മനുഷ്യ സൃഷ്ടിപ്പിന് പരമമായൊരു ലക്ഷ്യമുണ്ട്. സര്‍വ്വ ശക്തനും സര്‍വ്വ ജ്ഞാനിയുമായ രക്ഷിതാവിന് വിധേയപ്പെട്ട് ജീവിക്കാനാണ് മനുഷ്യവര്‍ഗത്തിനോട് സ്രഷ്ടാവ് കല്പിക്കുന്നത്. മനുഷ്യന് ആവശ്യമായതെല്ലാം പ്രപഞ്ചത്തില്‍ അല്ലാഹു സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, വാഹനം, പാര്‍പ്പിടം തുടങ്ങി മനുഷ്യ ജീവിതത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ദൈവം പ്രപഞ്ചത്തില്‍ രൂപ കല്പന ചെയ്തു. ശേഷം, തങ്ങളെ സൃഷ്ടിച്ചയച്ച് ഭക്ഷണ പാനീയം നല്കി പരിപാലിക്കുന്ന രക്ഷിതാവ് അവന് അധീനപ്പെട്ട് ജീവിക്കാന്‍ മനുഷ്യ വര്‍ഗ്ഗത്തോട് ആജ്ഞാപിക്കുന്നു. എന്നാല്‍ സ്രഷ്ടാവിന്റെ കല്പനകള്ക്ക് ചെവി കൊടുക്കാതെ ജീവിതം സുഖസൗകര്യങ്ങളില്‍ അഭിരമിക്കുന്ന പുതുലോകത്തിന്റെ സഞ്ചാരം ധാരാളം പാഠങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്.
പ്രകൃതിയുടെ താളം തെറ്റിയുള്ള സഞ്ചാരം മനുഷ്യ വര്‍ഗ്ഗം ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രകൃതി ദുരന്തങ്ങളും അഗ്നിപര്‍വത സ്ഫോടനങ്ങളും ഭൂകമ്പവും പ്രളയവുമെല്ലാം വായിച്ചു തള്ളാനോ ചര്‍ച്ച ചെയ്യാനുള്ളതോ അല്ല. മറിച്ച്, ഓരോ ദുരന്തവും മനുഷ്യകുലത്തിനുള്ള ശിക്ഷയായിട്ടാണ് വിശ്വാസികള്‍ മനസ്സിലാക്കേണ്ടത്. മനുഷ്യകുലത്തിന്റെ ചെയ്തികള്‍ കാരണമായിട്ടാണ് കരയിലും കടലിലും നാശം വെളിവായിരിക്കുന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു.(റൂം 41)
ഓരോ ദുരന്തവും മനുഷ്യന്റെ നിസ്സഹായതയെ നമുക്ക് ബോധ്യപ്പെടുത്തിതരുന്നു. പാശ്ചാത്യന്‍ ചിന്തകരും ശാസ്ത്രീയ ലോകവും മതേതര വാദികളുമെല്ലാം സാങ്കേതിക വിദ്യയുടെയും ശാസ്ത്രത്തിന്റെയും സഹായത്തോടെ പ്രപഞ്ചം നമുക്ക് കീഴടക്കാന്‍ സാധിക്കും എന്ന് വാദിച്ചിരുന്നു. എന്നാല്‍, ഭൂമിയുടെ ഒരു നിമിഷത്തെ വിറയലില്‍ ആയിരക്കണക്കിന് ജീവനുകളാണ് പൊലിയുന്നത്. പ്രകൃതിക്ഷോഭങ്ങളും അതിനുള്ള കാരണങ്ങളും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിഞ്ഞിട്ട് പോലും പ്രതിരോധിക്കാന്‍ കഴിയാതെ നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ ശാസ്ത്രത്തിനും സാങ്കേതിക വിദ്യകള്‍ക്കും കഴിഞ്ഞൊള്ളൂ.
പ്രകൃതിദുരന്തങ്ങള്‍ ലോകത്തിന്റെ നശ്വരതയെയാണ് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നത്. പരസ്പരം പോരടിക്കാനും അഹങ്കരിക്കാനും മേനിനടിക്കാനും പോന്ന ഒരു സുദീര്‍ഘ ജീവിതം ഈ ലോകത്തില്ല. സ്വന്തം വീട്ടില്‍ സുരക്ഷിതമാണെന്ന് കരുതുന്ന ഏതൊരു മനുഷ്യനും പ്രകൃതി ഒന്ന് ക്ഷോഭിച്ചാല്‍ ഇല്ലാതായേക്കാം. മനുഷ്യന് കെട്ടിപ്പൊക്കുന്ന അഹന്തയുടെ അംബരചുംബികളെല്ലാം നിമിഷങ്ങള്‍ കൊണ്ട് നിലംപൊത്തുകയാണ്. ഭൂചലനമുണ്ടായ നേപ്പാളിലെ ജനങ്ങള്‍ ആകാശത്തെ മേല്‍ക്കൂരയാക്കിയാണ് അന്തിയുറങ്ങിയത്. തങ്ങള്‍ നിര്‍മ്മിച്ച ബഹുനില കെട്ടിടങ്ങളെ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല. റിക്ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയ നേപ്പാളിലെ ഭൂകമ്പം വളരെ ഗൗരവത്തോടെയാണ് ഭൗമശാസ്ത്രജ്ഞര്‍ വീക്ഷിക്കുന്നത്. നേപ്പാളിലെ ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി മനുഷ്യനെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ മാത്രം പോന്നതാണ്.
ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഗുണപാഠമുള്ക്കൊള്ളാത്തവര് നിര്‍ഭാഗ്യരാണ്. ഇത് കേവലം പ്രകൃതിയുടെ താളംമറിച്ചിലാണെന്ന് കരുതി കണ്ണടച്ചിരിക്കാന്‍ വിശ്വാസിക്കാവില്ല. പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളും അല്ലാഹുവിന്റെ ശക്തിയിലും നിയന്ത്രണത്തിലുമാണ്. അവന്റെ ഇച്ഛയില്ലാതെ പ്രപഞ്ചത്തില്‍ ഒന്നും നടക്കുകയില്ല. അല്ലാഹുവിന്റെ അടുക്കലാകുന്നു അദൃശ്യ കാര്യങ്ങളുടെ ഖജനാവുകള്‍, അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലുമുള്ളത് അവന് അറിയുന്നു. അവനറിയാതെ ഒരു ഇലപോലും വീഴുന്നില്ല. ഭൂമിയുടെ ഇരുട്ടുകള്ക്കുള്ളിരിക്കുന്ന ഒരു ധാന്യമണിയാവട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല (അല്‍ ആന്‍ആം 59). പ്രപഞ്ചം അതിന്റെ ഇഷ്ടത്തിന് സ്വയം ചലിക്കുകയില്ല. അല്ലാഹുവാണതിനെ ചലിപ്പിക്കുന്നത്. അവന്റെ ഇച്ഛകള്‍ക്കും വിധികള്ക്കുമനുസരിച്ചാണ് പ്രപഞ്ച പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നത്. “തീര്‍ച്ചയായും ഏതൊരു വസ്തുവിനെയും നാം സൃഷ്ടിച്ചിരിക്കുന്നത് വ്യവസ്ഥാപിതമായിട്ടാകുന്നു” (അല്‍ ഖമര്‍. 49). നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നതും ഗോളങ്ങളുടെ ചലനശ്രമവും പ്രപഞ്ചത്തിലെ അറ്റങ്ങളുടെ വളര്‍ച്ചയുമെല്ലാം സ്രഷ്ടാവിന്റെ ഇച്ഛക്കും വിധിക്കനുസരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഓരോ അത്യാഹിതങ്ങളും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാനുള്ള മാര്‍ഗ്ഗമായി മനസ്സിലാക്കണം. പ്രകൃതിയുടെ ദിശമാറിയുള്ള സഞ്ചാരം നാം ഓരോരുത്തരും വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്. ഒരു ഭാഗത്ത് പെയ്തൊഴിയാത്ത മഴയില്‍ പ്രളയഭാരം പേറി ജീവിക്കുന്നവര്‍, ഒരിറ്റു ദാഹജലത്തിനായി നെട്ടോട്ടമോടുന്നവര്‍ മറു ഭാഗത്ത്. മഴ ലഭിച്ചിട്ടും ഒരിറ്റു ശുദ്ധജലം ലഭിക്കാതെ വലയുന്നവര്‍ വേറെയും. “നബിയേ ചോദിക്കുക, നിങ്ങള്‍ക്കു ലഭ്യമായിക്കൊണ്ടിരിക്കുന്ന വെള്ളം താഴേക്ക് ഉള്‍വലിഞ്ഞാല്‍ നിങ്ങള്ക്കാര് ശുദ്ധജലം തരും?” (മുല്‍ക്ക് 30) എന്ന ഖുര്‍ആനിക വാക്യം നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. വരള്‍ച്ചകളും പ്രളയങ്ങളുമെല്ലാം ആവര്‍ത്തിക്കപ്പെടുമ്പോള്‍ പാഠമുള്ക്കൊള്ളാതിരിക്കുന്നവരാണ് ഏറ്റവും വലിയ ദൗര്ഭാഗ്യവാന്. ജലക്ഷാമം രൂക്ഷമായപ്പോള്‍ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും തേട്ടങ്ങളും കുറവായിരുന്നില്ല. എന്നാല്‍, മനുഷ്യന് കെഞ്ചിയതിനേക്കാളുപരി ഭൂലോകത്തെ മിണ്ടാപ്രാണികളെയും പിഞ്ചുകുഞ്ഞുങ്ങളെയോര്ത്തുമാണ് സ്രഷ്ടാവ് മഴ വര്‍ഷിപ്പിച്ചത്. ഒരു ദിവസം മേഘം കറുത്തപ്പോഴേക്ക് നമ്മുടെ പ്രാര്‍ത്ഥനയും നിഷ്കളങ്കതയുമെല്ലാം നിലച്ചു. മനുഷ്യര്‍ പഴയ തെമ്മാടിത്തരത്തിലേക്ക് തന്നെ തിരിച്ചുപോയി. പിന്നെ എങ്ങിനെയാണ് പ്രകൃതിദുരന്തങ്ങളും അത്യാഹിതങ്ങളും സംഭവിക്കാതിരിക്കുക. നാം അനുഭവിക്കുന്ന ഔദാര്യങ്ങള്‍ക്ക് നന്ദിചെയ്തേ മതിയാകൂ.
പ്രവാചകനായ മൂസാ നബി(അ)മിന്റെ കാലത്ത് ശക്തമായൊരു വരള്‍ച്ച അനുഭവപ്പെട്ടു. ജനം മൂസാനബി(അ)യുടെ അരികിലെത്തി മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. മൂസാനബി(അ) മഴക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ഒരിറ്റു മഴപോലും പെയ്തില്ല. മൂന്ന് പ്രാവശ്യം സ്രഷ്ടാവിനോട് മഴയെ തേടിയെങ്കിലും ഫലം നിരാശയായിരുന്നു. തുടര്‍ന്ന് മൂസാ നബി(അ)ന് ലഭിച്ച ദിവ്യബോധനം ജനങ്ങളോട് പാപമോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്നായിരുന്നു. വന്‍ പാപങ്ങള്‍ ചെയ്യുന്ന ആളുകള്‍ ആ സമുദായത്തില്‍ ഉള്ള കാരണത്താല്‍ അവര്‍ക്ക് മഴയെ തടയപ്പെട്ടു. മൂസാ നബി(അ)ന്റെ കല്പന പ്രകാരം അവര്‍ തൗബചെയ്തപ്പോള് സ്രഷ്ടാവിന്റെ അനുഗ്രഹം അവര്‍ക്ക് മഴയായി വര്‍ഷിച്ചു. ഈ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നത് ദുര്‍നടപ്പും തെമ്മാടിത്തരങ്ങളും മനുഷ്യസമൂഹത്തെ ഒന്നടങ്കം നശിപ്പിക്കുന്നതിന് കാരണമായേക്കാമെന്നാണ്.
സ്രഷടാവിന്റെ കല്പനക്ക് ചെവികൊടുക്കാതെ പിശാചിന്റെ കയ്യും പിടിച്ചുള്ള യാത്ര ഇനിയും നാം തുടരരുത്. “ഓ സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിലേക്ക് നിഷ്കളങ്കമായി പശ്ചാത്തപിച്ച് മടങ്ങുക” എന്ന ഖുര്‍ആനിക വാക്യം ദുര്‍ചെയ്തികള്‍ക്ക് വിരാമമിട്ട് സന്തുഷ്ടമായ ജീവിതം നയിക്കാനാണ് പ്രേരിപ്പിക്കുന്നത്. തെറ്റുകള്‍ ധാരാളമായി പൊറുത്ത് തരുന്നവനാണ് സൃഷ്ടാവ്. പിശാചിന്റെ ദുഷ്ചെയ്തികളെ നിരാകരിച്ച് ആത്മീയതയുടെ വഴി വെട്ടിത്തുറന്നാല്‍ ഇരുലോകത്തിലെയും പ്രയാസങ്ങളില്‍ നിന്ന് നമുക്ക് മുക്തിനേടാനാകും.
നശ്വരമായ ഭൂമിയില്‍ അഹങ്കരിച്ചവരും ധിക്കാരം നടിച്ചവരൊന്നും ഒന്നും നേടിയിട്ടില്ല. അവര്‍ക്ക് പിശാചിന്റെ കൂടെ ചൂടേറിയ ശിക്ഷ നരകത്തില്‍ തയ്യാര്‍ ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വേണ്ടുവോളം കൈപറ്റി അവന് ധിക്കാരംകാണിച്ചാല് കഠിനമായ നരക ശിക്ഷയാണ് പരലോകത്ത് ഒരുക്കിവെച്ചിരിക്കുന്നത്. ദുന്‍യാവിനോടുള്ള അതിഭ്രമത്തില് ഒന്ന് ജീവിക്കാന്‍ പോലും മറന്ന് പോവുന്നവര്‍ ധാരാളമാണിന്ന്. മനസ്സമാധാനത്തിനും സമ്പത്തിനുംവേണ്ടി മനുഷ്യന് വെഗ്രത കാണിച്ച് കൊണ്ടിരിക്കുകയാണിന്ന്. നബി(സ്വ) ഒരിക്കല്‍ പറഞ്ഞു:`സമ്പത്തിന്റെ ആധിക്യമല്ല യഥാര്‍ത്ഥ ഐശ്വര്യം. മറിച്ച് മനസ്സിന്റെ നിറവാണ് ഐശ്വര്യം.
പ്രളയവും കൊടുങ്കാറ്റും ഭൂകമ്പവുമെല്ലാം ഒരു പരിധിവരെ മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളാണ്. മനുഷ്യന് പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് അവന് അനുഭവിക്കുന്നത്. അത് കൊണ്ട്തന്നെ ഓരോ പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളുകയും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങാനുള്ള അവസരമായി എടുക്കുകയും വേണം. വിശ്വാസികള്‍ ദുരന്തങ്ങളെ ഇങ്ങിനെയാണ് മനസ്സിലാക്കേണ്ടത്.