2021 November-Decemer Latest Shabdam Magazine ആത്മിയം സ്മരണ

റഈസുല്‍ മുഹഖിഖീന്‍; സമര്‍പ്പിതജീവിതത്തിന്‍റെ പര്യായം

സഅദുദ്ദീന്‍ ചെര്‍പ്പുളശ്ശേരി

റഈസുല്‍ മുഹഖിഖീന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍ കേരളം കണ്ട അതുല്യപ്രതിഭാശാലകളിലൊരാളായിരുന്നു. 1900 ല്‍ ജനിച്ച മഹാന്‍ പതിറ്റാണ്ടുകളോളം സംഘടനയുടെ നേതൃപദവി അലങ്കരിക്കുകയും അഹ്ലുസ്സുന്നത്തിവല്‍ ജമാഅത്തിന്‍റെ ആദര്‍ശം ഉയര്‍ത്തിപിടിച്ച് മണ്‍മറയുകയും ചെയ്ത മഹാനവര്‍കളുടെ ജീവിതം സുന്നി കൈരളിക്ക് ഏറെ സ്വീകാര്യമായിരുന്നു.
അപൂര്‍വ്വത നിറഞ്ഞ ജീവിത ശൈലിയായിരുന്നു മഹാന്‍റേത്. ഏത് വിഷയത്തിലും സത്യസന്ധമായ ജീവിത രീതിയും അനര്‍ഘമായ വ്യക്തിത്വവും കാണാമായിരുന്നു. സ്വകാര്യ ജീവിതത്തില്‍ പോലും ജീവിത ശുദ്ധിയും സൂക്ഷമതയും നിലനിര്‍ത്തിയ മഹോന്നതരുടെ രീതിയായിരുന്നു മഹാന്‍റേതെന്ന് വിസ്മരിക്കാനാവില്ല. അഹ്ലുസ്സുന്നയുടെ നിലപാട് അള്ളാഹു അല്ലാതെ മറ്റാരെയും പേടിക്കാതെ പറയാനുള്ള കണ്ണിയത്ത് ഉസ്താദിന്‍റെ അജയ്യമായ ധീരത ബിദഈ കക്ഷികളുടെ ഉറക്കം കെടുത്തി. ജീവിതത്തില്‍ കടന്നുവന്ന പ്രകോപനങ്ങളോ പ്രലോഭനങ്ങളോ ഉസ്താദിനെ തന്‍റെ നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ വഴിയൊരുക്കിയില്ല.

കുടുംബം

കേരളത്തിന്‍റെ ഇസ്ലാമിക ചരിത്രത്തിലെ അനശ്വര പ്രഭാവം മാലിക് ബ്നു ദീനാറിന്‍റെ സഹോദര പുത്രനാണ് കണ്ണിയത്തുസ്താദിന്‍റെ പൂര്‍വ്വ പിതാവ്. സാമൂഹിക വൈജ്ഞാനിക രംഗങ്ങളില്‍ അതുല്യമായ സേവനങ്ങള്‍ നടത്തിയ സച്ചരിതരായ ഒട്ടേറ ആളുകള്‍ ഈ പരമ്പരയില്‍ കടന്നുപോയിട്ടുണ്ട്. 1926 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക നോതാക്കളില്‍ പ്രധാനിയായ കെ സ്വദഖത്തുള്ള മുസ്ലിയാരുടെ രാജിയെത്തുടര്‍ന്ന് വന്ന ഒഴിവില്‍ 1967 ലാണ് മഹാനവറുകള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്.
തന്‍റെ ജീവിതം മുഴുവന്‍ ആദര്‍ശത്തിനും പ്രസ്ഥാനത്തിനും വേണ്ടി സമര്‍പ്പിക്കുകയായിരുന്നു മഹാന്‍. രോഗ ശയ്യയിലായിരിക്കുമ്പോള്‍ വരെ സമസ്തയുടെ സമ്മേളന വേദികളിലും മറ്റും സാന്നിധ്യമറിയിക്കാനുള്ള അവിടുത്തെ ആത്മാര്‍ത്ഥത സംഘടനക്ക് വേണ്ടിയുള്ള സമര്‍പ്പിത ബോധത്തിനുദാഹരണമാണ്. പണ്ഡിതര്‍ പറയുന്ന മസ്അലകളും അഭിപ്രായങ്ങളും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും സത്യമാണെന്ന ബോധ്യമായാല്‍ സംഘ ചേര്‍തിരിവുകളില്ലാതെ അംഗീകരിക്കുകയും ചെയ്യുന്ന മനസ്കത മാതൃകാപരമായിരുന്നു.

