വരുമ്പോള്‍ മസറയിലെ ആടുകള്‍ക്ക് മേലെ അതി ക്രൂരമായി നജീബും തന്‍റെ ദേഷ്യം തീര്‍ക്കുന്നുണ്ട്, ‘മസറയിലെ ആടുകള്‍ക്ക്മേലെയാണ് ഞാനതെല്ലാം തീര്‍ത്തത്. പിറന്നുവീണ മുട്ടനാടുകളുടെ വരി ഞെക്കിയുടച്ചുകളഞ്ഞും കറവയുള്ള ആടുകളുടെ മുലകളില്‍ കമ്പുകൊണ്ട് കുത്തിയും ചെമ്മരിയാടുകളുടെ ആസനത്തില്‍ കമ്പ് കുത്തിക്കയറ്റിയുമൊക്കെയാണ് ഞാന്‍ പക തീര്‍ത്തത്” അര്‍ബാബിന്‍റെ കാഴ്ചപ്പാടില്‍ തെറ്റുചെയ്യുന്ന വിവേകിയായ നജീബിനെയാണ് തല്ലുന്നത്, നജീബാണെങ്കിലോ വിവേകമില്ലാത്ത പാവം നാല്‍ക്കാലികളെയും, അതും അവരുടേതല്ലാത്ത കുറ്റത്തിന്.

തീക്ഷ്ണമായ ജീവിതാനുഭവം അവതരിപ്പിക്കുമ്പോഴും പോസിറ്റീവായ ഒരുപാഠം വായനക്കാരനു പകരുന്നില്ല എന്നു മാത്രമല്ല ഒരുതരം നെഗറ്റീവായ സന്ദേശമാണ് നോവല്‍ മുന്നോട്ടുവെയ്ക്കുന്നത്. ഉദാഹരണത്തിന്, ‘ആടുജീവിതം’ വായിച്ച ഒരാള്‍ നിര്‍ഭാഗ്യത്തിന് സമാനമായൊരു മസറയില്‍ എത്തിപ്പെട്ടു എന്നിരിക്കട്ടെ, സംശയമന്യേ ജീവിതകാലം മുഴുവന്‍ അവിടത്തന്നെ സഹിച്ച് കഴിഞ്ഞുകൂടുവാന്‍ മാത്രമേ ആടുജീവിതവായന അയാളെ സഹായിക്കൂ, അല്ലെങ്കില്‍ നിര്‍ബന്ധിക്കൂ. ഇതു വായിച്ച ഒരാളെ സംബന്ധിച്ച് മരുഭൂമിയില്‍ നിന്നുള്ള രക്ഷപ്പെടല്‍ അത്യന്തം ദുര്‍ഘടം പിടിച്ചതും ഒരുപക്ഷെ ജീവന്‍ പണയംവെച്ച് ലോട്ടറി എടുക്കുന്നതിനും സമാനമായിരിക്കും.

