2022 january-february Hihgligts Shabdam Magazine ആദര്‍ശം കാലികം മതം ലേഖനം വീക്ഷണം സമകാലികം

ചാരിറ്റിയുടെ മതവും രാഷ്ട്രീയവും

സുഹൈല്‍ കാഞ്ഞിരപ്പുഴ

വേദനിക്കുന്നവന്‍റെ കണ്ണീരൊപ്പല്‍ പവിത്രമാണെന്നാണ് ഇസ്ലാമിന്‍റെ ഭാഷ്യം. ഒരു കാരക്കയുടെ കീറ് ദാനം ചെയ്തുകൊണ്ടാണെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക എന്നാണ് പ്രവാചകന്‍ (സ്വ)യുടെ അദ്ധ്യാപനം. അപരനെ സന്തോഷിപ്പിക്കുന്ന കേവലം പുഞ്ചിരി പോലും ഇസ്ലാം ദാനദര്‍മ്മമായിട്ടാണ് പരിഗണിക്കുന്നത്. സേവനങ്ങളും ധര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നതിലൂടെ അദ്ധ്യാത്മികമായി സൃഷ്ടാവിന്‍റെ സംതൃപ്തി നേടി പാരത്രിക വിജയം സ്വായത്തമാക്കുക എന്ന ലക്ഷ്യം ഉള്‍കൊള്ളേണ്ടതാണ്. വിശ്യാസിയുടെ ചാരിറ്റി ഭൗതികതയുടെ കേവല സുഖാഢംബരങ്ങളിലും സ്ഥാനമാനങ്ങളിലും ഭ്രമിക്കാനല്ല മറിച്ച് സൃഷ്ടാവിന്‍റെ പ്രീതി മാത്രം കാംഷിച്ച് കൊണ്ടായിരിക്കണം സകാത്തും സ്വദഖയുമെല്ലാം സ്രഷ്ടാവ് സംവദിച്ചത് അപരന്‍റെ വേദനകളെ ആത്മാര്‍ത്ഥമായി കണ്ട് പരിഗണിക്കാനാണ്. സേവന മുഖങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന കാലത്ത് കാപട്യത്തിന്‍റെ പണ പോക്കറ്റുകളായി ചാരിറ്റി രൂപപ്പെടുന്നു. നിസ്വാര്‍ത്ഥമാകേണ്ട പല ചാരിറ്റികള്‍ രാഷ്ട്രീയ അജണ്ടകളുടെ പ്രൊപ്പഗണ്ടയായി രൂപാന്തരപ്പെടുന്നതോടൊപ്പം ചാരിറ്റിയുടെ മറവിലുള്ള ഒരായിരം തട്ടിപ്പുകളുടെ കഥകളും അനുദിനം വെളിപ്പെടുന്നു. ഓണ്‍ലൈന്‍ ചാരിറ്റി സര്‍ക്കിളും തകൃതിയാണ്. ഇതിന്‍റെ മറവില്‍ പോക്കറ്റ് വീര്‍പ്പിക്കുന്നവരും ഫാന്‍സ് പ്രിസ്റ്റേജ് താരനിര്‍മ്മാണവും വ്യപകമാണ്. ചാരിറ്റി രാജാക്കന്മാര്‍ നിയമ ചട്ടക്കൂടുകള്‍ ശ്രവിക്കാറേയില്ല. ഫേസ്ബുക്ക് ലൈവുകളുടെ ചാകരയിലൂടെ ‘സുധര്‍മ്മനായി’ കണ്ണീര്‍ കടലും കാണാം. ഓണ്‍ലൈന്‍ ചാരിറ്റിയില്‍ വിദഗ്ദനാവണമെങ്കില്‍ ഇതര ചാരിറ്റി നടത്തുന്നവനെ തെറിയഭിഷേകം കൊണ്ട് പൊങ്കാലയിടണമെന്ന് നേര്‍ച്ച ചെയ്യുന്നവരെ കാണാതെ പോവാനാവില്ല. ചാരിറ്റിയില്‍ ശോഭിച്ചാല്‍ പൊളിറ്റിക്സില്‍ കസേരക്കായി തല്ല് പിടിക്കുന്നവരും ഏറ്റവുമൊടുവില്‍ തോറ്റ് തൊപ്പിയിടുന്നവരുമുണ്ട്. ചാരിറ്റി രംഗപ്രവേശനത്തോടെ കട ഉദ്ഘാടനങ്ങളും ആഢംബര കാറുകളും മണിമാളികകളുമെല്ലാം കൂനപോലെ മുളച്ച് പൊന്തുന്നത് കാണാം. മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടേയും ചാരിറ്റി തന്നെ തെരഞ്ഞെടുപ്പിന്‍റെ മാസങ്ങളില്‍ മാത്രമായി സംവരണം ചെയ്യപ്പെടാറുമുണ്ട്. സേവനം നല്‍കുന്നവരോടൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിലിട്ട് ആര്‍ക്കാണ് കൂടുതല്‍ ലൈക്കും കമന്‍റും ലഭിക്കുക എന്നതിന് അഖിലേന്ത്യ മത്സരങ്ങള്‍ വരെ സംഘടിപ്പിക്കാറുമുണ്ട്. ചാരിറ്റി താരങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കോടിക്കണക്കിന് പണം നിമിഷങ്ങള്‍ക്കകം സ്വരൂപിക്കാന്‍ സാധിക്കുന്നുവെന്നത് കൗതുകകരമാണ്. പണത്തിന്‍റെ കണക്ക് വിവരങ്ങള്‍ ആരായല്‍ വന്‍ പാപമായിട്ടാണ് കാണുന്നത്. എതിരെ വരുന്ന ഓരോ അക്കൗണ്ടുകളും കമന്‍റുകളും ദേഹോപദ്രവം ഏല്‍ക്കാത്ത രൂപത്തില്‍ എങ്ങനെ സധൈര്യം കൈകാര്യം ചെയ്യണമെന്നതില്‍ ഫീല്‍ഡിലെ തഴക്കവും പഴക്കവും കൊണ്ട് പി.എച്ച്.ഡി അവഗാഹം നേടിയവരാണ് ഓരോ ചാരിറ്റി അവതാരങ്ങളും.
ചാരിറ്റിയുടെ കപടമുഖങ്ങള്‍ സമൂഹത്തെ കട്ടുമുടിക്കുമ്പോഴും നിസ്വാര്‍ത്ഥമായ സന്നദ്ധതയുടെ അനേകം സേവനനിരതയെയും കാണാം. തുടര്‍ച്ചയായ പ്രളയവും കോവിഡ് കാലവും മലയാളികള്‍ക്ക് മുമ്പില്‍ പങ്ക് വെക്കലുകളുടെയും നിസ്വാര്‍ത്ഥ സേവനങ്ങളുടെയും മാതൃക തീര്‍ത്തു. മനസ്സലിവിന്‍റെ ഉറവവറ്റാത്ത അനേകം ജൈസലുമാരുടെ ആത്മര്‍ത്ഥ സമര്‍പ്പണത്തിനു മുമ്പില്‍ ലോകം ആശ്ചര്യം പൂണ്ടു. ചാരിറ്റി ജീവിതത്തിന്‍റെ ഭാഗമാക്കിയ നിസ്വാര്‍ത്ഥമായ മറ്റനേകം അര്‍പ്പണമുഖങ്ങളെയും വിസ്മരിക്കാനാവില്ല. ലുബ്ധതയുടെ ഹൃദയം കറപിടിച്ചവര്‍ സമൂഹത്തിന്‍റെ നൊമ്പരങ്ങളറിയാതെ വയറ് വീര്‍പ്പിച്ച് ജീവിക്കുന്നവരും അനല്‍പ്പമായുണ്ട്. നിഷ്കളങ്ക സേവനങ്ങള്‍ക്ക് വന്ന് ചേരുന്ന ആദരവുകളെയെല്ലാം വിമര്‍ശിക്കപ്പെടുന്നത്. മറിച്ച് പ്രിസ്റ്റേജ് ബില്‍ഡിങ്ങുകളെയും താര ഫാന്‍സ് ചാരിറ്റി തമ്പുര ാക്കളെയുമാണ്. വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയരുത് എന്നതിനു പകരം വലത് കൈയ്യ് ചെയ്യുന്നതിന് മുമ്പ് ഒരായിരം പരസ്യങ്ങലും വിളംബരങ്ങളും കഴിഞ്ഞിട്ടുണ്ടാകും. ചാരിറ്റി പരസ്യപ്പെടുത്തുന്നത് സദുദ്ദേശ്യത്തോടെയുള്ള പ്രചരണത്തിനു വേണ്ടി ചെയ്യുന്നവരെയല്ലാ വിമര്‍ഷിക്കുന്നത് പൊങ്ങച്ച രാജാക്കന്മാരെയാണ്.