വഹാബിസം മഹല്ലുകളില്‍ പ്രചാരം നേടുന്ന കാലത്താണ് മഹാന്‍റെ പടയോട്ടം ആരംഭിക്കുന്നത്. വഹാബികളുടെ ശരീഅത്ത് വിരുദ്ധ ആശയങ്ങളോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച മഹാന്‍ ആദര്‍ശ മുഖാമുഖങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കുകയും ചെയ്തു. അവിടുത്തെ വഹാബി വിരുദ്ധതയുടെ മകുടോദാഹരണമാണ് ‘റദ്ദുല്‍ വഹാബിയ്യീന്‍’ എന്ന ബിദഈ ആശയങ്ങളെയും വിശ്വാസങ്ങളേയും പൊളിച്ചടക്കുന്ന ഗ്രന്ഥം. കൂടാതെ ‘ തസ്ഹീലുല്‍ മത്വാലിബി സനിയ്യ, രിസാലുത്തു ഫില്‍ ഫത്വാവ’ യും അറബി ഭാഷ ഒറ്റമൂലി നിഘണ്ടു ഉള്‍പ്പെടെ മറ്റു രചനകളും മഹാന്‍ നിര്‍വ്വഹിച്ചു. വിജ്ഞാനത്തിന്‍റെ സാഗരം എന്നായിരുന്നു ശിഷ്യര്‍ മഹാനരെ വിശേഷിപ്പിച്ചിരുന്നത്.
പതിനെട്ട് വയസ്സാകുമ്പോഴേക്ക് തന്നെ ഇന്ത്യയിലെ പ്രഗത്ഭ പണ്ഡിതന്മാരുടെ കൂട്ടത്തിലായിരുന്നു കണ്ണിയത്ത് ഉസ്താദിന്‍റെ സ്ഥാനം. ശൈഖ് അബ്ദുല്‍ അസീസില്‍ നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും അവിടുന്ന് കരസ്ഥമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഹദീസ് ദാഹികള്‍ ആ സവിധത്തിലേക്ക് ഒഴുകി എത്തി. അങ്ങനെ വാഴക്കാട് ദാറുല്‍ ഉലൂമിലും തലശ്ശേരിയിലും പെന്നാനിയിലും മാട്ടൂരിലും പറമ്പത്തും തുടങ്ങി നിരവധി സ്ഥലങ്ങളിലായി ആയിരക്കണക്കിന് ശിഷ്യന്മാര്‍ ആസാഗരത്തില്‍ നിന്ന് അറിവ് നുകര്‍ന്നു. അധ്യാപനത്തിന്‍റെ സിംഹ ഭാഗവും ചെലവഴിച്ചത് വാഴക്കാട് ദാറുല്‍ ഉലൂമില്‍ തന്നെയായിരുന്നു. താജുല്‍ ഉലമയെ പോലുള്ള അഗ്രോല്‍സരായ അനവധി ശിഷ്യരെ വാര്‍ത്തെടുത്തു. അധ്യാപന രീതി ശാസ്ത്രത്തിന്‍റെ സൗമ്യതയാണ് ഇത്തരം ശിഷ്യ ഹൃദയങ്ങളെ വാര്‍ത്തെടുക്കാന്‍ തുണയായതെന്ന് അനുഭവസ്ഥര്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്നുമുണ്ടാകുന്ന നിസ്സാരമായ അപാകതകളെ പര്‍വ്വതീകരിച്ച് ശിക്ഷകള്‍ നല്‍കുന്ന പ്രകൃതം ഉസ്താദിനെ തൊട്ടുതീണ്ടിയിട്ടില്ലായിരുന്നു. കുട്ടികളോടൊപ്പം നിന്ന് പിഴവുകള്‍ സ്നേഹപൂര്‍വ്വം തിരുത്തി അവശ്യസമയങ്ങളില്‍ മാത്രം ശാസനയുടെ മാര്‍ഗം സ്വീകരിച്ച് അവിടുന്ന് ആയിരക്കണക്കിന് ശിഷ്യഹൃദയങ്ങളിലേക്ക് സൗമ്യമായി നടന്നുകയറി.

Leave a Reply

Your email address will not be published. Required fields are marked *