2016 OCT NOV Hihgligts കാലികം രാഷ്ടീയം വായന സമകാലികം സംസ്കാരം സാമൂഹികം

നിറങ്ങള്‍ ചേര്‍ന്നാല്‍ മഴവില്‍ വിരിയും

എല്‍ പി സ്കൂളില്‍ കൂടെ പഠിച്ചിരുന്ന ഒരു കൂട്ടുകാരനുണ്ട്. ‘അനില്‍ കുമാര്‍ ‘. അധികമാരോടും സംസാരിക്കാതെ അന്തര്‍മുഖനായി നടക്കുന്ന അവന്‍റെ മനസ്സില്‍ നീറുന്ന അനേകം കഥകളുണ്ടായിരുന്നു. ഈ കഥകള്‍ ചികഞ്ഞന്വേഷിച്ച് ത്യാഗമനസ്സോടെ അവനു കൂട്ടിനിരുന്ന ഒരു അധ്യാപകനുണ്ട്. ഞങ്ങളുടെ അറബി സാര്‍, നാട്ടുകാരുടെ കുഞ്ഞിമാസ്റ്റര്‍. ഒരിക്കല്‍ പോലും അവനെ പഠിപ്പിച്ചിട്ടില്ലാത്ത, അയല്‍വാസിയോ സ്വന്തം മതക്കാരനോ പോലുമല്ലാത്ത കുഞ്ഞിമാസ്റ്റര്‍ അവന് കൊടുത്ത സ്നേഹത്തിന് ഒരു കണക്കുമില്ലായിരുന്നു. ലക്ഷം വീട് കോളനിയിലെ ആ കൊച്ചു വീട്ടില്‍ കയറി ഭക്ഷണ സാധനങ്ങള്‍ കൊടുക്കാനും ഉടുപ്പുകള്‍ നല്‍കാനുമെല്ലാം മാഷ് കാണിച്ച സ്നേഹത്തിന് പിന്നിലെന്താണെന്ന് അന്നൊരുപാട് അലോചിച്ചതാണ്. മഹല്ല് കാരണവരായിരുന്ന മാഷിന് ഞങ്ങളുടെ കുടുംബവും വീടുമൊക്കെ അറിയാം. എന്നിട്ടുമെന്താണ് സ്വന്തം മതക്കാരായ ഞങ്ങളോടില്ലാത്ത സ്നേഹവും കരുണയും അനില്‍കുമാറിനോട്? മുതിര്‍ന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി. മാഷ് മാത്രമല്ല, എല്ലാവരും അങ്ങനെയാണ്. പ്രയാസങ്ങളുള്ളേടത്ത് മതഭേതങ്ങളോ ജാതിക്കളറോ ഒന്നും തന്നെ ആരും നോക്കാറില്ല.
മതം നോക്കാതെ സഹായ ഹസ്തങ്ങള്‍ വെച്ച് നീട്ടിയിരുന്ന ഞങ്ങളുടെ നാട്ടിലെ മുസ്ലിം സാഹോദര്യത്തിന് പിന്നില്‍ വലിയ ചരിത്രമുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിന്‍റെ ഇരുണ്ട കാല്‍പാടുകള്‍ ഉരച്ചു പോയ സ്ഥലങ്ങളാണ് ഏറനാടും വള്ളുവനാടുമെല്ലാം. ഖിലാഫത്ത് കാലത്ത് നാടുകടത്തപ്പെട്ടവരുടേയും പീഡനങ്ങള്‍ക്കിരയായവരുടേയും പിന്മുറക്കാരുണ്ടിവിടങ്ങളില്‍. ബൈത്താന്‍ മുസ്ലിയാരുടെ പയ്യനാട്ടില്‍ നിന്നും