2023 July - August തിരിച്ചെഴുത്ത്

‘ഇന്‍ഡ്യ’ ഇന്ത്യയുടേതാവണം

 

രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുന്നു. ഇന്‍ഡ്യന്‍ സഖ്യവും ഭാരതീയ ജനതാ പാര്‍ട്ടിയും ശക്തമായി കര്‍മ മണ്ഡലത്തിലുണ്ട്. 26 കക്ഷികള്‍ അണിനിരക്കുന്ന ഇന്‍ഡ്യ സഖ്യത്തിന്‍റെ ലക്ഷ്യം സംഘപരിവാറിനെതിരെ ചെറുത്ത് നിന്ന് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ 301 സീറ്റുകളില്‍ ഐക്യസ്ഥാനാര്‍ത്ഥിയെ നിയമിക്കുകയുമാണ്. ‘ഐക്യമത്ത്യം മഹാബലം’ എന്നതാണ് രാജ്യം ആവശ്യപ്പെടുന്നത്. ഇതു പോലുള്ള ഒരു സഖ്യത്തെ രാജ്യം ഉറ്റു നോക്കുകയാണ്. കാരണം, ഇനിയൊരു സംഘപരിവാര്‍ ഭരണം നടത്തിയാല്‍ രാജ്യത്തിന്‍റെ അടിമുടി മാറുന്ന സാഹചര്യം ഉണ്ടാകും. രാജാധികാരത്തിന്‍റെ ചെങ്കോലും പുതിയ പാര്‍ലമെന്‍റിലെ സീറ്റുകളുടെ എണ്ണവും ചുവരിലെ ചിത്രവും സംഘപരിവാറിന്‍റെ അജണ്ടകളിലേക്ക് വിരല്‍ ചൂണ്ടുന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി വര്‍ഗീയതയുടെ തീക്കനല്‍ പാകിയിരിക്കുകയാണ് മണിപ്പൂരിലും ഹരിയാനയിലും. ബ്രിട്ടീഷ് അധിനിവേശ ശക്തികളുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുതന്ത്രമാണ് സംഘ്പരിവാര്‍ നടപ്പിലാക്കുന്നത്. ഇതിനെ കൃത്യമായി പ്രതിരോധിക്കാന്‍ മതേതരത്വ ബോധമുള്ളവരൊക്കെ ഇന്‍ഡ്യയോടപ്പം അണിചേരണം. ഇന്‍ഡ്യന്‍ സഖ്യം ജനഹൃദയങ്ങളില്‍ ശക്തമായ പ്രതീക്ഷകള്‍ നിര്‍മിക്കേണ്ടതുണ്ട്‌. ഭാരത് ജോഡോയില്‍ നിര്‍മിച്ച ജനസ്വാധീനം നിലനിര്‍ത്താനാകണം. രാജ്യത്ത്‌ ജനാധിപത്യവും ബഹുസ്വരതയും നിലനില്‍ക്കണമെങ്കില്‍ സഖ്യം വിജയിച്ചു കയറേണ്ടതുണ്ട്‌. 2014-ല്‍ അധികാരമേറ്റ മോഡി സര്‍ക്കാര്‍ 9 വര്‍ഷം കൊണ്ട് അവരുടെ അജണ്ടകള്‍ മതേതര മണ്ണില്‍ ശക്തമായി നടപ്പിലാക്കുകയാണ്. ലോകത്ത് ജന സംഖ്യാ പദവിയൊഴിച്ച് മറ്റുള്ള മേഘലയിലെല്ലാം സ്ഥിതിവിശേഷം പരിതാപകരമാണ്. ഇരുട്ടു മൂടിയ ഇന്ത്യയില്‍ വെളിച്ചം പരത്താന്‍ ഇന്‍ഡ്യക്കു സാധ്യമാവട്ടെ. ജനാധിപത്യം മരിക്കുകയില്ല. ഇന്ത്യ നാളെയുടെ പ്രതീക്ഷകളാണ്.

സിനാന്‍ മൈത്ര

Leave a Reply

Your email address will not be published. Required fields are marked *