കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ സ്വസ്ഥമായി ഉറങ്ങിയിട്ടില്ല. 30 ലക്ഷത്തോളം രൂപ ഓണ്‍ലൈന്‍ ഗെയിമിലൂടെ എനിക്ക് നഷ്ടമായി. രാപകല്‍ ഭേദമന്യേ ഗെയിം കളിച്ചിരുന്ന് ഇപ്പോള്‍ ഞാനതിന് അടിമപ്പെട്ടിരിക്കുകയാണ്. എന്‍റെ മനസ് പൂര്‍ണമായും അതില്‍ തളയ്ക്കപ്പെട്ടിരിക്കുകയാണ്. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. സ്വന്തം മക്കളോടൊപ്പം സമയം ചിലവിടാന്‍ പോലും സാധിക്കുന്നില്ല. ഈ അവസ്ഥയിലുള്ള ജീവിതം ഞാന്‍ ആഗ്രഹിക്കുന്നില്ല. നീ നമ്മുടെ മക്കളെ പൊന്നു പോലെ നോക്കി വളര്‍ത്തണം. അവരെ ഒരിക്കലും ദുഖിപ്പിക്കരുത്. ഒരു ആത്മഹത്യാ കുറിപ്പാണിത്. ഓണ്‍ലൈന്‍ റമ്മിയിലൂടെ മുപ്പത് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട വിജയ്കുമാര്‍ തന്‍റെ ഭാര്യക്കയച്ച സന്ദേശം. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ ജനങ്ങളെ എത്ര ഭീതിതമായ അവസ്ഥയിലേക്കാണ് നയിക്കുന്നത് എന്നതിന്‍റെ വ്യക്തമായ ഉദാഹരണമാണ് വിജയ്കുമാര്‍. ഇതുപോലെ അനേകായിരം വിജയ്കുമാറുമാരാണ് ചൂതാട്ട റാക്കറ്റുകളുടെ വലയില്‍ കുരുങ്ങി സ്വന്തം ജീവന്‍ ബലി നല്‍കുന്നത്. പറ്റിക്കപ്പെട്ട്, കട ബാധ്യതയുടെയും കെട്ടയിഞ്ഞ ജീവിതത്തിന്‍റെയും ഇടയില്‍ ചക്രശ്വാസം വലിക്കുന്നവര്‍ നിരവധിയുണ്ട്. വാര്‍ത്തകളാകുന്ന സംഭവങ്ങള്‍ മാത്രമാണ് പുറം ലോകമറിയുന്നതെന്ന് മാത്രം.
എല്ലാ മേഖലകളും സ്തംഭിച്ച ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ അരങ്ങ് തകര്‍ക്കുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. റമ്മി, പോക്കര്‍ തുടങ്ങി മനുഷ്യ മനസ്സുകളെ തളച്ചിടുന്ന മാരകമായ ഓണ്‍ലൈന്‍ ഗെയിമുകള്‍ സമൂഹത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ഈയ്യിടെ വളര്‍ന്നു വരുന്ന ഓണ്‍ലൈന്‍ ജനറേഷന്‍ ചൂതാട്ട കമ്പനികള്‍ക്കുള്ള ചാകരയായി മാറിയിരിക്കുന്നു വെന്ന് ചുരുക്കം.എളുപ്പത്തില്‍ പണം നേടാനുള്ള പുതിയ തലമുറയുടെ ആഗ്രഹത്തെ മുതലെടുത്താണ് ചൂതാട്ട കമ്പനികള്‍ കൊഴുക്കുന്നത്. അതാകട്ടെ മറ്റുള്ളവരില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ഇതിലകപ്പെട്ടവരാകട്ടെ തങ്ങള്‍ കഷ്ടപ്പെട്ട് സ്വരൂപ്പിച്ച സമ്പാദ്യം മുഴുവന്‍ ഇതിനായി ചിലവഴിക്കുന്നു. ഇതാണ് ഇത്തരം കമ്പനികളുടെ ക്രൈറ്റീരിയ. സമൂഹത്തെ ഒരു വികൃതമായ പരിതസ്ഥിതിയിലേക്കാണ് അവ കൊണ്ടെത്തിക്കുന്നത് എന്നത് സുതാര്യമാണ്. കടക്കെണിയില്‍ അകപ്പെടുന്നതോടെ വ്യക്തി മാനസികമായി തളരുന്നു. കുടുംബങ്ങളുടെ അവസ്ഥ താറുമാറാകുന്നു. മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെടുന്നു. വീട്ടുകാരുമായി കലഹങ്ങളുണ്ടാകുന്നു. അവസാനമായി അയാള്‍ ആത്മഹത്യയെ ഒരു പരിഹാര മാര്‍ഗമായി തിരഞ്ഞെടുക്കുന്നു. അതങ്ങനെയാണല്ലോ, സാധാരണക്കാര്‍ തുലയുമ്പോളാണല്ലോ കുത്തക കമ്പനികള്‍ പുഷ്ഠിക്കുന്നത്.