ആലിമുസ്ലിയാരുടെ നെല്ലിക്കുത്തില്‍ നിന്നുമെല്ലാം ഈ കൊച്ചു ഗ്രാമത്തിലേക്ക് കുടിയേറിപ്പാര്‍ത്ത് മാപ്പിളമാരുടെ ജീവിതങ്ങള്‍ക്ക് നിറം നല്‍കിയത് ഈ സാഹോദര്യത്തിന്‍റെ വെളിച്ചപ്പാടായിരുന്നു. ദാരിദ്രം കുമിഞ്ഞ് കത്തുന്ന കാലത്ത് ജന്മിമാരുടെ അടിയാറുകളായി ജീവിച്ച ഒരു നായര്‍ കുടുംബമുണ്ട്. കുടുംബത്തിന്‍റെ കാരണവര്‍ പള്ളക്കുത്ത് ശങ്കരന്‍ നായരുടെ സ്നേഹവും സാഹോദര്യവും ഏറെ അനുഭവിച്ച് ജീവിച്ചവരാണ് ഈ ഗ്രാമത്തിലെ മാപ്പിളമാര്‍. പാട്ടത്തിന് പണമില്ലെങ്കിലും പ്രശ്നമില്ല, മാപ്പിളമാര്‍ക്ക് ജോലി ചെയ്യാന്‍ ഭൂമി വീതിച്ച് നല്‍കുകയും അവര്‍ക്ക് കഞ്ഞി വിളമ്പി സല്‍കാരം നല്‍കുകയും ചെയ്യുന്ന ശങ്കര നായരുടേയും കുടുംബത്തിന്‍റേയും മാപ്പിള സ്നേഹമാണ് കാലമേറെ കഴിഞ്ഞിട്ടും മാപ്പിളമാര്‍ അവര്‍ക്ക് തിരിച്ച് നല്‍കിയിരുന്നത്. കുനുട്ട് ബുദ്ധികളില്ലാത്ത, നിഷ്കളങ്കരും നിസ്വാര്‍ത്ഥരുമായ വിശ്വാസികളെ സ്വീകരിക്കാന്‍ അന്യ മതസ്ഥര്‍ക്ക് അന്ന് വിശാല മനസ്സുണ്ടായിരുന്നു.
എം മുകുന്ദന്‍റെ ‘കുട നന്നാക്കുന്ന ചോയി’യിലെ ഏക മുസ്ലിം കഥാ പാത്രമാണ് കുഞ്ഞി മൂസ. അനേകം ഹൈന്ദവര്‍ക്കിടയില്‍ ജീവിച്ച കുഞ്ഞി മൂസയുടെ സ്വഭാവ വൈശിഷ്ട്യം മനസ്സിലാക്കി വിദ്വാന്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഇങ്ങനെ പറയുന്നുണ്ട്. ‘ഈ മാപ്പിളമാര്‍ മഹാ ശുദ്ധന്മാരാ, നല്ലോരാ… .’ ഫ്രഞ്ച് അധിനിവേശ കാലത്തും ബ്രിട്ടീഷ് അധിനിവേശ കാലത്തും അതിനു ശേഷം ഈ അടുത്ത കാലം വരേയും മാപ്പിളമാരെക്കുറിച്ച് നിലനിന്നിരുന്ന ചില ധാരണകളുണ്ടായിരുന്നു. ഉപരിപ്ലവപരമായ വാക്ധോരണികളില്‍ മുഴച്ച് നില്‍ക്കുന്നവയായിരുന്നില്ല ഒന്നും. അനുഭവിച്ചറിഞ്ഞ ചില സത്യങ്ങള്‍ക്ക് അവര്‍ പകരം നല്‍കിയിരുന്നത് നന്ദി വാക്കു മാത്രമായിരുന്നില്ല, സ്നേഹത്തിന്‍റെ മണ്ണും മനസ്സും പകുത്തു നല്‍കുകയായിരുന്നു.
നമ്മള്‍ക്കിടയിലെ മതിലുകള്‍
രാഷ്ട്രീയമായ ഹീന ലക്ഷ്യങ്ങളും നിഗൂഢമായ സങ്കുചിത താല്‍പര്യങ്ങളും മുന്‍ നിര്‍ത്തി മതങ്ങള്‍ക്കിടയില്‍ മതിലുകള്‍ പണിയാന്‍ ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകായണിപ്പോള്‍. അന്യ മതാനുയായി ആയതിന്‍റെ പേരില്‍ അല്ലെങ്കില്‍ വ്യത്യസ്ഥ ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കുന്നതിനാല്‍ ന്യൂനപക്ഷ ദലിത് വിഭാഗക്കാരായ പലരും നിഷ്ഠൂര മര്‍ദ്ദനങ്ങള്‍ക്കിരയാവുകയും നിരപരാധികളായ വ്യക്തികള്‍ ദാക്ഷിണ്യലേശമന്യേ ചിത്രവധത്തിന് പാത്രമായിത്തീരുകയും ചെയ്യുന്ന വാര്‍ത്തകളാണ് നിരന്തരമായി നമ്മള്‍ കേള്‍ക്കുന്നത്. ഈ മതിലുകള്‍ സൃഷ്ടിക്കുന്നതിന് പിന്നില്‍ ഒരു മതത്തെ മാത്രം കുറ്റപ്പെടുത്തി മുക്തി നേടാനാവില്ല. ഇസ്ലാമിന്‍റെ പേരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐ എസ്സും കേരളത്തിലേയും ഇന്ത്യയിലേയും സമാന്തര കൂട്ടായ്മകളും, ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തി അധികാര ധാര്‍ഷ്ട്യം കാണിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റുകളും ഒരേ തൂവല്‍ പക്ഷികളാണ്. നിരപരാധികള്‍ സമാധാനപൂര്‍വ്വം താമസിക്കുന്ന ഇടങ്ങളില്‍ ബോംബ് സ്ഫോടനങ്ങളും ചാവേറാക്രമണങ്ങളും നടത്തി ചോര ചിന്തുന്ന ഐ എസ്സും വീരവാദം മുഴക്കി മുഷ്ടിചുരുട്ടുന്ന നമ്മള്‍ക്കിടയിലെ സമാന്തരക്കാര്‍ക്കും വിശുദ്ധ ഇസ്ലാമിനോട് എങ്ങനെ നീതി പുലര്‍ത്താനാവും? അക്രമവും അരാചകത്വവും നടമാടിയിരുന്ന ഒരു സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് സത്യദീക്ഷയും അനുകമ്പയും കൈമുതലാക്കി സമാധാന പൂര്‍ണ്ണമായ അന്തരീക്ഷം വളര്‍ത്തിയെടുത്ത പ്രവാചകര്‍(സ്വ) തങ്ങളുടെ അനുയായികള്‍ എന്ന പട്ടം എങ്ങനെയാണവര്‍ക്ക് ചേരുന്നത്? മര്‍ദ്ദിതര്‍ക്കൊപ്പം നിന്ന് അന്യായങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും അറുതി വരുത്തിയ സച്ചരിതരായ ഖുലഫാഇന്‍റെ ഭരണത്തെ ഖിലാഫത്ത് എന്ന് ചേര്‍ത്ത് ഇസ്ലാമിനെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്? തുടങ്ങിയ അനേകം ചോദ്യങ്ങള്‍ നമ്മള്‍ക്കിടയില്‍ മതിലുകള്‍ പണിയുന്ന ജിഹാദി ഇസ്ലാമിസ്റ്റുകളോടായി ചോദിക്കാനുണ്ട്.
ഹൈന്ദവ മതത്തിന്‍റെ മാനവിക ദര്‍ശനങ്ങള്‍ക്കും ബഹുസ്വരതക്കും കടക വിരുദ്ധമാണ് ഇപ്പോള്‍ ചിലരുടെ പ്രഖ്യാപിത നയങ്ങള്‍. മതങ്ങളുടെ സ്ഥാപിത നയങ്ങള്‍ മനസ്സിലാക്കാനും അന്തസത്ത നുകരാനും സാധിക്കാതെ പോയവര്‍ ഹൈന്ദവ വിശ്വാസത്തിന്‍റെ ഭാഗമായപ്പോഴാണ് തീവ്രവാദവും ഫാഷിസവുമായി അവര്‍ രൂപാന്തരം പ്രാപിച്ചത്. സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദൈവിക വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ തുടങ്ങിയത് മുതലാണ് തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ച് ഉപരിപ്ലവപരമായ പ്രത്യയശാസ്ത്ര പിന്തുണ നേടിത്തുടങ്ങിയത്. യഥാര്‍ത്ഥ സ്രോതസ്സുകളില്‍ നിന്ന് മതത്തെ മനസ്സിലാക്കുകയും സമാധാനം ഉള്‍കൊള്ളുന്ന അതിന്‍റെ ഉള്‍സാരങ്ങള്‍ തിരസ്കരിക്കുകയും ചെയ്യുന്നു എന്നതാണ് പരസ്പരം രക്ത പങ്കിലമായ കലാപങ്ങള്‍ക്ക് വഴി തെളിയിക്കുന്നത്. അന്ധത ബാധിച്ചിട്ടില്ലാത്ത കണ്ണുകളിലൂടെ മതങ്ങളെ വീക്ഷിക്കുമ്പോള്‍ മാത്രമാണ് ദീന ദയാലുവായ പ്രവാചകരേയും സ്നേഹ സമ്പന്നനായ യേശുവിനേയും സമാധാന പ്രിയരായ ഋഷിമാരെയും നമ്മള്‍ക്ക് കാണാനാവുക. വിവിധ മതാനുയായികള്‍ക്കിടയിലെ ഭക്ത്യാദരവുകളെ സ്വപ്നം കാണുകയും ജീവിതത്തിലൂടെ അവ പ്രകാശിപ്പിക്കുകയും ചെയ്തവരായിരുന്നു അവര്‍.
സൗഹൃദത്തിന്‍റെ ആകാശച്ചുവട്
അന്യമത വിശ്വാസികളോട് നാമെപ്പോഴും വിദ്വേഷ മനോഭവാത്തോടെയാണ് പെരുമാറുന്നത് എന്ന് ഇതിനര്‍ത്ഥമില്ല. പക്ഷേ, നമ്മെ ആരൊക്കെയോ പ്രലോഭിപ്പിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഹൈന്ദവ ഭക്തന്മാര്‍ക്ക് പിന്നില്‍ അടിമകളായി ജീവിക്കുന്ന പാവങ്ങളാണ് നമ്മളെന്ന് വര്‍ഗീയ വിദ്വേഷകര്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു. മത പ്രചരണങ്ങള്‍ക്കും ആരാധനകള്‍ക്കും ലഭിക്കുന്ന സ്വാതന്ത്ര്യത്തെ നമ്മെളെന്തിനാണ് മനപ്പൂര്‍വ്വം വിസ്മരിക്കുന്നത്? ഈ പ്രലോഭനങ്ങളുടേയും അന്ധമായ ചില വിശ്വാസങ്ങളുടെയും അനന്തരമായി നമ്മില്‍ ചില വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വിവധ മതങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുകയും ആചാരാനുഷ്ടാനങ്ങള്‍ അനുവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ തന്നെ അന്യനെ സ്നേഹിക്കാനും സഹായിക്കാനുമുള്ള മനസ്സ് നമ്മള്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. സാമൂഹ്യ പ്രശ്നങ്ങളില്‍ തോളോട് തോളു ചേര്‍ന്ന് പ്രതികരിക്കാന്‍ നമ്മള്‍ക്കിപ്പോള്‍ സാധിക്കുന്നില്ല. സമുദായത്തിന്‍റെ പേരിലുള്ള വിഭാഗീയ മുഴക്കങ്ങളായി അവകളെല്ലാം രൂപാന്തരം പ്രാപിക്കുന്നു. മതങ്ങളുടെ സമഭാവനയെക്കുറിച്ചുള്ള ബോധ്യം നമ്മില്‍ നിന്ന് അസ്തമിച്ച് കൊണ്ടിരിക്കുന്നു.
