2015 March - April ആദര്‍ശം സംസ്കാരം സാമൂഹികം

യൗവ്വന മുന്നേറ്റത്തിന്‍റെ സാമൂഹ്യ ശാസ്ത്രം

ലാറ്റിന്‍ അമേരിക്കന്‍ കവി അല്‍ത്തുരോ കൊര്‍ക്കെറായുടെ ഒരു കവിതയുണ്ട്. കിടപ്പറയിലും കുളിമുറിയിലും വരെ സ്വകാര്യതകള്‍ നഷ്ടപ്പെട്ട് പോയ ക്യാമറ യുഗത്തിന്‍റെ നടുവില്‍ നമ്മള്‍ ആരാണെന്ന തിരിച്ചറിവ് ഇപ്പോഴും നമുക്കായിട്ടില്ല എന്ന് ആ കവിതയിലൂടെ നമുക്ക് മനസ്സിലാവുന്നുണ്ട്. ആട്ടിന്‍കുട്ടിയുടെ മുഖമുള്ള ചെന്നായയോട് ചോദിച്ചു റഡാര്‍ എന്തിനുള്ളതാണെന്ന് നീ കാട്ടിലൊളിക്കുന്പോള്‍/നിന്‍റെ കാല്‍പ്പാടുകള്‍ കണ്ടുപിടിക്കാന്‍/ഇന്‍ഫ്രാറെഡ് കാമറയോ? നിന്‍റെ ഭാണ്ഡത്തിലെ തണുത്ത ഇറച്ചി  മണം കൊണ്ട് കണ്ടുപിടിക്കാന്‍/ ലേസര്‍ രശ്മിയോ/ നിന്നെ വേവിച്ചു തിന്നാന്‍.
ലോകം വിരിച്ചു വെച്ച നിരീക്ഷണ വലയത്തിന് പുറത്ത് കടക്കാനാവാത്ത വിധം സ്വകാര്യതകള്‍ കണ്ടെത്തി വ്യക്തിഹത്യ ചെയ്യുന്ന കാലത്ത് ആരാണ് നമ്മള്‍ എന്ന ചോദ്യം പ്രസക്തമാണ്. കവി പറഞ്ഞ പോലെ നമ്മളെ ചുട്ടുതിന്നാന്‍ വളര്‍ന്നു വലുതായ ഈ നിരീക്ഷണ ലോകം നമ്മെ പലതും പഠിപ്പിക്കുന്നുണ്ട്. സ്വകാര്യതകളില്ലാതെ മനുഷ്യര്‍ സ്വയം വിവസ്ത്രരാകുന്നതും തിന്മകള്‍ ചെയ്യാന്‍ മടിക്കാതിരിക്കുന്നതും ഇങ്ങനെയാണ്. ലജ്ജ പൂര്‍ണ്ണമായും ജീവിതത്തില്‍ നിന്ന് എടുത്തുമാറ്റപ്പെട്ട് എന്തും ഏതു സമയത്തും ചെയ്യാനുള്ള തോന്നല്‍ വളര്‍ത്തിയെടുക്കുന്നതില്‍ അതിരുകടന്ന നിരീക്ഷണം ഒരു ഹേതുവാണ്. മനുഷ്യരില്‍ കുടികൊള്ളുന്ന അസാന്മാര്‍ഗിക വാസനകളെ സ്വയം ഉത്തേജിപ്പിക്കാന്‍ ഈ സമൂഹവും ഭാഗഭാക്കാവുന്നുണ്ട്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും തിന്മകള്‍ക്ക് പ്രേരണ നല്‍കുന്നത് അവന്‍ ജീവിക്കുന്ന സാമൂഹികാന്തരീക്ഷമാണ്. “”ശുദ്ധ പ്രകൃതിയിലാണ് കുഞ്ഞുങ്ങള്‍ പ്രസവിക്കുന്നതെന്നും അവരെ ക്രിസ്ത്യാനികളും തിയ്യാരാധകരും ബഹുദൈവാരാധകരുമാക്കുന്നത് മാതാപിതാക്കളാണ്”(ബുഖാരി) എന്ന പ്രവാചക വചനം ഈ ആശയത്തിന് പിന്‍ബലമാകുന്നുണ്ട്.
സാമൂഹിക പരിസ്ഥിതി നെയ്തു വെച്ച ഭീകരമായ വലയില്‍ അകപ്പെടുന്ന യുവത്വം അതിനെ കുറിച്ച് ഒട്ടും ബോധവാന്മാരല്ല. അകപ്പെട്ട അന്ധതകളില്‍ നിന്ന് തിരിച്ചുവരണമെങ്കില്‍ ഉണ്ടാവേണ്ട തിരച്ചറിവ് പോലും യുവത്വത്തിന് ലഭിക്കുന്നില്ല. കൂടുതല്‍ പരിഷ്കൃതരായി എന്ന് മേനി നടിക്കുകയും സാംസ്കാരികമായി തകരുന്നത് കാണാതിരിക്കുകയും ചെയ്യുന്നു എന്നത് കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്കാണ് കൊണ്ടുപോകുന്നത്. സ്നേഹത്തിന്‍റെ പ്രയോഗ്താക്കളായി വിലയിരുത്തപ്പെട്ട മതങ്ങളെപ്പോലും തെറ്റായി ഗണിക്കാനും ദൈവ നിഷേധം വളര്‍ത്തിയെടുക്കാനും നമ്മള്‍ സ്വയം അദ്ധ്വാനിക്കുന്നു എന്നാണ് ഇപ്പോള്‍ പറയേണ്ടത്. കാലുഷ്യവും സ്നേഹവും തമ്മിലെ പോരാട്ടം കൂടുതല്‍ ജാഗ്രതയോടെ കളം നിറഞ്ഞു നിന്നു എന്നു വേണം പറയാന്‍. അഥവാ ദുര്‍മാര്‍ഗിയായ പിശാചും ദൈവദൂതരായ ആദം നബി(അ)യും തമ്മില്‍ നടന്ന സത്യവും അസത്യവും തമ്മിലെ പോരാട്ടം, സ്നേഹവും കാലുഷ്യവും തമ്മിലെ കൊന്പു കോര്‍ക്കല്‍; കാലന്തരങ്ങളില്‍ പെട്ട് നിഷ്പ്രഭമാവുന്നതല്ലല്ലോ പിശാചിന്‍റെ ദുര്‍ബോധനം. പ്രാവചകാനുയായികളെ കണക്കിന് പരീക്ഷിക്കാനും ചിലരെ തോല്‍പ്പിക്കാനും പിശാച് ശ്രമിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതിന്‍റെ സന്പൂര്‍ത്തീകരണമാണ് ഈ അന്ത്യയുഗത്തില്‍ നാം ദര്‍ശിക്കുന്നത്.
