മാപ്പിളപ്പാട്ട് ഒരു പാട്ട് എന്നതോടൊപ്പം തന്നെ ജനങ്ങളുമായി ഏറ്റവും അടുത്തു സംവദിക്കാന്‍ കഴിയുന്ന ഒരു സാഹിത്യ ശാഖകൂടിയാണ്. പ്രമേയ സ്വീകരണത്തിനും അവതരിപ്പിക്കുമ്പോഴുള്ള ഭാവത്തിനും വലിയ പ്രാധാന്യം അതു കൊണ്ടു തന്നെ ഈ പാട്ടുകള്‍ക്കുണ്ട്. ഇതു സംബന്ധിച്ച് ഗൗരവമായി പഠനം നടത്തുന്ന ഏതൊരാള്‍ക്കും ഇക്കാര്യം അറിയാനാകും. രണ്ടു ഭാവങ്ങളെ വികാര സാന്ദ്രമായി അവതരിപ്പിക്കാന്‍ മാപ്പിളപ്പാട്ടുകള്‍ ഏറെ അനുയോജ്യമാണെന്നത് പലരും അഭിപ്രായപ്പെടുന്നതും അത്കൊണ്ടാണ്. പ്രണയവും ഭക്തിയുമാണത്. കാലത്തെ അതിജീവിക്കുന്ന ഏത്രയോ പ്രണയഗാനങ്ങള്‍ ഇന്നും സാധാരണക്കാരുടെ ചുണ്ടുകളില്‍ സജീവമാകുന്നതും യാദൃശ്ചികമല്ല.
മാപ്പിളപ്പാട്ടുകളുടെ ആദ്യകാലം മുതല്‍ ഭക്തി അതില്‍ വിഷയമായിട്ടുണ്ട്. കണ്ടെടുക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ആദ്യത്തേതായ മുഹിയുദ്ധീന് മാലയിലെ ഇതിവൃത്തം പ്രധാനമായും ദൈവമോ പ്രവാചകനോ അല്ലെങ്കിലും അതൊരു പ്രകീര്‍ത്തന കാവ്യതന്നെ, ഇത് ആരംഭിക്കുന്നതു ഭക്തിയോടെയാണ്. ദൈവത്തെ സ്തുദിച്ചും പ്രകീര്‍ത്തിച്ചും തുടങ്ങി ഒരു മഹാപുരുഷന്റെ വീരഭക്ത കഥകളിലേക്കു കടക്കുന്നു അത്.
പിന്നീട് വന്ന ശ്രദ്ധേയമായ കൃതി കുഞ്ഞായിന്‍ മുസ്ലിയാരുടെ കപ്പപ്പാട്ടാണ്. മനുഷ്യ ജീവിതത്തെ കപ്പലിനോട് ഉപമിക്കുന്ന ഈ കൃതി ദൈവത്തിലേക്കും പുണ്യകര്മ്മങ്ങളിലേക്കുമാണ് വഴി കാണിക്കുന്നതാണ്.
മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ പ്രധാന കൃതികളെല്ലാം ആരംഭിക്കുന്നത് പ്രാര്‍ത്ഥനാ ഗാനങ്ങളോടെയാണ്. ബദര്‍പ്പാട്ടിലെ ആദ്യ ഇശലായ ‘അഹദത്തിലെ അലിഫ്ലാം’, ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാലിലെ ‘യവര്‍ തുണയും തന്തങ്ങള്‍ റഹ്മാനെ’, ‘ഹിജ്റ’യിലെ ‘ആദീ അഹദത്ത് ബഹാഉസനാ’ എന്നിവ ഉദാഹരണമാണ്.
അദ്ദേഹത്തിന്റെ പല സൃഷ്ടികളിലും കഥാ സന്ദര്‍ഭത്തിനനുസരിച്ച് വേറെയും ഭക്തിഗാനങ്ങള്‍ കാണാം. വൈദ്യരുടെ കാലഘട്ടത്തിലോ അതുനു ശേഷമോ എഴുതപ്പെട്ട പാരമ്പര്യ ശൈലിയിലുള്ള പല പാട്ടുകൃതികളിലും ഒട്ടനവധി പ്രാര്‍ത്ഥനാ ഗാനങ്ങള്‍ നമുക്കുകാണാം. ഒരു മുസ്ലിമിന്റെ ജീവിതം തന്നെ കെട്ടിപ്പടുക്കുന്നത് ഭക്തിയിലാണല്ലോ. അതിനാല്‍ തന്നെ അവരുമായി ബന്ധപ്പെട്ട കലാരൂപങ്ങളിലും ഭക്തി കടന്നു വരുന്നത് സ്വഭാവികം.
ശുദ്ധമലയാളത്തില്‍ പാട്ടുകളെഴുതുന്നവരില് ശ്രദ്ധേയനായ യു.കെ അബൂ സഹ്ലയുടെ
‘മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ കൂട്ടമെന്നോണം വിണ്ണിലിരുന്നു വികൃതികളിക്കും താരങ്ങള്‍’ എന്ന ഗാനം വളരെ പ്രസിദ്ധമാണ്. ദൈവത്തിന്റെ അസ്തിത്വവും അല്ലാഹു സൃഷ്ടിച്ച പ്രകൃതിയുടെ മനോഹാരിതയുമാണ് ഇതിന്റെ ഉള്ളടക്കം.
സാധാരണക്കാരുടെ ഇഷ്ടഗായകന് എ.വി മുഹമ്മദ് പാടിയ ‘ബിസ്മിയും ഹംദും സ്വലാത്തും വിണ്ടതിയില് പിന്നെ’, അദ്ദേഹത്തിന്റെ തന്നെ ‘പരന് വിധിച്ചുമ്മാവിട്ട് ചൊങ്കില് നടക്കുന്ന’ എന്ന പാട്ടുകളും സൂക്ഷമ ജീവിതത്തെ ഭക്തിയിലേക്കു നയിക്കപ്പെടുന്നതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു.
ഏതു തരത്തിലുള്ള പാട്ടുകളുടെ ചര്‍ച്ചയിലും ഒഴിവാക്കാനാവാത്ത എഴുത്തുകാരനാണ് പി.ടി അബ്ദുറഹിമാന്. അദ്ദേഹത്തിന്റെ ‘മിഅ്രാജ് രാവിലെ കാറ്റേ’ ഖല്ലാക്കായുള്ളോനേ, മസ്ജിദുല്‍ ഹറാം കാണാന്‍ ഉയരുന്ന ഫജ്റ് പോലെ, ‘നിസ്കാരപ്പായ നനഞ്ഞു കുതിര്‍ന്നല്ലോ’, ‘പള്ളി മിനാരത്തില്‍’, യാ ഇലാഹി എന്നെ നീ പടച്ചുവല്ലോ’, എന്ന രചനകളെല്ലാം ആസ്വാദകര്‍ ഏറ്റെടുത്തവയാണ്. പി.ടി എന്ന അപാര സിദ്ധിയുള്ള രചയിതാവിലൂടെ കാവ്യാത്മകത തുളുമ്പുന്ന മനോഹരമായ വരികള്‍ പ്രശസ്ത ഗായകരിലൂടെ നാം ആസ്വദിച്ചിട്ടുണ്ട്. രചനാ വഴിയില്‍ സ്വന്തമായ തുടക്കം സൃഷ്ടിച്ച് വേറിട്ട വഴിയില്‍ സഞ്ചരിച്ച എസ്.ജമീലിന്റെ ഭക്തി ഗാനങ്ങള്‍ ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. കത്തു പാട്ടിലൂടെ ലങ്ങളുടെ മനസ്സില്‍ കുടിയേറിയ അദ്ദേഹം എഴുതിയ ഭക്തി ഗാനങ്ങള്‍ക്കും ഒരു ജമീല്‍ ടച്ചുണ്ട്.