സമത്വത്തിന്‍റെയും സമഭാവനയുടെയും വെളുത്ത ആകാശമായിരുന്നു കേരളത്തിന്‍റെ ഇന്നലെകളുടെ സാമൂഹ്യമാനം. ഈ വെളുത്ത സൗഹാര്‍ദ്ദത്തിന്‍റെ മാനം വളര്‍ത്തിയെടുക്കുന്നതിന് പിന്നില്‍ ആരായിരുന്നു എന്ന ചര്‍ച്ചകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. കേരള ചരിത്രത്തിന്‍റെ സത്യസന്ധമായ ഇന്നലെകള്‍ അറേബ്യന്‍ മുസ്ലിംകള്‍ക്ക് കേരള ജനത നല്‍കിയ സൗഹാര്‍ദ്ദ സ്വീകരണത്തിന്‍റേയും തിരിച്ച് നല്‍കിയ സമഭാവനയുടെയും ചരിത്രവുമായി ഏറെ ബന്ധപ്പെട്ടതാണ്. കേരളത്തിലെ ഇസ്ലാമിക ആഗമനവും പ്രചരണവും ഏറെ സമാധാന പൂര്‍ണ്ണമായിരുന്നു. ഒരു തരത്തിലുള്ള സാമൂഹിക സ്പര്‍ദ്ദക്കോ വര്‍ഗീയതക്കോ ഇസ്ലാം കാണമായിട്ടില്ല. അതിന്‍റെ പരിപൂര്‍ണ്ണ ബഹുമതി ഇസ്ലാമിന്‍റെ സമത്വ സമീപനത്തിലും തദ്ദേശീയരുടെ ഐക്യത്തിലുമായിരുന്നു. മുസ്ലിം പ്രതിനിധികള്‍ക്ക് ഹിന്ദു രാജാക്കന്മാരില്‍ നിന്നു വലിയ ആദരവും പരിഗണനയും ലഭിച്ചിരുന്നു. സാമൂതിരിയുടെ പല്ലക്കില്‍ ഇരിക്കാനുള്ള സാധ്യത വരെ മുസ്ലിംകള്‍ക്ക് നല്‍കിയ അനുവാദങ്ങളില്‍ ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ ആരാധനാലയം സ്ഥാപിക്കാനുള്ള അവകാശങ്ങളും സമ്മതവും നല്‍കിയിരുന്നു. അവക്കെല്ലാം കാരണം മുസ്ലിംകളുടെ വിശ്വാസ ദര്‍ശനങ്ങളിലെ വശ്യതയും പ്രായോഗികതയും ആയിരുന്നു. കുരിശു യുദ്ധത്തിന്‍റെ കലിപ്പുമായി മുസ്‌ലിം വിരോധം ഉറഞ്ഞ് തുളുമ്പുന്ന ചില മിഷണറിമാരായിരുന്നു കേരളത്തിലേക്ക് വന്ന പോര്‍ചുഗീസുകാര്‍. ഇവിടുത്തെ സാമൂഹ്യ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന മുസ്ലിം യുവത്വത്തെ അറുതി വരുത്താന്‍ പോര്‍ച്ചുഗീസുകാര്‍ അവസരം ചോദിച്ചപ്പോള്‍ സാമൂതിരി വിട്ടു നല്‍കിയില്ല എന്ന് മാത്രമല്ല, അവര്‍ക്ക് വേണ്ട എല്ലാ സുരക്ഷയും സംവിധാനിക്കുകയായിരുന്നു. പോര്‍ച്ചുഗീസുകാരുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഒരു ജനതയുടെ വികാരമായി മാറിയപ്പോള്‍ ചെറുത്ത് തോല്‍പ്പിക്കാന്‍ മുസ്ലിംകള്‍ വഹിച്ച പങ്കും നേതൃത്വവും ആ കാലഘട്ടത്തിന്‍റെ അനിവാര്യതയായിരുന്നു. കുഞ്ഞാലി മരക്കാര്‍ എന്ന നാവിക സൈന്യാധിപനായിരുന്നു