ഇസ്ലാം ചാരിറ്റിയെ നല്ലവണ്ണം പ്രചോദിപ്പിച്ച മതസംഹിതയാണ്. ഭൗതിക ലക്ഷ്യങ്ങളില്ലാതെ സൃഷ്ടാവിന്‍റെ പ്രീതി കാംഷിച്ച് സേവനങ്ങളാണ് വേണ്ടത്. ഖുര്‍ആനില്‍ പറയുന്നു ‘ധനത്തില്‍ നിന്ന് നങ്ങള്‍ ചിലവഴിക്കുന്നതെന്തും നിങ്ങളുടെ തന്നെ ഗുണത്തിനുള്ളതാണ് അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചല്ലാതെ നിങ്ങള്‍ അത് ചിലവഴിക്കരുത്.’ (അല്‍ബഖറ) അസ്മഅ് ബീവി(റ) റപ്പോര്‍ട്ട് ചെയ്യുന്ന നിവേദനം. തിരുനബി(സ്വ) പറയുന്നു: ‘നീ സമ്പത്ത് കെട്ടി പൂഴ്ത്തി വെക്കരുത് (അങ്ങനെ ചെയ്താല്‍) നിനക്കുള്ളതും അല്ലാഹു നിന്‍റെ നേരെയും അങ്ങനെ ചെയ്തു കളയും’. പാവപ്പെട്ടവന്‍റെ പട്ടിണി നികത്താനാണ് ഇസ്ലാമില്‍ സകാത്ത് സംവിധാനം ഒരുക്കിയിട്ടുള്ളത് അശരണരുടെയും നൊമ്പരപ്പെടുത്തുന്നവരുടേയും ഉള്ളറിയിക്കാനാണ് ‘സ്വദഖയെ’ ഇസ്ലാം പവനമായി പഠിപ്പിക്കുന്നത്. ഒരു കാരക്ക കീറുകൊണ്ടെങ്കിലും നരകത്തെ സൂക്ഷിക്കണെന്നാണ് ഇസ്ലാമിന്‍റെ വീക്ഷണം. കേവലം ഭൗതികതയുടെ ലക്ഷ്യങ്ങളില്‍ നില്‍ക്കാതെ അനന്തമായ പാരത്രിക പ്രതിഫലങ്ങളാണ് വിശ്വാസികള്‍ കാംക്ഷിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *