2018 July-August Hihgligts Shabdam Magazine ലേഖനം വായന

അകം തുറപ്പിക്കുന്ന ചരിത്രവായന

ജൂലൈ 14ന് ശബ്ദം പത്രാധിപര്‍ വിളിച്ച് ഒരു പുസ്തകക്കുറിപ്പ് ചോദിച്ചു. അരീക്കോട് മജ്മഅ് സിദ്ദീഖിയ്യ ദഅ്വാ കോളേജ് ഇസ്സുദ്ദീന്‍ പൂക്കോട്ടുചോലയുടെ ഇബ്റാഹീം ഇബ്നു അദ്ഹം ചരിത്രാഖ്യായികയ്ക്കാണ് അഭിപ്രായമെഴുതേണ്ടത്. എട്ട് മാസങ്ങളോളം ഓരോ ആഴ്ചകളിലും ഖണ്ഡഷയായി രിസാലയില്‍ പ്രസിദ്ധീകരിച്ച സന്ദര്‍ഭത്തില്‍ ഞങ്ങള്‍ പത്രാധിപര്‍ സംശോധന ചെയ്തു. രിസാലയിലെ ഖണ്ഡഷ അവസാനിച്ച തൊട്ടുടനെ തന്നെ ഐ.പി.ബി ഈ പുസ്തകത്തിന്‍റെ പ്രസിദ്ധീകരണം ഏറ്റെടുത്തുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ഇബ്റാഹീം ഇബ്നു അദ്ഹമെന്ന ചരിത്ര പുരുഷന്‍റെ കഥ സരളമായ ശൈലിയില്‍ അവതരിപ്പിക്കുന്നതില്‍ ഈ പുസ്തകം വിജയിച്ചിട്ടുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ വായനക്കാരുടെ മനം കവര്‍ന്ന് അവരെ പിടിച്ചിരുത്തുന്നതില്‍ ഇത് മികച്ച് നില്‍ക്കുന്നു.
പടച്ച റബ്ബിന് വേണ്ടി സര്‍വ്വവും ത്യജിച്ച് അധികാരവും സിംഹാസനവും വലിച്ചെറിഞ്ഞ് സമൂഹത്തിലെ തരം താഴ്ന്നവരെന്ന് പലരും കരുതുന്ന ഫഖീറുമാരുടെ കൂടെ തെരുവിലേക്കിറങ്ങിത്തിരിച്ച് ആധ്യാത്മിക ലോകത്തെ അത്യുന്നതങ്ങളിലെത്തിച്ചേര്‍ന്ന ഈ മഹാപുരുഷന്‍റെ ചരിത്രമാണ് ഈ പുസ്തകത്തിന്‍റെ ഇതിവൃത്തമെന്നതു തന്നെയാണ് വായനക്കാര്‍ക്കിടയില്‍ ഇതിന്‍റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നത്. അധികാരത്തിന്‍റെ അരമനയിലിരുന്ന് ആര്‍ഭാഢപൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന ഇബ്റാഹീം ഇബ്നു അദ്ഹമിന്(റ) മനസ്ഥാപമുണ്ടാകാന്‍ നാഥന്‍ ചില നിമിത്തങ്ങളുണ്ടാക്കുകയായിരുന്നു. മറ്റാരും കാണാത്ത, അറിയാത്ത അദൃശ്യ സൃഷ്ടികളെ കാണുകയും ചില അശരീരികളും ഉപദേശങ്ങളുമൊക്കെ കേള്‍ക്കുകയും ചെയ്തുവെന്നതാണ് ആ നിമിത്തങ്ങള്‍. സര്‍വ്വം ത്യജിച്ച് വൈരാഗിയുടെ വഴിയിലേക്ക് ഇറങ്ങിത്തിരിച്ച മഹാന്‍ പിന്നീട് ആധ്യാത്മിക വഴിയില്‍ ഔന്നിത്യങ്ങളുടെ പര്‍വ്വതങ്ങളേറുകയായിരുന്നു. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ആധുനിക ജനതയ്ക്കു മുന്നില്‍ ഇത്തരത്തിലുള്ള ആധ്യാത്മിക പുരുഷന്മാരുടെ ഹൃദയസ്പൃക്കായ ചരിത്രങ്ങള്‍ ഇനിയും ആവിഷ്കരിക്കപ്പെടേണ്ടതുണ്ട്. ഈ പുസ്തകം വായിക്കുന്ന ഒരാള്‍ക്ക് തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ആത്മീയ ചൈതന്യം കൈവരിക്കാന്‍ സാധിക്കുന്നുവെന്ന കാര്യം തീര്‍ച്ചയാണ്.
ഒരു ചരിത്രാഖ്യായിക എഴുതുമ്പോള്‍ അതിലെ കഥാപാത്രങ്ങളെ/ സന്ദര്‍ഭങ്ങളെ നാം ഉള്‍കൊള്ളിക്കണം. അതിലെ കഥാപുരുഷനായി എഴുത്തുകാരന്‍ വേഷമിടണം. ആ യോഗിവര്യന്‍റെ സ്വഭാവ വിശേഷങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കണം. ഏറ്റവും ചുരുങ്ങിയത് ആ യോഗിയുടെ ഒപ്പം നടക്കാനെങ്കിലുമുള്ള മാനസികാവസ്ഥയെങ്കിലും നമുക്ക് വേണം. അത്തരം ഒരാള്‍ക്കു മാത്രമേ നല്ല അനുവാചകരാകാനാവൂ. ചരിത്രാഖ്യായികയില്‍ മാത്രമല്ല, ഏത് തരം എഴുത്തിലും ഇങ്ങനെ കഥാപാത്രത്തെ/ സന്ദര്‍ഭത്തെ തന്‍റേതായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ മാത്രമേ നല്ലൊരു എഴുത്ത് സാധ്യമാവൂ. ഒരു ദൃശ്യ മാധ്യമത്തിലെന്ന പോലെ അതിലെ രംഗങ്ങള്‍ എഴുത്തുകാരന്‍റെ മനസ്സിലൂടെ അക്ഷരങ്ങള്‍ കോറുന്ന മുറയ്ക്ക്, ആശയ രൂപീകരണ വേളയില്‍ നിറ ചൈതന്യത്തോടെ അദ്ദേഹം സഞ്ചരിക്കണം. ആ സന്ദര്‍ഭങ്ങള്‍ സജീവവും വൈകാരികവുമായി തന്‍റെ മനസ്സിനെ കയ്യിലെടുത്ത് കടന്നു പോകണം. ആവശ്യമില്ലാത്ത വാക്കുകളും പ്രയോഗങ്ങളും ഭംഗിപ്പെടുത്താനുള്ള അനാവശ്യമായ അഭ്യാസങ്ങളും കടന്നു വന്ന് പല എഴുത്തുകാരുടെയും രചനകള്‍ താറുമാറാകാറുണ്ട്. കഥയാണ്, ജോറാണ് എന്നൊക്കെ വരുത്താന്‍ വേണ്ടി ചില എഴുത്തുകാര്‍ രചനയില്‍ ചേര്‍ക്കുന്ന അത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ രചനയെ അപഹാസ്യമാക്കും. മാനസികമായി താനെന്തെഴുതുന്നോ അതിനോട് താദാത്മ്യപ്പെടാതിരുന്നാല്‍ വാക്കുകള്‍ കൂടുകയും ആശയം ശുഷ്ക്കിക്കുകയും ചെയ്യും. എന്നാലോ ഓരോ വാക്കിലും ഓരോ തപസ്സിനുള്ള വകയുണ്ടാവുകയും ചെയ്യും.
ഇസ്സുദ്ദീന്‍ പൂക്കോട്ടുചോലയുടെ ഈ രചന ഇത്തരം എഴുത്തുകളില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. അതിന്‍റെ ഓരോ ലക്കവും രിസാലയുടെ വായനക്കാരെ ഏറെ ആകര്‍ഷിച്ചതാണ്. ഓരോ ആഴ്ചയിലും അതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു വായനക്കാരെന്നത് പലപ്പോഴും ഇബ്റാഹീം ഇബനു അദ്ഹം(റ) ചരിത്രാഖ്യായികയെക്കുറിച്ച് ‘വായനക്കാരുടെ വീക്ഷണം’ കോളത്തില്‍ വരുന്ന ചില പ്രതികരണങ്ങള്‍ വായിച്ചാല്‍ മനസ്സിലാകും. ആ നിലക്ക് ഐ.പി.ബിയുടെ ഈ പുസ്തകത്തെയും അവര്‍ സ്വീകരിക്കും. ഇത്ര സുന്ദരമായ ഈ ചരിത്ര കഥ എഴുതിയ ഗ്രന്ഥകാരനും വായനക്കാര്‍ക്കും ഓരോ ലക്കങ്ങള്‍ രിസാലയില്‍ പ്രസിദ്ധീകരിച്ച് വരുന്നതിനു മുമ്പ് എഡിറ്റിംഗ് നിര്‍വ്വഹിച്ച രിസാല എഡിറ്റോറിയല്‍ ഡെസ്ക്കിലെ സുഹൃത്തുക്കള്‍ക്കും അവസാനം ഇതിന്‍റെ പ്രസാധനം ഏറ്റെടുത്ത ഐ.പി.ബി അംഗങ്ങള്‍ക്കും ഈ മഹാനുഭാവന്‍റെ സാമീപ്യം ലഭിക്കാന്‍ ഇതൊരു കാരണമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

ടി.കെ അലി അഷ്റഫ്
(എഡിറ്റര്‍ രിസാല വാരിക)

Leave a Reply

Your email address will not be published. Required fields are marked *