നജീബിന് തന്‍റെ ഗള്‍ഫ് വാസത്തിനിടെ ജീവിതം തിരിച്ചുകിട്ടിയതിന് കുഞ്ഞിക്കയോട് മാത്രമല്ല പേരും ഊരും ഒന്നുമറിയാത്ത അയാളെ കുഞ്ഞിക്കയുടെ അടുത്തേക്കുപോലും എത്തിച്ച കാര്‍ ഡ്രൈവറടക്കം വേറെയും ആളുകളോട് അയാള്‍ക്ക് കടപ്പാടുണ്ടാവാം. എന്നാല്‍ അയാള്‍ ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് ഇബ്രാഹിം ഖാദരിയോടാണെന്ന് ഏതു വായനക്കാരനും സമ്മതിക്കും. കാരണം അയാള്‍ നജീബീനോട് കാണിക്കുന്ന ദയയ്ക്ക് ദേശബന്ധുത്വത്തിന്‍റെ പോലും സ്വാര്‍ത്ഥതയില്ലല്ലോ. എന്നിട്ടും മടക്കയാത്രക്കായ് എയര്‍പോര്‍ട്ടില്‍ വെച്ച് അവസാനത്തെ അധ്യായത്തില്‍ നജീബ് ഓര്‍ക്കുന്നത്, അല്ലെങ്കില്‍ നന്ദിവാക്ക് പറയാന്‍ ആഗ്രഹിക്കുന്നത്, സ്വന്തം ദേശക്കാരനായ കുഞ്ഞിക്കയോടാണ്. അന്യദേശക്കാരനായ ഇബ്രാഹിമിനോടല്ല. ലോകത്തെവിടെയെങ്കിലുമിരുന്ന് കുഞ്ഞിക്ക തന്‍റെ കഥ വായിക്കുമെന്നയാള്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്, എല്ലാ അര്‍ത്ഥത്തിലും കുഞ്ഞിക്കയേക്കാളേറെ ഇതു ചേരുമായിരുന്നത് ഇബ്രാഹിം ഖാദരിക്കായിരുന്നു. ‘തന്‍റെ രക്ഷകന്‍’ എന്നുവരെ നജീബ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സൂചിപ്പിച്ച സാക്ഷാല്‍ ഇബ്രാഹിം ഖാദരിക്ക്. ദേശീയതയുടെ രസതന്ത്രം അറിഞ്ഞോ അറിയാതെയോ ഇവിടെയും പ്രവൃത്തിക്കുന്നുണ്ട് എന്നു സാരം.
‘വായന ശുഷ്കിച്ചു എന്നു പറയുന്ന ഒരു കാലഘട്ടത്തില്‍ അസംഖ്യം വായനക്കാരെ ഈ പുസ്തകം സൃഷ്ടിച്ചു” എന്ന കൃഷ്ണദാസിന്‍റെ നിരീക്ഷണം ഉപരിപ്ലവമായ അര്‍ത്ഥത്തില്‍ മാത്രമേ ശരിയാവുന്നുള്ളൂ. അതിന്‍റെ ആന്തരികാര്‍ത്ഥത്തില്‍ പരിശോധിച്ചാല്‍ ഭാഷാപരമായി കോംപ്രമൈസ് ചെയ്തുകൊണ്ടും (ഈ നോവലിലെ ഭാഷാപരമായ അബദ്ധങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗൗതമന്‍, ‘സാഹിത്യ വിമര്‍ശന’ത്തിന്‍റെ 2011 മാര്‍ച്ച് ഏപ്രില്‍ ലക്കത്തില്‍ ‘പാഴ്ശിലമേല്‍ പാലഭിഷേകം’ എന്ന നിരൂപണം പ്രസിദ്ധീകരിച്ചിട്ടുണ്ട്) അറബ് ദേശീയതയുടെ നൈതികതയെ (നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ അസ്വാതന്ത്ര്യത്തിന്‍റെ) നമ്മുടെ കോളനിയാനന്തര ജനാധിപത്യവ്യവസ്ഥ (അര്‍ബാബിനെ സംബന്ധിച്ച് അത് അവ്യവസ്ഥയാണ്) യുമായി ദ്വന്ദ്വാത്മക താരതമ്യത്തിലൂടെ ചൂഷണം ചെയ്തുമാണ് പ്രസാധകന്‍ അവകാശപ്പെടുന്ന ഈ ലാഭക്കൊയ്ത്ത് എന്നു പറയേണ്ടിവരും. ‘കേരളീയന്‍റെ സാഹിത്യ ചര്‍ച്ചകളെ പരിപോഷിപ്പിക്കുന്ന ഘടകമായി കൃതി മാറി” എന്ന പ്രസാധകന്‍റെ സാമാന്യവല്‍ക്കരണവും അല്‍പ്പം കടന്നതായിപ്പോയി. മറിച്ച് ‘കേരളീയന്‍റെ പ്രവാസസാഹിത്യ ചര്‍ച്ചകളെ” എന്ന് സവിശേഷമായി വ്യവഹരിച്ചിരുന്നുവെങ്കില്‍ പ്രസ്തുത വാദത്തിന് പിന്‍ബലമുണ്ടായേനേ.
നന്മ, തിന്മ ദ്വന്ദ്വപരിസരത്താണ് ആടുജീവിതം എന്ന നോവല്‍ വികസിക്കുന്നത്. നന്മയെ നജീബും തിന്മയെ അര്‍ബാബും പ്രതിനിധീകരിക്കുന്നു. ഈ രണ്ടുവശത്തേയും പരമാവധി പൊലിപ്പിച്ചവതരിപ്പിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്, അതില്‍ നല്ലപോലെ വിജയിച്ചിട്ടുമുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ജീവിതസുഖംതേടി പുറംനാടുകളില്‍ ഭാഗ്യമന്വേഷിക്കുന്ന ആര്‍ക്കും സംഭവിക്കാവുന്ന ദുരന്തത്തിലൂടെയാണ് ഏറിയോ കുറഞ്ഞോ ഇതിലെ കഥാനായകനും കടന്നുപോകുന്നത്. നജീബിന് സംഭവിച്ച പിഴവുകളെ ബോധപൂര്‍വ്വം മറച്ചുവെയ്ക്കാനും അര്‍ബാബിനുമേല്‍ സംശയത്തിന്‍റെ ധ്വനിപോലും ക്രൂരകുറ്റം എന്ന നിലയില്‍ വായനക്കാരിലേക്ക് സന്നിവേശിപ്പിക്കാനും ഈ കൃതി ഉദ്യമിക്കുന്നുണ്ട്. വിസ ശരിയായി എന്നറിയുമ്പോള്‍ അതിന്‍റെ നിജസ്ഥിതിയെക്കുറിച്ച് ഗള്‍ഫില്‍ത്തന്നെയുള്ള ഭാര്യാസഹോദരന്മാരെ വിളിച്ച് അന്വേഷിക്കാന്‍ നജീബ് തയ്യാറാവുന്നില്ല. അവരിന്നുവരെ നജീബിന് ഒരു വിസ കൊടുത്തയക്കാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് കാരണമായി പ്രസ്താവിക്കുന്നത് (ഇതേ കുറ്റം ഗള്‍ഫിലായിരുന്ന മൂന്നരക്കൊല്ലക്കാലം നജീബിന്‍റെ പേരില്‍ മറ്റുള്ളവര്‍ ആരോപിച്ചിട്ടുണ്ടാവില്ല എന്നു വെറുതെ ആഗ്രഹിക്കാന്‍ മാത്രമേ നമുക്കു പറ്റൂ). ഇതിലൂടെ നജീബിന്‍റേയും ഭാര്യയുടെയും കപട ആത്മാഭിമാനമാണ് ഇത്തരം ഒരു ദുരന്തത്തിലേക്ക് നയിച്ചതില്‍ പ്രാഥമികവഴിത്തിരിവായി നില്‍ക്കുന്നത്. അര്‍ബാബിന്‍റെ കാര്യത്തിലെത്തുമ്പോള്‍ നോവലിസ്റ്റ് തികച്ചും വ്യത്യസ്ഥമായൊരു സമീപനമാണ് സ്വീകരിക്കുന്നത്. നജീബ് മസറയിലെത്തുമ്പോള്‍ അവിടെയുണ്ടായിരുന്ന ജോലിക്കാരന്‍ (ഭീകരരൂപി എന്നാണ് നജീബ് അയാള്‍ക്കിടുന്ന പേര്) ഒരു ദിവസം പെട്ടെന്ന് അപ്രത്യക്ഷനാകുന്നു. പിന്നീട് നജീബ് അയാളുടേതെന്ന് കരുതുന്ന (ഉറപ്പില്ല) ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്നുണ്ട്. അര്‍ബാബ് അയാളെ വെടിവെച്ച് കൊന്നതാണ് എന്നു സമര്‍ത്ഥിക്കുന്ന ആഖ്യാനമാണ് പ്രത്യക്ഷത്തില്‍ ഒരു തെളിവുമില്ലാതെ നോവലിസ്റ്റ് നടത്തുന്നതെന്ന് കാണാം. ‘ഞാന്‍ മസറയിലേക്ക് ഒറ്റ ഓട്ടമായിരുന്നു. ചെന്ന് ഞാന്‍ അര്‍ബാബിന്‍റെ കാല്ക്കലേക്ക് വീണു. എനിക്കെവിടെയും പോകേണ്ട. എനിക്കെങ്ങോട്ടും രക്ഷപ്പെടേണ്ട. എന്നെ കൊല്ലാതിരുന്നാല്‍ മാത്രം മതി.”
സത്യത്തില്‍ അര്‍ബാബ് നജീബിനെ ഇന്ത്യയില്‍ നിന്നും അന്യായമായി പിടിച്ചുകൊണ്ടുവരികയായിരുന്നില്ല. മറിച്ച് അയാള്‍ മെച്ചപ്പെട്ട ജീവിതം സ്വപ്നംകണ്ട് ജോലിതേടി അവിടെ എത്തിപ്പെടുകയായിരുന്നു. കാര്യകാരണങ്ങള്‍ അവ്യക്തമായി നിലനിര്‍ത്തുകയാണ് നോവലിസ്റ്റ് ചെയ്തിരിക്കുന്നത്. വിദ്യാസമ്പന്നനോ ഏതെങ്കിലും മേഖലയില്‍ വൈദഗ്ധ്യമുള്ള തൊഴിലാളിയോ ആയിരുന്നില്ല നജീബ്. അര്‍ബാബിനെ സംബന്ധിച്ച് തന്‍റെ മസറയിലെ ജോലിക്ക് യോഗ്യനായ ഒരാള്‍. പീഢനങ്ങള്‍ സഹിച്ചാണെങ്കിലും മസറയിലെ കാര്യങ്ങള്‍ വളരെ പെട്ടെന്ന് ഭംഗിയായും ഉത്തരവാദിത്തത്തോടും കൂടി നിര്‍വഹിക്കുന്നുണ്ട് നജീബ്. ഇതുപോലെ ആടുകളെ സ്നേഹിക്കുന്ന കഷ്ടപ്പെട്ട് പണിയെടുക്കുന്ന ഒരു തൊഴിലാളിയെക്കിട്ടാന്‍ ഏതൊരു മുതലാളിയെയും പോലെ അര്‍ബാബും ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നിട്ടുണ്ടാവാം. മൂന്നര വര്‍ഷമായി നജീബ് അവിടെ താമസിക്കുന്നുവെങ്കില്‍ ചുരുങ്ങിയത് മുപ്പത്തഞ്ച് വര്‍ഷമെങ്കിലുമായിക്കാണും അര്‍ബാബ് അവിടെ വസിക്കാന്‍ തുടങ്ങിയിട്ട്. മരുഭൂമിയില്‍ കൂടാരത്തിന്‍റെ അകവും പുറവും തമ്മില്‍ ഏറെയൊന്നും വ്യത്യാസമുണ്ടാവില്ല. നോവലില്‍ നിന്നും മനസ്സിലാവുന്നത് മഴയെ പേടിച്ചിട്ടാവും അര്‍ബാബ് കൂടാരത്തില്‍ താമസിക്കുന്നത് എന്നാണ്. നജീബിന് ഏറ്റവും ഇഷ്ടമുള്ളതും ആഗ്രഹിക്കുന്നതുമായ വെള്ളത്തെയാണ് അര്‍ബാബിന് ഏറ്റവും ഭയവും കരുതലും. അത് മരുഭൂമിയും മഴഭൂമിയും തമ്മിലുള്ള സ്വാഭാവിക വ്യത്യാസമാണ്.