നിയമവിരുദ്ധമായി ഓണ്‍ലൈന്‍ ചൂതാട്ട റാക്കറ്റ് നടത്തിയ സംഭവത്തില്‍ ഒരു ചൈനീസ് പൗരനും മൂന്ന് ഇന്ത്യക്കാരും ഈയ്യിടെ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചൈന ആസ്ഥാനമായ ഒരു കമ്പനിയാണെന്ന് കണ്ടെത്തുകയുണ്ടായി. കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന സംശയത്തില്‍ ഡല്‍ഹി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലെ ചില ചൈനീസ് പൗരന്മാരെയും കമ്പനികളെയും കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് അധികൃതര്‍ പരിശോധനക്ക് വിധേയമാക്കുകയും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ചൈന ആസ്ഥാനമായ ബെയ്ജിങ് ടി പവര്‍ കമ്പനിയുടെ കീഴിലുള്ള നിരവധി കമ്പനികളാണ് ഓണ്‍ലൈന്‍ ചൂതാട്ടം സംഘടിപ്പിച്ചതെന്ന് തെളിയുകയുണ്ടായി. ഇതുവഴി ആയിരത്തി ഒരുനൂറ് കോടി രൂപ പുറത്ത് പോയെന്നാണ് വിവരം. ഇത്ര സജീവമായാണ് ഈ രംഗം വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്നത്. താരതമ്യേനെ ലോക്ക്ഡൗണ്‍ സമയത്താണ് ഇന്ത്യയും ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുടെ പ്രധാന കേന്ദ്രമായി മാറിയതെന്ന് രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക കുറ്റന്വേഷണ ഏജന്‍സി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി ) തന്നെ ഇതിനകം സമ്മതിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണ കര്‍ത്താക്കള്‍ 1876 ല്‍ പാസ്സാക്കിയ പബ്ലിക് ഗാംബ്ലിങ് ആക്ടാണ് (ഇന്ത്യന്‍ ചൂതാട്ട നിയമം 1876) ഇപ്പോഴും രാജ്യത്ത് നിലവിലുള്ളത്. ഇത് ലംഘിക്കപ്പെട്ടാലുള്ള ശിക്ഷ കേവലം 200 രൂപ പിഴയോ അല്ലെങ്കില്‍ മൂന്ന് മാസം തടവോ ആണ്. എന്നാല്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തെ ഇന്ത്യന്‍ ചൂതാട്ട നിയമം പ്രതിപാതിക്കുന്നില്ല. വിവര സാങ്കേതിക വിദ്യ രംഗപ്രവേഷം ചെയ്യുന്നതിന് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 153 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാസ്സാക്കപ്പെട്ട ഒരു ആക്ട് ആണ് യാതൊരു ഭേദഗതിയും കൂടാതെ ഇന്നും നിലനില്‍ക്കുന്നത്. രാജ്യത്ത് ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികള്‍ക്ക് അഴിഞ്ഞാടാന്‍ ഈ കൊളോണിയല്‍ നിയമം പിന്‍ബലമാകുന്നുവെന്നത് വിചിത്രം തന്നെ. ഓണ്‍ലൈന്‍ ചൂതാട്ടത്തെ തടയിടാനുള്ള ഏതൊരു ചെറിയ നടപടിയും നിര്‍ണായകമാകുന്നത് ഈ സാഹചര്യത്തിലാണ്. അതിലൂടെ നല്ലൊരു സാമൂഹിക ക്രമം നമുക്ക് വാര്‍ത്തെടുക്കാം.
ബാസിത്ത് പുഴക്കാട്ടീരി