സാമൂതിരിയുടെ കപ്പല്‍ പടയെ നയിച്ചിരുന്നുത്. മുസ്‌ലിംകള്‍ നാവിക മേഖലയില്‍ അഗ്രഗണ്യരാണെന്നറിഞ്ഞ സാമൂതിരി തനിക്കിനിയും സൈന്യാധിപരെ ആവശ്യമായി വന്നപ്പോള്‍ തീരദേശത്തെ ഹിന്ദു മത വിശ്വാസികളോട് ഇസ്ലാം സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുകയും ജാതീയ ഉഛനീചത്വങ്ങളാല്‍ പൊറുതി മുട്ടിയ അവര്‍ സുമനസ്സാലെ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു എന്നതാണ് ചരിത്രം. പോര്‍ച്ചുഗീസുകാരോട് അടങ്ങാത്ത വിരോധം കാണിക്കുമ്പോഴും നാട്ടുകാരായ അന്യമത വിശ്വാസികളോട് ഭവ്യതയോടെയും ബഹുമാനത്തോടെയും വര്‍ത്തിക്കാനാണ് മുസ്ലിം പോരാളികള്‍ താല്‍പര്യം കാണിച്ചത്. കോട്ടക്കലോമന കുഞ്ഞാലിക്ക് നായരും തീയ്യരും ഒന്ന് പോലെ എന്ന് വടക്കന്‍ പാട്ടില്‍ പരാമര്‍ശം പോലുമുണ്ടായത് ഈ ബഹുമാനത്തിന്‍റെ അടയാളങ്ങളാണ്.
മലബാറിലെ മുസ്ലിംകളും ഹൈന്ദവരും മറ്റും അടങ്ങുന്ന വലിയൊരു ജന വിഭാഗത്തിന്‍റെ തന്നെ ആശാ കേന്ദ്രമായിരുന്നു മമ്പുറം തങ്ങള്‍. നിരവധി പേരുടെ ഇസ്‌ലാമാശ്ലേഷത്തിന് കാരണമായിത്തീര്‍ന്നപ്പോഴും വിഭാഗീയതയോ മതസ്പര്‍ദ്ദയോ അദ്ദേഹത്തെ സ്പര്‍ശിച്ചിട്ടില്ലെന്നതിന്‍റെ തെളിവാണ് അന്യമതാനുയായികള്‍ മമ്പുറം തങ്ങളോട് പുലര്‍ത്തുന്ന ഭക്ത്യാദരവുകള്‍. ഇസ്ലാമിക പ്രബോധകനും പണ്ഡിതനുമായ മമ്പുറം തങ്ങളുടെ സന്തത സഹചാരി അമുസ്ലിമായ കോന്തുനായരായിരുന്നു. ഹൈന്ദവനായി എന്നത് കൊണ്ട് ഒരാളുമായി കൂട്ടു കൂടുന്നതും സൗഹൃദം പുലര്‍ത്തുന്നതും വിലക്കുന്നതായിരുന്നില്ല മമ്പുറം തങ്ങളുടെ ഇസ്ലാമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇതേ നിലപാടാണ് കാലങ്ങളായി മുസ്ലിം സമൂഹം അനുവര്‍ത്തിച്ച് പോന്നത്. അമുസ്ലിംകളോട് ചിരിക്കരുതെന്നും സൗഹൃദം പുലര്‍ത്തരുതെന്നും വാദിക്കുന്നവര്‍ തെറ്റായ ചിന്താധാരയുടെ സ്വാധീന വലയത്തില്‍ പെട്ട് വികലമായ രൂപങ്ങളില്‍ നിന്ന് ഇസ്ലാമിനെ മനസ്സിലാക്കിയവരാണ് എന്ന് കാലം നമ്മോട് വിളിച്ച് പറയുന്നുണ്ട്.

സല്‍മാന്‍ തോട്ടുപൊയില്‍

Leave a Reply

Your email address will not be published. Required fields are marked *