ഒരു മലയാളി അറബിനാട്ടില്‍ അനുഭവിച്ചുതീര്‍ത്ത യാതനകളുടെ കഥപറയുന്ന ആടുജീവിതത്തിലെ പ്രമേയം മലയാളിയുടെ പ്രവാസം തുടങ്ങിയ കാലം മുതല്‍തന്നെ കേരളത്തിന്‍റെ കാതുകള്‍ കഥാകഥനങ്ങളിലൂടെ കേട്ടുകൊണ്ടിരിക്കുന്നതാണ്. ബെന്യാമിന്‍ ഇത് അതിഭാവുകത്വത്തിന്‍റെ ചില പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഒരു പ്രത്യേക ചട്ടക്കൂടില്‍ ഏറെനീട്ടിപ്പരത്തിയെങ്കിലും മുഷിപ്പിക്കാതെ ഒറ്റയിരിപ്പ് വായനക്കുള്ള വിഭവം എന്ന നിലയില്‍ പുസ്തകമാക്കിയപ്പോള്‍ വായനക്കാരുണ്ടായത് സ്വാഭാവികം. സ്വയം ഒരു പ്രവാസിയായിരുന്നതും പ്രവാസികളുടെ, പ്രത്യേകിച്ചും മുഖ്യധാരയില്‍ അന്നുവരെ ഇടംപിടിക്കാതിരുന്ന അറബ് ലോകപ്രവാസജീവിതത്തിന്‍റെ പ്രാതിനിധ്യം എന്ന മേമ്പോടിയോടെയുമാണ് മറ്റൊരര്‍ത്ഥത്തില്‍ ഇത് കൊണ്ടാടപ്പെട്ടത്. കേരളത്തിന്‍റെ സാമ്പദ്ഘടനയെത്തന്നെ നിയന്ത്രിക്കുന്ന ഗള്‍ഫ് മണിയുടെ അറിഞ്ഞോ അറിയാതെയോയുള്ള ലാളനയും ഈ സംരഭത്തിനു കിട്ടിയിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഈ നോവലിന്‍റെ വായന ഇന്നും കേവലം ബെന്യാമിനിലും, നജീബിലും നേരത്തെ അവതാരകനിലും ഇപ്പോഴിതാ സിനിമയിലുമൊക്കെയായി ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നത്. അതിനപ്പുറത്തേക്ക് നീളുന്ന വായനകളും ആടുജീവിതത്തിന് സാധ്യമാണ്. നൂറാം പതിപ്പിന്‍റെ ഏറ്റവും ഒടുവില്‍ എന്‍. രാധാകൃഷ്ണന്‍നായര്‍ പറയുന്നുണ്ട്, ‘എത്രയോ കാണാപുറങ്ങളാണ് ഇതില്‍ ഇനിയും ഒളിഞ്ഞിരിക്കുന്നത്”, തികച്ചും പ്രസക്തമാണത്.

റഫറന്‍സ്

1. ബെന്യാമിന്‍. ആടുജീവിതം. തൃശ്ശൂര്‍: ഗ്രീന്‍ ബുക്സ്, 2015.
2. ആനന്ദ്. ആള്‍ക്കൂട്ടം. കോട്ടയം: ഡി.സി ബുക്സ്, 2006.
3. ശ്രീജന്‍, വി.സി. സിസക്കിന്‍റെ പ്രത്യയശാശ്ത്ര സങ്കല്പം.
4. മരുഭൂമിയുടെ നടുവില്‍ ആടുമാടൊട്ടകങ്ങളെ വളര്‍ത്തുന്ന ഇടം. കൃഷിസ്ഥലം എന്നര്‍ത്ഥത്തിലാണ് ഈ വാക്ക് ഉപയോഗിക്കാറ്.
10. രഞ്ജിനി. എ.എം. ദേശീയതയും സാഹിത്യചരിത്രങ്ങളും. മലയാളം റിസര്‍ച്ച് ജേര്‍ണല്‍. വാല്യം 9, ലക്കം 1. ജനുവരിഏപ്രില്‍ 2016,

വിലാസം

സമീര്‍ കാവാഡ്,
‘ കൊല്ലത്തൊടി ഹൗസ്’,
താഴത്തങ്ങാടി,
അരിക്കോട് പി.ഒ,
മലപ്പുറം ജില്ല.
തപാല്‍ 673639
ഫോണ്‍7907221338
ഇവിലാസം : sameerkavad@gmail.com

 

4 Replies to “ദേശീയതയുടെ സ്വഅപര നിര്‍മിതികള്‍: ‘ആടുജീവിതം’ വായിക്കുമ്പോള്‍

Leave a Reply

Your email address will not be published. Required fields are marked *