‘ഞാനൊരു ഗായകനല്ല
ഒരേ ഒരു ഗായകന്
അവനാണള്ളാ’
പ്രപഞ്ച സൃഷ്ടാവായ നാഥനെ ഇതിനേക്കാള്‍ മനോഹരമായി അവതരിപ്പിച്ചവരില്ല എന്നു തന്നെ പറയാം. ഏറെ വിവാദങ്ങളുണ്ടാക്കിയ ജമീലിന്റെ മറ്റൊരു ഗാനമാണ്
‘അഖിലാണ്ഡ നാഥനാല്ലാഹു
എന്നു ആത്മാവില്‍ വിശ്വസിപ്പോരേ,
നിങ്ങള്‍ക്കൊരല്ലാഹു പോരേ’
എന്ന ഗാനം എഴുതുന്ന ഏത് സൃഷ്ടിയിലും അതിന്റെ പരമോന്നത തലത്തിലേക്കുയരുന്ന ഒരു ശൈലി ഈ രചനക്കുണ്ടായത് സ്വഭാവികം മാത്രം.
പ്രശസ്തരായ കവികളും പാട്ടുകാരും ഭക്തി ഗാനങ്ങളുടെ ഒരു മായാപ്രപഞ്ചം തന്നെ നമുക്കു നല്‍കിയിട്ടുണ്ട്. ബാപ്പു വെള്ളിപറമ്പിന്റെ യേശുദാസ് പാടിയ ‘കരയാനും പറയാനും’, ‘കണ്ണീരില്‍ മുങ്ങി ഞാന്‍’, ‘മൗത്തും ഹയാത്തിനും ഉടമസ്ഥനേ’, ഒ.എം കരുവാരക്കുണ്ടിന്റെ ചിത്ര പാടിയ ‘കരുണക്കടലായ’, യേശുദാസ് പാടിയ ‘ഇഹപരവും നീട്ടി ഞാന്‍’, ‘കരളുരുകി കേഴുന്നേ’, കാനേഷ് പൂനൂര് എഴുതി യേശുദാസ് പാടിയ ‘നീട്ടുന്നീ കൈകള്‍ ഞാന്‍’, വളരെ പ്രസിദ്ധമായ ‘അര്‍ശിന്നും കുര്ശിന്നും’, വി.എം കുട്ടി എഴുതിയ ‘ആലം അടങ്കല്‍’, ബാപ്പു വാവാട് എഴുതിയ ‘എങ്ങു നിന്നു വിളിച്ചാലും’, എം.എ മജീദ് എഴുതി മൂസ എരഞ്ഞോളി പാടിയ ‘സമാനിന് കൂരിരുള്‍’, ഹസന് നെടിയനാടിന്റെ ‘വയലോരത്തൊരു’ തുടങ്ങിയവയെല്ലാം ഈ ഗണത്തില്‍ തന്നെ. പ്രഗത്ഭനായ രചയിതാവായ റഹീം കുറ്റ്യാടിയുടെ ‘വട്ടം കറങ്ങുന്ന ഗോളങ്ങള്‍’ എന്ന ഗാനവും പരാമര്‍ശം അര്‍ഹിക്കുന്നു.
ഒരു ചെറിയ കുറിപ്പില്‍ ഒതുങ്ങുന്നതല്ല ഈ ഭക്തി ഗാനങ്ങളുടെ വിവരണങ്ങള്‍. ഇടക്കാലത്ത് ഗൗരവമല്ലാത്ത രചനകളിലൂടെ ദൃശ്യാവിഷ്കരണം ഈ മേഖലയെ വികൃതമാക്കിയപ്പോഴും ഭക്തി ഗാനങ്ങള്‍ അവിടേയും സ്ഥാനം പിടിച്ചിരുന്നു. പുതിയ കാലത്തെ സാധ്യതകളിലൂടെ ഈ പാട്ടുകള്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു വെന്നാണ് മനസ്സിലാവുന്നത്. അതിനാല്‍ തന്നെ ഭക്തി ഒഴിഞ്ഞുള്ള ഇശലുകളില്ലാതെ മാപ്പിളപ്പാട്ടുകളുണ്ടാവുകയില്ല എന്നു തന്നെ പറയാം.