പരസ്പരം കലാപങ്ങളുണ്ടാക്കി രക്തപങ്കിലമായ തെരുവുകള്‍ സൃഷ്ടിച്ച് സമൂഹത്തെയും കുടുംബത്തെയും സന്പൂര്‍ണ്ണമായി മറന്ന് അരാഷ്ട്രീയതയുടെ നിഴലില്‍ ജീവിക്കുകയാണ് യുവത്വം. കുടുംബം മുതല്‍ രാഷ്ട്രം വരെ നീണ്ടുനില്‍ക്കുന്ന സാമൂഹിക ചങ്ങലകളില്‍ ഒന്നും അത്രമാത്രം സുഖകരമല്ലാത്ത വരവാണറിയിക്കുന്നത്. മാതാപിതാക്കളെ കൊന്നുതള്ളുന്നവരും വൃദ്ധസദനങ്ങളില്‍ പാര്‍ക്കുന്നവരും ദയാവധം നടത്തി സ്വയം സംതൃപ്തരാവുന്നവരുമെല്ലാം വിളിച്ച് പറയുന്നത് സ്നേഹം നശിച്ച ലോകത്തെക്കുറിച്ചാണ്. സുഖലോലുപത മനുഷ്യനെ പാടെ വിഴുങ്ങിയിരിക്കുന്നു. കഷ്ടപ്പാടുകളെ ക്ഷമയോടെ നിയന്ത്രിക്കാനോ യുക്തിയോടെ സമീപിക്കാനോ സുഖലോലുപത മനുഷ്യനെ അനുവദിക്കുന്നില്ല. അങ്ങനെയാണ് കൊലയാളികളുടെയും മോഷ്ടാക്കളുടെയും ലോകം അനാവൃതമാകുന്നത്. തന്‍റെ ഇംഗിതങ്ങള്‍ക്ക് കീഴ്പ്പെടാത്തവരെ അരും കൊല നടത്തുകയോ ചുരുങ്ങിയത് മാനസിക പീഢനങ്ങളേല്‍പിച്ച തടവറ നല്‍കുകയെങ്കിലും ചെയ്യാതിരിക്കാന്‍ ആധുനിക മനുഷ്യനാവില്ല. മദ്യവും ലഹരിയും നല്‍കുന്ന അതിരുവിട്ട ആസക്തി അവനെ മൃഗതുല്യനാക്കുന്നു. നൊന്തുപെറ്റ അമ്മയും കൂടപിറപ്പായ സഹോദരിയും അവരുടെ കിരാതവികരാങ്ങള്‍ക്ക് കീഴില്‍ ലജ്ജിച്ച് പോകുന്നു. മതിവരാത്തവന്‍ മൃഗങ്ങളെപ്പോലും ബലാത്കാരമായി ഉപയോഗപ്പെടുത്തുന്നു. മക്കളും കുടുംബവും നാണക്കേടിന്‍റെ മറക്കുട ചൂടി നടക്കാന്‍ വിധിക്കപ്പെടുന്നു. സ്നേഹവും സമാധാനവും നഷ്ടപ്പെട്ട കുടുംബാന്തരിക്ഷം വിചാരപ്പെടുന്നത് ചരിത്രപരമായ ബദലിന്‍റെ പ്രസക്തിയാണ്.
സാമൂഹിക ബോധം പൂര്‍ണ്ണമായും നിരാകരിച്ച ആര്‍ഭാടങ്ങളുടെയും ധൂര്‍ത്തിന്‍റെയും വഴി തേടി ഉലകം ചുറ്റുന്നവര്‍ക്ക് സമൂഹത്തോട് അല്‍പം പോലും നീതി പുലര്‍ത്താനാവില്ല. രക്തരൂക്ഷിതമായ രാഷ്ട്രീയ പരിസരവും അധികാര മോഹത്തിന്‍റെ നേതൃവലയവും സ്വാര്‍ത്ഥതയുടെ സവര്‍ണ്ണ ഭൂമികയിലേക്ക് ആനയിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകള്‍ പോലും എത്രമാത്രം കീഴാളന്‍മാരെയും അവര്‍ണ്ണരെയും പരിഗണിക്കുന്നു എന്ന വിലയിരുത്തല്‍ സ്വാര്‍ത്ഥതയുടേയും ധാരാളിത്തത്തിന്‍റെയും വഴികളെ കൂടുതല്‍ ബോധ്യപ്പെടുത്തിത്തരും. ഇവിടെ യുവത്വത്തിന് കൃത്യമായ ദൗത്യം നിര്‍വ്വഹിക്കാനുണ്ട്. വിശ്വാസത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും മാര്‍ഗ്ഗം സ്വീകരിച്ച് അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ യുവത്വത്തിന് കഴിയും. വഴിവിട്ട സമരങ്ങളും നിരര്‍ത്ഥകമായ ചലനങ്ങളും പൊളിച്ചെഴുതി സാര്‍ത്ഥമായ മുന്നേറ്റത്തിന് കൊടിപിടിക്കാന്‍ അവര്‍ക്ക് മാത്രമേ സാധിക്കൂ.
യുവത്വം ചരിത്രത്തില്‍ ഒട്ടേറെ പരാമര്‍ശിക്കപ്പെട്ടതാണ്. വിശ്വാസികള്‍ക്കിടയിലെ ധീരന്മാരായ ഗുഹാവാസികളെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രവാചക ചരിത്രത്തില്‍ സുധീരം സമരക്കോട്ടകള്‍ പൊളിച്ചടക്കിയത് യുവത്വം തുളുന്പുന്ന അനുചരന്മാരായിരുന്നു. ഖൈബര്‍ കോട്ടയുടെ വാതില്‍ ആഞ്ഞുവലിച്ച് കയ്യില്‍ പരിചയായിപ്പിടിച്ച് യുദ്ധഭൂമിയില്‍ നേതൃത്വം വഹിച്ച അലി(റ) ആരോഗ്യ ദൃഢഗാത്രനായ യുവാവായിരുന്നു. വിശ്വാസവും ആത്മശുദ്ധിയും കൈവന്നവര്‍ക്കുള്ളതാണ് അര്‍പ്പണത്തിന്‍റെ വഴികള്‍. അല്ലാഹുവിലും പ്രവാചകരിലും വിശ്വാസി ലോകത്തിലും സര്‍വ്വതുമര്‍പ്പിച്ചാണ് ബദ്റും ഉഹ്ദും ചരിത്രവിജയമാക്കിയത്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും ജീവിതം മുഴുവന്‍ തഖ്വയിലായി വര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് സാമൂഹിക സമുദ്ധാരണത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കാം. തന്‍റെ ആയുഷ്കാലം മുഴുവന്‍ തനിക്കു ചുറ്റുമുള്ളവര്‍ക്ക് പ്രകാശം പകരാന്‍ ഉപയോഗപ്പെടുത്തിയാല്‍ അതുതന്നെയാണ് സാര്‍ത്ഥക മുന്നേറ്റത്തിന്‍റെ പാത. സര്‍വ്വവും ത്യജിച്ച് ജീവിതം സമൂഹത്തിന് പകുത്ത് നല്‍കാന്‍ നമ്മള്‍ക്കാകണം.
പീഢനങ്ങളുടെ ഉള്‍ക്കടലുകള്‍ കടന്ന് വിശുദ്ധരായ സ്വഹാബികള്‍ ഇറങ്ങി പുറപ്പെട്ട ഹിജ്റ മതചരിത്രത്തിലെ വിഖ്യാത അദ്ധ്യായമാണ്. അതിനു പിന്നിലെ പ്രേരണ ഒന്നു മാത്രം. അല്ലാഹു, പ്രവാചകന്‍, മുസ്ലിം, സമൂഹം. ഈ ഉമ്മത്തിന്‍റെ രക്ഷക്കും മുക്തിക്കും വേണ്ടി സര്‍വ്വമനസ്സാ അവരുടെ ജീവിതം നല്‍കിയെന്നാണ് ഹിജ്റയുടെ മഹാത്മ്യം. ഇസ്ലാം പ്രചരണ ചരിത്രത്തില്‍ മുഴുവന്‍ ഇറങ്ങിപുറപ്പെടലിന്‍റെയും സാര്‍ത്ഥകമായ മുന്നേറ്റത്തിന്‍റെയും നീണ്ട ഉദാഹരണങ്ങള്‍ കാണാം. ലോകത്തിന്‍റെ വിവിധ ദിക്കുകളിലേക്ക് പ്രചരണാര്‍ത്ഥം പുറപ്പെട്ട അനുചരവൃന്ദം എത്രമാത്രം ത്യാഗമാണ് സഹിച്ചത്. പെറ്റു വീണ നാടും വീടും ഉപേക്ഷിച്ച് അവര്‍ സഞ്ചാരികളായത് വിശുദ്ധമതത്തിന്‍റെ മാധുര്യം അറിയാതെ പോയ സമൂഹത്തിന് രക്ഷകരാവാനാണ്. ഖാജാ തങ്ങളുടെ പ്രബോധക ജീവിതം നല്‍കുന്ന സമര്‍പ്പണ ബോധം വിശ്വാസികള്‍ക്ക് മാതൃകയാണ്. ജീവിതം സുന്ദരമായ മതമൂല്യങ്ങളുടെ ഭംഗി പ്രകടമാകും വിധം ക്രമീകരിക്കുക എന്നത് അല്ലാഹുവിന് കീഴ്പ്പെടുന്നതോടൊപ്പം സമൂഹത്തെ സമുദ്ധരിക്കല്‍ കൂടിയാണ്. കലാപങ്ങളും അക്രമങ്ങളും കൂടി നിയന്ത്രണം തെറ്റുന്ന വഴിവിട്ട സഞ്ചാരങ്ങളെ മുന്നേറ്റങ്ങളെന്ന് വിശേഷിപ്പിക്കുന്നതിന് സ്വയം ജീവിതം ക്രിയാത്മകമായ വ്യവഹാരങ്ങളാല്‍ സമൃദ്ധമാക്കി നാളെയുടെ ശോഭന ഭാവിക്കു വേണ്ടി ഒന്നായി ഒരുമിച്ചിരിക്കണം.
തിന്മയുടെ മാറാല കെട്ടിയ മനസ്സകം കണ്ണാടിക്കു മുന്നില്‍ തുറന്നുവെക്കണം. നമ്മുടെ അകങ്ങളില്‍ കുമിഞ്ഞുകൂടിയ അഹന്തയുടേയും അധികാര മോഹത്തിന്‍റെയും പൊങ്ങച്ചത്തിന്‍റെയും ചളിയും ചേറും വലിച്ചെറിഞ്ഞ് ശുദ്ധമായ മനസ്സ് കഴുകിയെടുക്കുക. ഇടപെടലിന് വിശാലം സൃഷ്ടിക്കുന്ന വിദ്വേഷത്തിന്‍റെ കുരുടന്‍ പാന്പുകളെ അറുത്തെറിയുക. അപ്പോള്‍ സാമൂഹിക ബോധം നമ്മില്‍ മുനിഞ്ഞു കത്തും. കൂടെയിരിക്കുന്ന സഹപാഠിയെ ചോരയുള്ള കണ്ണ് കൊണ്ട് കാണാനാകും. വീടകങ്ങളില്‍ വേദനപേറി എരിഞ്ഞ് തീരുന്ന സഹോദരികളെ അലിവോടെ സമീപിക്കാനാകും. പൊട്ടിത്തെറിക്കുന്ന അയല്‍വാസിയോടും തോന്നിവാസം പറയുന്ന കുടുംബക്കാരോടും നല്ലവാക്ക് പറയാന്‍ കഴിയും. തിന്‍മയുടെ ഇരുണ്ട പുകയില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതെയാകുന്ന അനേകായിരം കൂട്ടുകാരെ കൂടെ കൂട്ടാനാകും. പ്രവാചകരുടെ ജീവിതം , ദര്‍ശനം, അവനില്‍ പ്രകാശിപ്പിക്കാന്‍ സാധിക്കും. അങ്ങനെ അങ്ങനെ ഒരായിരം സമര്‍പ്പിതരുടെ ലക്ഷ്യ ബോധവും കൃത്യതയുമുള്ള സാര്‍ത്ഥകമുന്നേറ്റം സധ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *